ഗോപി ടി. കരുവാത്ത് 'മാം' മുട്ടത്തുവര്‍ക്കി അവാര്‍ഡ് ചെറുകഥാ വിഭാഗം ഒന്നാം സമ്മാന വിജയി
Monday, March 17, 2014 4:03 AM IST
മെരിലാന്റ്: പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം) സംഘടിപ്പിച്ച മുട്ടത്തുവര്‍ക്കി പ്രവാസി അവാര്‍ഡ് മത്സരത്തില്‍ ചെറുകഥാ വിഭാഗത്തിന് ഒന്നാം സമ്മാനം ലഭിച്ച ഗോപി ടി. കരുവാത്ത് അഹമ്മദാബാദില്‍ (ഗുജറാത്ത്) താമസക്കാരനാണ്.

മാടത്ത് തെക്കേപ്പാട്ട് പരേതനായ എം.ടി. കുമാരന്‍ നായരുടേയും മാധവിയമ്മയുടേയും മകനായി 1947ല്‍ എടപ്പാളിലാണ് ജനനം. ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദം കരസ്ഥമാക്കിയതിനുശേഷം അഹമ്മദാബാദില്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ (എന്‍.ഐ.ഡി.) ഔദ്യാഗികജീവിതം തുടങ്ങി. അദ്ദേഹത്തിന്റെ നൈപുണ്യം കണ്ട് അതേ സ്ഥാപനത്തില്‍തന്നെ പബ്ളിക്കേഷന്‍സ് ആന്റ് പബ്ളിക് റിലേഷന്‍സില്‍ ഉദ്യാഗക്കയറ്റം നല്‍കി അതിന്റെ അമരക്കാരനായി.

ചെറുകഥകളില്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 1985ല്‍ അദ്ദേഹത്തിന്റെ ചെറുകഥ 'ദി ഫെന്‍സ്' ബ്രിട്ടീഷ് കൌണ്‍സില്‍ ഡിവിഷന്റെ അവാര്‍ഡിന് അര്‍ഹമായി. പിന്നീട് ഓറിയന്റ് ലോംഗ്മാന്‍ അതേ കഥ പ്രസിദ്ധീകരിക്കുകയുണ്ടായി. 1986ല്‍ മറ്റൊരു കഥ 'ദി ഗേള്‍ ഹൂ ലവ്ഡ് അ ഷാഡോ' ടൈംസ് ഓഫ് ഇന്ത്യയുടെ അവാര്‍ഡും നേടി.

സി. അഷ്റഫിന്റെ പ്രശസ്ത നോവല്‍ 'ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍' ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട് ഗോപി ടി. കരുവാത്ത്. അഹമ്മദാബാദില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'മന്നം വാര്‍ത്താ പത്രിക'യുടെ ചീഫ് എഡിറ്ററാണ് അദ്ദേഹം.

അവാര്‍ഡ്ദാനം മാര്‍ച്ച് 29 ശനിയാഴ്ച രാവിലെ പത്ത് മുതല്‍ എട്ട് മണിവരെ മെരിലാന്റില്‍ വെച്ച് നടക്കുന്നതായിരിക്കും. (സ്ഥലം: വാഷിംഗ്ടണ്‍ ഡി.സി.ക്കടുത്തുള്ള കോളേജ് പാര്‍ക്ക് ക്വാളിറ്റി ഇന്‍, 7200 ബാള്‍ട്ടിമോര്‍ അവന്യു, കോളേജ് പാര്‍ക്ക്, മെരിലാന്റ്).

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ