വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള വീസക്ക് തൊഴില്‍ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി
Monday, March 21, 2016 7:07 AM IST
ദമാം: റിക്രൂട്ട് ചെയ്യപ്പെടുന്ന ജോലികള്‍ക്കു രാജ്യത്ത് പ്രാപ്തരായ സ്വദേശികളെയും വിദേശികളെയും കിട്ടാനില്ലങ്കില്‍ മാത്രമേ വിദേശത്തുനിന്നു തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വീസ തൊഴില്‍ മന്ത്രാലയം അനുവദിക്കു.

നിലവില്‍ സ്ഥാപങ്ങളെ മന്ത്രാലയവുമായി നേരിട്ടു ഓണ്‍ലൈന്‍ മുഖേന ബന്ധപ്പെടുത്തിയിട്ടുണ്ട്.

നിതാഖാത് വ്യവസ്ഥ പ്രകാരം യോഗ്യരായ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ മുഖേന തന്നെ വീസ ലഭിക്കും. എന്നാല്‍ തങ്ങള്‍ക്കു അനുയോജ്യരായ ജീവനക്കാരനെ സൌദിയില്‍നിന്നു തന്നെ ലഭിക്കുമോ എന്നു വീസക്ക് അപേക്ഷിക്കുന്നതിനു മുമ്പ് അന്വേഷണം നടത്തണം.

സൌദി മാനവ വിഭവ ഡെവലപ്മെന്റ് ഫണ്ട്, സാങ്കേതിക വിജ്ഞാന പരിശീലന കോര്‍പറേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ തൊഴില്‍ അന്വേഷകരായ സ്വദേശി യുവതി യുവാക്കളുടെ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാ ബാങ്കുണ്ട്.

ഇതില്‍ നിന്നും തങ്ങള്‍ക്കു അനുയോജ്യരായ ജീവനക്കാരനെ ലഭിക്കുമോ എന്നു ആദ്യം അന്വേഷണം നടത്തണം. സ്വദേശികളെ ലഭിച്ചില്ലെങ്കില്‍ രാജ്യത്തുള്ള വിദേശികളായ തൊഴില്‍ അന്വേഷകരെ കുറിച്ച് പരിശോധിക്കണം.

നിലവില്‍ രാജ്യത്ത് പ്രാപ്തരായ സ്വദേശികളും വിദേശികളുമില്ലെന്നുറപ്പായാല്‍ മാത്രമേ മന്ത്രാലയം പുതിയ വീസ അനുവദിക്കൂ.

പുതിയ വ്യവസ്ഥ മാര്‍ച്ച് 31 മുതല്‍ നടപ്പാക്കുമെന്നു തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം