അയർലൻഡ് - കൊച്ചി നേരിട്ടുള്ള വിമാനസർവീസിന് കളമൊരുങ്ങുന്നു
ഡബ്ലിൻ: അയർലൻഡിൽനിന്നു കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസർവീസിന് കളമൊരുങ്ങുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽനിന്നു നെടുമ്പാശേരിയിലേക്ക് നേരിട്ടുള്ള പുതിയ സർവീസിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
അയർലൻഡിലെ ആദ്യ മലയാളി മേയർ ബേബി പെരേപ്പാടനാണ് ഈ നീക്കത്തിനു പിന്നിൽ. അയർലൻഡിലെ അരലക്ഷത്തിലേറെ മലയാളികളുടെ ചിരകാലസ്വപ്നമാണ് നേരിട്ടുള്ള വിമാനസർവീസെന്ന് ഭരണകക്ഷിയായ ഫിനഗേൽ പാർട്ടി നേതാവുകൂടിയായ മേയർ ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച് ബേബി പെരേപ്പാടൻ സിയാൽ എംഡി എസ്. സുഹാസുമായും അയർലൻഡ് എയർപോർട്ട് അഥോറിറ്റി ഏവിയേഷൻ ബിസിനസ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് ഓവിൻ മിക്ഗ്ലോക്ലിനുമായും ചർച്ചകൾ നടത്തി.
എയർ ഇന്ത്യ, ഐറിഷ് വിമാന കമ്പനിയായ എയർലിംഗസ് എന്നിവരുമായും ചർച്ചകൾ നടത്തിവരികയാണെന്ന് ബേബി പെരേപ്പാടൻ പറഞ്ഞു. ഇന്ത്യയിലെ ഐറിഷ് അംബാസഡർ കെവിൻ കെല്ലി നേരിട്ടുള്ള വിമാന സർവീസുമായി ബന്ധപ്പെട്ട ശിപാർശ ഡബ്ലിൻ എയർപോർട്ട് അഥോറിറ്റിക്കു കൈമാറിയിട്ടുണ്ട്.
കൊച്ചിയിൽനിന്നു മാത്രം ശരാശരി പ്രതിദിനം 118 പേർ ഡബ്ലിനിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അയർലൻഡിൽനിന്നു നിത്യേന ശരാശരി 250ലേറെപ്പേരാണ് കേരളത്തിലെത്താൻ വിവിധ വിമാനത്താവളങ്ങൾ വഴി ഭീമമായ നിരക്ക് നൽകി യാത്ര ചെയ്യുന്നത്.
14 മുതൽ 18 മണിക്കൂർ വരെയാണ് ഇപ്പോൾ യാത്രാസമയം. നേരിട്ടുള്ള സർവീസ് വന്നാൽ ഒമ്പതു മുതൽ 10 മണിക്കൂർകൊണ്ട് കേരളത്തിലെത്താനാവും. നിരക്കിലും കുറവുണ്ടാകും.തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസ് എന്ന നിർദേശമാണ് മുന്നോട്ടു വച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഐറിഷ് അംബാസിഡർ കെവിൻ കെല്ലി നേരിട്ടുള്ള വിമാന സർവീസുമായി ബന്ധപ്പെട്ട ശുപാർശ ഡബ്ലിൻ എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയിലേക്ക് ഡബ്ലിനിൽ നിന്നും കൊച്ചിക്കാണ് ഏറ്റവുമധികം പേർ യാത്ര ചെയ്യുന്നത്.
ഡൽഹി, മുംബൈ എയർപോർട്ടുകളാണ് തൊട്ട് പിന്നിൽ. കൊച്ചിക്കൊപ്പം ഡബ്ലിൻ - ഡൽഹി സർവീസും പരിഗണയിലുണ്ട്.
വത്തിക്കാൻ പ്രതിനിധിസംഘത്തിന് ഗോവ രാജ്ഭവനിൽ സ്വീകരണം
ഡോണാപോള (ഗോവ): വത്തിക്കാന്‍ ഇന്ത്യക്കു നല്കിയ പുതുവര്‍ഷസമ്മാനമാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ പദവിയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. വത്തിക്കാനില്‍നിന്നുള്ള ഒമ്പതംഗ പ്രതിനിധിസംഘത്തിന് ഗോവ രാജ്ഭവനില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ആദ്യകാല ക്രിസ്ത്യന്‍ സന്ദേശം എത്തിച്ചേര്‍ന്ന ഇടങ്ങളാണു കേരളവും ഗോവയും. അതുകൊണ്ടുതന്നെ മലയാളിയെന്ന നിലയിലും ഗോവ ഗവര്‍ണര്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയില്‍ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യ ലോകത്തിനു നല്കിയ ആത്മീയസമ്മാനമാണ് നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടെന്നു വത്തിക്കാന്‍ സെക്രട്ടേറിയറ്റിന്റെ പ്രതിനിധിയായെത്തിയ ആർച്ച്ബിഷപ് ഡോ. എഡ്ഗാർ പേഞ്ഞ പാർറ പറഞ്ഞു.
ഗോവ ആര്‍ച്ച്ബിഷപ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, സഹായമെത്രാൻ ഡോ. സിമിയാവോ, മറ്റൊരു നിയുക്ത കർദിനാളായ റൊളാന്തസ് മാക്റിക്കസ് തുടങ്ങിയവരും സംസാരിച്ചു. പരിസ്ഥിതി വകുപ്പ് മന്ത്രി അലക്സ് സെക്വറിയയും സന്നിഹിതനായിരുന്നു.
മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്, ബാലഗംഗാധര തിലകന്, ചിന്മയാനന്ദ സ്വാമി, ആനി ബസന്റ് എന്നിവരുടെ ഭഗവത്ഗീത വ്യാഖ്യാനങ്ങളും വിശുദ്ധ കുരിശും നിലവിളക്കും നല്‍കിയാണ് ഗവര്‍ണര്‍ അതിഥികളെ സ്വീകരിച്ചത്.
പ്രതിനിധിസംഘം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ഥിച്ചു കൊടുത്തയച്ച സമ്മാനങ്ങള്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. ക്രൂശിതരൂപവും പരിശുദ്ധ കന്യാമറിയത്തിന്റെ ശില്പവും രണ്ടു കൊന്തയുമാണ് മാര്‍പാപ്പ കൊടുത്തയച്ച സമ്മാനങ്ങൾ.
വത്തിക്കാന്‍ സംഘം ഗവര്‍ണറോടൊപ്പം രാജ്ഭവനിലെ ഔവര്‍ ലേഡി ഓഫ് കേപ് ഓഫ് ബോണ്‍ വോയേജ് പള്ളി സന്ദര്‍ശിച്ചാണു മടങ്ങിയത്.
നൈറ്റ്സ് മാഞ്ചസ്റ്റർ ക്ലബിന്റെ വാർഷികവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു
മാഞ്ചസ്റ്റർ സിറ്റി: മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൽ 2025 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീരാഗിന്റെ നേതൃത്വത്തിൽ ക്ലബ് മാനേജർ ജീൻസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്ലബ് ക്യാപ്റ്റൻ സുജേഷ് സ്വാഗതവും ട്രെഷറർ പ്രിൻസ് വാർഷിക കണക്കും സെക്രട്ടറി സിറിൽ വിവിധ കർമപദ്ധതികളുടെ കരട് രൂപ രേഖകൾ അവതരിപ്പിച്ചു.
അടുത്ത വർഷം കൂടുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു. പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ ജീൻസ് മാത്യു, സെക്രട്ടറി പ്രശാന്ത്, ക്ലബ് ക്യാപ്റ്റൻ സുജേഷ്, ട്രഷറർ പ്രിൻസ് തോമസ്, കമ്മിറ്റി അംഗങ്ങളിയി ശ്രീരാഗ്, രാഹുൽ, വിജയ്, ജിനീഷ്, മനു & തോമസ് എന്നിവരെ തെരഞ്ഞെടുത്തു.
2024 സീസൺ മികച്ച താരമായി ശരത്തും കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ വിജീഷ്, അശ്വിൻ, അജ്മൽ, രാഹുൽ എന്നിവരെയും ക്ലബ് ആദരിച്ചു.
കോർക്കിൽ പ്രവാസി മലയാളി സ്ഥാപനത്തിന് നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം
ഡബ്ലിൻ: കോർക്കിൽ പ്രവാസി മലയാളി സ്ഥാപനത്തിനു നേരേ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധ ആക്രമണം. ടൈൽസ് വിപണന കേന്ദ്രമായ ടൈലക്സ് എന്ന സ്ഥാപനത്തിന്റെ മുൻഭാഗത്തെ ചില്ലുകളാണ് അടിച്ചു തകർത്തത്.
ഗാർഡ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനീഷ് ജോർജ് , ജോസ്ലിൻ, എബി ഫ്രാൻസിസ് എന്നിവരുടെ ഉടമസ്ഥയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
റോമിലെ ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാന മന്ദിരം ജയ്ശങ്കർ ഉദ്ഘാടനം ചെയ്തു
റോം: റോമിലെ ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാന മന്ദിരം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. ജയ്ശങ്കർ ഉദ്ഘാടനം ചെയ്തു. ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു, ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി ജനറൽ അംബാസഡർ റിക്കാർഡോ ഗ്വാറിലിയും ചടങ്ങിൽ മുഖ്യ അതിഥികളായിരുന്നു.
സമീപ വർഷങ്ങളിൽ ഇന്ത്യ - ഇറ്റലി പങ്കാളിത്തത്തിന്റെ തുടർച്ചയായ വിപുലീകരണത്തിന്റെ ഭാഗമായി ഇതിനെ കാണാം. ഇറ്റലിയിലെ ഇന്ത്യൻ സമൂഹത്തെ മികച്ച രീതിയിൽ സേവിക്കുകയാണ് ലക്ഷ്യം.
ഇന്ത്യൻ സമൂഹവും പ്രത്യേകിച്ച് കേരള കമ്യൂണിറ്റിയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. റബിലെ ബിഷപും ഹംഗേറിയൻ ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമായ ഹംഗേറിയൻ മോൺസിഞ്ഞോർ വിൽമോസ് ഫ്രാങ്ക്നോയിക്ക് വേണ്ടി 1895ൽ നിർമിച്ചതാണ് ഈ കോട്ടേജ്.
നവോത്ഥാന ശൈലിയിൽ വാസ്തുശില്പിയായ കാർലോ പിഞ്ചർലെ 1900കളുടെ തുടക്കത്തിൽ നിർമിച്ച ഈ കെട്ടിട്ടം 1950കളിൽ അർനോൾഡോ മൊണ്ടഡോറിയുടെ വസതിയായി മാറി, തുടർന്ന് 2015 വരെ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണശാലയുടെ ആസ്ഥാനമായിരുന്നു.
ലണ്ടനിൽ ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന കൺവൻഷൻ ജനുവരി നാലിന്
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ പ്രതിമാസ "ആദ്യ ശനിയാഴ്ച’ കൺവൻഷനുകൾ ആരംഭിക്കുന്നു. ആദ്യ ശനിയാഴ്ച കൺവൻഷനുകളുടെ പ്രഥമ ശുശ്രൂഷ ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ ജനുവരി നാലിന് നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജനൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും കൺവൻഷൻ നയിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സണും കൗൺസിലറും പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ വചന സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും, സ്പിരിച്ച്വൽ ഷെയറിംഗിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.
പ്രശസ്ത ധ്യാന ഗുരുവും ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രൂഷ നയിക്കുകയും ചെയ്യുന്ന ഫാ. ഷിനോജ് കളരിക്കൽ വിശുദ്ധ കുർബാനയ്ക്ക് സഹകാർമികത്വം വഹിക്കുകയും ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.
ജനുവരി നാലിന് രാവിലെ എട്ടിന് ജപമാലയോടെ കൺവൻഷൻ ആരംഭിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഒരുക്കുന്നുണ്ട്. കൺവൻഷനിൽ പങ്കുചേരുന്നവരുടെ സൗകര്യാർഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രൂഷകൾ ക്രമീകരിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് തയ്യിൽ - 07848 808550, മാത്തച്ചൻ വിളങ്ങാടൻ - 07915 602258.
പുടിന്, ട്രംപ് സ്മരണകളുമായി മെര്‍ക്കലിന്റെ ആത്മകഥ
ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ആത്മകഥ പൂര്‍ത്തിയായി. ഉടന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ അവരുടെ ബാല്യകാല സ്മരണകള്‍ മുതല്‍, ഡോണള്‍ഡ് ട്രംപും വ്ളാദിമിര്‍ പുടിനും അടക്കം ലോക നേതാക്കളുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
പശ്ചിമ ജര്‍മനിയില്‍ ജനിച്ച്, പൂര്‍വ ജര്‍മനിയില്‍ വളര്‍ന്ന ഏകീകൃത ജര്‍മനിയുടെ ചാന്‍സലറായി ഏറ്റവുമധികം കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് മെര്‍ക്കല്‍. ജര്‍മനിയുടെ ആദ്യ വനിതാ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചുള്ള വിശദാംശങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
നായകളെ പേടിയുള്ള മെര്‍ക്കലിനെ കാണാന്‍ പുടിന് വലിയൊരു നായയുമായി വന്ന കഥയും വിവരിക്കുന്നു. മെര്‍ക്കലിന് ഹസ്തദാനം നല്കാന് ട്രംപ് വിസമ്മതിച്ചതാണ് മറ്റൊരു കഥ.
കൗതുകങ്ങള്‍ക്കപ്പുറം, പൂര്‍വ ജര്‍മന്‍ ഏകാധിപത്യത്തില്‍ വളര്‍ന്ന ബാല്യകൗമാരങ്ങള്‍ ഗൗരവമായാണ് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. നാറ്റോ സഖ്യത്തില്‍ ചേരാനുള്ള യുക്രെയ്ന്റെ ശ്രമങ്ങളോട് തനിക്കുണ്ടായിരുന്ന എതിര്‍പ്പും അവര്‍ പരസ്യമാക്കുന്നു. റഷ്യ ~ യുക്രെയ്ന് പ്രശ്നത്തിന് അടിസ്ഥാന കാരണം തന്നെ നാറ്റോയില്‍ ചേരാനുള്ള യുക്രെയ്ന്റെ ശ്രമങ്ങളായിരുന്നു.
സ്വാതന്ത്ര്യം എന്ന തലക്കെട്ടില്‍ ആംഗല മെര്‍ക്കലിന്റെ രാഷ്ട്രീയ ഓര്‍മ്മക്കുറിപ്പുകള്‍ നവംബര്‍ 26ന് പ്രസിദ്ധീകരിക്കും.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ പ്രസാധകരായ കീപെന്ഹ്യൂറും വിറ്റ്ഷും ചേര്‍ന്നാണ് പ്രസിദ്ധീകരിക്കുക. മെമ്മറീസ് 1954 ~ 2021ന്ധ ലോകമെമ്പാടുമുള്ള 30~ലധികം രാജ്യങ്ങളിലാവും ഒരേസമയം പ്രസിദ്ധീകരിക്കുക. 700 പേജുകളുണ്ട്. 42 യൂറോയാണ് വില.
ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായി ഒലാഫ് ഷോള്‍സ് വീണ്ടും മത്സര രംഗത്ത്
ബര്‍ലിന്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ജർമൻ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വീണ്ടും എസ്പിഡി പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയാകും. എസ്പിഡി പാര്‍ട്ടിയംഗവും നിലവിലെ പ്രതിരോധമന്ത്രിയുമായ ബോറിസ് പിസ്റ്റോറിയസ് സ്ഥാനാര്‍ത്വത്തില്‍ നിന്നും പിന്മാറിയതായി നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയാണ് ഷോള്‍സിനെ വീണ്ടും നാമനിര്‍ദ്ദേശം ചെയ്തത്.
എസ്പിഡിയിലെ പ്രധാന എതിരാളിയായ ബോറിസ് പിസ്റേറാറിയസ് മത്സരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും ചെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒലാഫ് ഷോള്‍സിന് അനുമതി ലഭിക്കുന്നത്. സമീപകാല സര്‍വേകള്‍ അനുസരിച്ച് ജനപ്രീതി എസ്പിഡിയ്ക്ക് വെറും 14-16 ശതമാനമാണ്.
യാഥാസ്ഥിതിക ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ക്കും (CDU) അവരുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി ഫ്രെഡറിക് മെര്‍സിനും 32 - 24 ശതമാനവും തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(AfD) 18-19 ശതമാനമാണ്. 2025 ഫെബ്രുവരി 23നാണ് തെരഞ്ഞെടുപ്പ്.
ജര്‍മനി കഴിഞ്ഞ വര്‍ഷം വിസ നല്‍കിയത് മൊത്തം 2,00,000 പേര്‍ക്ക്
ബെര്‍ലിന്‍: തൊഴിലാളികളുടെ വരവ് പ്രോത്സാഹിപ്പിക്കാന്‍ ട്രാഫിക് ലൈറ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ഒരു വര്‍ഷത്തിനുശേഷം ജര്‍മനി വിദഗ്ധ തൊഴിലാളികള്‍ക്ക് കൂടുതല്‍ വിസ അനുവദിച്ചു. 2023 നവംബര്‍ 18നാണ് നൈപുണ്യ കുടിയേറ്റ നിയമത്തിന്റെ ആദ്യ ഘട്ടം നിലവില്‍ വന്നത്.
ജനസംഖ്യാപരമായ സംഭവവികാസങ്ങള്‍ കാരണം ജര്‍മ്മനി ആശ്രയിക്കുന്ന യൂറോപ്യന്‍ യൂണിയന് ഇതര രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനാണ് ഇത് ലക്ഷ്യമിട്ടത്.
ഇതനുസരിച്ച്, തൊഴില്‍ ആവശ്യങ്ങള്‍ക്കായി പത്ത് ശതമാനത്തിലധികം വിസകള്‍ കൂടുതല്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1,77,600 ല്‍ നിന്ന് മൊത്തം 2,00,000 ആയി വര്‍ധിച്ചതായി ആഭ്യന്തര, തൊഴില്‍, വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ജര്‍മ്മനി വിദേശത്ത് നിന്ന് ഉയര്‍ന്ന യോഗ്യതയുള്ള സ്പെഷ്യലിസ്ററുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും തടസങ്ങള്‍ ഉയര്‍ന്നതാണ്. വിദേശത്ത് വിസകള്‍ നല്‍കുന്നതും കണ്‍സള്‍ട്ടേഷനുകളും റിക്കാര്‍ഡ് തലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫെഡറല്‍ ലേബര്‍ മന്ത്രി ഹ്യൂബര്‍ട്ടസ് ഹെയ്ല്‍ പറഞ്ഞു.
വിദഗ്ധരായ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ജര്‍മ്മനിയില്‍ കൂടുതല്‍ വേഗത്തില്‍ വന്ന് ജോലി ആരംഭിക്കാന്‍ കഴിയും. ഇപ്പോഴും രാജ്യത്ത് 4,00,000 വിദഗ്ധരുടെ കുറവുണ്ടെന്ന് വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത് രാജ്യത്തെ എല്ലാ മേഖലകളേയും സ്മാര്‍ട്ട് ക്കാന്‍ വേണ്ടിയാണ്.
ഫെഡറല്‍ ഓഫീസ് ഓഫ് ഫോറിന് അഫയേഴ്സ് ഏറ്റവും വലിയ ജര്‍മ്മന്‍ വിസ ഓഫീസിലെ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള അപേക്ഷകളും വൈദഗ്ധ്യവും പ്രോസസ്സ് ചെയ്യുന്നതും വേഗത്തിലാണ്.
കൂടാതെ ഡിജിറ്റലൈസേഷനും കൂടുതല്‍ പുരോഗതി കൈവരിക്കുകയാണ്. ഇത് സാങ്കേതികമായി ഒരു ബ്യൂറോക്രാറ്റിക് വിപ്ളവത്തിന് തുല്യമാണ്. കുടിയേറാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നുള്ള അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുമ്പോള്‍ കൂടുതല്‍ ഫലപ്രദമായ പ്രക്രിയകള്‍ക്കായി കാത്തിരിയ്ക്കുന്നവരുമുണ്ട്.
യോഗ്യതയുള്ള കുടിയേറ്റത്തിനുള്ള തടസങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും ട്രെയിനികള്‍ക്കും ഇടയില്‍ കൂടുതല്‍ ബാധിച്ചവര്‍ ഇപ്പോഴും പരാതിപ്പെടുന്നുണ്ട്. ജര്‍മ്മനിയില്‍ പഠിക്കുന്നവരും തൊഴില്‍ പരിശീലനം നടത്തുന്നവരും അല്ലെങ്കില്‍ നേടിയ യോഗ്യതയും ഉള്ളവര്‍.
മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം 20 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ട്രെയിനികളുടെ എണ്ണത്തില്‍ പോലും മൂന്നില്‍ രണ്ട് വര്‍ധനവുണ്ടായിട്ടുണ്ട്.
ആന്റണി പുത്തന്‍പുരയ്ക്കലിന്റെ പുസ്തകം പ്രകാശനത്തിന്
വിയന്ന: ആന്റണി പുത്തന്‍പുരയ്ക്കല്‍ എഴുതിയ ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം എന്ന പുസ്തകം പ്രകാശനത്തിന് തയാറായി. ആലപ്പുഴയിലുള്ള സ്കൂള്‍ ഓഫ് ലൈഫ് സ്കില്‍ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
അവതാരിക എഴുതിയിരിക്കുന്നത് സുപ്രസിദ്ധ സെന്‍ ഗുരു അമാ സ്വാമിയാണ്. ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടു ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഋതുമന്ത്രണങ്ങള് എന്ന പുസ്തകവും ആന്റണി പുത്തന്പുരയ്ക്കലിന്റേതായി ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ദിവസേനയെന്നോണം പുതിയ കണ്ടുപിടുത്തങ്ങളും സാധ്യതകളും ആധികാരികവും അല്ലാത്തതുമായ വിവരങ്ങളുടെ ആധിക്യം ഓരോരുത്തരെയും കൈയടക്കുകയും നിയന്ത്രണമില്ലാത്ത ചിന്തകള്‍ മനുഷ്യന്റെ ശാരീരികവും മാനസികവും വൈകാരികവുമായ സുസ്ഥിതിയെ ബാധിക്കുന്ന സാഹചര്യത്തില്‍
ആന്തരിക നിശ്ചലത, അല്ലെങ്കില്‍ ആന്തരിക മൗനത്തിനു വ്യക്തി ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് മനശാസ്ത്ര പഠനങ്ങളുടെയും സിരാവിജ്ഞാനീയ പ്രബോധങ്ങളുടെയും വെളിച്ചത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ പുസ്തകം.
കാലാന്തരങ്ങളില്‍ മനുഷ്യര്‍ക്ക് നഷ്ടമായ ഉള്‍ബോധത്തെ എങ്ങനെ ഒരാള്‍ക്ക് വീണ്ടെടുക്കുവാന്‍ കഴിയുമെന്ന ചോദ്യത്തിനുള്ള എല്ലാ ഉത്തരങ്ങളും ഈ പുസ്തകത്തിലൂടെ ആന്റണി പുത്തന്‍പുരയ്ക്കല്‍ നല്‍കുന്നുണ്ട്. കൂടുതല്‍ സംതൃപ്തവും സന്തുലിതവുമായ ഒരു ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ആശയങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ രത്നചുരുക്കം.
ഫ്രാൻസിസ് മാർപാപ്പ സംസ്കൃതത്തിലുള്ള അന്തർദേശീയ പ്രാർഥനാഗാനം പ്രകാശനം ചെയ്തു
റോം: ഫ്രാൻസിസ് മാർപാപ്പ "കർത്താവിന്റെ പ്രാർഥന' ( Our Father in Heaven) എന്ന അന്തർദേശീയ ആത്മീയ ഗാനം ഇറ്റലിയിലെ റോമിൽ വച്ച് പ്രകാശനം ചെയ്തു. "സർവേശ' എന്ന പേരിൽ സംസ്കൃതത്തിലുള്ള ഈ ഗാനത്തിന്റെ വരികൾ ‘ക്രിസ്തുഭാഗവതം’ എന്ന ക്ലാസിക് കാവ്യത്തിന്റെ രചയിതാവായ മഹാകവി പി.സി. ദേവസ്യയുടേതാണ്.
സംഗീതം ഒരുക്കിയത് ഫാ. ഡോ. പോൾ പൂവത്തിങ്കൽ സിഎംഐയും മനോജ് ജോർജും ആണ്. പാശ്ചാത്യ ക്ലാസിക്കൽ ശൈലിയിൽ കർണാടക രാഗമായ "നടഭൈരവി'യുടെ മനോഹരമായ മിശ്രിതമാണിത്. പാടിയത് പത്മവിഭൂഷൺ ഡോ.കെ.ജെ.യേശുദാസും ഫാ. പോൾ പൂവത്തിങ്കലും ഒപ്പം 100 വൈദികരും 100 കന്യാസ്ത്രീകളും സംഗീത കോറസ് അംഗങ്ങളും ആണ്.
ലോസ് ആഞ്ചൽസ് ചേംബർ ഓർക്കസ്ട്ര ഹോളിവുഡ് യുഎസ്എ, മനോജ് ജോർജ് & രാകേഷ് ചൗരസ്യ (മുംബൈ) എന്നിവർ ഓർക്കസ്ട്ര ചെയ്തു. മാറ്റ് ബ്രൗൺലി (ഹോളിവുഡ്), ലൂക്ക് ബൗലോക്ക് (ഫ്ലോറിഡ), സജി ആർ. നായർ & അഫ്താബ് ഖാൻ (മുംബൈ) എന്നീ വിദഗ്ദ്ധർ റിക്കോഡിംഗ് നിർവഹിച്ചു.
മൂന്നു തവണ ഗ്രാമി അവാഡ് ജേതാവായ പ്രശസ്ത സംഗീത സംവിധായകൻ റിക്കി കെജ് ആണ് സർവേശ ആൽബത്തിന്റെ സഹനിർമാതാവ്. ജെയ്സൺ ജോസ് (ബോസ്റ്റൺ യുഎസ്എ), അഭിലാഷ് വളാച്ചേരി, മെൻഡസ് ആന്റണി എന്നിവർ ഛായാഗ്രഹണം ഭംഗിയാക്കി.
ഒട്ടിസം, സെറിബ്രൽ പാൾസി, മാനസ്സിക വിഭിന്നശേഷി എന്നീ അവസ്ഥകളുള്ള കുട്ടികളുടെ മസ്തിഷ്ക വളർച്ചയെ സഹായിക്കുന്നതിനുള്ള ന്യൂറോളകജിക് മ്യൂസിക് തെറപ്പിയുടെ ഭാഗമായി തൃശൂർ ചേതന ഗാനാശ്രമം നിർമിച്ചതാണ് ഈ ഗാനോപഹാരം.
റോമിലെത്തിയ ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദയ്ക്ക് സ്വീകരണം നൽകി
റോം: വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനത്തിന്റെ സെക്രട്ടറി ശിവഗിരി മഠത്തിലെ വീരേശ്വരാനന്ദ സ്വാമിയെ റോമിലെ എയർപോർട്ടിൽ അലിക് ഇറ്റലിയുടെ പ്രസിഡന്റ് ഷൈൻ റോബോർട്ട് ലോപ്പസ് സ്വീകരണം നൽകി.
ചരിത്രപ്രസിദ്ധമായ ആലുവ സർവമത സമ്മേളനത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിയാണ് വത്തിക്കാനിൽ ഈ മാസം 29, 30 തീയതികളിൽ സർവമത സമ്മേളനം നടക്കുന്നത്.
വീണ്ടും ഒരു മലയാളി വിജയഗാഥ; ബോക്സിംഗിൽ നാഷണൽ ചാമ്പ്യനായി ആൽവിൻ
ന്യൂകാസിൽ: സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് കുടിയേറിയ മലയാളി കുടിയേറ്റക്കാർ എംപിയായും മേയറായും കൗൺസിലറായും രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പുതുചരിതം രചിക്കുമ്പോൾ രണ്ടാം തലമുറയിൽ ഈ നാട്ടിൽ ജനിച്ചു വളർന്ന പുതുതലമുറയും ഈ നാടിന്റെ ഭാഗമായി തദ്ദേശീയരോട് മത്സരിച്ച് വിവിധ മേഖലകളിൽ തിളങ്ങുകയാണ്.
ന്യൂകാസിലിൽ നിന്നാണ് വീണ്ടും ഒരു മലയാളി വിജയഗാഥ പിറന്നിരിക്കുന്നത്. പുതുതലമുറയിലെ മാധവപ്പള്ളിൽ ആൽവിൻ ജിജോ 46 കിലോ ബോക്സിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായി മാറി.
യുകെയിൽ എത്തിയ കാലം മുതൽ സാമുദായിക, സാംസ്കാരിക മേഖലകളിലും ബ്രിട്ടനിൽ നിന്നും തദ്ദേശീയരായ നിരവധി സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യുകയും യുകെയിലെ ക്നാനായ കാത്തലിക് അസോസിയേഷൻ മുൻ വൈസ് പ്രെസിഡന്റും ഇപ്പോൾ ന്യൂകാസിൽ ക്നാനായ മിഷന്റെ കൈക്കാരന്മാരിൽ ഒരാളുമാണ് ഇന്റർനാഷണൽ ടൂർ ഓപ്പറേറ്ററുമായ ജിജോ മാധവപ്പള്ളിൽ - സിസി ജിജോ ദമ്പന്തികളുടെ പുത്രനാണ് അടുപ്പമുള്ളവർ കുട്ടപ്പൻ എന്ന് വിളിക്കുന്ന ആൽവിൻ ജിജോ.
ചെറുപ്പം മുതൽ ബോക്സിംഗ് മത്സരങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആൽവിനെ മാതാപിതാക്കൾ സർവ പ്രോത്സാഹനവും നൽകി കൂടെ നിന്നതാണ് നാഷണൽ അസോസിയേഷൻ ഫോർ ബോയ്സ് ആൻഡ് ഗേൾസ് നടത്തിയ ഈ മത്സരത്തിലെ വിജയിയാകാൻ ആൽവിനെ പ്രാപ്തനാക്കിയത്.
ബില്ലിംഗ്ഹാമിൽ ആണ് ഈ മത്സരത്തിന്റെ ആദ്യ മത്സരങ്ങൾ അരങ്ങേറിയത്. തുടർന്ന് ബ്ലാക്ബേണിൽ നടന്ന സെമി ഫൈനലിൽ നടന്ന ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾ ആണ് കഴിഞ്ഞ ദിവസം ബ്രിഡ്ലിംഗ്ടണിൽ നടന്ന ഫൈനൽ മത്സരങ്ങളിലേക്ക് അൽവിന് വഴിയൊരുക്കിയത്.
ചെറുപ്പത്തിൽ തന്നെ ബോക്സിംഗ് മേഖലയിൽ മികച്ച നേട്ടം കൈവരിച്ച സഹോദരന് മാതാപിതാക്കളോടൊപ്പം സർവ പിന്തുണയും നൽകി സിനിമാ മോഡൽ രംഗത്തും നൃത്ത നൃത്യങ്ങൾ ഉൾപ്പടെയുള്ള മേഖലകളിൽ കഴിവ് തെളിയിച്ച ഡോ. ആർലിൻ ജിജോയും ആഷിൻ ജിജോയും ഉണ്ട്.
ന്യൂകാസിലിലെ മലയാളി അസോസിയേഷനുകളുടെയും ക്നാനായ സീറോമലബാർ അസോസിയേഷനുകളുടെയും എല്ലാ പരിപാടികളിലും സജീവ സാനിധ്യവും പ്രചോദനവും ആണ് ജിജോയും സിസിയും ഡോ ആർലിനിനും അഷിനിനും ആൽവിനും ഉൾപ്പെടുന്ന മാധവപ്പള്ളിൽ കുടുംബം.
ഒഐസിസി യുകെ സറെ റീജിയണിന് നവനേതൃത്വം
ക്രോയ്ഡൺ: ഒഐസിസി യുകെ സറെ റീജിയൺ പുനസംഘടിപ്പിച്ചു. റീജിയൺ ഭാരവാഹികളിൽ ഏതാനും പേർ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ വന്ന ഒഴിവുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് റീജിയൺ പുനസംഘടിപ്പിച്ചത്.
റീജിയൺ പ്രസിഡന്റ് വിൽസൻ ജോർജിന്റെ അധ്യക്ഷതയിൽ ക്രോയ്ഡനിൽ വച്ച് കൂടിയ ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലായിരുന്ന നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈൻ ആയി പങ്കെടുത്തു ആശംസകൾ അറിയിച്ചു.
നിലവിലെ റീജിയൻ സെക്രട്ടറി സാബു ജോർജ് റിപ്പോർട്ട് അവതരിപ്പിക്കുകയും റീജിയണിന്റെ പ്രവർത്തനങ്ങളുമായി ഇതുവരെ സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. നാഷണൽ വർക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, വൈസ് പ്രസിഡന്റ് ജോർജ് ജോസഫ്, ജനറൽ സെക്രട്ടറിമാരായ അഷറഫ് അബ്ദുള്ള, തോമസ് ഫിലിപ്പ് (ജോജി), ട്രഷറർ ബിജു വർഗീസ് എന്നിവർ പുതിയ കമ്മിറ്റിക്ക് അനുമോദനങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു.
നേരത്തെ, ഒഐസിസി യുകെയുടെ പ്രവർത്തനം യുകെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയണുകൾ/യൂണിറ്റുകൾ രൂപീകരിക്കുന്നതിനും നിലവിലുള്ളവ പുനസംഘടിപ്പിക്കുന്നതിനുമുള്ള നിർദേശം കെപിസിസിയിൽ നൽകിയിരുന്നു.
അതിന്റെ പശ്ചാത്തലത്തിൽ റീജിയൺ/യൂണിറ്റുകളുടെ പുനരുദ്ധരണത്തിനും ഏകോപനത്തിനുമായി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ വർക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, ജനറൽ സെക്രട്ടറി അഷറഫ് അബ്ദുള്ള എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി കവട്രിയിൽ നടന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ വച്ച് രൂപീകരിച്ചിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഒഐസിസി യുകെ സറെ റീജിയൺ ഭാരവാഹികൾ:
പ്രസിഡന്റ്: വിൽസൻ ജോർജ്, വൈസ് പ്രസിഡന്റുമാർ: ജെറിൻ ജേക്കബ്, നന്ദിത നന്ദൻ, ജനറൽ സെക്രട്ടറി: ഗ്ലോബിറ്റ് ഒലിവർ, ജോയിന്റ് സെക്രട്ടറി: സനൽ ജേക്കബ്, ട്രഷറർ: അജി ജോർജ്,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബിജു ഉതുപ്പ്, സുമലാൽ മാധവൻ, അലീന ഒലിവർ, അസ്റുദ്ധീൻ അസീസ്, ലിജോ തോമസ്, അജീഷ് കെ എസ്, മുഹമ്മദ് നൂർ.
ജർമനിയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി ഇന്ത്യ
ബെര്‍ലിന്‍: അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയും നവീകരണത്തിന്റെയും ഉത്പാദനത്തിന്റെയും കേന്ദ്രമായ ജർമനിയും തമ്മിലുള്ള ബന്ധം ബിസിനസിലും തന്ത്രതലത്തിലും വളരെ പ്രധാനമാണെന്ന് കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും ജ്യോതിരാദിത്യ സിന്ധ്യയും പറഞ്ഞു.
ജർമനിയിലെ ബഡൻ-വ്യൂർട്ടംബർഗിൽ നടന്ന ന്യൂസ്9 ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. ഇന്ത്യൻ പ്രഫഷനലുകളും വിദ്യാർഥികളും ഉൾപ്പെടെ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രിമാർ ചൂണ്ടിക്കാട്ടി.
ഇന്ത്യയും ജർമനിയും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുന്നതും ലക്ഷ്യമാണ്. നിലവിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഏകദേശം 26.5 ബില്യൺ ഡോളറാണ്.
യുകെയിൽ മലയാളി നഴ്സ് വീടിനുള്ളിൽ മരിച്ചനിലയിൽ
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. റെഡിംഗിൽ കുടുംബമായി താമസിക്കുന്ന കോട്ടയം സ്വദേശി സാബു മാത്യു(55) ആണ് മരിച്ചത്.
ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നഴ്സായ ഭാര്യ ഷാന്റി ജോൺ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് സാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
2003ലാണ് സാബു എന്‍എച്ച്എസ് നഴ്സായി ജോലിയില്‍ പ്രവേശിച്ചത്. സംസ്കാരം പിന്നീട്.
യുഡിഎഫ് വിജയം യുകെയിൽ ആഘോഷമാക്കി ഒഐസിസി യുകെ
ലണ്ടൻ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾ നേടിയ വിജയത്തിൽ ഒഐസിസി യുകെയുടെ ആഭിമുഖ്യത്തിൽ യുകെയിലെ വിവിധ സ്ഥലങ്ങളിൽ ആഹ്ലാദ പ്രകടനങ്ങളും മധുര വിതരണവും സംഘടിപ്പിച്ചു.
പലയിടങ്ങളിലും പ്രവർത്തകർ കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ആഹ്ലാദപ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. യുകെയിലെ മാഞ്ചസ്റ്ററിലും ബാസിൽഡണിലും സംഘടിപ്പിച്ച വിജയാഘോഷ പരിപാടികൾ ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
മാഞ്ചസ്റ്റർ റീജിയണിന്റെ ആഭിമുഖ്യത്തിൽ ബോൾട്ടണിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ഒഐസിസി യുകെ ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് നേതൃത്വം നൽകി. നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, റീജിയൺ പ്രതിനിധികളായ ജിപ്സൺ ജോർജ് ഫിലിപ്സ്, സജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് നേടിയ ഗംഭീര വിജയം പ്രവർത്തകർ കേക്ക് മുറിച്ചും മധുരവിതരണം നടത്തിയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായാണ് ആഘോഷമാക്കിയത്. ഋഷിരാജ്, റോബിൻ, ബിന്ദു ഫിലിപ്പ്, ജിൽജോ, റിജോമോൻ റെജി, എൽദോ നെല്ലിക്കൽ ജോർജ്, ജേക്കബ് വർഗീസ്, അനുരാജ്, റീന റോമി, ഹെയ്സൽ മറിയം തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ഒഐസിസി യുകെ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ. ജോൺ നേതൃത്വം നൽകിയ ബാസിൽഡൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സംഘടനയുടെ നാഷണൽ റീജിയൺ ഭാരവാഹികളും മറ്റു പ്രവർത്തകരും പങ്കെടുത്തു.
വർഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും എതിരേ ജനനങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നൽകിയ ശക്തമായ താക്കീതാണ് യുഡിഎഫ് നേടിയ മിന്നും വിജയമെന്ന് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. വരും ദിവസങ്ങളിൽ യുകെയിലെ മറ്റു സ്ഥലങ്ങളിലും സമാനമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയിൽ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിൽ ഒഐസിസി യുകെയുടെ നേതൃത്വത്തിൽ രൂപീകരിച്ച 50 അംഗ കർമസേനയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
നേരിട്ടുള്ള വോട്ടഭ്യർഥന, ഗൃഹ സന്ദർശനം, വാഹന പര്യടനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ശക്തമായ പ്രചരണമാണ് യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സംഘടന നടത്തിയത്.
പ്രചാരണ പ്രവർത്തനങ്ങൾക്ക് മാത്രമായി ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ് എന്നിവർ യുകെയിൽ നിന്നും കേരളത്തിൽ എത്തിയിരുന്നു. വയനാട് മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ. ജോണും സജീവ സാനിധ്യമായിരുന്നു.
ബോണില്‍ യുവജനസംഗമം അമിഗോസ് 30ന്
ബോണ്‍: സീറോമലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ യുവജനപ്രസ്ഥാനമായ എംസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യുവജനസംഗമം അമിഗോസ് ഈ മാസം 30ന് രാവിലെ 10 മുതല്‍ ബോണിലെഹെയ്ലിഗെ ഗെയ്സ്റ്റ് കിർഷേ, കിഫറൻ വെഗ് 22ല്‍ (ഹോളി സ്പിരിറ്റ് ചർച്ച്, കീഫെർൻവെഗ് 22) വച്ച് നടക്കും.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഓണ്‍ലൈന്‍ വഴിയായി നടത്തിവരുന്ന കരോള്‍ കോമ്പറ്റീഷന് ലൈവായി ഇത്തവണയും നടക്കും. ഒപ്പം ബൈബിള്‍ ക്വിസ് കോമ്പറ്റീഷനും ഉണ്ടാവും. തുടര്‍ന്ന് കോളോണിലെ പ്രസിദ്ധമായ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കും.
എംസിവൈഎം അംഗങ്ങളെ കൂടാതെ ജര്‍മനിയുടെ നാനാഭാഗങ്ങളില്‍ എത്തിച്ചേരുന്ന യുവജനങ്ങളുമായി കൂടിക്കാണാനും സൗകര്യം ഒരുക്കുന്ന അമിഗോസ് സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ഡോ. ജോസഫ് ചേലംപറമ്പത്ത്(എംസിവൈഎം ഡയറക്ടര്‍, ജര്‍മനി), മറ്റു ഭാരവാഹികള്‍ എന്നിവർ അറിയിച്ചു.
വാട്ടർഫോർഡിൽ എന്റെ മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എന്റെ മലയാളം പദ്ധതി ആരംഭിച്ചു. ഈ വർഷത്തെ പ്രവേശനോത്സവം നടത്തി. എന്റെ മലയാളം പുതിയ അധ്യായന വർഷം മലയാളം മിഷൻ - കേരള സർക്കാർ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
എന്റെ മലയാളം വാട്ടർഫോർഡ് കോഓർഡിനേറ്റർ ടോം നെല്ലുവേലി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജിബിൻ ഈ വർഷത്തെ മലയാളം ക്ലാസ് രൂപരേഖ അവതരിപ്പിച്ചു. തുടർന്ന് അസോസിയേഷൻ പ്രസിഡന്റ് അനൂപ് ജോൺ, എന്റെ മലയാളം കോഓർഡിനേറ്റർ ജയ പ്രിൻസ് എന്നിവർ പ്രസംഗിച്ചു.
പ്രവാസി മലയാളി കുഞ്ഞുങ്ങളിൽ മലയാള ഭാഷാ പ്രാധാന്യം വളർത്തുക, അവരെ കേരള സംസ്കാരത്തിൽ വളർത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജിബി, നീതു, അനിഷ തുടങ്ങിയവർ കുട്ടികളുടെ വിനോദ പരിപാടികൾക്ക് നേതൃത്വം നൽകി.
ഡബ്ല്യുഎംഎ വിന്റർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് 30ന്
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമിഖ്യത്തിൽ വിന്റർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഈ മാസം 30ന് നടക്കും. അയർലൻഡിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.
ബാലിഗണ്ണർ ജിഎഎ ഇൻഡോർ സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് മത്സരം.
ജർമനിയിൽ മലയാളി കുടുംബത്തിന്റെ വീട്ടിൽ കവർച്ച; 23 പവൻ സ്വർണം മോഷണം പോയി
ബെര്‍ലിന്‍: ജർമനിയിലെ കൊളോണിൽ താമസിക്കുന്ന അഞ്ചംഗ മലയാളി കുടുംബത്തിന്റെ വീട്ടിൽ കവർച്ച. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും അഞ്ചിനും ഇടയിൽ ഫ്ലാറ്റിന്റെ പിൻഭാഗത്തെ മതിൽ ചാടി കടന്ന് ജനൽ തുറന്നാണ് കള്ളന്മാർ വീടിനുള്ളിൽ കയറിയത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണം കള്ളന്മാർ കവർന്നു കൊണ്ടുപോയി. കുടുംബാംഗങ്ങളുടെ പാസ്പോർട്ടുകളും കള്ളന്മാർ എടുത്തെങ്കിലും പിന്നീട് അവിടെ തന്നെ ഉപേക്ഷിച്ചു.
പുറത്തുപോയി വന്ന മലയാളികുടുംബം തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാകുന്നത്. കുടുംബം വിവരം അറിയിച്ചതോടെ ജർമൻ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിക്കുന്നതിനായി എത്തിയിരുന്നു. സംഘടിതമായി മോഷണം നടത്തുന്ന സംഘങ്ങളെയാണ് പോലീസ് സംശയിക്കുന്നത്.
ഐറിഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിയും
ഡബ്ലിൻ: അയർലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളിയും. ഡബ്ലിൻ മാറ്റർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സും പാലാ വിളക്കുമാടം സ്വദേശിനിയുമായ മഞ്ജു ദേവിയാണ് ഭരണകക്ഷിയായ ഫിനാഫോൾ പാർട്ടിയുടെ ടിക്കറ്റിൽ ഡബ്ലിൻ ഫിൻഗൽ ഈസ്റ്റ് മണ്ഡലത്തിൽനിന്നു ജനവിധി തേടുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളിക്ക് പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിക്കുന്നത്. ഈമാസം 29നാണ് പൊതുതെരഞ്ഞെടുപ്പ്.
കരസേനാംഗമായിരുന്ന സുബേദാർ മേജർ കെ.എം.ബി. ആചാരിയുടെയും രാധാമണിയുടെയും മകളാണ് മഞ്ജു. അയർലൻഡിലെ പ്രമുഖ ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകരിൽ ഒരാളായ തിരുവനന്തപുരം പൂജപ്പുര സ്വദേശി ശ്യാം മോഹനാണു ഭർത്താവ്. മക്കൾ: ദിയ, ശ്രയ.
കഴിഞ്ഞ 20 വർഷമായി അയർലൻഡിലുള്ള മഞ്ജു, മന്ത്രി ഡാറ ഒബ്രെയിനൊപ്പം ചേർന്നാണു ത്സരിക്കുന്നത്. ഡബ്ലിൻ ഫിൻഗൽ ഈസ്റ്റ് മണ്ഡലത്തിൽനിന്ന് മൂന്നുപേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക.
മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന ഇവിടെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് മഞ്ജു ദേവി. വിജയിച്ചാൽ ഐറിഷ് പാർലമെന്റിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം മഞ്ജു ദേവിക്ക് സ്വന്തമാകും.
അയർലൻഡിൽ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ നിരവധി മലയാളികൾ വിജയിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിജയിച്ച ഫിനഗേൽ പാർട്ടി നേതാവ് ബേബി പെരേപ്പാടൻ നിലവിൽ സൗത്ത് കൗണ്ടി കൗൺസിലിൽ ആദ്യ മലയാളി മേയറാണ്.
പഴയസാധനം വിൽക്കുന്ന ജർമനിയിലെ മാർക്കറ്റിൽ പുരാതന ഇന്ത്യൻ പഞ്ചാംഗം!
ഫ്രാങ്ക്ഫർട്ട്: ഉത്തർപ്രദേശിലെ വാരണാസിയിൽ 180ലേറെ വർഷം മുൻപ് അച്ചടിച്ച പഞ്ചാംഗം ജർമനിയിലെ ഹാംബർഗിൽ പഴയ സാധനങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ കണ്ടെത്തി. ദേവനാഗരി ലിപിയിൽ തയാറാക്കിയതാണ് ഈ പഞ്ചാംഗം.
അപൂർവലിപിയിൽ തയാറാക്കിയ ഈ പുസ്തകം കണ്ട ആരോ "ഇത് എന്താണെന്നു പറയാമോ?' എന്നു ചോദിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. നിമിഷനേരംകൊണ്ട് പ്രതികരണങ്ങൾ എത്തി.
ഉത്തർപ്രദേശിലെ വാരണാസിയിൽ ഭാർഗവ പ്രസ് ആണ് ഈ പഞ്ചാംഗം അച്ചടിച്ചു വിപണിയിലെത്തിച്ചതെന്നും അക്കാലത്തെ ഏറ്റവും വലിയ പ്രസാധകരിൽ ഒരാളായിരുന്ന പണ്ഡിറ്റ് നവൽ കിഷോർ ഭാർഗവയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഭാർഗവ പ്രസ് എന്നും വിശദീകരണങ്ങൾ വന്നു.
ഭാർഗവ ഞങ്ങളുടെ പൂർവികനാണെന്നും അദ്ദേഹത്തിന്റെ പിൻഗാമികൾ ഇപ്പോഴും ലക്നൗവിൽ താമസിക്കുന്നുണ്ടെന്നും അവർ ഇപ്പോൾ പ്രസ് നടത്തുന്നില്ലെന്നും ഭാർഗവയുടെ താവഴിയിൽപ്പെട്ട ഒരാൾ കുറിച്ചു.
"മിസ് ആന്‍ഡ് മിസിസ് മലയാളി യുകെ’ മത്സരം ശനിയാഴ്ച
ലണ്ടൻ: മിസ് ആൻഡ് മിസസ് മലയാളി യുകെ ബ്യൂട്ടി പേജന്റ് ശനിയാഴ്ച. ഹാരോയിലെ പ്രശസ്തമായ ഗ്രേറ്റ് ഹാളിലാണ് മിസ് ആൻഡ് മിസിസ് മലയാളി യുകെ ബ്യൂട്ടി പേജന്റ് അരങ്ങേറുന്നത്. പ്രശസ്ത ഫാഷന്‍ ഡിസൈനറും സൗസിക ബ്രാന്‍ഡിന്റെ സ്ഥാപകനുമായ കമല്‍രാജ് മണിക്കത്താണ് സൗന്ദര്യമത്സരത്തിന് നേതൃത്വം നൽകുന്നത്
പ്രമുഖ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ വൈബ്രന്റ്സ് ലണ്ടന്‍ കമ്പനിയാണ് എൽഇഡി സ്ക്രീൻ, പിഎ സിസ്റ്റം, ലൈറ്റിംഗ് തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നത്.
എബി ജോസ്, വി.ജെ. ബോണിസൺ, ദീപ നായര്‍, സ്മൃതി രാജ്, പാര്‍വതി പിള്ള, ഏഞ്ജല്‍ റോസ്, ജിജോ ജോ, അശ്വതി അനീഷ്, ഷാരോണ്‍ സജി, ചാൾസ് എഡ്, അനിൽ ലോനപ്പൻ, പ്രിയ രഞ്ജിത് എന്നിവര്‍ ഉള്‍പ്പെടുന്ന ഈ മേഖലയിലെ പരിചയസമ്പന്നരാണ് കമൽരാജിനൊപ്പം പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രിന്‍സ് സേവ്യര്‍, നിവേദ്യ നിജീഷ്, സുപ്രഭാ എന്നിവരാണ് അവതാരകരായെത്തുന്നത്.
സുരേഷ് ഗോപിക്ക് ഇറ്റലിയിൽ സ്വീകരണമൊരുക്കി ഡബ്ല്യുഎംഎഫും ഇന്ത്യൻ എംബസിയും
റോം: ജി7 കേന്ദ്രഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിൽ എത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് വേൾഡ് മലയാളി ഫെഡറേഷനും ഇറ്റലിയിലെ ഇന്ത്യൻ എംബസിയും ചേർന്ന് സംയുക്ത സ്വീകരണം നൽകി.
ഡബ്ല്യുഎംഎഫ് ഇറ്റലി നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട "മീറ്റ് & ഗ്രീറ്റ്' സംഗമത്തിൽ ഏറെ നേരം മലയാളി സമൂഹവുമായി സംവദിച്ച സുരേഷ് ഗോപി തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി അറിയിച്ചു.
ഇന്ത്യൻ അംബാസഡർ വാണി റാവു, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എംബസി ഓഫ് ഇന്ത്യ ഇൻ റോം അമരറാം ഗുർജർ, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ - മിനിസ്ട്രി ഓഫ് ടൂറിസം ഇന്ത്യ ഉത്തങ്ക് ജോഷി, സ്കാൻഡിച്ചി സിറ്റി മേയർ ക്ലോഡിയ സെറിനി, ഡെപ്യൂട്ടി മേയർ യൂന കാശി സാദേഹ്, ഡബ്ല്യുഎംഎഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് സിറോഷ് ജോർജ്, സിറ്റി പോലീസ് കമ്മീഷണർമാർ, ഡബ്ല്യുഎംഎഫ് ജിഇസി അംഗം ലിജോ ജോസഫ്,
ഡബ്ല്യുഎംഎഫ് യൂറോപ്പ് റീജിയൻ ബിസിനസ് ഫോറം കോഓർഡിനേറ്റർ ബിജു തോമസ്, ഇറ്റലി നാഷണൽ കോർഡിനേറ്റർ ആനി അൽഫോൻസ്, ഇറ്റലി നാഷണൽ പ്രസിഡന്റ് ജോമോൻ തോമസ്, ഇറ്റലി നാഷണൽ സെക്രട്ടറി അജിത് മോഹനൻ, ഇറ്റലി നാഷണൽ വൈസ് പ്രസിഡന്റ് മിനി പുളിക്കൽ, ഇറ്റലി നാഷണൽ ജോയിന്റ് സെക്രട്ടറി ജിങ്കിൾ ജോസ്, നാഷണൽ മീഡിയ കോഓർഡിനേറ്റർ നിഖിൽ ജോസ്, നാഷണൽ വുമൺസ് കോഓർഡിനേറ്റർ ലാലി ജോയി,
ഫ്ലോറെൻസ് പ്രസിഡന്റ് കാതറിൻ വർഗീസ്, ഫ്ലോറൻസ് സെക്രട്ടറി ബിജു തോമസ് കച്ചപ്പള്ളി, ഫ്ലോറൻസ് യൂണിറ്റ് ട്രഷറർ ലിയ അനീഷ്, വൈസ് പ്രസിഡന്റ് ഫ്രാൻസിസ് അച്ചാണ്ടി, ജോയിന്റ് സെക്രട്ടറി ടെസി ടെറൻസ്, മീഡിയ കോഓർഡിനേറ്റർ ഹെൽവിൻ ജോയ്,
പിസ യൂണിറ്റ് പ്രസിഡന്റ് ലുലു, പിസ യൂണിറ്റ് സെക്രട്ടറി ജയ്മോൾ മാത്യു, റോം യൂണിറ്റ് പ്രസിഡന്റ് ബാബു കോഴികാടൻ, പട്രോൺ വിൻസെന്റ് തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ഫ്ലോറൻസ് മലയാളം ചാപ്റ്റർ ടീച്ചർമാരായ ലിജി ജോയ്, സോളി സിബി, എമിലിൻ കുട്ടികളും ചേർന്ന് മന്ത്രിക്ക് ഉപഹാരം നൽകി. സുരേഷ് ഗോപി തൃശൂരിൽ നിന്നും കൊണ്ടുവന്ന അച്ചപ്പവും കുഴലപ്പവും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു.
ഇറ്റലിയിലുള്ള ഇന്ത്യക്കാരുടെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഇറ്റാലിയൻ ഡ്രൈവിംഗ് ലൈസൻസ് ആയി കൺവേർട്ട് ചെയ്യുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ ലിജോ ജോസഫ് കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചു.
ഡബ്ല്യുഎംസി അയര്‍ലൻഡ് വനിതാ ഫോറം വാര്‍ഷികവും കേരള പിറവി ആഘോഷവും ഗംഭീരമായി
ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ ഫോറം വാര്‍ഷികവും കേരള പിറവി ആഘോഷവും പ്രൗഡഗംഭീരമായി. പാമേഴ്സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളില്‍ നടന്ന ഗ്രേസ് മരിയ ബെന്നിയുടെ ഈശ്വരപ്രാര്‍ഥനാ ഗാനത്തോടെ ആഘോഷം ആരംഭിച്ചു. ഫോറം ചെയര്‍പേഴ്സണ്‍ ജീജ വര്‍ഗീസ് ജോയി സ്വാഗതം ആശംസിച്ചു.
പ്രശസ്ത സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകയും അയര്‍ലൻഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്രയുടെ ഭാര്യയുമായ റീതി മിശ്ര ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും മിശ്ര വാഗ്ദാനം ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ ഫോറം ഗ്ലോബല്‍ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൺ ട്രഷറര്‍ ഷൈബു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി രഞ്ജന മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ജൂഡി ബിനു നന്ദി രേഖപ്പെടുത്തി.
കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ആകര്‍ഷകമായ നിരവധി കലാപരിപാടികള്‍ അരങ്ങേറി. തിരുവാതിര, ഭരതനാട്യം, കേരള നടനം, കൈകൊട്ടിക്കളി, നാടന്‍പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള ഡാന്‍സ്, കവിത, ഗാനങ്ങള്‍, നൃത്തനൃത്യങ്ങള്‍ എന്നിവ ആഘോഷത്തിന് ചാരുതയേകി.
പത്തോളം വനിതകള്‍ അണിചേര്‍ന്ന് അവതരിപ്പിച്ച ചെമ്മീനിലെ പെണ്ണാളേ.. പെണ്ണാളേ.. എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഏറെ ഗൃഹാതുരത്വമുണര്ത്തുന്നതും കാണികളെ രസിപ്പിക്കുന്നതുമായിരുന്നു.
കാഷ്മീര്‍ മുതല്‍ തമിഴ്നാട് വരെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ചരിത്ര, സാംസ്കാരിക പശ്ചാത്തലവും പ്രാധാന്യവും ഫിജി സാവിയോ വിവരിച്ചു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ വേഷ വിതാനങ്ങളില്‍ അണിഞ്ഞൊരുങ്ങിയ ഇരുപത്തഞ്ചോളം വനിതകള്‍ സ്റ്റേജിലും ഹാളിലുമായി അവതരിപ്പിച്ച "സാംസ്കാരിക ഫാഷന്‍ ഷോ' അരങ്ങേറി.
മഞ്ജു റിന്‍ഡോ, ഫിജി സാവിയോ,ഡെല്‍ന എബി എന്നിവരായിരുന്നു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി ഷീന അജു, ശാലിനി വര്‍ഗീസ്, ബിനില ജിജോ, ഓമന വിന്‍സെന്റ്, ലിന്‍സി സുരേഷ്, രവിത ഷെല്ബിന്, ഏലിയാമ്മ ജോസഫ് എന്നിവരും ട്രസ്റ്റിമാരായ റൂബി സെബാസ്റ്റ്യന്‍, വിന്‍സി ബെന്നി എന്നിവരും പ്രവര്‍ത്തിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റ് ബിജു വൈക്കം, പ്രൊവിന്‍സ് സെക്രട്ടറി റോയി പേരയില്‍, ട്രഷറര്‍ മാത്യു കുര്യാക്കോസ് തുടങ്ങിവരുള്‍പ്പെടെ നൂറിലധികം പേര് പങ്കെടുത്തു. വനിതാ ഫോറം യൂറോപ്പ് റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ രാജി ഡൊമിനിക് അവതാരകയായി.
ഡെയിലി ഡിലൈറ്റ്, ടൈലക്സ്, സ്പൈസ് വില്ലേജ്, റിയാല്‍ട്ടോ, ഉര്‍വി ഫാഷന്‍സ്, ഷീല പാലസ്, എക്സ്പ്രസ് ഹെല്‍ത്ത്, ഒലിവ്സ് റസ്റ്റോറന്റ്, ലെ ദിവാനോ സോഫാസ്, ആവണി എന്നിവരായിരുന്നു സ്പോണ്‍സര്‍മാര്‍. ജോസഫ് കളപ്പുരക്കല്‍ ഗിഫ്റ്റ് ഹാമ്പര്‍ സ്പോണ്സര് ചെയ്തു.
മാര്‍പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള നവീകരിച്ച പുസ്തകം പ്രസിദ്ധീകരിച്ചു
വത്തിക്കാൻ സിറ്റി: മാര്‍പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള നവീകരിച്ച പുസ്തകം ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫിസ് പ്രസിദ്ധീകരിച്ചു.
1998ൽ അന്നത്തെ മാര്‍പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമന്റെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച മാര്‍പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പെന്ന രീതിയിലാണ് പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
2005ൽ ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് 1998ലെ പുസ്തകമനുസരിച്ചുള്ള ക്രമങ്ങളാണ് സ്വീകരിച്ചിരുന്നത്. ഇവയിൽ ചില മാറ്റങ്ങൾ വരുത്തിയാണ്, 2023ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സംസ്കാരച്ചടങ്ങുകൾ നടന്നത്.
പുതുക്കിയ ക്രമമനുസരിച്ച്, മാര്‍പാപ്പയുടെ മുറിയിലല്ല, സ്വകാര്യ ചാപ്പലിൽവച്ചായിരിക്കും മരണം സ്ഥിരീകരിക്കുക. വിശ്വാസികൾക്കായി തുറന്ന പെട്ടിയിൽത്തന്നെ ഭൗതികശരീരം പ്രദർശിപ്പിക്കുക, മുൻപുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി, സൈപ്രസിന്റെയും ഈയത്തിന്റെയും ഓക്കുമരത്തിന്റെതുമായ മൂന്ന് പെട്ടികളിൽ അടയ്ക്കുന്നത് നിറുത്തലാക്കുക തുടങ്ങിയ മാറ്റങ്ങളാണ് പുസ്തകത്തിൽ നിർദേശിച്ചിരിക്കുന്നത്.
പുതിയ ക്രമമനുസരിച്ച്, നാകപ്പെട്ടിക്കുള്ളിലുള്ള തടിപ്പെട്ടിയിലായിരിക്കും ഭൗതികശരീരം സൂക്ഷിക്കുക. മാര്‍പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾ കൂടുതൽ ലളിതമാക്കുകയും വിശ്വാസത്തെ കൂടുതല്‍ പ്രഘോഷിക്കുന്നതിനായുമാണ് പുസ്തകം നവീകരിച്ചതെന്ന് ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസിന്റെ നേതൃത്വം വഹിക്കുന്ന ആർച്ച്ബിഷപ് ദിയേഗൊ റവേല്ലി പറഞ്ഞു.
2024 ഏപ്രിൽ 29ന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയതിനെത്തുടർന്ന്, പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കിയത്. നവംബർ നാലിന് ഇതിന്റെ പ്രഥമ കോപ്പി ഫ്രാൻസിസ് മാർപാപ്പയ്ക്കു കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആഗോള പ്രമേഹ നിരക്ക് ഇരട്ടിയായി
ബര്‍ലിന്‍:ലോകമെമ്പാടുമുള്ള 800 ദശലക്ഷം മുതിര്‍ന്നവര്‍ക്ക് പ്രമേഹമുണ്ടെന്ന് ഒരു പുതിയ പഠനം പറയുന്നു. ശരിയായ പരിചരണം ലഭിക്കാന്‍ പ്രയാസമുള്ള വികസ്വര രാജ്യങ്ങളിലാണ് ഏറ്റവും വലിയ ഉയര്‍ച്ചയുണ്ടായിരിക്കുന്നത്.
വ്യാഴാഴ്ച ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, ആഗോളതലത്തില്‍ പ്രമേഹമുള്ളവരുടെ ശതമാനം കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇരട്ടിയായി. അതേസമയം പുതിയ സാങ്കേതികവിദ്യകള്‍ പ്രമേഹരോഗികള്‍ക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് എളുപ്പമാക്കി.
1990ല്‍, ലോകമെമ്പാടുമുള്ള മുതിര്‍ന്നവരില്‍ ഏഴ് ശതമാനം പേര് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാന്‍ ആവശ്യമായ ഇന്‍സുലിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കാത്ത രോഗം ബാധിച്ചു. 2022 ആകുമ്പോഴേക്കും ഇത് 14 ശതമാനം ആയി ഉയര്‍ന്നതായി പഠനം കണ്ടെത്തി.
1990ല്‍ 200 ദശലക്ഷം പ്രമേഹരോഗികളായിരുന്നു, ഇന്നത്തെ 800 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍. ഈ സംഖ്യകളില്‍ സാധാരണയായി കുട്ടിക്കാലത്ത് ആരംഭിക്കുന്ന ടൈപ്പ്1 പ്രമേഹവും, പ്രായപൂര്‍ത്തിയായപ്പോള്‍ സംഭവിക്കുന്ന, അമിതവണ്ണവും മോശം ഭക്ഷണക്രമവും മൂലം ഉണ്ടാകുന്ന ടൈപ്പ്2 എന്നിവ ഉള്‍പ്പെടുന്നു.
വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വിടവ് വര്‍ധനയാണ് ചികിത്സയിലെ അപകടസാധ്യത. ജപ്പാന്, കാനഡ, ഫ്രാന്‍സ്, ഡെന്മാര്ക്ക് തുടങ്ങിയ ചില രാജ്യങ്ങളില്‍ പ്രമേഹം കുറഞ്ഞിട്ടുണ്ടെങ്കിലും വികസ്വര രാജ്യങ്ങളില്‍ അത് ക്രമാനുഗതമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് കാണിച്ചു.പ്രമേഹത്തിന്റെയും ചികിത്സയില്ലാത്ത പ്രമേഹത്തിന്റെയും, താഴ്ന്ന വരുമാനക്കാരും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളും കൂടുതലായി വഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക്കിസ്ഥാനില്‍ 1990~ല്‍ പത്തിലൊന്ന് സ്ത്രീകള്‍ക്ക് പ്രമേഹമുണ്ടെന്ന് പഠനം കണ്ടെത്തി. ഇന്നത് ഏകദേശം മൂന്നിലൊന്നാണ്. ചികിത്സയ്ക്കുള്ള വിടവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രമേഹമുള്ള മുതിര്‍ന്നവരില്‍ അഞ്ചില്‍ മൂന്ന് പേര്, ഏകദേശം 445 ദശലക്ഷം ആളുകള്‍, 2022ല്‍ ഈ രോഗത്തിന് ചികിത്സ ലഭിച്ചിരുന്നില്ല. ഈ ഗ്രൂപ്പിന്റെ മൂന്നിലൊന്ന് ഇന്ത്യയില്‍ നിന്നാണ്. സബ്~സഹാറന്‍ ആഫ്രിക്കയില്‍, പ്രമേഹമുള്ള മുതിര്‍ന്നവരില്‍ 5 മുതല്‍ 10 ശതമാനം വരെ മാത്രമേ ചികിത്സ ലഭിച്ചിട്ടുള്ളൂ.
ചികിത്സിക്കാത്ത പ്രമേഹത്തില്‍ നിന്നുള്ള സങ്കീര്‍ണതകളില്‍ അഛേദം, ഹൃദ്രോഗം, വൃക്ക തകരാറ് അല്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടല്‍, അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍, അകാല മരണം എന്നിവ ഉള്‍പ്പെടുന്നു.
രണ്ടു വര്‍ഷത്തിനുശേഷം പുടിനുമായി ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് ഫോണില്‍ സംസാരിച്ചു
ബര്‍ലിന്‍: രണ്ടു വര്‍ഷത്തിന് ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ജര്‍മന്‍ ചാന്‍സലര്‍ ഫോണില്‍ സംസാരിച്ചു. ഒരുമണിക്കൂര്‍ നീണ്ടുനിന്ന ടെലഫോണ്‍ സംഭാഷണത്തില്‍ യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണ യുദ്ധത്തെ അപലപിക്കുകയും അത് അവസാനിപ്പിച്ച് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെടുകയും ചെയ്തു.
നീതിയായതും ശാശ്വതവുമായ സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ യുക്രെയ്നുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത കാണിക്കാന്‍ റഷ്യയോട് ജര്‍മൻ ചാന്‍സലര്‍ അഭ്യര്‍ത്ഥിച്ചതായിട്ടാണ് വക്താവ് അറിയിച്ചത്.
ഷോള്‍സും പുടിനും തമ്മിലുള്ള കോള്‍ ക്രെംലിന് സ്ഥിരീകരിച്ചു, ഇത് ജര്‍മ്മന്‍ ഭാഗത്തിന്റെ ക്ഷണപ്രകാരമാണ് നടന്നതെന്നും പറഞ്ഞു. അതേസമയം, പുടിന്റെ കൈയിലെ പാവയാണ് ഷോള്‍സെന്ന് യുക്രെയ്നിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്കി ആരോപിച്ചു.
അടുത്ത വര്‍ഷം ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റാല്‍ തീരുന്നതിനേക്കാള്‍ വേഗത്തില്‍ തന്റെ രാജ്യത്തിനെതിരായ റഷ്യയുടെ യുദ്ധം അവസാനിക്കുമെന്ന് സെലെന്‍സ്കി പറഞ്ഞു.
ഇപ്പോള്‍ വൈറ്റ് ഹൗസിനെ നയിക്കുന്ന ടീമിന്റെ നയങ്ങളുമായി യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ഉറപ്പാണ്. ഇതാണ് അവരുടെ സമീപനം, അവരുടെ പൗരന്മാരോടുള്ള വാഗ്ദാനമാണ്, യുക്രേനിയന്‍ മാധ്യമമായ സസ്പില്നുമായുള്ള അഭിമുഖത്തില്‍ സെലെന്‍സ്കി പറഞ്ഞു.
എന്നാല്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൂര്‍ വ്യവസ്ഥയായി നാല് പ്രദേശങ്ങള്‍ കീഴടങ്ങണമെന്ന് റഷ്യ ഉൈ്രകനിനോട് ആവശ്യപ്പെട്ടിരുന്നത് സെലന്‍സ്കി നിരസിച്ചു. യുക്രെയ്നിനൊപ്പം, ഫ്രാന്‍സ്, യുണൈറ്റഡ് സ്റേററ്റ്സ്, ബ്രിട്ടന് എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളെയും ഷോള്‍സ് വിവരം അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും സംസാരിച്ചു.
ആന്‍ഡേഴ്സ് ബ്രെവിക്ക് ജയിലില്‍ മോചിതനാവാന്‍ അപേക്ഷ നല്കി
ഒസ്ലോ: നോര്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം നടത്തിയ കൂട്ടക്കൊലയാളി ആന്‍ഡേഴ്സ് ബ്രെവിക്ക് എത്രയും വേഗം ജയിലില്‍ മോചിതനാവാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.
ഓസ്ളോയിലും ഉട്ടോയ ദ്വീപിലും കുറ്റകൃത്യം നടന്ന് 13 വര്‍ഷത്തിനുശേഷം, കൂട്ടക്കൊലയാളി ആന്‍ഡേഴ്സ് ബ്രെവിക് വീണ്ടും ജയിലില്‍ നിന്ന് നേരത്തെ മോചിതനാകാന്‍ അപേക്ഷിച്ചിരിയ്ക്കയാണ്.
2011 ജൂലൈ 22ന് വലതുപക്ഷ തീവ്രവാദിയായ ആന്‍ഡേഴ്സ് ബെഹ്റിംഗ് ബ്രെവിക് 77 പേരെ തോക്കിനിരയാക്കിയ കൂട്ടക്കൊലയില്‍ ബ്രെവിക്കിന് ഇതുസംബന്ധിച്ച് യാതൊരുവിധ ഖേദവുമില്ലന്നും പറഞ്ഞു.
കൂട്ടക്കൊലയ്ക്ക് മുമ്പ് ബ്രെവിക് ഒരു കാര്‍ ബോംബ് സ്ഫോടനം നടത്തിയിരുന്നു. ആദ്യം, നിയോ~നാസിയായ ഇയാള്‍ 950 കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് ഓസ്ളോയില്‍ ബോംബ് സ്ഫോടനം നടത്തിയത്. എട്ടുപേരെ വെടിവെച്ചു കൊന്നു.
തുടര്‍ന്ന്, പോലീസ് യൂണിഫോം ധരിച്ച്, കനത്ത ആയുധധാരിയായി, സോഷ്യല്‍ ഡെമോക്രാറ്റിക് യൂത്ത് ഓര്ഗനൈസേഷന് നടത്തുന്ന ഒരു അവധിക്കാല ക്യാമ്പ് നടക്കുന്ന ഉട്ടോയ ദ്വീപിലേക്ക് അദ്ദേഹം കാറോടിച്ചുപോയി.
പോലീസ് യൂണിഫോമിലെത്തിയ ബ്രെവിക് 67 പേരെയാണ് ഭീകരര്‍ വെടിവച്ചത്. 14നും 51നും ഇടയില്‍ പ്രായമുള്ള 67 പേരെയാണ് ബ്രെവിക് വെടിവെച്ചത്. കൊലയാളിയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ മറ്റൊരാള്‍ മുങ്ങിമരിച്ചു, മറ്റൊരാള്‍ പാറക്കെട്ടില്‍ നിന്ന് വീണു മരിച്ചു.
കൊല്ലപ്പെട്ടവരില്‍ 32 പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. 75 മിനിറ്റിനുശേഷമാണ് വലതുപക്ഷ ഭീകരനെ പോലീസ് പിടികൂടിയത്. കുറ്റകൃത്യത്തിന് മുമ്പ്, ബ്രെവിക് ആയുധങ്ങളുമായി പോസ് ചെയ്യുകയും വംശീയ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുകയും ചെയ്തത് ലോകമനസാക്ഷിയെപ്പോലും ഞടുക്കിയിരുന്നു.
2012ല്‍, ഒസ്ലോ ഡിസ്ട്രിക്റ്റ് കോടതി ബ്രെവിക്കിന് നോര്‍വേയില്‍ സാധ്യമായ പരമാവധി ശിക്ഷ വിധിച്ചു. 21 വര്‍ഷം തടവും തുടര്‍ന്ന് പ്രതിരോധ തടങ്കലും വിധിച്ചു. പത്ത് വര്‍ഷത്തിന് ശേഷം ജയിലില്‍ നിന്ന് നേരത്തെ മോചിപ്പിക്കാനുള്ള സാധ്യത നോര്‍വേയിലെ നിയമം നല്കുന്നതിനാല്, ബ്രെവിക് 2022ല്‍ തന്നെ അനുബന്ധ അപേക്ഷ സമര്‍പ്പിച്ചു.
അക്രമം ഉപേക്ഷിച്ചതായി അദ്ദേഹം അവകാശപ്പെട്ടു, എന്നാല്‍ ഹിറ്റ്ലര്‍ക്ക് സല്യൂട്ട് നല്‍കുകയും ദേശീയ സോഷ്യലിസത്തെ പിന്തുണയ്ക്കുകയും ചെയ്തതോടെ അപേക്ഷ പരാജയപ്പെട്ടു.
ഇപ്പോള്‍ പുതിയ ശ്രമത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഓസ്ളോയുടെ പടിഞ്ഞാറ് റിംഗറിക്ക്, അസ്കര്‍, ബേറം ജില്ലാ കോടതിയില്‍ വിചാരണ ആരംഭിച്ചു. നടപടിക്രമങ്ങള്‍ക്കായി മൂന്ന് ദിവസം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, വ്യാഴാഴ്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വലതുപക്ഷ തീവ്രവാദി ഇത്തവണ തന്റെ അഭ്യര്‍ഥനയെ ന്യായീകരിക്കാന്‍ എന്താണ് ഉപയോഗിച്ചതെന്ന് ഇതുവരെ അറിവായിട്ടില്ല.
യുകെ ക്നാനായ വുമൺസ് ഫോറം വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
റെഡിച്ച്: യുകെ ക്നാനായ വുമൺസ് ഫോറം റെഡിച്ച് ട്രിനിറ്റി ഹൈസ്കൂളിൽ വനിതാ ദിനാഘോഷവും ക്നാനായ മങ്ക മത്സരവും സംഘടിപ്പിച്ചു. കേംബ്രിജ് നഗരത്തിന്റെ ആദ്യ മലയാളി മേയറായ ബൈജു തിട്ടാലയുടെ ചടങ്ങിൽ സംബന്ധിച്ചു.
ഫാ.സുനി പടിഞ്ഞാറേക്കര, ഫാ.മാത്യുസ് വലിയപുത്തൻപുര, ഫാ. ഷൻജു കൊച്ചുപറമ്പിൽ, ഫാ.അജൂബ് തോട്ടനാനിയിൽ എന്നിവർ ചേർന്നർപ്പിച്ച വിശുദ്ധ കുർബാനയോടെ ആരംഭിച്ച ചടങ്ങിൽ വുമൺസ് ഫോറം പ്രസിഡന്റ് സെലീന സജീവ് അധ്യക്ഷത വഹിച്ചു.
വിശിഷ്ടാതിഥി അഡ്വ. ബൈജു തിട്ടാല, യുകെകെസിഎ പ്രസിഡന്റ് സിബി കണ്ടത്തിൽ, ഫാ.സുനി പടിഞ്ഞാറേക്കര, വുമൺസ് ഫോറം സെക്രട്ടറി പ്രീതി ജോമോൻ, മറ്റ് ഭാരവാഹികളായ ലയ്ബി ജയ്, ഉണ്ണി ജോമോൻ, ജയ്സി ജോസ്, യുകെകെസിവൈഎൽ പ്രസിഡന്റ് ജിയാ ജിജോ, സെലിബ്രിറ്റി ഗസ്റ്റ് മോഡലും നടിയും ലണ്ടൻ മലയാളം റേഡിയോ ജോക്കിയുമായ സിമി ജോസ്, ലൈഫ് ലൈൻ പ്രോട്ടക്ട് പ്രതിനിധി കിഷോർ ബേബി, ബർമിങ്ങാം യൂണിറ്റ് പ്രസിഡന്റ് ജോയി കൊച്ചു പുരക്കൽ, മേരി ചാണ്ടി കൊച്ചുപുരക്കൽ എന്നിവർ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു
യുകെകെസിഎ ട്രഷറർ റോബി മേക്കര,വൈസ് പ്രസിഡന്റ് ഫിലിപ്പ് പനത്താനത്ത്, ജോയന്റ് ട്രഷറർ റോബിൻസ് പഴുക്കായിൽ, യുകെകെസിവൈഎൽ സെക്രട്ടറി ജൂഡ് ലാലു എന്നിവർ പങ്കെടുത്തു. ഉണ്ണി ജോമോൻ എല്ലാവർക്കും നന്ദി പറഞ്ഞു.
ക്നാനായ മങ്ക മത്സരം ചടങ്ങിന് മറ്റൊരു ആകർഷണമായിരുന്നു. ലിവർപൂൾ യൂണിറ്റ് അംഗം എബിൻ ഫിലിപ്പ് വെള്ളക്കടയുടെ ഭാര്യ സ്വപ്ന സജി ഒന്നാം സ്ഥാനവും ബാസിൽഡൺ ആൻഡ് സൗത്തെൻഡ് യൂണിറ്റ് നിന്നുള്ള ജോബിൻ ഉതുപ്പ് പാനലിക്കലിന്റെ ഭാര്യ നാൻസി ജിമ്മി രണ്ടാം സ്ഥാനവും എഡിൻബർഗ യൂണിറ്റ് നിന്നുള്ള അനു റെജി നേരുവീട്ടിലിന്റെ ഭാര്യ സ്നേഹ സജി മൂന്നാം സ്ഥാനവും നേടി.
ക്നാനായ മങ്ക മത്സര വിജയികളെ സെലീന സജീവ്, പ്രീതി ജോമോൻ ആൻഡ് ലൈബി ജയ് കിരീടമണിയിച്ചു. ക്നാനായ മങ്ക ക്യാഷ് പ്രൈസുകൾ ട്രോഫികൾ തുടങ്ങി മറ്റു സമ്മാനങ്ങൾ സിബി കണ്ടത്തിൽ, ഷെറി ബേബി, പ്രീതി ജോമോൻ, റോബിൻസ് പഴുക്കായിൽ എന്നിവർ സമ്മാനിച്ചു.
സ്വപ്ന സാം ഈസ്റ്റ് ലണ്ടൻ, സ്മിതാ തോട്ടം ബർമിങ്ങാം, ദിവ്യ ജോബി ലിവർപൂൾ എന്നിവരുടെ വേറിട്ട അവതരണ ശൈലിയും, ബർമിങ്ങാം യൂണിറ്റംഗം ലിറ്റി ജിജോയുടെ ക്നാനായ മങ്ക ഗ്രൂമിംഗ്, കലാഭവൻ നൈസ്സിന്റെ വെൽക്കം ഡാൻസും മികച്ചതായിരുന്നു.
ക്നാനായമങ്കയോടെപ്പം 1. Swapna Saji - Title Winner, 2. Nancy Jimmy - First Runner Up, 3. Sneha Saji - Second Runner Up.
Sub title winner list 4. Mrs. Natural beauty - Swapna Saji (Liverpool Unit), 5. Mrs.Best personality- Nancy Jimmy(Basildon & Southend Unit), 6. Mrs. Most photogenic - Anju M Tom(Manchester Unit), 7. Mrs. Beautiful Eyes- Sneha Saji( Edinbourgh Unit), 8. Mrs. Beautiful hair- Saloney Simon(Birminham Unit), 9. Mrs.Elegence - Neena Mathew (Vigan Unit),10. Mrs.Most Stunning- Mini Benny( Glucestor Unit).
വിയന്നയില്‍ മലയാളി വൈദിക ചിത്രപ്രദര്‍ശനം സമാപിച്ചു
വിയന്ന: ‘സ്ഥൂലം സൂക്ഷ്മം കാരണം’ എന്ന പേര് നല്കിയ ഫാ. ഷൈജു മാത്യുവിന്റെ ചിത്ര പ്രദർശനം സമാപിച്ചു. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ഡയറക്ടര്‍ കൂടിയായ ഫാ. ഷൈജു മാത്യു മേപ്പുറത്ത് ഒഐസി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനം വിയന്ന അതിരുപതാ സഹായമെത്രന്‍ ഡോ. ഫ്രാന്‍സ് ഷാര്ലാണ് നിര്‍വഹിച്ചത്.
ഓസ്ട്രിയൻ സമൂഹത്തിൽ നിന്നുള്ള നിരവധി പേർ പ്രദർശനം കാണാൻ എത്തിയിരുന്നു. ചടങ്ങില്‍ ഡോ.ഗ്രേഗോര്‍ ജാന്സണ്, ചിത്രകാരന് ജോണ്സന് പള്ളിക്കുന്നേല്‍, റമ്പാന് ജോഷി വെട്ടികാട്ടില്‍, സി.ഡോറിസ് എസ്ആര്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തില്‍ സി. നോയേല്‍ മംഗലത്ത് എസ്ആര്‍എ ഭരതനാട്യം അവതരിപ്പിച്ചു. വിയന്നയില്‍ ആദ്യമായാണ് ഒരു മലയാളി വൈദികന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ആക്രിലിക്, അക്വറല് നിറങ്ങള്‍ ഉപയോഗിച്ച് വരച്ചിരിക്കുന്ന ചിത്രങ്ങളാണ് കൂടുതലും. ലബനനിലെ കവിയായ ഖലിൽ ജിബ്രന്റെ കവിതയെ ആസ്പദമാക്കി വരച്ച "മഹാ സമുദ്രം-എവിടെ ഞാൻ ഒളിക്കും', ഉംസുഗ്, നിറവ്, നസ്രത്തിലെ കുടുംബം, കാവാലയം, ഫ്ലൂയിട്, സാർട്ട്, എന്നീ ചിത്രങ്ങൾ ശ്രദ്ധനേടി.
വിയന്നയുടെ മനോഹരമായ ഭൂപ്രകൃതി, നഗരദൃശ്യങ്ങൾ അടങ്ങിയ ജലച്ചായ ചിത്രങ്ങൾ പ്രദർശനത്തെ വൈവിധ്യമാക്കി. സന്ദർശകർക്കും പ്രോത്സാഹനം നൽകിയവർക്കും ഫാ. ഷൈജു മാത്യു നന്ദി അറിയിച്ചു.
ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ പിതാവ് എം.ഗോപാലകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം: ജര്‍മനിയിലെ ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ (മ്യൂണിക്) പിതാവ് അരുവിക്കര രോഹിണി വാര്യം വിളാകത്തില്‍ എം.ഗോപാലകൃഷ്ണന് (74) അന്തരിച്ചു. സംസ്കാരം നടത്തി,
കെഎസ്ഇബി മുൻ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ദീര്‍ഘകാലം സിപിഐയുടെ അരുവിക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും അരുവിക്കര ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: രാധമ്മ .ജി, മറ്റുമക്കള്‍: രാജീവ് കൃഷ്ണന്, ലക്ഷ്മി. മരുമക്കള്‍: കീര്‍ത്തി കൃഷ്ണ(മ്യൂണിക്), സിജ ബി .ജി, സുജിത് കുമാര്‍.
കാർലോ അക്കുത്തിസ് വിശുദ്ധപദവിയിലേക്ക്
വത്തിക്കാൻ സിറ്റി: കംപ്യൂട്ടർ വൈദഗ്ധ്യം വിശ്വാസപ്രഘോഷണത്തിന് ഉപയോഗിച്ച ഇറ്റാലിയൻ ബാലൻ കാർലോ അക്കുത്തിസിനെ (15) വിശുദ്ധനായി പ്രഖ്യാപിക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചു.
അടുത്തവർഷം ഏപ്രിൽ 25നും 27നും ഇടയിലായിരിക്കും നാമകരണച്ചടങ്ങുകളെന്ന് ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച പ്രതിവാര പൊതുദർശന പരിപാടിക്കിടെ അറിയിച്ചു.
പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24-ാം വയസിൽ പോളിയോ ബാധിച്ചു മരിച്ച ഇറ്റാലിയൻ യുവാവ് പിയർജോർജോ ഫ്രസാത്തിയെ (1901-1925) ജൂലൈ 28നും ഓഗസ്റ്റിനു മൂന്നിനും ഇടയിൽ വിശുദ്ധനായി നാമകരണം ചെയ്യും.
മില്ലേനിയൽ തലമുറയിൽനിന്നു വിശുദ്ധപദവിയിലേക്ക് ഉയരുന്ന ആദ്യയാളാണ് കാർലോ അക്കുത്തിസ്. 1991 മേയ് മൂന്നിന് സന്പന്ന ഇറ്റാലിയൻ ദന്പതികളുടെ മകനായി ലണ്ടനിൽ ജനിച്ച കാർലോ 2006 ഒക്ടോബർ 12ന് ഇറ്റലിയിലെ മോൻസയിൽ രക്താർബുദം ബാധിച്ചു മരിക്കുകയായിരുന്നു.
കംപ്യൂട്ടർ പ്രോഗ്രാമിംഗും വീഡിയോ ഗെയിമിംഗും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലൻ ദിവ്യകാരുണ്യത്തെ സ്വർഗത്തിലേക്കുള്ള പാതയായി കരുതി.
പതിനാലാം വയസിൽ ദിവ്യകാരുണ്യ അദ്ഭുതങ്ങളും പരിശുദ്ധ കന്യാമാതാവിന്റെ പ്രത്യക്ഷപ്പെടലുകളും ഉൾക്കൊള്ളുന്ന വെബ്സൈറ്റ് തയാറാക്കി. 2020ൽ ഫ്രാൻസിസ് മാർപാപ്പ കാർലോയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയിരുന്നു.
ഫെബ്രുവരി മൂന്നിന് ബാലാവകാശ സമ്മേളനം വിളിക്കുമെന്ന് മാർപാപ്പ
വത്തിക്കാന്‍: 2025 ഫെബ്രുവരി മൂന്നിന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ലോക സമ്മേളനം വിളിച്ചുചേർക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ബുധനാഴ്ച നടന്ന പൊതുസന്പർക്ക പരിപാടിക്കിടെയായിരുന്നു മാർപാപ്പയുടെ പ്രഖ്യാപനം.
"സ്നേഹിക്കുക, സംരക്ഷിക്കുക’എന്നതായിരിക്കും സമ്മേളനത്തിന്റെ വിഷയം. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതു സംബന്ധിച്ച് സമ്മേളനം ചർച്ച ചെയ്യുമെന്ന് മാർപാപ്പ പറഞ്ഞു.
കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള അന്ത്രാഷ്ട്ര ദിനമായിരുന്നു ബുധനാഴ്ച. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നവംബർ 20 അന്താരാഷ്ട്രദിനമായി ആചരിക്കുന്നത്.
സെന്റ് എജീഡിയോയിൽനിന്നുള്ള 100 കുട്ടികളുമായി മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ നടന്ന പൊതുസന്പർക്ക പരിപാടിക്കിടയിൽ കൂടിക്കാഴ്ച നടത്തി. ബാലാവകാശ ലോകസമ്മളനം വിളിച്ചുചേർക്കുമെന്ന പ്രഖ്യാപനം മാർപാപ്പ നടത്തിയയുടന്‍ കുട്ടികൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.
യുക്രെയ്ന് വിദ്യാർഥിയുടെ കത്തു വായിച്ച് മാർപാപ്പ
വത്തിക്കാൻ: റഷ്യ-യുക്രെയ്ന് യുദ്ധം ആയിരം ദിവസം പിന്നിട്ടതിനെ അനുസ്മരിച്ച് യുക്രെയ്നിൽനിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർഥിയുടെ കത്തു വായിച്ച് ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച നടന്ന പൊതുസന്പർക്ക പരിപാടിയുടെ അവസാനമാണ് മാർപാപ്പ കത്തു വായിച്ചത്.
"സഹനത്തിന്റെ ആയിരം ദിനങ്ങളെക്കുറിച്ച് പറയുന്പോൾ ഞങ്ങളുടെ സ്നേഹത്തിന്റെ ആയിരം ദിനങ്ങളെക്കുറിച്ചുകൂടി' അങ്ങു പറയുമോ എന്ന് വിദ്യാർഥി കത്തിലൂടെ മാർപാപ്പയോട് ആവശ്യപ്പെട്ടു.
യുദ്ധം തുടങ്ങിയതിന്റെ ആയിരം ദിനത്തിന് രണ്ടു ദിവസം മുന്‍പ് യുക്രെയ്നിൽനിന്ന് ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിയുടെ കത്ത് ലഭിച്ചുവെന്നു പറഞ്ഞാണ് മാർപാപ്പ വായിച്ചത്.
യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ഭാര്യ ഒലിന സെലന്‍സ്കിയും പൊതുസന്പർക്ക പരിപാടിയിൽ പങ്കെടുത്തു.""മാനവികയ്ക്കെതിരേയുള്ള നാണംകെട്ട ദുരന്തം'' എന്നാണ് മാർപാപ്പ യുക്രെയ്ന് യുദ്ധത്തെ വിശേഷിപ്പിച്ചത്.
യുവത്വവും വനിതാ പ്രാതിനിധ്യവും ഉറപ്പാക്കി സമീക്ഷ ഏരിയ കമ്മിറ്റികൾ; ദേശീയ സമ്മേളനം 30ന്
ബിർമിംഗ്ഹാം: സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായ ഏരിയ സമ്മേളനങ്ങൾ
പൂർത്തിയായി. വെയിൽസ്, ബിർമിംഗ്ഹാം ഏരിയ സമ്മേളനങ്ങളാണ് ഏറ്റവും ഒടുവിൽ സമാപിച്ചത്.
ഈ മാസം പത്തിന് മാഞ്ചസ്റ്ററിലായിരുന്നു ആദ്യ ഏരിയ സമ്മേളനം. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങൾ സമ്മേളനങ്ങൾ വിലയിരുത്തി. യൂണിറ്റ് സമ്മേളനങ്ങളിൽ നിന്നും ലഭിച്ച ക്രിയാത്മക നിർദേശങ്ങൾ ചർച്ച ചെയ്തു.
പുതിയ കാലത്തിനൊത്ത് ഭാവി പരിപാടികൾ രൂപപ്പെടുത്തി. പങ്കാളിത്തത്തിൽ മുൻ സമ്മേളനങ്ങളെ കവച്ചുവയ്ക്കുന്നതായിരുന്നു ഇത്തവണത്തേത്. ഓരോ ഏരിയ കമ്മിറ്റികൾക്കും പുതിയ നേതൃത്വം നിലവിൽ വന്നു.
അനുഭവ സമ്പത്തും യുവത്വവും ചേർന്ന കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യവും ഉറപ്പാക്കി. പ്രവർത്തന സൗകര്യത്തിനായി നോർത്തേൺ അയർലൻഡിൽ പുതിയ ഏരിയ കമ്മറ്റി രൂപീകരിച്ചു. ഇതോടെ നാഷണൽ കമ്മിറ്റിക്ക് കീഴിലുള്ള ഏരിയ കമ്മിറ്റികളുടെ എണ്ണം അഞ്ചായി.
മാഞ്ചസ്റ്റർ ഏരിയ സെക്രട്ടറിയായി ഷിബിൻ കാച്ചപ്പള്ളിയേയും ജോയിന്റ് സെക്രട്ടറിയായി സ്വരൂപ് കൃഷ്ണനെയും തെരഞ്ഞെടുത്തു. ആതിര രാമകൃഷ്ണനാണ് നോർത്തേൺ അയർലൻഡ് ഏരിയ സെക്രട്ടറി. രഞ്ജു രാജുവാണ് ജോയിന്റ് സെക്രട്ടറി.
ലണ്ടൻ ഏരിയ സെക്രട്ടറിയായി അൽമിഹറാജും ജോയിന്റ് സെക്രട്ടറിയായി അജീഷ് ഗണപതിയാടനും ലണ്ടൻ ഏരിയ കമ്മിറ്റിയെ നയിക്കും. വെയിൽസ് കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി അഖിൽ ശശിയും ജോയിന്റ് സെക്രട്ടറിയായി ഐശ്വര്യ നിഖിലും ചുമതലയേറ്റു.
മണികണ്ഠൻ കുമാരനും ഏരിയ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായി ബിപിൻ ഫിലിപ്പുമാണ് ന കമ്മിറ്റിയുടെ പുതിയ നേതൃത്വം. ഈ മാസം 30ന് ബിർമിംഗ്ഹാമിലെ ഹോളി നെയിം പാരിഷ് സെന്റർ ഹാളിലാണ് ഏഴാമത് സമീക്ഷ യുകെ ദേശീയ സമ്മേളനം.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമീക്ഷയുടെ 33 യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ എംബി രാജേഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ലണ്ടൻ റീജിയണൽ ബൈബിൾ കൺവൻഷൻ ഡിസംബർ 21ന്
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ലണ്ടൻ റീജിയണൽ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഡിസംബർ 21ന് ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകുന്നതും എപ്പാർക്കി പാസ്റ്ററൽ കോഓർഡിനേറ്റർ റവ.ഡോ. ടോം ഓലിക്കരോട്ട് ബൈബിൾ കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മീഷൻ ഡയറക്ടറും ലണ്ടൻ റീജിയണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് തിരുവചന സന്ദേശം പങ്കുവയ്ക്കുകയും സഹകാർമികത്വം വഹിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും കൗൺസിലറും പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച് വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും സ്പിരിച്ച്വൽ ഷെയറിംഗിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.
ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക് മുന്നൊരുക്കമായി നടത്തപ്പെടുന്ന അനുഗ്രഹദായകമായ തിരുക്കർമങ്ങളിലും തിരുവചന ശുശ്രുഷയിലും ആരാധനയിലും പങ്കുചേർന്ന് ദൈവീക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും ക്ഷണിക്കുന്നതായി ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ രൂപതാ കോഓർഡിനേറ്റർ മനോജ് തയ്യിൽ, ലണ്ടൻ റീജിയണൽ കോഓർഡിനേറ്റർ മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അറിയിച്ചു.
ബൈബിൾ കൺവൻഷനിൽ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിംഗിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് തയ്യിൽ - 07848 808550, മാത്തച്ചൻ വിളങ്ങാടൻ - 07915 602258.
December 21st Saturday 9:00 - 16:00 PM. Venue: SIR WALTER RAYLEIGH DRIVE, RAYLEIGH, SS6 9BZ.
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ പൊതുസമ്മേളനം റോമിൽ നടന്നു
റോം: രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ അഞ്ചാമത് പൊതുസമ്മേളനം ജാനറ്റ് നഗർ വിയ ഔറേലിയയിൽ വച്ചു നടത്തി. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവായ എഡ്ഗർ ഗലിയാനോ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പൊതുസമ്മേളനത്തിൽ ചെയർമാൻ സാബു സക്കറിയ അധ്യക്ഷനായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി സി.ഐ. നിയാസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ പതാക ഉയർത്തി കഴിഞ്ഞ് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു.
പ്രതിനിധി സമ്മേളനം സീനിയർ നേതാവും കോഓർഡിനേറ്ററുമായ കലേഷ് കുമുള്ളി ഉദ്ഘാടനം ചെയ്തു. തുടർന്ന് കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറിയും സാമ്പത്തിക റിപ്പോർട്ട് ഖജാൻജിയും അവതരിപ്പിച്ചു.
തുടർന്ന് വൈസ് ചെയർമാൻ സന്തോഷ് കൂമുള്ളി രക്തസാക്ഷി പ്രമേയവും സെക്രട്ടറി ബിന്ദു വയനാട് അനുശോചനപ്രമേയവും അവതരിച്ചു. പുതിയ വർഷത്തിലേക്കുള്ള ഭാരവാഹികളെ പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു.
25 അംഗ സെന്റർ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി ബിന്ദു വയനാടിനെയും ചെയർമാനായി ടി.പി. സുരേഷിനെയും ഖജാൻജിയായി ശരത് ഇരിഞ്ഞാലക്കുടയും തെരഞ്ഞെടുത്തു. യുദ്ധങ്ങൾക്കെതിരേയും വർഗീയതയ്ക്കെതിരേയും പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയും പ്രമേയങ്ങൾ അവതരിപ്പിച്ചു.
സംഘാടകസമിതി ചെയർമാൻ നൈനാൻ ചെറിയാൻ സ്വാഗതം പറയുകയും കൺവീനർ ജീമോൻ അമ്പഴക്കാട് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ എംവെെഎഫ്ഐ സെക്രട്ടറി സുനിൽ വയനാട്, വോയിസ് ഓഫ് വുമൺ പ്രസിഡന്റ് അനിത ബോണി, നാടൻ പാട്ട് സംഘത്തിന്റെ കോഓർഡിനേറ്റർ സന്തോഷ് കുമ്മുള്ളി കോഓർഡിനേറ്റർ ജോസ് പൂന്തുറ എന്നിവർ ആശംസകൾ അർപ്പിച്ചു.
മൂന്നാം ലോകമഹായുദ്ധം അടുത്തെത്തി! മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ
ലണ്ടൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യതയും ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ.
സ്വീഡൻ, നോർവെ, ഡെൻമാർക്ക്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ജനങ്ങൾക്കു മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആഗോളതലത്തിൽ യുദ്ധഭീഷണി നിലനിൽക്കവേ രാജ്യത്തെ ജനങ്ങളോട് സുരക്ഷിതമായ ഇടം കണ്ടെത്തണമെന്നു ലഘുലേഖകളിലൂടെ സ്വീഡൻ അറിയിച്ചു.
യുദ്ധം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങൾ കരുതണമെന്നാണ് നോർവെ അറിയിച്ചിരിക്കുന്നത്. ഡെൻമാർക്ക് ഇതിനോടകംതന്നെ പൗരന്മാർക്ക് റേഷൻ, വെള്ളം, മരുന്നുകൾ എന്നിവ സംഭരിക്കാൻ ഇമെയിലുകൾ അയച്ചിട്ടുണ്ട്.
പ്രതിസന്ധികളെ നേരിടാൻ തയാറെടുക്കണമെന്നാണു ഫിൻലൻഡിന്റെ മുന്നറിയിപ്പ്. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധത്തിന് തയാറാകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
‘സർവേശ’ അന്തർദേശീയ ആത്മീയ സംഗീത ആൽബം മാർപാപ്പ പ്രകാശനം ചെയ്തു
വത്തിക്കാന്‍ സിറ്റി: തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറിൽ പാടും പാതിരി റവ. ഡോ. പോൾ പൂവത്തിങ്കലും മൂന്നു തവണ ഗ്രാമി അവാർഡിൽ പങ്കാളിയായ വയലിൻ വാദകൻ മനോജ് ജോർജും ചേർന്ന് സംഗീതം നൽകി കെ.ജെ. യേശുദാസും ഫാ. പോളും 100 വൈദികരും 100 കന്യാസ്ത്രീകളും ചേർന്ന് ആലപിച്ച ആത്മീയ സംഗീത ആല്‍ബം ‘സര്‍വേശ’ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു.
വത്തിക്കാനിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംഗീത സംവിധായകരായ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു സമര്‍പ്പിച്ച ഫലകത്തില്‍ ഒപ്പുവച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശന കര്‍മം നിര്‍വഹിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ സംഗീത ആല്‍ബം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്യുന്നത്.
മണ്മറഞ്ഞ സംസ്കൃത പണ്ഡിതന് പ്രഫ. പി.സി. ദേവസ്യ രചിച്ച ക്രിസ്തു ഭാഗവതം എന്ന ഗ്രന്ഥത്തിലെ ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന സംസ്കൃത ഗീതമാണ് ആല്‍ബമാക്കിയത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ ഗാന മത്സരം "കൻദിഷ്' ഡിസംബർ ഏഴിന് ലെസ്റ്ററിൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്മസ് കരോൾ ഗാന മത്സരം "കൻദിഷ്' ഡിസംബർ ഏഴിന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ പാരിഷ് ഹാളിൽ നടക്കും.
രൂപതയിലെ വിവിധ ഇടവക/ മിഷൻ/ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള ഗായക സംഘങ്ങൾക്കായി നടക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ഈ മാസം 30നാണ് .
മുൻ വർഷങ്ങളിലേതു പോലെ തന്നെ കാഷ് പ്രൈസ് ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് ലഭിക്കും. രാവിലെ 11ന് ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം ആറിന് തീരുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.
വിജയികളാകുന്നവർക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: കമ്മീഷൻ ഫോർ ചർച്ച് ക്വയർ ചെയർമാൻ റവ. ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ - 074241 65013, ജോമോൻ മാമ്മൂട്ടിൽ - 079304 31445.
ഡബ്ല്യുഎംഎ റമ്മി ടൂർണമെന്റ്: ജിസൻ ദേവസി ഒന്നാമത്
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ആദ്യ ഓൾ അയർലൻഡ് റമ്മി ടൂർണമെന്റിൽ ജിസൻ ദേവസി (കോർക്ക്) ഒന്നാമതായി.
വാട്ടർഫോർഡിൽ നടന്ന ടൂർണമെന്റിൽ രണ്ടാം സമ്മാനം അനൂപ് ജോൺ (വാട്ടർഫോർഡ്), മൂന്നാം സമ്മാനം ബൈജു റോക്കി (ഡബ്ലിൻ) എന്നിവരും നേടി.
മികച്ച പ്രകടനത്തിനും മത്സര മനോഭാവത്തിനും ചാമ്പ്യൻമാർക്കും മത്സരാർഥികൾക്കും ഹൃദയം നിറഞ്ഞ നന്ദി നേരുന്നതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
പാവങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: പാവപ്പെട്ടവരുടെ ലോക ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പാവങ്ങൾക്കൊപ്പം ഫ്രാൻസിസ് മാർപാപ്പ ഉച്ചഭക്ഷണം കഴിച്ചു. ഭിക്ഷാടകരുൾപ്പെടെ 1300ഓളം പാവപ്പെട്ടവരായ ആളുകളാണ് വത്തിക്കാനിൽ ഒരുമിച്ചുകൂടിയത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇവർക്കായി മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കുകയും തുടർന്ന് പോൾ ആറാമൻ ഹാളിൽ എല്ലാവർക്കുമായി ഇറ്റലിയിലെ റെഡ് ക്രോസ് അംഗങ്ങൾ ഒരുക്കിയ ഉച്ചഭക്ഷണത്തിൽ പങ്കെടുക്കുകയും ചെയ്തു.
പങ്കെടുത്തവരോട് മാർപാപ്പ കുശലാന്വേഷണം നടത്തി. സിനഡൽ അസംബ്ലിയെ അനുസ്മരിപ്പിക്കുന്ന വൃത്താകൃതിയിലുള്ള മേശകൾക്ക് ചുറ്റുമുള്ള കസേരകളിലാണ് ക്ഷണിക്കപ്പെട്ട 1300 പേർ ഇരുന്നത്.
ഇവരുടെ മധ്യത്തിൽ ഇരുന്ന മാർപാപ്പ ഭക്ഷണം ആശീർവദിച്ചതോടെ വിരുന്നിനു തുടക്കമായി. വിരുന്നിനിടെ റെഡ് ക്രോസ് അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
മാർപാപ്പയുടെ ഉപവിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ ക്രാജേവ്സ്കിയും ഭക്ഷണം വിളമ്പാൻ സന്നദ്ധപ്രവർത്തകരോടൊപ്പം ഉണ്ടായിരുന്നു.
വിൻസെന്റ് ഡി പോൾ സമൂഹം നൽകിയ ഭക്ഷണവും വ്യക്തിഗത ശുചിത്വ സാമഗ്രികളും അടങ്ങിയ സമ്മാനങ്ങൾ പങ്കെടുത്തവർക്ക് നൽകി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം: ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന് ഓവറോൾ കിരീടം
സ്കന്തോർപ്പ്: ദൈവവചനത്തെ ആഘോഷിക്കാനും പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്കന്തോർപ്പിൽ ഒരുമിച്ച് കൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നും സജീവമായ ഒരു ക്രൈസ്തവ സംസ്കാരം രൂപപ്പെടുത്തുന്നതിനും സഹായകമാക്കുന്നുവെന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ.
രൂപതയുടെ ഏഴാമത് ബൈബിൾ കലോത്സവം ഇംഗ്ലണ്ടിലെ സ്കൻതോർപ്പ് ഫ്രഡറിക് ഗോവ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതയുടെ പന്ത്രണ്ടു റീജണുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ രണ്ടായിരത്തോളം പ്രതിഭകളാണ് ഫ്രെഡറിക് സ്കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത്.
രാവിലെ മുതൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ കരസ്ഥമാക്കി. രണ്ടാം സ്ഥാനം കേംബ്രിഡ്ജ് റീജിയണിനും മൂന്നാം സ്ഥാനം ബിർമിംഗ് ഹാം കാന്റർബറി റീജിയണും കരസ്ഥമാക്കി കലോത്സവത്തിൽ മുൻ നിരയിലെത്തി.
യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിൾ കലോത്സവത്തിന് മത്സരാർഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും ഏതാണ്ട് അയ്യായിരത്തോളം പേർ ഒന്ന് ചേർന്നതോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി.
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്, പാസ്റ്ററൽ കോഓർഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, ഫിനാൻസ് ഓഫീസർ ഫാ. ജോ മൂലച്ചേരി വിസി, ഫാ. ഫാൻസ്വാ പത്തിൽ, ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ, ഫാ. ജോജോ പ്ലാപ്പള്ളിൽ സിഎംഐ,
ഫാ. ജോസഫ് പിണക്കാട്, ബൈബിൾ കലോത്സവം കോഓർഡിനേറ്റർ ആന്റമി മാത്യു, ജോയിന്റ് കോഓർഡിനേറ്റേഴ്സുമാരായ ജോൺ കുര്യൻ, മർഫി തോമസ്, ബൈബിൾ കലോത്സവം ജോയിന്റ് കോഓർഡിനേറ്റർ ജിമ്മിച്ചൻ ജോർജ്, ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ പ്രതിനിധികൾ, രൂപതയിലെ വിവിധ റീജണുകളിൽ നിന്നുള്ള വൈദികർ, അൽമായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.
ക്രിസ്മസ് രാവുകളെ വരവേല്‍ക്കാൻ കോര്‍ക്കില്‍ മെലോഡിയ 2024
കോര്‍ക്ക്: ക്രിസ്മസ് രാവുകളേ വരവേല്‍ക്കാനായി അയര്‍ലൻഡിലെ കോര്‍ക്കില്‍ മെലോഡിയ 2024 നടത്തപ്പെടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കോര്‍ക്ക് ഹോളിട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ മെലോഡിയ ഈ പ്രാവശ്യവും വിപുലമായ പ്രോഗ്രാമുകളോട് കൂടി നവംബര്‍ 24ന് ഞായറാഴ്ച നടത്തപ്പെടുന്നു.
നവംബര്‍ 24 ഞായര്‍ ഉച്ചകഴിഞ്ഞ് 3.30 മുതല്‍ കോര്‍ക്കിലെ ടോഗര്‍ ഫിന്‍ബാര്‍സ് ജി എ എ ക്ലബില്‍ നടത്തുന്ന പരിപാടിയില്‍ അയര്‍ലൻഡിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും ഇതര സംഘടനകളില്‍ നിന്നുള്ള 12 ടീമുകള്‍ പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ പരിപാടി വളരെ വിജയകരമായി നടത്തിയതുപോലെ ഈ വര്‍ഷവും ഏവരുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
നെഹ്റുവിയൻ ചിന്തകൾ ആസ്പദമാക്കി ഒഐസിസി യുകെ ചർച്ച സംഘടിപ്പിച്ചു
കവൻട്രി: "ഇന്നത്തെ ഇന്ത്യയിൽ നെഹ്റുവിയൻ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ഒഐസിസി യുകെ സംഘടിപ്പിച്ച ചർച്ചാക്ലാസ് വിഷയത്തിന്റെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എ. ജയശങ്കർ, കേംബ്രിഡ്ജ് മേയറും യുകെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവരാണ് കവൻട്രിയിലെ ടിഫിൻബോക്സ് റസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ച ചർച്ചാ ക്ലാസുകൾ നയിച്ചത്.
ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആയിരുന്നു പരിപാടിയുടെ മോഡറേറ്റർ. വർക്കിംഗ് പ്രഡിഡന്റുമാരായ ബേബിക്കുട്ടി ജോർജ് സ്വാഗതവും മണികണ്ഠൻ ഐക്കാട് നന്ദിയും അർപ്പിച്ചു.
വളരെ ഗൗരവമേറിയ വിഷയമെങ്കിലും സരസവും ലളിതവുമായ അവതരണവും ശൈലിയും കൊണ്ട് പങ്കെടുത്തവരുടെ പ്രശംസ പിടിച്ചു പറ്റിയ ചർച്ചയിൽ, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ പങ്കാളികളായി.
ഇരുപ്രഭാഷകരുടേയും 30 മിനിറ്റ് വീതമുള്ള ക്ലാസുകൾക്ക് ശേഷം നടന്ന ചോദ്യോത്തര വേളയും ശ്രോതാക്കളുടെ പങ്കാളിത്തം കൊണ്ട് സജീവമായി.
ജവഹർലാൽ നെഹ്റു അവതരിപ്പിച്ച രാഷ്ട്രനിർമാണത്തിന്റെ അടിസ്ഥാന ആശയങ്ങളും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാർശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകളുമാണ് ഇന്നത്തെ ഇന്ത്യയുടെ ആധാരം എന്നും ജയശങ്കര്‍ അടിവരയിട്ടു.
ഇംഗ്ലണ്ടിലെ പഠനം വഴി നെഹ്റു ആര്‍ജ്ജിച്ച പൊതുബോധവും ബ്രിട്ടന് മുറുകെപിടിക്കുന്ന മതേതര മൂല്യവും ആഴത്തിൽ മനസിലാക്കിയ വ്യക്തിത്വം എന്ന നിലയിലാണ് മഹാത്മാ ഗാന്ധി അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പദത്തിലേക്ക് നിർദേശിച്ചത് എന്ന വസ്തുതയും അദ്ദേഹം ഉയർത്തിക്കാട്ടി.
നെഹ്റുവിന്റെ ആശയങ്ങളും ചിന്തകളും ഇന്നും കാലികപ്രസക്തമാണെന്നും ഇന്നത്തെ ഇന്ത്യയിൽ ഈ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതും അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും ചർച്ചയിൽ പങ്കെടുത്ത ബൈജു തിട്ടാല പറഞ്ഞു. വഖഫ് വിഷയത്തിൽ ആശങ്കയറിയിച്ച ശ്രോതാക്കൾക്കുള്ള മറുപടിയും അദ്ദേഹം നൽകി.
പരിപാടിയിൽ പങ്കെടുത്തവർക്ക് ടിഫിൻബോക്സ് റസ്റ്റോറന്റ് സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ഇവന്റ്സ് മീഡിയ ചർച്ചയുടെ ലൈവ് സ്ട്രീമിംഗു പ്രക്ഷേപണം ചെയ്യുകയുണ്ടായി.
ഒഐസിസി യുകെ നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഭാരവാഹികളായ അഷ്റഫ് അബ്ദുള്ള, ജോർജ് ജോസഫ്, വിജീ പൈലി, സാബു ജോർജ്, ജോർജ് ജേക്കബ്, അജിത്കുമാർ സി. നായർ, സി. നടരാജൻ, ബേബി ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
സ്പെയിനിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം; പത്ത് മരണം
മാഡ്രിഡ്: വടക്കുകിഴക്കന്‍ സ്പാനീഷ് നഗരമായ സരഗോസയ്ക്ക് സമീപമുള്ള നഴ്സിംഗ് ഹോമില്‍ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ പത്ത് പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഡിമെന്‍ഷ്യയും മറ്റ് മാനസിക പ്രശ്നങ്ങളും ഉള്ളവര്‍ക്കുള്ള നഴ്സിംഗ് ഹോമിലാണ് തീപിടിത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. പുക ശ്വസിച്ചാണ് ആളുകൾ മരിച്ചതെന്നാണ് അധികാരികള്‍ പറയുന്നത്.
പുലര്‍ച്ചെ അഞ്ചിനാണ് ഒരു മുറിയിൽ തീപിടിത്തമുണ്ടായത്. പിന്നീട് നഴ്സിംഗ് ഹോം മുഴുവൻ പുക പടരുകയായിരുന്നു. തീപിടിത്ത സമയത്ത് 82 താമസക്കാരും രണ്ട് ജീവനക്കാരും കെട്ടിടത്തില്‍ ഉണ്ടായിരുന്നതായി അധികാരികള്‍ അറിയിച്ചു. ഇതില്‍ 25 വയസിന് താഴെയുള്ളവരുമുണ്ട്.
അയർലൻഡിൽ മലയാളി നഴ്സ് സീമ ജെയ്സൺ അന്തരിച്ചു
ഡബ്ലിൻ: കൗണ്ടി ടിപ്പററിയിലെ നീനായിൽ മലയാളി നഴ്സ് തൊടുപുഴ ചിലവു സ്വദേശി സീമ ജയ്സൺ(44) അന്തരിച്ചു. അർബുദബാധയെത്തുടർന്നു ചികിത്സയിലായിരുന്നു.
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് നീനാ സെന്റ് മേരീസ് റോസറി ദേവാലയത്തിൽ നടക്കും. അന്നേദിവസം രാവിലെ രാവിലെ 11 മുതൽ 1.30 വരെ നീനാ കേല്ലേഴ്സ് ഫ്യൂണറൽ ഹോമിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.
സീമ നീനാ സെന്റ് കോൺലോൻസ് കമ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിൽ നഴ്സായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നീനാ കമ്യൂണിറ്റിയുടെ ഭാഗമായിരുന്ന ഇവർ മലയാളികൾക്ക് ഏറെ സുപരിചിതയായിരുന്നു.
കല്ലൂർക്കാട് വട്ടക്കുഴിയിൽ മാത്യുവിന്റെയും മേരിയുടെയും മകളാണ് പരേതയായ സീമ. ഭർത്താവ് ചിലവ് പുളിന്താനത്ത് ജെയ്സൺ ജോസ് (നീനാ ഹോസ്പിറ്റൽ), മക്കൾ ജെഫിൻ, ജ്യുവൽ, ജെറോം. സഹോദരങ്ങൾ ശ്രീജ, ശ്രീരാജ്.
ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങൾ ഇന്ന് അർമേനിയയിൽ വിതരണം ചെയ്യും
യെരേവാൻ: ഗർഷോം ഫൗണ്ടേഷന്റെ 2024ലെ ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അർമേനിയയൻ തലസ്ഥാനമായ യെരേവാനിലെ ബെസ്റ്റ് വെസ്റ്റേൺ പ്ലസ് കോൺഗ്രസ് ഹോട്ടലിൽ ഇന്ന് വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
2024ലെ ഗർഷോം പുരസ്കാരങ്ങൾക്ക് അർഹരായവർ:
- സന്തോഷ് കുമാർ (യുഎഇ)
- രവീന്ദ്ര നാഥ് (ഹരിയാന, ഇന്ത്യ)
- ധനേഷ് നാരായണൻ (അർമേനിയ)
- ഷൈനി ഫ്രാങ്ക് (കുവൈറ്റ്)
മികച്ച മലയാളി സംഘടനയ്ക്കുള്ള അവാർഡിന് ലണ്ടനിലെ ‘മലയാളി അസോസിയേഷൻ ഫോർ ദി യുകെ’(എംഎയുകെ) അർഹരായി.
അർമേനിയൻ പാർലമെന്റ് അംഗം ലിലിത്ത് സ്റ്റഫാനിയാൻ, ഇന്ത്യ പാർലമെന്റ് അംഗം സാഗർ ഖന്ധേര എന്നിവർ പുരസ്കാരദാന ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാന്‍ ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന് 2002 മുതലാണ് ഗര്‍ഷോം പുരസ്കാരങ്ങള്‍ ഏർപ്പെടുത്തിയത്.
ഇതുവരെ 94 പ്രവാസി മലയാളികളെയും 17 പ്രവാസി മലയാളി സംഘടനകളെയും ഗർഷോം പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ ജപ്പാൻ, നോർവേ, മലേഷ്യ, ബഹറിൻ, കുവൈറ്റ്, യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്കാര ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.
സർഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡിജെ നൈറ്റ് സംഘടിപ്പിച്ചു
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡിജെ നൈറ്റ് സംഘടിപ്പിച്ചു. ഓവൽ കമ്യൂണിറ്റി സെന്ററിലാണ് പരിപാടി നടന്നത്. കാർത്തിക് ഗോപിനാഥ്, ആനി അലോഷ്യസ്, അൻവിൻ കെടാമംഗലം, രാജീവ് രാജശേഖരൻ, ഡോ. രാംകുമാർ ഉണ്ണികൃഷ്ണൻ, സജിത്ത് വർമ, നിധിൻ ശ്രീകുമാർ, ഡോ. ആശ നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സർഗം സ്റ്റീവനേജിലെ ഗായകരും യുകെയിൽ വിവിധ വേദികളിൽ ഗാനാലാപനത്തിലൂടെ ശ്രദ്ധേയരുമായ ജെസ്ലിൻ വിജോ, ബോബൻ സെബാസ്റ്റ്യൻ, ഹെൻട്രിൻ ജോസഫ്, ടാനിയ അനൂപ്, ഡോ. ആരോമൽ, നിസി ജിബി, ഡോ. അബ്രാഹം സിബി തുടങ്ങിയർ ശബ്ദ മാധുര്യം കൊണ്ടും ആലാപന മികവ് കൊണ്ടും സംഗീതനിശയിൽ വർണവിസ്മയം തീർക്കുകയായിരുന്നു.
സജീവ് ദിവാകരൻ ലൈറ്റ് & സൗണ്ടിനു നേതൃത്വം നൽകി. ടെസി ജെയിംസ് അവതാരകയായും തിളങ്ങി. ബ്രയാൻ ജെയിംസ് സംഗീതവേദിയെ കാമറയിൽ ഒപ്പിയെടുത്തു.
സർഗം കമ്മിറ്റി ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പൻ, അലക്സാണ്ടർ തോമസ്, നന്ദു കൃഷ്ണൻ, പ്രവീൺ തോട്ടത്തിൽ, ചിന്ദുആനന്ദൻ, വിൽസി പ്രിൻസൺ എന്നിവർ സർഗം സ്റ്റീവനേജ് ഒരുക്കിയ കോംപ്ലിമെന്ററി സംഗീത നിശയ്ക്ക് സംഘാടകത്വം വഹിച്ചു.
ഗായകർക്കുള്ള ഭക്ഷണവും മറ്റും കറി വില്ലേജ് ആണ് സ്പോൺസർ ചെയ്തത്. ബാനർ തയാറാക്കി എത്തിക്കുന്നതിൽ ജോണി കല്ലടാന്തി നേതൃത്വം നൽകി. സർഗം പ്രസിഡന്റ് അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതരാവിന് സമാപനമായി.