വിസ കച്ചവടം ചെയ്യുന്നവര്‍ക്കു അമ്പതിനായിരം റിയാല്‍ പിഴ, നിയമം പ്രാബല്യത്തില്‍
Tuesday, October 20, 2015 5:39 AM IST
ദമാം: സൌദിയില്‍ വിസ കച്ചവടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രാലയം. വിസ കച്ചവടം ചെയ്യുന്നവര്‍ക്കും ഇടനിലക്കാര്‍ക്കും പങ്കാളികള്‍ക്കും വിസ ഒന്നിനു അമ്പതിനായിരം റിയാല്‍ പിഴയീടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കച്ചവടം ചെയ്യുന്ന വിസകളുടെ എണ്ണം കൂടുന്നതനുസരിച്ചു പിഴയിടുന്ന സംഖ്യയിലും വര്‍ധനയുണ്ടാവും.

അനധികൃതമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്തു മാന്‍പവര്‍ സപ്ളൈ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം മുന്നറിയിപ്പുനല്‍കി. മറ്റുള്ളവര്‍ക്കു തൊഴിലാളികളെ നല്‍കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കു ഒരാളുടെ പേരില്‍ പതിനയ്യായിരം റിയാല്‍പിഴ ഈടാക്കുന്നതോടപ്പം സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്യും.

സ്വദേശിയെ അവരറിയാതെ ജോലിക്കു വെച്ചതായി രജിസ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കു ഇരുപത്തയ്യായിരം റിയാല്‍ പിഴ ഈടാക്കും. കൂടാതെ സ്ഥാപനം അഞ്ചു ദിവസത്തേക്കു അടച്ചിടുകയും ചെയ്യും.അനധികൃതമായി ആശ്രിതരെ ജോലിക്കു വെയ്ക്കുന്ന സ്ഥാപനത്തിനു ഇരുപത്തയ്യായിരം റിയാല്‍ പിഴ ഈടാക്കും.

സ്വദേശികള്‍ക്കു മാത്രമായി നിശ്ചയിച്ച ജോലികളില്‍ വിദേശികളെ ജോലിക്കു വെയ്ക്കുന്ന സ്ഥാപനങ്ങള്‍ ഇരുപത്തയ്യായിരം റിയാല്‍ പിഴ നല്‍കേണ്ടി വരും മതിയായ സുരക്ഷാ സംവിധാനമില്ലാതെ തൊഴിലാളികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്കു ഇരുപത്തയ്യായിരം റിയാല്‍ പിഴ ഈടാക്കുകയും സ്ഥാപനം അടച്ചു പൂട്ടുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

പതിനഞ്ചു വയസില്‍ താഴെയുള്ള കുട്ടുകളെ ജോലിക്കു വെയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കു ഇരുപതിനായിരം റിയാല്‍ പിഴയീടാക്കും. വനിതാ സ്ഥാപനങ്ങളില്‍ സ്വദേശി വനിതകളെ നിയമിക്കുന്നതിനു പകരം പുരുഷന്മാരെ ജോലിക്കു വെയ്ക്കല്‍, തൊഴില്‍ മന്ത്രാലയത്തിന്റ ഇന്‍സ്പെക്ടര്‍മാരുടെ പരിശോധനയോട് സഹകരിക്കാതിരിക്കല്‍, തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തല്‍, തൊഴിലാളികളുടെ മേല്‍ പിഴ ശിക്ഷകള്‍ രജിസ്റര്‍ ചെയ്യാതിരിക്കല്‍, പിഴ ഇടുന്നതിനു തൊഴിലാളി സമിതികളില്ലാത്ത സ്ഥാപനമാണങ്കില്‍ മന്ത്രാലയത്തിന്റെ അനുമതിയില്ലാതിരിക്കല്‍, തിരിച്ചറിയല്‍ രേഖ, റി എന്ററി തുടങ്ങിയ ചിലവ് തൊഴിലാളിയെ കൊണ്ടു തന്നെ വഹിപ്പിക്കല്‍, ഓവര്‍ ടൈം നല്‍കാതെ കൂടുതല്‍ സമയം തൊഴിലാളിയെകൊണ്ട് ജോലി ചെയ്യിപ്പിക്കല്‍, ആഴ്ചയില്‍ ഒരു ദിവസം അവധി അനുവദിക്കാതിരിക്കല്‍, സ്ഥാപനങ്ങളില്‍ ഫസ്റ് എയ്ഡ് ബോക്സ് ഒരുക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളുടെ പേരില്‍ പതിനായിരം റിയാല്‍ പിഴ ഈടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

വലിയ സഥാപനങ്ങളില്‍ വനിതകളുടെ വസ്തുക്കള്‍ വില്‍പന നടത്തുന്നതിനു പ്രതേക ഭാഗം ഒരുക്കാതിരിക്കല്‍, വനിതകളുട വിശ്രത്തിനും മറ്റും സൌകര്യം ഒരുക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളുടെ പേരിലും സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കും. സമുദ്രത്തിലുള്ള വിവിധ ജോലികളില്‍ ദിവസത്തില്‍ 14 മണിക്കൂറില്‍ കൂടുതലും ആഴ്ചയില്‍ 72 ണിക്കുറില്‍ കൂടുതലും ജോലി ചെയ്യിപ്പിക്കുന്നതു നിയമ ലംഘനമാണ്. നിയമം ലംഘനം ആവര്‍ത്തിക്കുന്നതനുസരിച്ചു സ്ഥാപനം എന്നന്നേക്കുമായി അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രലായത്തെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം