ബ്രെക്സിറ്റ് അനന്തരം യൂറോപ്പിന്റെ സ്റാര്‍ട്ടപ്പ് തലസ്ഥാനമാകുക ബര്‍ലിന്‍
Monday, June 27, 2016 8:09 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം യുകെ ഉപേക്ഷിച്ചതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചാണ് ചര്‍ച്ചകളെല്ലാം. എന്നാല്‍, ഇതിനിടയിലും ചില ഗുണഫലങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. യൂറോപ്പിന്റെ സ്റാര്‍ട്ടപ്പ് തലസ്ഥാനമായി മാറാന്‍ ബര്‍ലിനു തുറന്നു കിട്ടിയിരിക്കുന്ന മാര്‍ഗമാണ് ഇതിലൊന്ന്.

ഇപ്പോള്‍ തന്നെ യൂറോപ്പിലെ പ്രധാന സ്റാര്‍ട്ടപ്പ് ഹബ്ബുകളിലൊന്നാണ് ബര്‍ലിന്‍. യുകെ പുറത്തുപോകുന്നതോടെയാണ് ഈ സ്ഥാനം കൂടുതല്‍ പ്രധാനമാകാന്‍ പോകുന്നത്. സിലിക്കണ്‍ വാലിയിലേതു പോലുള്ള ഭാഷാ അതിര്‍വരമ്പുകളില്ലാത്തതാണ് ലണ്ടനെ ഇത്രയും കാലം പ്രധാന സ്റാര്‍ട്ടപ്പ് ഹബ്ബാക്കി നിലനിര്‍ത്തിയിരുന്നത്. ഇനി ആ സ്ഥാനത്തേക്ക് ബര്‍ലിന്‍ അല്ലാതൊരു പേര് നിര്‍ദേശിക്കാന്‍ തത്കാലമില്ലെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്താകുന്നതോടെ ശക്തമാകാന്‍ പോകുന്ന വീസ നിയന്ത്രണങ്ങളാണ് ലണ്ടന് ഈ സ്ഥാനം നഷ്ടപ്പെടുത്താന്‍ പോകുന്നത്. ഷെങ്ംഗന്‍ മേഖലയില്‍ തുടരുന്ന കാലത്തോളം ബര്‍ലിന് ആ പ്രതിസന്ധി പേടിക്കാനുമില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍