അ​ന​ധി​കൃ​ത മീ​ന്‍​പി​ടി​ത്തം: സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ പി​ഴ ചു​മ​ത്തി​യ​ത് കാ​സ​ര്‍​ഗോ​ട്ട്
Saturday, April 20, 2024 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: ച​ട്ട​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന മീ​ന്‍​പി​ടി​ത്ത ബോ​ട്ടു​ക​ളി​ല്‍​നി​ന്ന് പി​ഴ ഈ​ടാ​ക്കു​ന്ന​തി​ല്‍ കാ​സ​ര്‍​ഗോ​ഡ്ഫി​ഷ​റീ​സ് വ​കു​പ്പ് സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​ത്. 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷം അ​ന​ധി​കൃ​ത മീ​ന്‍​പി​ടി​ത്ത​ത്തി​ന് പി​ഴ​യി​ന​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഫി​ഷ​റീ​സ് വ​കു​പ്പ് 68 ല​ക്ഷം രൂ​പ​യാ​ണ് പി​രി​ച്ചെ​ടു​ത്ത​ത്. ക​ട​ലി​ലെ രാ​ത്രി പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​താ​ണ് പി​ഴ വ​ര്‍​ധി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ആ​ദ്യ​മാ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ഫി​ഷ​റീ​സ് വ​കു​പ്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. 40 ല​ക്ഷം രൂ​പ പി​ഴ​യി​ന​ത്തി​ല്‍ ഈ​ടാ​ക്കി​യ എ​റ​ണാ​കു​ളം ര​ണ്ടാം സ്ഥാ​ന​ത്തും 36 ല​ക്ഷം രൂ​പ ഈ​ടാ​ക്കി​യ തൃ​ശൂ​ര്‍ മൂ​ന്നാം​സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

രാ​ത്രി​കാ​ല ട്രോ​ളിം​ഗ്, ലൈ​റ്റ് ഫി​ഷിം​ഗ്, പേ​ഴ്‌​സ് സീ​ന്‍ വ​ല​ക​ളു​ടെ ഉ​പ​യോ​ഗം, ലൈ​സ​ന്‍​സോ പെ​ര്‍​മി​റ്റോ ഇ​ല്ലാ​ത്ത മീ​ന്‍​പി​ടി​ത്തം, ഷോ​ര്‍ ട്രോ​ളിം​ഗ്, ചെ​റു​മീ​നു​ക​ളെ പി​ടി​ക്ക​ല്‍, പെ​യ​ര്‍ ട്രോ​ളിം​ഗ് (ര​ണ്ടു ബോ​ട്ടു​ക​ള്‍ ഘ​ടി​പ്പി​ച്ചു​ള്ള മീ​ന്‍​പി​ടി​ത്തം) എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ള്‍​ക്കാ​ണ് പി​ഴ ചു​മ​ത്തു​ന്ന​ത്. 5,000 മു​ത​ല്‍ 2.5 ല​ക്ഷം രൂ​പ വ​രെ​യാ​ണ് പി​ഴ. 280നു ​മു​ക​ളി​ല്‍ എ​ച്ച്പി എ​ന്‍​ജി​ന്‍ വ​രു​ന്ന വ​ലി​യ ബോ​ട്ടു​ക​ള്‍​ക്കാ​ണ് 2.5 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തു​ന്ന​ത്.

രാ​ത്രി ട്രോ​ളിം​ഗി​നാ​ണ് കൂ​ടു​ത​ല്‍ പി​ഴ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കാ​സ​ര്‍​ഗോ​ഡ് ഫി​ഷ​റീ​സ് വ​കു​പ്പ്, കോ​സ്റ്റ​ല്‍ പോ​ലീ​സ്, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് രാ​ത്രി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​ത്. നി​യ​മ​ലം​ഘ​ന​ത്തി​ല്‍ കൂ​ടു​ത​ലും ക​ര്‍​ണാ​ട​ക ബോ​ട്ടു​ക​ളാ​ണു​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.