'അഴിമതി രഹിത മതേതര ജനാധിപത്യ സാരഥികളെ വിജയിപ്പിക്കുക'
Wednesday, March 12, 2014 8:11 AM IST
ദമാം: രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നത്. ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനം അഴിമതി, മതാധിഷ്ടിത രാഷ്ട്രീയം, അരാഷ്ട്രീയ വാദം എന്നിവയാണ്. ഇവയില്‍ നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കുവാന്‍ ഈ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണം. രാഷ്ട്രീയത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും പ്രവര്‍ത്തകരെയും അടച്ചക്ഷേപിക്കുന്നതിനു പകരം ശരിയായ പ്രസ്ഥാനങ്ങളെയും പ്രവര്‍ത്തകരെയും കണ്െടത്താന്‍ നമുക്ക് കഴിയണം. അങ്ങനെ ഉചിതമായ തെരഞ്ഞെടുപ്പിലൂടെ നാം നമ്മളുടെ കടമ നിര്‍വഹിക്കുമ്പോള്‍ അവര്‍ അഴിമതിക്കാരും മതാധിഷ്ടിത രാഷ്ട്രീയക്കാരും ആവാതിരിക്കാന്‍ ശ്രദ്ധിക്കുകയും അഴിമതിരഹിത മതേതര ജനാധിപത്യ സാരഥികളെ വിജയിപ്പിക്കുന്നതിലൂടെ നമ്മുടെ നാടിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനും സര്‍വോപരി വികസനോന്മുഖമായ ഒരു ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനുമുള്ള നമ്മുടെ കടമ നിര്‍വഹിക്കപ്പെടുകയാണ്.

പ്രവാസി സംഘടന എന്ന നിലക്ക് സ്വാഭാവികമായി പ്രവാസികള്‍ക്ക് ഗുണപരമായ നിലപാട് എടുക്കുന്ന സര്‍ക്കാര്‍ വരണമെന്ന് ആഗ്രഹിക്കും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മുന്‍ സര്‍ക്കാരുകള്‍ക്കൊന്നും തന്നെ സാധാരണ പ്രവാസികളുടെ പ്രശ്നങ്ങള്‍ എന്തെന്ന് പോലും മനസിലാക്കാനോ പഠിക്കാനോ ശ്രമിച്ചവരായിരുന്നില്ല. രാജ്യത്തിന്റെ പൊതുവായ താല്പര്യത്തിന് അനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റിനും പ്രവാസികളെ മറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അങ്ങനെ ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിനു ഉചിതമായ തീരുമാനം എടുക്കാന്‍ എല്ലാ വോട്ടര്‍മാരോടും നവയുഗം സാംസ്കാരിക വേദി ആവശ്യപ്പെടുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം