രാഗ സരോവരം പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം
1454971
Saturday, September 21, 2024 6:07 AM IST
കുളത്തൂപ്പുഴ: രവീന്ദ്രന് മാസ്റ്റര്‍ സ്മാരക മന്ദിരമായ രാഗ സരോവരം തുറന്ന് നൽകണമെന്ന് കുളത്തൂപ്പുഴ പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും സ്മാരകം തുറന്നു നൽകുന്നില്ല. ഇത് രവീന്ദ്രന് മാസ്റ്ററേയും നാട്ടുകാരെയും അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
13 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കഴിഞ്ഞ ജൂലൈയില്‍ സ്മാരക മന്ദിര നിര്‍മാണം പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിച്ചത്. ഒരു വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കി തുറന്നു നല്‍കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുടർ നടപടിയുണ്ടായില്ല.
അതിനാൽ രവീന്ദ്രന് സ്മാരകം തുറന്നു നൽകണമെന്നാവശ്യപ്പെട്ട് സിനിമാ മേഖലയില്‍ നിന്ന് പരാതിലഭിച്ചു. തുടര്‍ന്ന് നവംബറില്‍ പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന് ചെയര്മാന് അന്വേഷണത്തിനെത്തി. സ്മാരക മന്ദിരം കൊണ്ട് നാട്ടുകാര്‍ക്ക് പ്രയോജനമില്ലെന്നും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന പഠന കേന്ദ്രവും, സംഗീതാസ്വാദകര്‍ക്കും ഗവേഷകര്‍ക്കും ആവശ്യമായ സംഗീത ഗ്രന്ഥശാലയും അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
ഉദ്ഘാടനശേഷം മന്ദിരത്തിൽ നടത്തേണ്ട നിർമാണം ഉപേക്ഷിച്ചതോടെ കാടുമൂടി പാമ്പുവളര്‍ത്തല്‍ കേന്ദ്രമായി കിടക്കുകയാണ്. കെട്ടിടം അടിയന്തരമായി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് കോൺഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.ആര്. സന്തോഷ് കുമാര്‍ അറിയിച്ചു.