ഖത്തറില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍: ഐഎംഎഫ് ചര്‍ച്ച സംഘടിപ്പിച്ചു
Saturday, March 12, 2016 8:17 AM IST
ദോഹ: ഖത്തറില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യന്‍ മീഡിയ ഫോറം (ഐഎംഎഫ്) സംഘടിപ്പിച്ച വിദ്യാഭ്യാസ ചര്‍ച്ചയില്‍ ഏകകണ്ഠമായ അഭിപ്രായം ഉയര്‍ന്നു.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ പ്രവേശനം ലഭിക്കാത്ത പ്രതിസന്ധിക്ക് പരിഹാരനിര്‍ദേശങ്ങള്‍ സ്വരൂപിക്കാനായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ പാനല്‍ അംഗങ്ങളും കമ്യൂണിറ്റി സ്കൂള്‍ രൂപവത്രിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട അടിയന്തരമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സന്നദ്ധമാണെന്ന് പ്രസിഡന്റ് ഗിരീഷ്കുമാര്‍ വ്യക്തമാക്കി.

സ്കൂള്‍ പ്രവേശനം ലഭിക്കുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രതിസന്ധിയും ആശങ്കയുമാണ് പ്രധാനമായി ചര്‍ച്ച ചെയ്തത്. വിദ്യാഭ്യാസ പ്രതിസന്ധി ഏറെ ഗൌരവമുള്ള വിഷയമാണെന്നും ഇക്കാര്യത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്െടന്നും വിഷയം അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോസഫ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ഇന്ത്യന്‍ മീഡിയാഫോറം പ്രസിഡന്റ് ജിബി മാത്യു അധ്യക്ഷത വഹിച്ചു. ഐബിപിഎന്‍ പ്രസിഡന്റ് കെ.എം. വര്‍ഗീസ്, ഡോ. മോഹന്‍ തോമസ, മാധ്യമപ്രവര്‍ത്തകനായ സന്തോഷ് ചന്ദ്രന്‍, ഗിരീഷ്കുമാര്‍, പി.എന്‍. ബാബുരാജന്‍,അമാനുല്ല വടക്കാങ്ങര, കെ.സി. അബ്ദുല്ലത്തീഫ്, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, സലിം പൊന്നമ്പത്ത്, ജനറല്‍ സെക്രട്ടറി ഒ.പി.ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.