നാടാര്‍ സംവരണം: സംയുക്ത സംഗമം മേയ് 28 നു പുത്തരിക്കണ്ടത്ത്
നാടാര്‍ സംവരണം: സംയുക്ത സംഗമം മേയ് 28 നു പുത്തരിക്കണ്ടത്ത്
Saturday, April 25, 2015 12:34 AM IST
തിരുവനന്തപുരം: സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെട്ട വിവിധ വിഭാഗങ്ങളില്‍പ്പെട്ട നാടാര്‍ സമുദായ അംഗങ്ങളുടെ നാടാര്‍ സംഗമം മേയ് 28 നു പുത്തരിക്കണ്ടം മൈതാനത്തു നടക്കും. പരിപാടി വന്‍ വിജയമാക്കാന്‍ ഇതുസംബന്ധിച്ച് ഇന്നലെ പട്ടം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം തീരുമാനിച്ചു.

ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ ഈ വിഷയം പഠിക്കുന്നതിനും നീതിപൂര്‍വമായ തീരുമാനം എടുക്കുന്നതിനും ഏകാംഗ ജുഡീഷല്‍ കമ്മീഷനെ നിയമിച്ചിരുന്നു. എന്നാല്‍, യുഡിഎഫ് എംഎല്‍എമാര്‍ തന്നെ കമ്മീഷന് എതിരെയും സംവരണം നഷ്ടപ്പെട്ട നാടാര്‍ സമുദായ അംഗങ്ങള്‍ക്കെതിരെയും സംവരണം ഉള്ളവരോടു ചേര്‍ന്നു പോര്‍ വിളിക്കുന്ന സാഹചര്യമാണുള്ളത്. ജുഡീഷല്‍ കമ്മീഷന്‍ സംവരണം നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു മാത്രം നിയമിക്കപ്പെട്ടിരിക്കെ സംവരണാനുകൂല്യങ്ങള്‍ ഉള്ളവര്‍ ഭരണപക്ഷത്തോടു ചേര്‍ന്നു തെറ്റിദ്ധാരണകള്‍ പരത്തുന്ന പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണു നാടാര്‍ സമുദായ സമിതി നാടാര്‍സംഗമം സംഘടിപ്പിക്കുന്നത്.

ആയിരങ്ങള്‍ പങ്കെടുത്ത നാടാര്‍സംഗമ പ്രഖ്യാപന കണ്‍വന്‍ഷന്‍ തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നാടാര്‍ സംയുക്തസമിതി നേതാക്കളായ ബിഷപ് സാം യേശുദാസ്, ഫാ. ജോസഫ് വെണ്മാനത്ത്, ദേവപ്രസാദ് ജോണ്‍, റവ. പവിത്രസിംഗ് എന്നിവര്‍ പ്രസംഗിച്ചു.


മഹാസംഗമത്തില്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ 184 ഇടവകകള്‍, ചങ്ങനാശേരി അതിരൂപതയിലെ തെക്കന്‍ മേഖലകളിലെ ഇടവക പ്രതിനിധികള്‍, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പ്രതിനിധികള്‍, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ തെക്കന്‍ മേഖലാ ഇടവക പ്രതിനിധികള്‍, ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ, ലൂഥറന്‍ സഭ, അസംബ്ളീസ് ഓഫ് ഗോഡ് ബിവിലേഴ്സ് ചര്‍ച്ച്, വിവിധ പെന്തക്കോസ്ത് സഭാ വിഭാഗങ്ങള്‍ ഉള്‍പ്പെടെ 50-ല്‍ അധികം വ്യത്യസ്ത സഭകളില്‍ നിന്ന് വൈദികരും ശുശ്രൂഷകരും പങ്കെടുത്തു. കൂടാതെ വിഎസ്ഡിപി, നാടാര്‍ കോ-ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ എന്നിവയുടെ സംസ്ഥാന, ജില്ലാ, പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്തു.

തുടര്‍ന്നു പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സ്വാഗതസംഘം ഓഫീസ് ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.