മെമ്പര്‍ഷിപ്പിനെച്ചൊല്ലി റിയാദ് ഒഐസിസിയില്‍ അഭിപ്രായഭിന്നത
Monday, March 2, 2015 4:16 AM IST
റിയാദ്: ഭാരവാഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആരംഭിച്ച അഭിപ്രായഭിന്നത ഒഐസിസി റിയാദ് ഘടകത്തില്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് കാമ്പയിനിലൂടെ ചേര്‍ത്ത് കെ.പിസിസി ആസ്ഥാനത്തേക്കയച്ച മെമ്പര്‍ഷിപ്പ് അപേക്ഷകളില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 300 മെമ്പര്‍ഷിപ്പ് അപേക്ഷകള്‍ അപ്രത്യക്ഷമായതായും ഇത് ഒഐസിസി നേതൃത്വത്തിന്റെ അറിവോടെയാണെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം വിളിച്ചതോടെ ഒഐസിസിയിലെ ഗ്രൂപ്പുപോര് മറനീക്കി പുറത്തു വന്നിരിക്കുന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നാസര്‍ കല്ലറയുടെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.

തെരഞ്ഞെടുപ്പിനു മുമ്പു വിഘടിച്ചുനിന്നിരുന്ന സോണ്‍ കമ്മിറ്റിയുടെ 54 മെമ്പര്‍ഷിപ്പ് ഉള്‍പ്പെടെ 394 അപേക്ഷകളാണു തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഗ്ളോബല്‍ കമ്മിറ്റി അംഗത്തെ ഏല്പിച്ചതത്രേ. ഇതിനായി 14,000 റിയാല്‍ മെമ്പര്‍ഷിപ്പ് അടച്ചു. ഇതില്‍ വെറും 94 കാര്‍ഡുകളാണ്ു ലഭിച്ചിട്ടുള്ളതെന്നാണു തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. എല്ലാ ജില്ലാ കമ്മിറ്റികളുടെയും മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടും തിരുവനന്തപുരം ജില്ലയുടെ കാര്യത്തില്‍ മാത്രം പരിഹാരമുണ്ടാകാത്തതില്‍ ദുരൂഹതയുണ്െടന്നും നിലവിലെ പ്രസിഡന്റിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒറ്റക്കെട്ടായിനിന്നു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിലുള്ള പകപോക്കലാണ് ഇതിനു പിന്നിലെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

സംഘടന ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നാഗ്രഹിക്കുന്നവരാണു തിരുവനന്തപുരം ജില്ലാ ഘടകം. അതുകൊണ്ടുതന്നെയാണു തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഇരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെയും ഒരേ വേദിയില്‍ ക്ഷണിച്ചുവരുത്തി ആദരിച്ചത്. എന്നാല്‍, ഇനിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോടു വിവേചനപരമായ സമീപനമാണു സെന്‍ട്രല്‍ കമ്മിറ്റി തുടരുന്നതെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ജില്ലാ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ മെമ്പര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ പുതിയ അപേക്ഷയും പണവും ഓരോ മെമ്പര്‍മാരും അടക്കണമെന്നാണു സെന്‍ട്രല്‍ കമ്മിറ്റി പറയുന്നതത്രെ. എന്നാല്‍, ഒന്നും വീണ്ടും നല്‍കാതെ പുതിയ മെമ്പര്‍ഷിപ്പ് തരാന്‍ തയാറാകുന്നില്ലെങ്കില്‍ അടച്ച പണവും അപേക്ഷകളും തിരികെ നല്‍കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഈ ആവശ്യങ്ങളുന്നയിച്ചു കൊണ്ടുള്ള പരാതി കെപിസിസിക്ക് അയച്ചിട്ടുണ്ട്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണു വാര്‍ത്താസമ്മേളനം വിളിക്കാന്‍ നിര്‍ബ്ബന്ധിതരായതെന്നും ജില്ലാ നേതൃത്വം അറിയിച്ചു. പ്രസിഡന്റ് നാസര്‍ കല്ലറയോടൊപ്പം വൈസ് പ്രസിഡണ്ട് ഷാനവാസ്, ജന. സെക്രട്ടറി സാബു കുളമുട്ടം, ട്രഷറര്‍ ഷഫീര്‍ പൂന്തുറ, സെന്‍ട്രല്‍ കൌണ്‍സില്‍ അംഗം അക്ബര്‍ ആലംകോട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍