ജർമൻ സംസ്ഥാന തെരഞ്ഞെടുപ്പിൽ മെർക്കലിന്‍റെ പാർട്ടിക്ക് വൻ വിജയം
Monday, March 27, 2017 7:20 AM IST
ബെർലിൻ: ജർമനിയിലെ സാർലാൻഡ് സംസ്ഥാന തെരഞ്ഞെടുപ്പിൽ ചാൻസലർ ആംഗല മെർക്കലിന്‍റെ പാർട്ടി സിഡിയുവിന് വൻ വിജയം. പൊതുതെരഞ്ഞെടുപ്പിൽ മെർക്കലിനെ സ്ഥാനഭ്രഷ്ടയാക്കാമെന്ന് മോഹിച്ച സോഷ്യൽ ഡോക്രാറ്റിക് പാർട്ടിയുടെ (എസ്പിഡി) മേൽ ഈ വിജയം കരിനിഴലായി. എന്നാൽ വിജയം മെർക്കലിനും പാർട്ടിക്കും ഒരളവിൽ വലിയൊരാശ്വാസവുമായി.

പൊതുതെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ നടന്ന സാർലാൻഡ് തെരഞ്ഞെടുപ്പിൽ സിഡിയു 40.8 ശതമാനം വോട്ട് നേടി. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ എസ്പിഡിക്കു ലഭിച്ചത് 29.5 ശതമാനം മാത്രം. ഫ്രഞ്ച് അതിർത്തിയോടു ചേർന്നു കിടക്കുന്ന ചെറിയ സംസ്ഥാനമായ സാർലാൻഡിലെ ജനസംഖ്യ പത്തു ലക്ഷം മാത്രമാണ്. എങ്കിൽപ്പോലും പൊതുതെരഞ്ഞെടുപ്പിനു മുന്പുള്ള റിഹേഴ്സലായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.

പരിസ്ഥിതിക്കാർക്ക്(ഗ്രീൻ) 4.6 ശതമാനവും ലിബറ·ാർക്ക്(എഫ്ഡിപി) 3.2 ശതമാനുവും ലിങ്കെ പാർട്ടിക്ക്(ഇടത് കക്ഷി) 12.9 ശതമാനവും കുടിയേറ്റ വിരോധ പാർട്ടിക്ക് (എഎഫ്ഡി) 5.9 ശതമാനവും വോട്ട് വിഹിതമാണ് ലഭിച്ചത്. സിഡിയു നോമിനിയായ അന്നെഗ്രീറ്റെ ക്രാന്പ് കാറൻബൗവർ സാർലാന്‍റിന്‍റെ പുതിയ മുഖ്യമ്രന്തിയായി അധികാരമേൽക്കും. ലിബറലുകളെ കൂടെക്കൂട്ടി അധികാരം പങ്കിടാനാണ് സിഡിയു കരുക്കൾ നീക്കുന്നത്.

സെപ്റ്റംബർ 24 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റുകൾ ഉയർത്തിക്കാട്ടുന്ന ചാൻസലർ സ്ഥാനാർഥി മാർട്ടിൻ ഷുൾസിന്‍റെ ഇഫക്ട് രാജ്യമെങ്ങും തരംഗമായി മാറിയ സാഹചര്യത്തിലാണ് സാർലാൻഡ് സംസ്ഥാന തെരഞ്ഞെടുപ്പു നടന്നതും മെർക്കൽ പാർട്ടി വിജയം കൊയ്തതും. വികലമായ അഭയാർഥി നയത്തിന്‍റെ പേരിൽ മെർക്കലിനെ പ്രതിക്കൂട്ടിലാക്കിയ സോഷ്യലിസ്റ്റുകൾ പൊതുതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു അധികാരം പിടിക്കാമെന്ന അതിമോഹവും ഇതോടെ പിഴുതെറിയപ്പെട്ടു. മെർക്കലിനെ ജനങ്ങൾ ചോദ്യം ചെയ്തെങ്കിലും സിഡിയു പാർട്ടിയെ കൈവിടില്ല എന്ന ഉറച്ച സന്ദേശമാണ് സാർലാൻഡുകാർ തെരഞ്ഞെടുപ്പിൽ തെളിയിച്ചത്. എന്നാൽ മെർക്കലിന്‍റെയും പാർട്ടിയുടെയും പുറകിൽ നിശ്ചയദാർഢ്യത്തോടെ ജനങ്ങളുണ്ടെന്നുള്ള പ്രഖ്യാപനമായി തെരഞ്ഞെടുപ്പു ഫലം. അതേസമയം വിജയം ഒരു ടെസ്റ്റു ഡോസെന്ന നിലയിൽ മെർക്കലിന് ഇനിയും ഒരങ്കത്തിനുംകൂടി ബാല്യമുണ്ടെന്ന വിശ്വാസവും വർധിപ്പിച്ചു.

മാർട്ടിൻ ഷൂൾസ് ചാൻസലർ സ്ഥാനാർഥിയായി വന്നതോടെ എസ്പിഡിയുടെ ജനപിന്തുണ വൻതോതിൽ വർധിച്ചു എന്നാണ് അഭിപ്രായ സർവേകളിൽ വ്യക്തമായിരുന്നത്. ഇതോടെ മെർക്കലിന്‍റെ കുതിപ്പിനു തടയിടാനവുമെന്ന എസ്പിഡിയുടെ പ്രതീക്ഷയ്ക്കും ഈ തെരഞ്ഞെടുപ്പിലൂടെ മങ്ങലേറ്റു. എന്നാൽ, ഇതിനു കടകവിരുദ്ധമാണ് സാർലാൻഡിലെ തെരഞ്ഞെടുപ്പ് ഫലം. നിലവിൽ മെർക്കലിന്‍റെ വിശാലമുന്നണി സർക്കാരിലെ കൂട്ടുകക്ഷിയാണ് എസ്പിഡി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ