ദമാം ഒഐസിസി വാര്‍ഷികാഘോഷം: കെ.സി. വേണുഗോപാല്‍ എംപി പങ്കെടുക്കും
Tuesday, January 19, 2016 8:16 AM IST
ദമാം: ഒഐസിസി ദമാം റീജണല്‍ കമ്മിറ്റിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിനു മുന്‍ കേന്ദ്രസഹ മന്ത്രിയും ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പുമായ കെ.സി. വേണുഗോപാല്‍ എംപി ദമാമില്‍ എത്തുന്നു.

ഫെബ്രുവരി അഞ്ചിന് ദമാമില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അദ്ദേഹം റിയാദിലും സന്ദര്‍ശനം നടത്തും.

പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന പുതുമയാര്‍ന്ന കലാവിരുന്ന്, ചിത്രരചനാ മത്സരം, പെയിന്റിംഗ് മത്സരം, സാംസ്കാരിക സമ്മേളനം, കഴിഞ്ഞ വര്‍ഷം ഒഐസിസി ദമാം റീജണില്‍നിന്നു ഹജ്ജ് വോളണ്ടിയേഴ്സായി പങ്കെടുത്തവരെയും 30 വര്‍ഷം പൂര്‍ത്തിയാക്കിയ ഒഐസിസിക്കാരായ പ്രവാസികളെയും ആദരിക്കല്‍ എന്നിവ കോര്‍ത്തിണക്കി വിപുലമായ പരിപാടികളോടെയാണു വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്. ദമാം റീജണില്‍നിന്നുമുള്ള ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളും നാഷണല്‍ കമ്മിറ്റി അംഗങ്ങളും രക്ഷാധികാരികളായ സ്വാഗതസംഘം കമ്മിറ്റിയുടെ ചെയര്‍മാന്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയാണ്. റോയ് ശാസ്താംകോട്ട ജനറല്‍ കണ്‍വീനറായും ഇ.കെ.സലിം, റഫീഖ് കൂട്ടിലങ്ങാടി, ഹനീഫ് റാവുത്തര്‍, ചന്ദ്രമോഹന്‍, ശിഹാബ് കായംകുളം, അബ്ദുല്‍ ഖരീം, ഷംസു കൊല്ലം, നബീല്‍ നെയ്തല്ലൂര്‍ എന്നിവര്‍ കണ്‍വീനര്‍മാരായും വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം