സിഎംഎ ഓണം 2015: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, August 20, 2015 5:29 AM IST
ഷിക്കാഗോ: ഓഗസ്റ് 29 (ശനിയഴ്ച) വൈകുന്നേരം നാലു മുതല്‍ പാര്‍ക്ക് റിഡ്ജിലെ മെയിന്‍ ഈസ്റ് ഹൈസ്കൂളില്‍ (2601 ണല ഉലാുലൃെേ ടൃേലല, ജമൃസ ഞശറഴല, കഘ 60068) നടത്തപ്പെടുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ 'ഓണം 2015' ഒരുക്കങ്ങള്‍ പൂരത്തിയായി.

കഴിഞ്ഞ ദിവസം പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഓണാഘോഷങ്ങളുടെ എല്ലാ വിശദാംശങ്ങളും അവലോകനം ചെയ്യുകയും ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ ഉപ കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ചെയ്തു. വിവിധ ഉപ കമ്മിറ്റികള്‍ക്കു നേതൃത്വം കൊടുക്കുവാന്‍, രഞ്ചന്‍ ഏബ്രഹാം, ജിതേഷ് ചുങ്കത്ത്, സന്തോഷ് നായര്‍, സേവിയര്‍ ഒരവണകളത്തില്‍, ജോഷി മാത്യു പുത്തൂരാന്‍, ജേക്കബ് പുരയമ്പള്ളില്‍, ജിമ്മി കണിയാലി, മത്തിയാസ് പുല്ലാപള്ളില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, സാബു നടുവീട്ടില്‍, സണ്ണി വള്ളിക്കളം, തൊമ്മന്‍ പൂഴികുന്നേല്‍, ഷാബു മാത്യു, സ്റാന്‍ലി കളരിക്കമുറി, മോഹന്‍ സെബാസ്റ്യന്‍, ജൂബി വള്ളികുളം എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ ബിജി സി മാണി, ജെസി റിന്‍സി, ജോസ് സൈമണ്‍ മുണ്ടാപ്ളക്കില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഓണസദ്യ നാലിനുതന്നെ തുടങ്ങുമെന്നും ആറു വരെ ആയിരിക്കും ഓണസദ്യയുടെ സമയം എന്നതു കണക്കിലെടുത്ത് എല്ലാവരും നേരത്തേതന്നെ മെയിന്‍ ഈസ്റ് സ്കൂള്‍ ഹാളില്‍ എത്തി ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഓണസദ്യയുടെ സമയത്ത് മാവേലിമന്നന്റെ കൂടെ, കുട്ടികളുടെയോ ഫാമിലിയുടെയോ ഫോട്ടോ എടുക്കുവാനുള്ള സൌകര്യം തയാറാക്കിയിട്ടുണ്ട് . വൈകുന്നേരം ആറിനു സാംസ്കാരിക ഘോഷയാത്ര ആരംഭിക്കുന്നതും തുടര്‍ന്നു പൊതുസമ്മേളനവും കലാസദ്യയും ഉണ്ടായിരിക്കും. പതിവു പോലെ ഈ വര്‍ഷവും മലയാള സിനിമ-സീരിയല്‍ രംഗത്തുനിന്നുമുള്ള ഒരു പ്രമുഖ താരസാന്നിധ്യവും ഉണ്ടായിരിക്കും

വളരെ ഗുണനിലവാരമുള്ള പരിപാടികള്‍ എന്നും ആസൂത്രണം ചെയ്യുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം 2015 വന്‍ വിജയമാക്കുവാന്‍ എല്ലാ മലയാളികളും സഹകരിക്കണമെന്നും എത്രയും നേരത്തേതന്നെ പ്രവേശന ടിക്കറ്റുകള്‍ കരസ്ഥമാക്കി പരിപാടികളില്‍ ആദ്യാവസാനം കേരള തനിമ യുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു പങ്കെടുക്കണമെന്നും ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി അംബേനാട്ടും സെക്രട്ടറി ബിജി സി. മാണിയും മറ്റു ഭാരവാഹികളും അഭ്യര്‍ഥിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം