സമ്പൂര്‍ണമായ സമര്‍പ്പണം
സമ്പൂര്‍ണമായ സമര്‍പ്പണം
Friday, March 6, 2015 12:14 AM IST
തീര്‍ത്ഥാടനം / ഫാ. ജേക്കബ് കോയിപ്പള്ളി -19

500 രൂപയ്ക്ക് എന്തൊക്കെ കിട്ടും? അടുത്ത കാലത്തുവന്ന ചിരപരിചിതമായ ഒരു പരസ്യവാക്യമാണിത്. പരസ്യം അവസാനിക്കുന്നത് ഇങ്ങനെയാണ്- 500 രൂപ മുടക്കി നാം ചിലത് ഒരു പ്രത്യേക സ്ഥാപനത്തില്‍നിന്നു വാങ്ങിയാല്‍ നമുക്ക് അഞ്ചുലക്ഷം രൂപയ്ക്കുമുകളില്‍ വിലയുള്ള ഒരു കാര്‍ ലഭ്യമായേക്കും. മനുഷ്യനെ ആകര്‍ഷിക്കാന്‍ എത്ര ഭംഗിയായി നാം വാക്കുകള്‍ ഉപയോഗിക്കുന്നു. ചുരുങ്ങിയ മുതല്‍മുടക്കില്‍ വന്‍ നിക്ഷേപങ്ങളുണ്ടാക്കാന്‍ നാം കൊതിക്കുകയാണ്.

നമ്മുടെ ഈ ആക്രാന്തം ഭക്തിയിലേക്കും വ്യാപിച്ചിട്ടുണ്ട്. നമുക്കു നേട്ടമുണ്ടാവുന്ന, അല്ലെങ്കില്‍ അങ്ങനെ കരുതുന്ന, പ്രാര്‍ഥനാചടങ്ങിലേക്കുള്ള ഓട്ടം. ഇതൊക്കെ ഭക്തിയില്‍ കടന്നുവന്ന ദുരാചാരങ്ങളാണ്.

തീര്‍ഥാടകന്‍, ഉള്ളില്‍ ദൈവം നിക്ഷേപിച്ച തീപ്പൊരിയെ ഊതിക്കത്തിക്കുന്നവനാണ്. ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കാന്‍ അനിവാര്യമായവയാണ് അവന്റെ അനുഷ്ഠാനങ്ങള്‍. ഭാവി അറിയാന്‍ വേണ്ടിയാണോ ഭക്തി? ജോലി കിട്ടുമെന്ന് ഉറപ്പുതരുന്നതാണോ നല്ല പ്രാര്‍ഥനാസ്ഥലം.

നോമ്പും പ്രാര്‍ഥനകളും ജീവിതത്തില്‍നിന്നുള്ള രക്ഷപ്പെടലല്ല. ജീവിത ഉത്തരവാദിത്വങ്ങള്‍ നിഷേധിച്ചുള്ള പ്രാര്‍ഥന, ഒന്നിനെയും നേരിടാന്‍ കഴിയാതെ ഒഴിഞ്ഞുമാറുന്ന, അധ്വാനിക്കാതെ അപ്പം കഴിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണ്. യാതനകളില്‍ കൂടെ വസിക്കുന്ന ദൈവത്തിന്റെ മുഖം ഹൃദയഭിത്തികളില്‍ രൂപപ്പെടുത്തി എടുക്കുകയാണു നോമ്പുകാലത്തെ പരിശ്രമം.


അതു സ്വര്‍ഗം ലഭിക്കാന്‍ വേണ്ടിയോ, നോമ്പല്ലാത്ത കാലങ്ങളില്‍ എങ്ങനെയും ജീവിക്കാന്‍ വേണ്ടിയോ ഉള്ള ലൈസന്‍സെടുക്കുന്ന കാലമല്ല. അധ്വാനിക്കാതെ കാര്യങ്ങള്‍ സാധിക്കാന്‍ ദൈവത്തിനു കൊടുക്കുന്ന കൈക്കൂലിയുമല്ല. നമ്മുടെ അപഥസഞ്ചാരങ്ങളില്‍ നിന്നു പാദങ്ങളെ വചനമാര്‍ഗത്തില്‍ വയ്ക്കുവാന്‍ ദൂരങ്ങളിലേക്കു യാത്ര ചെയ്യണമെന്നില്ല. മുമ്പില്‍ കിടക്കുന്ന കല്ലുകളെ അപ്പമാക്കാനുള്ള പ്രലോഭനങ്ങളെ ജയിച്ചാല്‍ മതി.

മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്നു പറയാന്‍ കഴിയുക മനുഷ്യന്റെ വളര്‍ച്ചയുടെ ഭാഗമാണ്. അത് അവനിലെ പൂര്‍ണതയിലേക്കുള്ള വളര്‍ച്ചയുടെ ഫലമാണ്. ആയിരിക്കുന്ന സ്ഥലങ്ങളില്‍ പുഷ്പിക്കലായിരിക്കണം നോമ്പിന്റെ ഫലം. ഭക്തിയില്‍ റിഡക്ഷനുകളോ സൌജന്യങ്ങളോ ഇല്ല. അതു സമ്പൂര്‍ണമായ സമര്‍പ്പണത്തിന്റെ ഭാഗമാണ്. ആരൊക്കെയോ നോമ്പനുഷ്ഠിക്കുന്നതുകൊണ്ടാവരുത് എന്റെ നോമ്പാചരണം. അത് എന്റെ ജീവിതത്തിന്റെ സംശുദ്ധീകരണമാണ്. അതിനു കുറുക്കുവഴികളോ കൈക്കൂലികളോ ഇല്ല. സമ്പൂര്‍ണ സമര്‍പ്പണമില്ലാത്തവന്‍ വിശ്വാസിയോ തീര്‍ഥാടകനോ ആകുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.