കഴുത്തിൽ കുത്തേറ്റ് യുവതി മരിച്ച നിലയിൽ : സംഭവം കഠിനംകുളത്ത്
1497436
Wednesday, January 22, 2025 7:19 AM IST
കഠിനംകുളം: കഠിനംകുളത്ത് യുവതിയെ കഴുത്തിനു കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ വെഞ്ഞാറമൂട് ആലിയോട് പ്ലാവില വീട്ടിൽ ആതിരയെ (30) ആണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ കീഴിലുള്ളവീട്ടിലാണ് ഇവർ താമസിക്കുന്നത്. അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്കുപോയ ഭർത്താവ് രാജീവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം.
ഇക്കാര്യം രാജീവ് നാട്ടുകാരോടു പറയുകയും ഇവർ അറിയിച്ചതിനെ തുടർന്നു കഠിനംകുളം പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ 8.30 നുശേഷമാണു സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. 8.30നു മകൻ ഗോവിന്ദനെ സ്കൂളിലേക്ക് പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശി യുവാവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. യുവാവ് രണ്ടുദിവസം മുമ്പു യുവതിയുടെ വീട്ടിലെത്തിയതായും പോലീസ് പറഞ്ഞു. കൊലയ്ക്കുശേഷം യുവതിയുടെ സ് കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്.
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഫോറൻസിക്-വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തിരുവനന്തപും മെഡിക്കൽ കോളജിലേക്ക് മാറ്റി.