ഇന്ത്യ x ഇംഗ്ലണ്ട് ട്വന്റി-20 പരന്പര ഇന്നു മുതൽ
Wednesday, January 22, 2025 1:16 AM IST
കോൽക്കത്ത: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലേക്കു ക്ഷണം ലഭിക്കാത്ത മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ഇന്നു മുതൽ ട്വന്റി-20യിൽ പടവെട്ടിനിറങ്ങും.
ഇംഗ്ലണ്ടിന് എതിരായ അഞ്ചു മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരം ഇന്നു കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ടിനെതിരേ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഗൗതം ഗംഭീർ ഇന്ത്യയുടെ മുഖ്യ പരിശീലകനായശേഷം ട്വന്റി-20യിൽ മാത്രമാണു ടീം ഇതുവരെ ഒരു പരന്പര പോലും തോൽക്കാതിരുന്നത് എന്നതും വാസ്തവം.
ഷമി റിട്ടേണ്‍സ്
2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ദേശീയ ടീമിലേക്ക് ഇതാദ്യമായി തിരിച്ചെത്തുന്ന പേസർ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. സ്വന്തം നാട്ടിലാണ് ഇന്ത്യൻ ടീമിലേക്കുള്ള ഷമിയുടെ മടങ്ങിവരവ് മത്സരം എന്നതും താരത്തിന്റെ ആവേശം ഇരട്ടിപ്പിക്കും. 2023 ഏകദിന ലോകകപ്പിൽ നാലു മത്സരങ്ങളിൽ പുറത്തിരുന്നെങ്കിലും 24 വിക്കറ്റ് വീഴ്ത്തി, വിക്കറ്റ് വേട്ടയിൽ ഒന്നാമനായിരുന്നു ഷമി.
ഐസിസി ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലും ഇടം നേടിയ ഷമിയുടെ ഫിറ്റ്നസും പ്രകടനവും ഇംഗ്ലണ്ടിനെതിരായ ട്വന്റി-20യിൽ വിലയിരുത്തപ്പെടും. സൂപ്പർ പേസർ ജസ്പ്രീത് ബുംറ പരിക്കേറ്റു വിശ്രമത്തിലായിരിക്കുന്ന പശ്ചാത്തലത്തിൽ ഷമിയുടെ ഫിറ്റ്നസും ഫോമും ഇന്ത്യക്കു നിർണായകമാണ്.
സഞ്ജു സെഞ്ചുറി?
2025 ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന്റെ കലിപ്പ് തീർക്കാൻ സഞ്ജുവിനുള്ള അവസരമാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരന്പര.
ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ കഴിഞ്ഞ പരന്പരകളിൽ സെഞ്ചുറി നേടിയ സഞ്ജു, അതേ പ്രകടനം ഇംഗ്ലണ്ടിനെതിരേയും ആവർത്തിക്കുന്നതിനായാണ് ക്രിക്കറ്റ് ആരാധകർ, പ്രത്യേകിച്ച് മലയാളികൾ കാത്തിരിക്കുന്നത്.
രാജ്യാന്തര ട്വന്റി-20യിൽ ഇന്ത്യക്കുവേണ്ടി തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റിക്കാർഡ് 2024 നവംബറിൽ സഞ്ജു കുറിച്ചിരുന്നു. അവസാനം കളിച്ച അഞ്ച് ട്വന്റി-20യിൽ മൂന്നു സെഞ്ചുറി ഈ മലയാളി സൂപ്പർ താരം നേടി.
2024 നവംബർ 15ന് ജോഹന്നാസ്ബർഗിൽ 56 പന്തിൽ പുറത്താകാതെ 109 റണ്‍സ് നേടിയതായിരുന്നു സഞ്ജുവിന്റെ അവസാന ഇന്നിംഗ്സ്. ജോഹന്നാസ്ബർഗിൽ നിർത്തിയിടത്തുനിന്നു കോൽക്കത്തയിൽ തുടരാൻ സഞ്ജുവിനു സാധിക്കട്ടേയെന്നാണ് ആരാധകർ ആശംസിക്കുന്നത്.