ഇ മൈഗ്രേറ്റ്: കോടതി വിധിയുടെ ആനുകൂല്യം പരാതിക്കാര്‍ക്ക് മാത്രം
Tuesday, September 8, 2015 9:19 AM IST
റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് പുതുതായി നടപ്പിലാക്കിയ ഇ മൈഗ്രേറ്റ് സിസ്റത്തിലെ പുതിയ നിബന്ധനകളില്ലാതെ തന്നെ വീസ കരസ്ഥമാക്കിയിട്ടുള്ളവരെ സൌദി അറേബ്യയിലേക്ക് പറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാല് ട്രാവല്‍ ഏജന്‍സികള്‍ നല്‍കിയ ഹരജിയില്‍ വന്ന വിധിയുടെ ആനുകൂല്യം പരാതിക്കാര്‍ക്ക് മാത്രമാണെന്നും റിക്രൂട്ട്മെന്റ് മേഖലയിലുള്ള മുഴുവന്‍ ഏജന്‍സികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റിവ്യൂ ഹര്‍ജി നല്‍കാനുള്ള തയാറെടുപ്പിലാണെന്നും മുംബൈ ആസ്ഥാനമായുള്ള രണ്ട് ട്രാവല്‍ ഏജന്‍സികളുടെ പ്രതിനിധികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സഫിയ ട്രാവല്‍സ്, ഈസ്റേണ്‍ ട്രേഡ് ലിങ്ക്സ് എന്നീ റിക്രൂട്ട്മെന്റ് ഏജന്‍സികളോടൊപ്പം ഹര്‍ജി നല്‍കിയ റോയല്‍ ട്രാവല്‍സ്, ഗ്ളോബല്‍സ് ടൂര്‍സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നിവയുടെ പ്രതിനിധികളായ മുജീബ് ഉപ്പട, അഷ്റഫ് തലശേരി എന്നിവരാണ് ഇവര്‍ക്കെതിരെ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അപവാദങ്ങള്‍ക്ക് മറുപടിയായി ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ എമിഗ്രേഷന്‍ നിയമങ്ങളിലെ അപാകതകളും പ്രായോഗികമായ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ച കക്ഷികള്‍ക്ക് മാത്രമാണ് പുതിയ വിധിയിലൂടെയുള്ള ആനുകൂല്യത്തിന് അര്‍ഹതയുള്ളതെന്ന് വിധി പകര്‍പ്പില്‍ പറഞ്ഞിട്ടുള്ളതായി ഇവര്‍ അറിയിച്ചു. ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കേസില്‍ കക്ഷി ചേരാവുന്നതാണെന്നും അങ്ങനെയുള്ള ഒരു ശ്രമം റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ സംഘടന വഴി നടക്കുന്നുണ്െടന്നും അഷ്റഫ് തലശേരി പറഞ്ഞു. പത്താം ക്ളാസ് പാസാകാത്തവര്‍ക്ക് എമിഗ്രഷന്‍സ് ക്ളിയറന്‍സ് ലഭിക്കുന്നതിനായി കടുത്ത നിബന്ധനകള്‍ നടപ്പാക്കിയതിനെതിരെയാണ് പ്രധാനമായും ട്രാവല്‍ ഏജന്‍സികള്‍ കോടതിയെ സമീപിച്ചത്. ഇതിന്‍മേലുള്ള വിധിയില്‍ എമിഗ്രേഷന്‍ പരിഷ്കാരങ്ങള്‍ മൂന്നു മാസത്തേക്ക് മരവിപ്പിക്കാനും ഇതിനകം വീസ നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് പഴയ രീതിയില്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് നല്‍കാനുമാണ് ഉത്തരവ്.

കേസില്‍ കക്ഷി ചേരാന്‍ താത്പര്യം കാണിക്കാതിരുന്ന ചില ട്രാവല്‍ ഏജന്‍സികളാണ് ഇവര്‍ക്കെതിരെ അപവാദ പ്രചരണം നടത്തുന്നതെന്നും ഇല്ലാത്ത സംഘടനയുടെ പേരിലാണ് ഇവര്‍ വാര്‍ത്താക്കുറിപ്പിറക്കിയതെന്നും മുജീബ് ഉപ്പട വിശദീകരിച്ചു. നിലവില്‍ വീസ സ്റാമ്പ് ചെയ്ത പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വീസ കാലാവധി കഴിയുന്നതിനു മുമ്പ് എമിഗ്രേഷന്‍ ക്ളിയറന്‍സ് നല്‍കണം, ഇ-മൈഗ്രേറ്റ് സിസ്റത്തിലെ പോരായ്മകള്‍ അടിയന്തരമായി പരിശോധിച്ച് പരിഹരിക്കണം, പാസ്പോര്‍ട്ട് ഉള്ളവര്‍ക്കു വിദേശത്ത് ജോലി തേടാനുള്ള ന്യായമായ അവകാശങ്ങള്‍ക്ക് അനാവശ്യമായ തടസവാദങ്ങള്‍ ഉന്നയിക്കരുത് എന്നിങ്ങനെയുള്ള സുപ്രധാനമായ വിധിയാണു ഹൈക്കോടതിയില്‍നിന്ന് ഉണ്ടായിട്ടുള്ളത്.

ഈ കോടതി വിധി എത്രയും വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ട്രാവല്‍ ഏജന്‍സികള്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിനെ സമീപിച്ചിട്ടുണ്ട്. ഉടനെ ഇതു നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവര്‍ പറഞ്ഞു. രണ്ടു ലക്ഷത്തിലേറെ വിദേശ തൊഴില്‍ ദാതാക്കളുള്ള സൌദി അറേബ്യയില്‍ ഇതുവരെ ഇ മൈഗ്രേറ്റില്‍ രജിസ്റര്‍ ചെയ്തിട്ടുള്ളത് കേവലം 1800 കമ്പനികള്‍ മാത്രമാണ്. ഇ മൈഗ്രേറ്റ് സൈറ്റിലെ അപ്രായോഗികതകളാണ് ഇതിനു പ്രധാന കാരണം. ഇതെല്ലാം പരിഹരിച്ച് ഇ മൈഗ്രേറ്റ് സിസ്റ്റം പരിഷ്കരിക്കണമെന്നാണ് മുംബൈയിലെ ട്രാവല്‍ ഏജന്‍സികളുടെ ആവശ്യം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍