പ്രവാസലോകത്തെ കൊട്ടിക്കലാശം പുതിയൊരു അനുഭൂതി
Tuesday, November 3, 2015 7:28 AM IST
ജിദ്ദ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാട്ടിലെ പ്രചാരണ കൊട്ടിക്കലാശത്തിനോടൊപ്പം ഒട്ടും കുറവില്ലാതെ പ്രവാസലോകത്ത് ഒഐസിസി ഷറഫിയ ഏരിയ കമ്മിറ്റി സൌജന്യ ടെലിഫോണ്‍ ബൂത്തുകള്‍ ഒരുക്കി.

ജിദ്ദ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുപ്പതോളം ജില്ല, ഏരിയ, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളുടെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ക്കൊടുവില്‍ പുതിയ രീതിയിലുള്ള മാതൃകാപരമായ രീതിയില്‍ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കൊടശേരി നേതൃത്വം നല്‍കിക്കൊണ്ടായിരുന്നു ഒരു സൌജന്യ ടെലിഫോണ്‍ ബൂത്ത് ഒരുക്കിയത്.

കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന യുഡിഎഫിനെ സ്നേഹിക്കുന്ന പല പ്രവാസി മലയാളികള്‍ക്കും വോട്ടു ചെയ്യാന്‍ കഴിയാത്തതുകൊണ്ട് അവരുടെ കുടുംബത്തിലേക്കും സുഹൃത്തുക്കളിലേക്കും യുഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ക്കു വോട്ടു നല്‍കുന്നതു ഉറപ്പു വരുത്താന്‍വേണ്ടിയാണ് ഇങ്ങനെ ഒരു സംവിധാനമൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷരീഫ് കുഞ്ഞ് സ്വന്തം വാര്‍ഡില്‍ മത്സരിക്കുന്ന കെഎസ്യു പ്രവര്‍ത്തക അനിത ബാബുവിനുവേണ്ടി വാര്‍ഡിലുള്ളവര്‍ക്കു വിളിച്ച് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടു ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസലോകത്ത് മറ്റൊരു സംഘടനകളിലും കണ്ടു വരാത്ത ഈ പുതിയ അനുഭവം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് വിളിച്ച റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ ജിദ്ദയില്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണങ്ങളെ കുറിച്ച് വിശദീകരിക്കുകയും വണ്ടൂര്‍ മേഘലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ ബന്ധപ്പെട്ടവര്‍ക്ക് വിളിച്ചു ഉറപ്പുവരുത്തുകയും ചെയ്തു.

ഗ്ളോബല്‍ കമ്മിറ്റി മെംബര്‍മാരായ റഷീദ് കൊളത്തറ, അലി തേക്കുതോട് മറ്റു നേതാക്കളായ ഷറഫുദ്ദീന്‍ കായംകുളം, ശ്രീജിത്ത് കണ്ണൂര്‍, സാദിക്ക് കായംകുളം, മുജീബ് മൂത്തേടത്ത്, മുജീബ് തൃത്താല , താഹിര്‍ ആമയൂര്‍, സലാം പോരുവഴി, സക്കീറലി കണ്ണെത്ത്, അക്ബര്‍ കരുമാര, ശ്രുതസേനന്‍ കളിക്കല്‍, ഇസ്മായില്‍ കൂരിപ്പോയില്‍, സിദ്ദിഖ് ചോക്കാട്, സലിം വാണിയമ്പലം എന്നിവര്‍ അവരവരുടെ സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ക്കുവേണ്ടി ബന്ധപ്പെട്ടവരുമായി വിളിച്ചു സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍