ബിവറേജസ് കോര്‍പറേഷന്‍ ക്യൂ ഒഴിവാക്കാന്‍ കൂടുതല്‍ കൌണ്ടറുകള്‍ തുറക്കാന്‍ ആലോചന
ബിവറേജസ് കോര്‍പറേഷന്‍ ക്യൂ ഒഴിവാക്കാന്‍ കൂടുതല്‍ കൌണ്ടറുകള്‍ തുറക്കാന്‍ ആലോചന
Saturday, April 25, 2015 12:31 AM IST
തിരുവനന്തപുരം: തിരക്ക് ഒഴിവാക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പനശാലകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചു കോര്‍പറേഷന്‍ എംഡി കൂടിയായ എക്സൈസ് കമ്മീഷണര്‍ എക്സ്. അനില്‍ സേവ്യര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ബിവറേജസ് കോര്‍പറേഷന്‍ റീജണല്‍ മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണു കൂടുതല്‍ കൌണ്ടറുകള്‍ ആരംഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലെ പ്രായോഗികത പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പുകളില്‍ കൂടുതല്‍ കൌണ്ടറുകള്‍ ആരംഭിക്കാന്‍ പുതിയ കൌണ്ടറുകളുടെ ഇരട്ടിയോളം ജീവനക്കാരെ നിയോഗിക്കേണ്ടതുണ്ട്.

ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയോഗിക്കരുതെന്നു ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരെ ഡപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ കണ്െടത്താന്‍ സര്‍ക്കാരിന്റെ ഉത്തരവു വേണ്ടിവരും.


ഇതിനാല്‍ ഓരോ ഷോപ്പിലും അധിക കൌണ്ടര്‍ ആരംഭിക്കുന്നതിന് ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിവരും. മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കാനും ക്യൂ നില്‍ക്കുന്നവരെ വലയ്ക്കാതിരിക്കാനും സ്വീകരിക്കേണ്ട നടപടികളുടെ വിശദമായ റിപ്പോര്‍ട്ടും നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രാഥമികമായി 100 കൌണ്ടറുകളെങ്കിലും അധികമായി ആരംഭിക്കണമെന്നു റീജണല്‍ മാനേജര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പനശാലകളില്‍ കൂടുതല്‍ കൌണ്ടറുകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയില്‍ മദ്യം വാങ്ങാനുള്ള സംവിധാനവും കണ്‍സ്യൂമര്‍ഫെഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.