ബ്രൂവറിക്ക് അനുമതി നൽകിയ സർക്കാർ തീരുമാനം പിൻവലിക്കണം: ഗാന്ധിദർശൻ സമിതി
1497439
Wednesday, January 22, 2025 7:19 AM IST
നേമം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നു ഗാന്ധിദർശൻ സമിതി ആവശ്യപ്പെട്ടു. സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഇന്നു പാലക്കാട് ജില്ലയിൽ കരിദിനം ആചരിക്കാൻ ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വർക്കിംഗ് പ്രസിഡന്റ് കമ്പറ നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് വി.സി. കബീർ ഉദ്ഘാടനം ചെയ്തു.
ഡൽഹി മദ്യനയക്കേസിൽ ഉൾപ്പെട്ട സ്വകാര്യ കമ്പനിയായ ഒയാസിസിനു ബ്രൂവറി സ്ഥാപിക്കാൻ അനുമതി നൽകിയതിന് പിന്നിൽ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. കോളജ് തുടങ്ങാനായി എലപ്പുള്ളി പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് ഇത്തരം വ്യവസായം ആരംഭിക്കാൻ തീരുമാനിച്ചത് ലജ്ജാകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജനുവരി 30 ന് പ്രമുഖ ഗാന്ധിയനായ തേറമ്പിൽ രാമകൃഷ്ണനുതൃശൂരിൽ വച്ച് ഗാന്ധിയൻ അവാർഡ് നൽകാൻ തീരുമാനിച്ചു.
മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടു വരുകയാണ് ലക്ഷ്യമെന്നു പറഞ്ഞ് അധികാരത്തിൽവന്ന പിണറായി സർക്കാർ വിദ്യാർഥികൾക്ക് പഠിക്കാൻ സൗകര്യം കൊടുക്കേണ്ടതിനുപകരം ഭാവി തലമുറയെ ഒന്നടങ്കം മദ്യത്തിലും മയക്കുമരുന്നിലും മുക്കി കൊല്ലുകയാണെന്നു യോഗം കുറ്റപ്പെടുത്തി. കോൺഗ്രസ് ചിന്താഗതിക്കാർക്ക് ഒറ്റ ഗാന്ധിയൻ സംഘടനയെന്ന കെപിസിസി നിർദേശത്തെ യോഗം അംഗീകരിച്ചു.
യോഗത്തിൽ ജനറൽ സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ ബൈജു വടക്കുംപുറം, കെ. ഭാസ്കരൻ മാസ്റ്റർ, ഇ.എൻ. ഹർഷ കുമാർ, കെ.കെ. ബാബു, പി.എസ്. മുരളീധരൻ മാസ്റ്റർ, അഡ്വ. രാജേഷ്, ഹെൻട്രി വിക്ടർ, സി.കെ. വിജയകുമാർ, കെ.ജി. പ്രസന്നൻ, എം.സാജു, ടി.കെ. സിറാജുദ്ദീൻ,
കെ.ടി. ഹരിദാസ്, അഡ്വ. ജോർജ് വലിയത്, സതീശൻ തൃപ്പണിത്തറ, പി.കെ.എം. ബാവ, ഡോ. സജി പണിക്കർ, മോഹൻ പള്ളിക്കൽ, വസീം ബീവി, ബദറുദ്ദീൻ ഗുരുവായൂർ, എം. കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.