'ഇസ്ലാമിക സാമ്പത്തിക ഘടന നന്മയുടെ സമൂഹത്തിന് മാതൃക'
Monday, June 23, 2014 7:58 AM IST
കുവൈറ്റ്: സമ്പദ്ഘടനയുടെ ഔന്നത്യത്തിനും സമൂഹ വളര്‍ച്ചയ്ക്കും സംസ്കരണത്തിനും ഉതകുന്നതാണ് ഇസ്ലാം വിഭാവനം ചെയ്യുന്ന സാമ്പത്തിക വ്യവസ്ഥയെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) ജനറല്‍ സെക്രട്ടറി സി.പി ഉമ്മര്‍ സുല്ലമി പറഞ്ഞു.

മസ്ജിദുല്‍ കബീറില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച 'അഹ്ലന്‍ വ സഹ്ലന്‍ റമദാന്‍' എന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലിശ എന്ന വിപത്തിലൂടെ കുടുംബങ്ങളെ തളര്‍ത്തുകയും അധഃപതനത്തിലെത്തിക്കുകയും ചെയ്യുന്നു. പാവങ്ങളെ സഹായിക്കാനും അതിലൂടെ ദാരിദ്രത്തെ ഉന്മൂലനം ചെയ്യാനും ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന പ്രായോഗിക സമ്പദ്ഘടനയിലൂടെ സാധിക്കുന്നു. നിശ്ചിത പരിധിയിലെത്തുന്ന സമ്പത്തിന്റെ ചെറിയ വിഹിതം അതിന് അര്‍ഹരായവര്‍ക്ക് നല്‍കണമെന്ന് ഇസ്ലാമിന്റെ പ്രധാന സ്തംബത്തില്‍പ്പെട്ടതാണ്. ഉമ്മര്‍ സുല്ലമി വിശദീകരിച്ചു. പുണ്യങ്ങള്‍ കൊയ്തെടുക്കാനുള്ള വിശുദ്ധ റമദാനിനെ രാപകല്‍ ഭേദമന്യേ ഉപയോഗപ്പെടുത്താനായി വിശ്വാസി സമൂഹം കാത്തിരിക്കുകയാണെന്ന് അബ്ദുല്‍ അസീസ് സലഫി സൂചിപ്പിച്ചു.

നേര്‍പാതയില്‍ അടിയുറപ്പിച്ചു നിര്‍ത്താനുള്ള കളരിയാണ് റമദാനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഈ ദിനങ്ങളില്‍ നന്മകള്‍ വാരിക്കൂട്ടാനായി പല പുണ്യകര്‍മ്മങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചിലതിനെ ലഘൂകരിക്കുകയും ചെയ്തിട്ടുണ്െടന്നും പുണ്യം നുകരാന്‍ ഈ മാസത്തില്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കുമെന്നും അസീസ് സലഫി വ്യക്തമാക്കി.

ഐഐസി പ്രസിഡന്റ് മുഹമ്മദ് അരിപ്ര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുള്‍ലത്തീഫ് പേക്കാടന്‍ ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, ദഅ്വ സെക്രട്ടറി എന്‍ജിനിയര്‍ സി.കെ അബ്ദുള്‍ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍