തിരുവിതാംകൂര്‍ മലയാളി കൌണ്‍സിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷം
Monday, November 2, 2015 7:39 AM IST
ഷാര്‍ജ: തിരുവിതാംകൂര്‍ മലയാളി കൌണ്‍സിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജാ ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം പ്രഫസര്‍ എസ്.ഡി കാര്‍ണിക് (കണ്‍സള്‍ട്ടന്റ്, ഡോക്ടര്‍ സുല്‍ത്താന്‍ അല്‍ കാസ്മി സെന്റര്‍ ഓഫ് ഗള്‍ഫ് സ്റഡീസ്, ഷാര്‍ജ) ഉദ്ഘാടനം ചെയ്തു. അറബ് നാടുമായി കേരളസമൂഹത്തിനുള്ള വാണിജ്യ സാംസ്കാരിക ബന്ധം പ്രശംസനീയമാണെന്നും നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന രേഖകള്‍ സ്വായത്തമാക്കാന്‍ തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ളാഖനീയമാണെന്നും ചരിത്ര ഗവേഷകന്‍കൂടിയായ പ്രഫ. എസ്.ഡി കാര്‍ണിക് പറഞ്ഞു.

തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ തയാറാക്കിയ 'കേരള ചരിത്രത്തിന്റെ നാള്‍വഴികള്‍' ഡോക്കുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ് ഇടിക്കുളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബാബു വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ചന്ദ്രപ്രകാശ് ഇടമന, പ്രകാശ് ഇ.ടി, ഹരി ആദിചലന്നൂര്‍, ശ്രീകുമാര്‍ പാലാ എന്നിവര്‍ പ്രസംഗിച്ചു. ഗള്‍ഫ് മലയാളികള്‍ക്കു ജൈവ കൃഷിയുടെ അറിവ് പകരാന്‍ അക്ഷീണം യത്നിക്കുന്ന സുധീഷ് ഗുരുവായൂരിനു തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ പുരസ്കാരം സമ്മാനിച്ചു. കേരളത്തെ കുറിച്ച് കുട്ടികള്‍ വരച്ച ചിത്രങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. മലയാള തനിമയുടെ ഓര്‍മ്മകള്‍ നല്‍കുന്ന ഗാനങ്ങള്‍ ചടങ്ങില്‍ ആലപിച്ചു.

റിപ്പോര്‍ട്ട്: ഡയസ് ഇടിക്കുള