ഹൈക്കോടതിവിധി മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കു സഹായകം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ഹൈക്കോടതിവിധി മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കു സഹായകം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Wednesday, April 1, 2015 12:32 AM IST
കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സഭകളുടെയും മദ്യവിരുദ്ധ സമിതികളുടെയും മദ്യവര്‍ജനത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ സഹായകരമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവച്ച് ഫൈവ് സ്റാര്‍ ഒഴികെ മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി സ്വാഗതാര്‍ഹമാണെന്ന് കെആര്‍എല്‍സിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം. മദ്യഉപഭോഗം കുറയ്ക്കുക എന്ന സര്‍ക്കാര്‍ നയം ശരിവച്ചുകൊണ്ടു മദ്യം മൌലിക അവകാശമല്ലെന്ന ഡിവിഷന്‍ ബഞ്ചിന്റെ വിലയിരുത്തല്‍ ജനക്ഷേമം മുന്നില്‍ കണ്ടുകൊണ്ടുള്ള വിധിയാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

ബാര്‍ ലൈസന്‍സ് സംബന്ധിച്ച് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി ഏറെ ആശങ്കാജനകമായിരുന്നു. 24 ഫൈവ് സ്റാര്‍ ഹോട്ടലുകള്‍ ഒഴികെയുള്ള മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാനുള്ള ഡിവിഷന്‍ ബഞ്ചിന്റെ വിധിയോടെ ആ ആശങ്ക അസ്ഥാനത്തായിരിക്കുകയാണെന്നും, ടൂറിസം മാത്രമല്ല, ജനക്ഷേമവും സര്‍ക്കാരിന്റെ പരിഗണനാ വിഷയമാണെന്നും, മദ്യ ഉപയോഗത്തില്‍ കേരളം മുന്നിലാണെന്നും അതിനാല്‍ മദ്യ ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ പുതിയ മദ്യനയം രൂപീകരിച്ചതെന്നുമുള്ള ഡിവിഷന്‍ ബഞ്ചിന്റെ വിലയിരുത്തല്‍ പ്രശംസനീയമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഈ വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും ഉത്തരവാദിത്തപ്പെട്ടവരും മദ്യസംസ്കാരം സംസ്ഥാനത്തുനിന്നും തുടച്ചുനീക്കാനുള്ള ക്രിയാത്മക നടപടി സ്വീകരിക്കണമെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു.

ഏറ്റവും സന്തോഷമുള്ള ദിവസം: സുധീരന്‍

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഏറ്റവും സന്തോഷിക്കുന്ന ദിവസം എന്നു മദ്യനയത്തിലെ ഹൈക്കോടതി വിധിയെക്കുറിച്ചു പ്രതികരിക്കവേ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.

സമ്പൂര്‍ണ മദ്യനിരോധന ത്തിലേക്കുള്ള പ്രയാണത്തില്‍ സുപ്രധാനമായ ഘട്ടമാണു കടന്നിരിക്കുന്നത്. മദ്യം മൌലികാവകാശമല്ല എന്ന കോടതി നിരീക്ഷണവും പ്രധാനമാണ്. ജനനന്മയെ ലക്ഷ്യമിട്ടു സര്‍ക്കാര്‍ കൊണ്ടുവന്ന നയത്തിനു ചില തിരിച്ചടികള്‍ ഉണ്ടായെങ്കിലും അതെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണ്. മദ്യനയം പുറത്തു വന്നപ്പോള്‍ മുതല്‍ ഇക്കാര്യത്തില്‍ ഉന്നയിച്ചുവന്ന പല പ്രശ്നങ്ങളും അപ്രസക്തമാണെന്നും കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണ്. ടൂറിസം മേഖലയ്ക്കു തിരിച്ചടിയാകും എന്നും മറ്റുമുള്ള വാദങ്ങളും കോടതി തള്ളി.

പത്തു വര്‍ഷം കൊണ്ടു സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കോടതി വിധി കരുത്തേകും. മദ്യവര്‍ജന ത്തി നുവേണ്ടിയും നിരോധനത്തി നുവേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള കൂട്ടായ ആലോചനകള്‍ ഉണ്ടാകണം.

മദ്യവിമുക്ത കേരളം എന്ന ലക്ഷ്യം മുന്നോട്ടു വച്ചുകൊണ്ടു കെപിസിസി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുപോകുമെന്നു സുധീരന്‍ വ്യക്തമാക്കി.

സര്‍ക്കാരിനു തിരിച്ചടി: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച ഹൈക്കോടതി വിധി സര്‍ക്കാര്‍നയത്തിന്റെ വിജയമാണെന്ന വാദം പരിഹാസ്യമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.


ബാറുടമകളുമായി ഒത്തുകളിച്ച സര്‍ക്കാരിനേറ്റ തിരിച്ചടിയാണു കോടതിവിധിയെന്ന് അദ്ദേഹം പറഞ്ഞു.

നിയമയുദ്ധത്തില്‍ സര്‍ക്കാര്‍ ഭാഗം പരാജയപ്പെടണമെന്നും ബാറുടമകള്‍ വിജയിക്കണമെന്നുമായിരുന്നു മന്ത്രിമാര്‍ ആലോചിച്ചത്. ഈ കോടതി വിധിയോടെ കോടികള്‍ കൈമാറിയതിന്റെ പുതിയ കഥകള്‍ പുറത്തുവരുമെന്നും കാനം പ റഞ്ഞു. ബാര്‍കോഴ കയത്തില്‍ മൂക്കറ്റം മുങ്ങിനില്‍ക്കുന്ന ധനമന്ത്രി കെ.എം. മാണിയും എക്സൈസ് മന്ത്രി കെ. ബാബുവും ഒരു നിമിഷംപോലും അധികാരത്തില്‍ തുടരരുത്.

സര്‍ക്കാരിനെതിരേ ജനകീയ പ്രക്ഷോഭവുമായി സിപിഐ യും എല്‍ഡിഎഫും മുന്നോട്ടുപോകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ചരിത്രപരം, ജനക്ഷേമകരം: ഫാ. തൈത്തോട്ടം

തലശേരി: സംസ്ഥാനത്തെ 24 ഫൈസ്റാര്‍ ബാറുകള്‍ ഒഴിച്ചുള്ള മുഴുവന്‍ ബാറുകളും അടച്ചുപൂട്ടിയ ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ ചരിത്രപരമായ വിധി ജനക്ഷേമകര വും വിപ്ളവകരവുമാണെന്ന് കേരള മദ്യ നിരോധനസമിതി സംസ്ഥാന പ്രസിഡന്റ് ഫാ. തോമസ് തൈത്തോട്ടം. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന സര്‍ക്കാര്‍നയം കോടതി പൂര്‍ണമായും അംഗീകരിച്ചിരിക്കുന്നു. നയരൂപീകരണം സംബന്ധിച്ച മുഴുവന്‍ അധികാരവും അവകാശവും സര്‍ക്കാരിനാണെന്നുമുള്ള ജനകീയതത്വത്തിനു കോടതി ഈ വിധിയിലൂടെ അടിവരയിട്ടിരിക്കുകയാണ്. മദ്യക്കച്ചവടം ആരുടെയും മൌലികാവകാശമല്ലെന്ന കോടതിയുടെ പ്രഖ്യാപനം മദ്യമാഫിയയെ പുനര്‍ചിന്തനത്തിലേക്കു നയിക്കും. ജനക്ഷേമ ത്തെയും ജനതാത്പര്യത്തെയും സംരക്ഷിക്കുന്ന ഈ വിധി ജനങ്ങളുടെ വിജയമാണ്. മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ പതിറ്റാണ്ടുകളായി നടത്തിവരുന്ന പോരാട്ടങ്ങളുടെ വിജയം കൂടിയാണിത്. കേരളത്തിലെ ലക്ഷക്കണക്കിനു കുടുംബങ്ങളാണ് ഈ വിധിയിലൂടെ രക്ഷപ്പെടുന്നതെന്നും ഫാ. തോമസ് തൈത്തോട്ടം പ്രസ്താവനയില്‍ പറഞ്ഞു.

കോടതി വിധി സ്വാഗതാര്‍ഹം: കാത്തലിക് ഫെഡറേഷന്‍

കോട്ടയം: സര്‍ക്കാരിന്റെ മദ്യനയം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹവും ജനഹിതത്തിന്റെ സാക്ഷാത്കാരവുമാണ് വെളിവാക്കുന്നതെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.

സര്‍ക്കാര്‍ ഇനിയെങ്കിലും ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ജനഹിത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ദേശീയ പ്രസിഡന്റ് അഡ്വ.പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗ ത്തില്‍ റവ.ഡോ. സോണി മുണ്ടുനടയ്ക്കല്‍, ഹെന്റി ജോണ്‍, അഡ്വ.വി.പി. ഷാജി, ജോസ് മാത്യു ആനിത്തോട്ടം, അഡ്വ.ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, ബിജോ തുളിശേരി, പരിമള്‍ ആന്റണി അറയ്ക്കത്തറ, ജോസ് കൈലാത്ത് എന്നിവര്‍ പ്രസംഗിച്ചു.

നവകേരളം സൃഷ്ടിക്കും: കത്തോലിക്കാ കോണ്‍ഗ്രസ്

തൊടുപുഴ: മദ്യനയത്തിലുണ്ടായ ഹൈക്കോടതിവിധി നവകേരളം സൃഷ്ടിക്കുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം പറ ഞ്ഞു. മദ്യവിമുക്തകേരളത്തെ വിഭാവനംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തിനു ലഭിച്ച അംഗീകാരമാണ് ഈ വിധി. മദ്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രാഷ്ട്രീയ-സാമൂഹ്യനേതാക്കളെ കത്തോലിക്കാ കോണ്‍ഗ്രസ് അഭിനന്ദിച്ചു. മദ്യമേഖല യില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്ുപുതിയ തൊഴില്‍മേഖലകള്‍ ലഭ്യമാക്കാ ന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.