'മതേതര, സോഷ്യലിസ്റ് ആശയം ക്ഷയിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം'
Monday, February 9, 2015 10:13 AM IST
ദമാം: രാജ്യത്തിന്റെ മതേതര, സോഷ്യലിസ്റ് ആശയം ക്ഷയിക്കാതെ നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രമുഖ സാമൂഹിക ചിന്തകനും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വൈസ് ചെയര്‍മാനുമായ ഇ.എം അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.

'മതേതര സോഷ്യലിസ്റ് ഇന്ത്യയിലെ മാധ്യമ ധര്‍മം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ മെഷിനറികളേക്കാള്‍ ജനങ്ങള്‍ക്കിടയിലെ വര്‍ഗീയ ചേരിതിരിവാണ് നമ്മെ ഏറെ ആശങ്കപ്പെടുത്തുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിലോമപരമായ നിലപാടാണ് മാധ്യമങ്ങള്‍ പലപ്പോഴും സ്വീകരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടക്കുന്ന പല വിഷയങ്ങളിലേക്കും വെളിച്ചം വീശാന്‍ നവ സാമൂഹിക മാധ്യമങ്ങള്‍ക്ക് കഴിയുന്നുണ്ട്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ജനപക്ഷത്ത് നിര്‍ഭയം നിലനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ മതേതര കക്ഷികള്‍ മതേതരത്വത്തോടു ആത്മാര്‍ഥത കാണിക്കാത്തതാണ് ഫാഷിസ്റുകള്‍ക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത്. തങ്ങളുടെ ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിക്കുള്ള വിധ്വംസക അജണ്ടകള്‍ നടപ്പിലാക്കുന്നതിന് പ്രതിബന്ധമാകാതിരിക്കാന്‍ ഭരണഘടനയില്‍ നിന്നും മതേതരത്വത്തെയും സോഷ്യലിസത്തെയും വെട്ടിമാറ്റാനാണ് ഭരിക്കുന്നവര്‍ ശ്രമിക്കുന്നത്. ഒരേസമയം ഗാന്ധിജിയെയും ഗോഡ്സെയെയും ഉയര്‍ത്തിയുള്ള രാഷ്ട്രീയമാണ് അരങ്ങത്ത് വാഴുന്നത്. പൌരാണിക ലോകത്തെ പ്ളാസ്റിക് സര്‍ജറിക്ക് ഉദാരണമായി ഗണപതിയെ ചൂണ്ടിക്കാട്ടുന്ന പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പ്രാകൃത യുഗത്തിലേക്കാണ് ഇന്ത്യയെ നയിക്കുന്നത്. രാജ്യത്തെ ഫാസിസ്റ് വര്‍ഗീയതയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്വം സംഘപരിവാറില്‍ മാത്രം കെട്ടിവയ്ക്കാനാവില്ല. മറിച്ച് നാളിതുവരെ നാടു ഭരിച്ചവരെല്ലാം അതിന് കാരണക്കാരായിട്ടുണ്ട്. കോണ്‍ഗ്രസും പേരില്‍ വരെ സോഷ്യലിസം കൊണ്ടുനടക്കുന്ന ഇടതു പാര്‍ട്ടികളുള്‍പ്പെടെയുള്ളവര്‍ വലതു പക്ഷത്തേക്കു ചാഞ്ഞതിന്റെ അനന്തര ഫലമാണ് മതേതര, സോഷ്യലിസത്തിന്റെ ശോഷണം. 90 വര്‍ഷത്തെ അണിയറ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്നത്തെ ഭരണം. സാഹചര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസ് തുടങ്ങിയ പല സാമ്പത്തിക, വിദേശ നയങ്ങളും തീരുമാനങ്ങളും പൂര്‍ത്തിയാക്കുകയാണ് ബിജെപി. ഇന്ത്യയെന്ന ആശയത്തെ ശക്തിപ്പെടുത്തണമെങ്കില്‍ വര്‍ഗീയ, മുതലാളിത്ത വിരുദ്ധ ചേരി ഉയര്‍ന്നു വരേണ്ടതുണ്ട്. ഇതിന് നേതൃത്വം കൊടുക്കേണ്ട പ്രതിബദ്ധതയും ആന്തരിക ശക്തിയുമുള്ള മതേതര രാഷ്ട്രീയം അസ്തമിച്ചുകൊണ്ടിരിക്കുന്നുവോയെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

തേജസ് റിഡേഴ്സ് ഫോറം നഹ്ദ ക്ളബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ദമാം മീഡിയ ഫോറം ചെയര്‍മാന്‍ പിഎഎം ഹാരിസ് ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ അലി കളത്തിങ്ങല്‍, പ്രഭാകരന്‍ മാസ്റര്‍ പ്രസംഗിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജിണല്‍ പ്രസിഡന്റ് അബ്ദുള്ള കുറ്റ്യാടി, കേരളാ ഘടകം പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെക്രട്ടറി മുബാറക് പൊയില്‍തൊടി എന്നിവര്‍ സംബന്ധിച്ചു. നമീര്‍ ചെറുവാടി, മന്‍സൂര്‍ എടക്കാട്, യൂനുസ് എടപ്പാള്‍, സുബൈര്‍ നാറാത്ത്, ജാബിര്‍ പുന്നാട്, മുഹമ്മദലി മണ്ണാര്‍ക്കാട്, മൂസാന്‍ പൊന്മള നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം