സൌദി സാഹിത്യ ചര്‍ച്ചയിലൂടെ 'ചില്ല വായനാനുഭവം' വേറിട്ടതായി
Monday, October 26, 2015 5:37 AM IST
റിയാദ്: വ്യത്യസ്ത മേഖലയിലുള്ള പുസ്തങ്ങള്‍ ചര്‍ച്ചക്കെടുത്തു കൊണ്ടു സഹൃദയസദസിന് വായനാനുഭവത്തിന്റെ പുത്തനനുഭൂതി നല്‍കുന്ന ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായനക്കൂട്ടം ഇത്തവണ സൌദി സാഹിത്യം ചര്‍ച്ചാ വിഷയമാക്കിയത് നവ്യാനുഭവമായി.

വിശ്വസാഹിത്യത്തിലെ ഏക്കാലത്തെയും മികച്ച നോവലുകളിലൊന്നായ മാക്സിം ഗോര്‍ക്കിയുടെ 'അമ്മ' അവതരിപ്പിച്ചുകൊണ്ട് ടി ആര്‍ സുബ്രഹ്മണ്യന്‍ ചില്ലയുടെ 'ഒക്ടോബര്‍ വായന' ഉദ്ഘാടനം ചെയ്തു. വെറുപ്പും അജ്ഞതയും വളര്‍ന്ന് ആത്മാവ് നഷ്ടപ്പെട്ട മനുഷ്യനെ പുതിയൊരു മനുഷ്യനാക്കാനുള്ള മഹാകര്‍മമാണ് വിപ്ളവമെന്ന് മാക്സിം ഗോര്‍ക്കി തന്റെ കഥാപാത്രങ്ങളിലൂടെ പറയുന്നു. അമ്മയുടെയും വിപ്ളവകാരിയ മകന്‍ പാവേലിന്റെയും കഥ കാലദേശഭാഷാഭേദങ്ങള്‍ അതിവര്‍ത്തിച്ച് ആസ്വദിക്കപ്പെടുന്നതും അതുകൊണ്ടാണെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.

വില്‍ഹം റീഹിന്റെ പ്രശസ്ത കൃതി 'ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രം' ജയചന്ദ്രന്‍ നെരുവമ്പ്രം അവതരിപ്പിച്ചു. രാജ്യസ്നേഹത്തെ അതിതീവ്ര സങ്കുചിത ദേശീയതയിലേക്ക് എത്തിക്കുന്നതിനായി സമൂഹമനസിനെ പരുവപ്പെടുത്തലാണു ഫാസിസം അതിന്റെ പ്രഥമകര്‍ത്തവ്യമായി കാണുന്നത്. തങ്ങളുടെ സംസ്കാരവും പാരമ്പര്യവും ശക്തനായ നേതാവിന്റെ കൈകളില്‍ സുരക്ഷിതമാണ് എന്ന ബോധ്യപ്പെടുത്തലിലൂടെ ഫാസിസം അതിന്റെ വേരുകള്‍ സമൂഹത്തില്‍ ആഴത്തില്‍  പടര്‍ത്തുന്നു. അറിഞ്ഞും അറിയാതെയും അത് ജനതയുടെ മസ്തിഷ്കത്തെ കീഴടക്കും, ജനാധിപത്യം ദുര്‍ബലമാകുകയും ചെയ്യും.സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ വില്‍ഹം റീഹിന്റെ ഈ കൃതിക്ക് ഏറെ പ്രാധ്യാനമുണ്െടന്ന് ജയചന്ദ്രന്‍ പറഞ്ഞു.

അമ്മ മനസ്സിലെ ആര്‍ദ്രത ഭംഗിയായി അവതരിപ്പിച്ച ഖദീജ മുംതാസിന്റെ 'ആത്മതീര്‍ഥങ്ങളില്‍ മുങ്ങി നിവര്‍ന്ന്' എന്ന നോവലിന്റെ വായനാനുഭവം പ്രിയ സന്തോഷ് ഹൃദ്യമാക്കി. അമ്മയെന്ന നിലക്ക് സ്ത്രീക്കുണ്ടാകുന്ന സവിശേഷ ശക്തിയും പ്രസാദവുമാണ് നോവലിസ്റ്റ് തന്റെ നോവലിലൂടെ പറയുന്നതെന്ന് പ്രിയ പറഞ്ഞു.

സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതാ സമാഹാരം 'ശരീരസമേതം മറൈന്‍ഡ്രൈവില്‍' അബൂബക്കര്‍ സിദ്ദീഖ് അവതരിപ്പിച്ചു. ഓര്‍മ്മ, ഉടല്‍, ലിംഗനീതി എന്നിവയെ ജനാധിപത്യപരമാക്കുകയും, കൂടുതല്‍ ജനാധിപത്യവാദികളാകുവാന്‍ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന നവഭാവുകത്വമാണ് സുധീഷിന്റെ കവിതകളെന്ന് അബൂബക്കര്‍ പറഞ്ഞു.

സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള അഞ്ചു വനിതകളുടെ കഥ പറയുന്ന ഇറാനിയന്‍ എഴുത്തുകാരി ശഹ്ര്‍നൂര്‍ പാര്‍സിപൂര്‍ രചിച്ച 'ആണുങ്ങളില്ലാത്ത പെണ്ണുങ്ങള്‍' എന്ന നോവലിന്റെ വായനാനുഭവം ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ പങ്കു വെച്ചു.യഥാതഥ രീതിയില്‍ നിന്ന് സര്‍റിയലിസത്തിന്റെ മാന്ത്രികതയിലേക്ക് വായനക്കാരനെ കൊണ്ടു പോകുന്ന നോവല്‍ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വരച്ചുകാണിക്കുകയും പുരുഷമേധാവിത്വസഭാവത്തെ നിരന്തരം ചോദ്യം ചെയ്യുന്നുമുണ്ട്.

വൈക്കം മുഹമ്മദ് ബഷീറിന്റെ മരണാനന്തരം കണ്െടടുത്ത നര്‍മ്മ മധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടെയും അതിനുപരിയായി കവിതകളുടെയും സമാഹാരം 'യാ ഇലാഹി' ശ്രീജു രവീന്ദ്രന്‍ പങ്കുവെച്ചു.

സര്‍ഗ സംവാദത്തിനു തുടക്കം കുറിച്ചുകൊണ്ട് ആധുനിക സൌദി സാഹിത്യത്തിലെ രചനകള്‍ സമാഹരിച്ച് തയ്യാറാക്കിയ 'ബിയോണ്ട് ദ ഡ്യൂണ്‍സ്' എന്ന പുസ്തകത്തിന്റെ ആസ്വാദനം ആര്‍ മുരളീധരന്‍ നടത്തി. സാധാരണ മലയാളി വായനക്കാര്‍ക്ക് സുപരിചിതമല്ലാത്ത എഴുത്തുകാരും കൃതികളും വിസ്മയിപ്പിക്കുന്നതും മുന്‍ധാരണകള്‍ മാറുന്ന തരത്തിലുള്ളതാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ജോസഫ് അതിരുങ്കല്‍ സര്‍ഗസംവാദം നിയന്ത്രിച്ചു. ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നജിം കൊച്ചുകലുങ്ക്, വിജയകുമാര്‍, റാഷിദ് ഖാന്‍, നൌഷാദ് കോര്‍മത്ത് എന്നിവര്‍ സംസാരിച്ചു. റഫീഖ് പന്നിയങ്കര, നിജാസ്, ജാസ്മിന്‍, ഷമീം തളപ്രത്ത്, ഷൈജു, രാം രാജ്, യൂസഫ് പ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍