ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയില്‍ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍
Thursday, April 28, 2016 8:36 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ കീഴില്‍ സ്വതന്ത്ര ഇടവകയായി നിലവില്‍ വന്നതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിക്കുന്നു.

മേയ് ഒന്നിനു (ഞായര്‍) രാവിലെ 10നു ആര്‍കെ പുരം സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിലാണു തിരുനാളാഘോഷം. വിശുദ്ധന്റെ രൂപം വെഞ്ചരിപ്പോടുകൂടി ആരംഭിക്കുന്ന ദിവ്യബലിയില്‍ സെന്റ് തോമസ് ലാറ്റിന്‍ ഇടവക വികാരി ഫാ. ജോര്‍ജ് മണിമല മുഖ്യകാര്‍മികത്വം വഹിക്കും. ഇടവക വികാരി ഫാ. പയസ് മലേക്കണ്ടത്തില്‍ സഹകാര്‍മികനായിരിക്കും. തുടര്‍ന്നു നടക്കുന്ന ഗീവര്‍ഗീസ് സഹദായുടെ നൊവേനക്ക് ഫാ. ജോസ് വട്ടക്കുഴി കാര്‍മികത്വം വഹിക്കും.

ഫ്രണ്ട്സ് ഓഫ് കുട്ടനാട് ഡല്‍ഹി യൂണിറ്റ് സ്പോണ്‍സര്‍ ചെയ്യുന്ന ബാന്‍ഡ് മേളത്തോടുകൂടി തിരുസ്വരൂപവും വഹിച്ച് പ്രദക്ഷിണം നടക്കും. ബിജു തൈപ്പറമ്പിലിന്റെ നേതൃത്വത്തില്‍ കരുമരുന്നു കലാപ്രകടനം, സരോജിനി നഗര്‍ സെന്റ് ജോര്‍ജ് ഫാമിലി യൂണിറ്റിന്റെ കൊഴിക്കൊട്ട നേര്‍ച്ച, എടത്വായിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ ചേര്‍ന്നു സ്പോണ്‍സര്‍ ചെയ്യുന്ന സ്നേഹവിരുന്നും തിരുനാളിന്റെ ഭാഗമായിരിക്കും.

ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. പയസ് മലേക്കണ്ടത്തിലും ഇടവകാംഗം കൂടിയായ കൈക്കാരന്‍ റെജി നെല്ലിക്കുന്നത്തുമാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വിവരങ്ങള്‍ക്ക്: 9136241312.