റിയാദില്‍ കാണാതായ മലയാളി ജയിലിലുള്ളതായി സാമൂഹ്യപ്രവര്‍ത്തകര്‍
Friday, October 23, 2015 7:30 AM IST
റിയാദ്: മൂന്നു ദിവസം മുമ്പ് റിയാദില്‍ കാണാതായ മലപ്പുറം ജില്ലയിലെ കൂട്ടായി സ്വദേശി ചേക്കുമരക്കാരകത്ത് മുസ്തഫ എക്സിറ്റ് എട്ടിലുള്ള ജയിലില്‍ ഉള്ളതായി അദ്ദേഹം ജോലി ചെയ്തിരുന്ന ഹോട്ടല്‍ മാനേജര്‍ അറിയിച്ചതായി സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

അല്‍പ്പം മാനസികവിഭ്രാന്തി കാണിച്ചിരുന്ന മുസ്തഫയെ നാട്ടിലേക്കു കയറ്റി വിടാനായി സ്പോണ്‍സര്‍ എക്സിറ്റ് അടിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ടു പോയിരുന്നെങ്കിലും കൂടെ ആളില്ലാത്തതിനാല്‍ ബോഡിംഗ് പാസ് നല്‍കിയിരുന്നില്ല. തിരികെ കൊണ്ടുവന്ന ശേഷമാണു മുസ്തഫയെ കാണാതായത്. ജയിലില്‍ പോയി അദ്ദേഹത്തെ മോചിപ്പിച്ച് മതിയായ ചികിത്സ നല്‍കി നാട്ടിലയയ്ക്കാനുള്ള നടപടികള്‍ ചെയ്തു വരുന്നതായി സാമൂഹ്യ പ്രവര്‍ത്തകരായ സി.എം.ടി. ഫൈസല്‍, സലാം പറവണ്ണ, നൂറുദ്ദീന്‍ കൊട്ടിയം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍