ക്വാ​​ലാ​​ലം​​പു​​ർ: ഐ​​സി​​സി അ​​ണ്ട​​ർ 19 വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഗ്രൂ​​പ്പ് എ​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം സ്വ​​ന്ത​​മാ​​ക്കി നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഇ​​ന്ത്യ. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ ഒ​​ന്പ​​തു വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി​​യ ഇ​​ന്ത്യ, ഇ​​ന്ന​​ലെ ആ​​തി​​ഥേ​​യ​​രാ​​യ മ​​ലേ​​ഷ്യ​​യെ 10 വി​​ക്ക​​റ്റി​​നു ത​​ക​​ർ​​ത്തു.

ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും എ​​തി​​രാ​​ളി​​ക​​ളെ 50 റ​​ണ്‍​സ് ക​​ട​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ പെ​​ണ്‍​കൊ​​ടി​​ക​​ൾ അ​​നു​​വ​​ദി​​ച്ചി​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. വി​​ൻ​​ഡീ​​സി​​നെ 44 റ​​ണ്‍​സി​​നു പു​​റ​​ത്താ​​ക്കി​​യ ഇ​​ന്ത്യ, മ​​ലേ​​ഷ്യ​​യെ 31നു ​​പു​​റ​​ത്താ​​ക്കി. തു​​ട​​ർ​​ന്ന് വെ​​റും 17 പ​​ന്തി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ക​​യും ചെ​​യ്തു. സ്കോ​​ർ: മ​​ലേ​​ഷ്യ 14.3 ഓ​​വ​​റി​​ൽ 31. ഇ​​ന്ത്യ 2.5 ഓ​​വ​​റി​​ൽ 32/0.

ഹാ​​ട്രി​​ക് വൈ​​ഷ്ണ​​വി

ഗ്രൂ​​പ്പി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​ത്തി​​ലൂ​​ടെ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ. മ​​ലേ​​ഷ്യ​​ക്കെ​​തി​​രേ ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ​​ൻ കു​​മാ​​രി​​മാ​​ർ ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. വി​​ൻ​​ഡീ​​സി​​നെ​​തി​​രേ പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ മ​​ല​​യാ​​ളി മീ​​ഡി​​യം പേ​​സ​​ർ വി.​​ജെ. ജോ​​ഷി​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ബൗ​​ളിം​​ഗ് ആ​​ക്ര​​മ​​ണം. ര​​ണ്ടാം ഓ​​വ​​ർ എ​​റി​​യാ​​നെ​​ത്തി​​യ ജോ​​ഷി​​ത മ​​ലേ​​ഷ്യ​​യു​​ടെ ആ​​ദ്യ വി​​ക്ക​​റ്റ് വീ​​ഴ്ത്തി.


തു​​ട​​ർ​​ന്ന് വൈ​​ഷ്ണ​​വി ശ​​ർ​​മ​​യും ആ​​യു​​ഷി ശു​​ക്ല​​യും ചേ​​ർ​​ന്ന് മ​​ലേ​​ഷ്യ​​യെ നി​​ലം​​പ​​രി​​ശാ​​ക്കി. നാ​​ല് ഓ​​വ​​റി​​ൽ അ​​ഞ്ചു റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ചു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ വൈ​​ഷ്ണ​​വി​​യാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. ഹാ​​ട്രി​​ക്ക് ഉ​​ൾ​​പ്പെ​​ടെ​​യാ​​ണ് അ​​ര​​ങ്ങേ​​റ്റ​​ക്കാ​​രി​​യാ​​യ വൈ​​ഷ്ണ​​വി​​യു​​ടെ അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ട്ടം. ആ​​യു​​ഷി 3.3 ഓ​​വ​​റി​​ൽ എ​​ട്ടു റ​​ണ്‍​സി​​നു മൂ​​ന്നു വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ട് ഓ​​വ​​റി​​ൽ അ​​ഞ്ചു റ​​ണ്‍​സി​​ന് ജോ​​ഷി​​ത ഒ​​രു വി​​ക്ക​​റ്റ് നേ​​ടി.

ചെ​​റി​​യ സ്കോ​​ർ പി​​ന്തു​​ട​​ർ​​ന്ന ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ഗോ​​ങ്ക​​ടി തൃ​​ഷ​​യും (12 പ​​ന്തി​​ൽ 27) ജി. ​​ക​​മാ​​ലി​​നി​​യും (5 പ​​ന്തി​​ൽ 4) പു​​റ​​ത്താ​​കാ​​തെ ടീ​​മി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ശ്രീ​​ല​​ങ്ക 81 റ​​ണ്‍​സി​​നു വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ കീ​​ഴ​​ട​​ക്കി. ല​​ങ്ക​​യു​​ടെ ര​​ണ്ടാം ജ​​യ​​മാ​​ണ്. വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ഇ​​ന്ത്യ x ശ്രീ​​ല​​ങ്ക പോ​​രാ​​ട്ടം.