എസ്എന്‍ഡിപി യോഗത്തിന് 91 കോടിയുടെ വരവു പ്രതീക്ഷിക്കുന്ന ബജറ്റ്
Saturday, October 25, 2014 12:51 AM IST
ചേര്‍ത്തല: എസ്എന്‍ഡിപി യോഗത്തിന് 91,84,70,000 രൂപ വരവും 91,83,38,750 രൂപ ചെലവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ്. എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂളില്‍ ചേര്‍ന്ന 109-ാമത് വാര്‍ഷിക പൊതുയോഗമാണു ബജറ്റിന് അംഗീകാരം നല്‍കിയത്. വിദ്യാഭ്യാസ മേഖലയ്ക്കാണ് ബജറ്റില്‍ മുന്‍ഗണനയെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂള്‍- കോളേജ് കെട്ടിടനിര്‍മാണത്തിനും ഫര്‍ണീച്ചറിനും 30 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

കോളജുകളുടെ പ്രവര്‍ത്തനത്തിന് 28 കോടിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വസ്തു വാങ്ങാന്‍ ഒരുകോടിയും എന്‍ജിനിയറിംഗ് കോളേജ് സ്ഥാപിക്കാന്‍ അഞ്ചുകോടിയും നീക്കിവച്ചു. മലബാറിലെ സംഘടനാ പ്രവര്‍ത്തനത്തിന് 6.75 ലക്ഷം പ്രത്യേകമായുണ്ട്. യോഗം ഓഫീസ് നിര്‍മാണത്തിന് മൂന്നുകോടി വകയിരുത്തി. വ്യവഹാരങ്ങള്‍ക്ക് 17.5 ലക്ഷവും ഗസ്റ്റ്ഹൌസ് നിര്‍മാണത്തിന് 50 ലക്ഷവുമാണുള്ളത്. യോഗം ചരിത്രം പ്രസിദ്ധീകരണത്തിന് ഏഴുലക്ഷവും വകയിരുത്തി.


ഡയറക്ടര്‍ ബോര്‍ഡിലെ അംഗസംഖ്യ 200ല്‍ നിന്ന് 300 ആയി ഉയര്‍ത്തിയുള്ള നിയമാവലി ഭേദഗതിക്ക് പൊതുയോഗം അംഗീകാരം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ ഇരുട്ടടി പോലെ അടിച്ചേല്‍പ്പിച്ച 1250 കോടിയുടെ അധികനികുതിഭാരം പിന്‍വലിക്കണമെന്ന് പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് അഭ്യസ്തവിദ്യര്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്പോള്‍ നിയമന നിരോധനം ഏര്‍പ്പെടുത്തിയത് കൊടും ക്രൂരതയാണെന്നും സര്‍ക്കാരിന്റെ നയം പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ദോഷകരമാണെന്നും യോഗത്തില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ അധ്യക്ഷനായി. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.