'പ്രവാസികള്‍ ആരോഗ്യം കാത്തുസൂക്ഷിക്കണം'
Tuesday, January 12, 2016 8:31 AM IST
റിയാദ്: പ്രവാസികളെ ബാധിക്കുന്ന നിരവധി അസുഖങ്ങള്‍ക്ക് കാരണം ഭക്ഷണത്തിലുള്ള ശ്രദ്ധയില്ലായ്മയും വ്യായാമക്കുറവുമാണെന്ന് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള അല്‍ ഹരീഖ് ജനറല്‍ ആശുപത്രിയിലെ സീനിയര്‍ ഫാമിലി ഫിസിഷ്യനായ ഡോ. എം.എച്ച്. സൈഫുദ്ദീന്‍. റിയാദ് നവോദയയുടെ മലാസ് യൂണിറ്റ് സര്‍ഗം 3127 എന്ന പേരില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് ക്ളാസ് എടുക്കുകയായിരുന്നു അദ്ദേഹം.

വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക, പോഷകപ്രദമായ പച്ചക്കറികള്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കുക, വ്യായാമം ചെയ്യുന്നതുപോയിട്ട് കുറച്ചുദൂരം നടക്കാന്‍പോലും തയാറാകാതിരിക്കുക തുടങ്ങി ജീവിതത്തില്‍ അവശ്യംവേണ്ട ചിട്ടകള്‍ പോലും ഒഴിവാക്കുന്നതിലൂടെ അസുഖങ്ങള്‍ മാത്രമാണു പ്രവാസികളുടെ സമ്പാദ്യമായി തീരുക എന്ന് ഡോ. സൈഫുദ്ദീന്‍ ചൂണ്ടികാട്ടി. ഹൃദയ സംബന്ധമായ രോഗങ്ങള്‍, നട്ടെല്ല് വേദന, മൂത്രത്തില്‍ കല്ല്, ഡയബറ്റിസ് തുടങ്ങി പ്രവാസികള്‍ക്കിടയില്‍ സാധാരണയായി കണ്ടുവരുന്ന അസുഖങ്ങളുടെ കാരണങ്ങളെകുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും സൈഫുദ്ദീന്‍ വിവരിച്ചു.

നവോദയ മലാസ് യൂണിറ്റ് - സര്‍ഗം 3127 സംഘടനയുടെ ആക്ടിംഗ് സെക്രട്ടറി അഹമ്മദ് മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രവീന്ദ്രന്‍, ഉദയഭാനു എന്നിവര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് കല്ലമ്പലം സ്വാഗതവും സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.

ആദിത്യ, അഭിശ്രീ, രുദ്ര, അഭയ, മെറിന്‍ എന്നീ കുട്ടികള്‍ അവതരിപ്പിച്ച വിവിധ നൃത്തങ്ങളും സക്കീര്‍ മണ്ണാര്‍മല, ജ്യോതി സതീഷ്, ആമിന, ചിറോസ്, രാജേഷ്, സുബൈര്‍, സജിന്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും സംഗമത്തിനു മിഴിവേകി.