ബിജെപി അനുകൂല പരാമര്‍ശം: ലേഖനം സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ഫാ. സേവ്യര്‍ കുടിയാംശേരി
Saturday, April 20, 2024 12:52 AM IST
ആലപ്പുഴ: ജീവദീപ്തി മാസികയില്‍ പ്രസിദ്ധീകരിച്ച ‘ഇന്ത്യയെ ആര് നയിക്കണം’ എന്ന ലേഖനത്തിലെ ബിജെപി അനുകൂല പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ലേഖകനും ആലപ്പുഴ രൂപതാ പിആര്‍ഒയുമായ ഫാ. സേവ്യര്‍ കുടിയാംശേരി.
ലേഖനം തന്റെ വ്യക്തിപരമായ അഭിപ്രായവും ദര്ശനവുമാണെന്നും ആലപ്പുഴ രൂപതയുടേയോ ലത്തീന്‍ സഭയുടേയോ ഔദ്യോഗിക നിലപാടല്ലെന്നും അദ്ദേഹം വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.
മാസികയുടെ എഡിറ്റര്‍ ആവശ്യപ്പെട്ടതു പ്രകാരം വിമർശനാത്മകമായ രാഷ്ട്രീയ ദാര്‍ശനിക പഠന ലേഖനമാണ് താന്‍ എഴുതിയതെന്നും ലേഖനം പൂര്‍ണമായി വായിക്കുന്ന ആർക്കും അതു മനസിലാകുമെന്നും വിശദീകരിച്ച അദ്ദേഹം താന്‍ ഒരു പാര്‍ട്ടിയോടും പക്ഷംചേരുന്ന ആളല്ലെന്നും വ്യക്തമാക്കി.
“താന്‍ ഒരു പാര്‍ട്ടിയുടേയും സഹയാത്രികനല്ല, എന്നാല്‍, എല്ലാ പാര്‍ട്ടികളോടും അടുപ്പമുണ്ട്. ആരോടും അകല്‍ച്ചയുമില്ല-” ഫാ. കുടിയാംശേരി അറിയിച്ചു.
ജീവദീപ്തി മാസികയിലെ ലേഖനത്തിലെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി ലത്തീന്‍ സഭയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചരണം അവാസ്തവമാണെന്ന് കെആര്‍എല്‍സിസി നേരത്തെ പ്രതികരിച്ചിരുന്നു.
പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പ്രചരണം സഭയുടെ നിലപാടല്ലെന്നും ലേഖകന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കെആര്‍എല്‍സിസി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫാ. സേവ്യര്‍ കുടിയാംശേരി വിശദീകരണക്കുറിപ്പിറക്കിയത്.