ഡിഎംഎ ജനക്പുരി ഏരിയ പുതിയ കമ്മിറ്റി രൂപീകരിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്നു.
പൊതുയോഗത്തിൽ മുതിർന്ന അംഗം കെ.എൻ. കുമാരൻ അധ്യക്ഷത വഹിച്ചു. തുടർന്ന് 2023-24 ലെ പ്രവർത്തന റിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കുകയും അംഗങ്ങൾ അവ അംഗീകരിക്കുകയും ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റുമാരാരായ മണികണ്ഠൻ കെവി, കെജി രഘുനാഥൻ നായർ, ട്രഷറർ മാത്യു ജോസ്, ഇന്റേണൽ ഓഡിറ്റർ ബാബു കെവി തുടങ്ങിയവർ പങ്കെടുത്തു. ചർച്ചകളിൽ കേന്ദ്ര നിർവാഹക സമിതി എക്സ് ഓഫീഷ്യോ സി ചന്ദ്രൻ, സർവ്വശ്രീ കൃഷ്ണദാസ് വിആർ, സിഡി സൈമൻ, ജി തുളസീധരൻ, ടോമി എബ്രഹാം, മധുസൂദനൻ ആർ തുടങ്ങിയവർ സംസാരിച്ചു. ഏരിയ ജോയിന്റ് ട്രഷറർ സിഡി ജോസ് നന്ദി പറഞ്ഞു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഏരിയ ചെയർമാനായി സിഡി ജോസ്, സെക്രട്ടറിയായി സുശീൽ കെസി, ട്രഷറരായി വിആർ കൃഷ്ണദാസ് എന്നിവർ വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ വൈസ് ചെയർമാൻ ബാബു നാരായണൻ, ജോയിന്റ് സെക്രട്ടറിമാർ ഷീന രാജേഷ്, അനീഷ് കുമാർ ജി, ജോയിന്റ് ട്രഷറർ വേണു ഗോപാൽ കെവി, ഇന്റേണൽ ഓഡിറ്റർ ജിനു എബ്രഹാം, വനിതാ വിഭാഗം കൺവീനർ സിന്ധു നായർ, ജോയിന്റ് കൺവീനർമാർ പ്രിയങ്ക ഗോവിന്ദൻ, ആർദ്ര ജോസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സർവ്വശ്രീ കെകെ സുനിൽ കുമാർ, ഗിരീഷ് പി, രാജേഷ് രാമൻ, അക്ഷയ് എഎസ്, സജീവൻ എഎസ് എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഡിഎംഎ വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായർ ഇലക്ഷൻ കോഓർഡിനേറ്ററും ജെ സോമനാഥൻ റിട്ടേണിംഗ് ഓഫീസറുമായിരുന്നു.
മോഷ്ടാവിനെ കൊലപ്പെടുത്തി; ഡൽഹിയിൽ രണ്ടുപേർ പിടിയിൽ
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഷാഹ്ദാരയിലെ ചിന്താമണി റെഡ്ലൈറ്റിനു സമീപം ഫോണും പണവും മോഷ്ടിക്കാൻ ശ്രമിച്ചയാളെ രണ്ടുപേർ ചേർന്നു കൊലപ്പെടുത്തി.
സംഭവത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടെങ്കിലും പിന്നീടു പോലീസ് ഇവരെ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഡൽഹിയിൽ അന്തർസംസ്ഥാന മയക്കുമരുന്ന് സംഘം പിടിയിൽ
ന്യൂഡൽഹി: അന്തർസംസ്ഥാന മയക്കുമരുന്ന് സംഘം ഡൽഹിയിൽ പിടിയിൽ. ഇവരിൽ നിന്നും 80 കോടി രൂപ വിലമതിക്കുന്ന 15 കിലോഗ്രാം ഹെറോയിൻ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ കണ്ടെടുത്തു.
മണിപ്പൂർ സ്വദേശികളായ ദില്ലി റാം (31), പ്രകാശ് പൗഡ്യേൽ (30), അർജുൻ (27), പശ്ചിമ ബംഗാൾ സ്വദേശിയായ സഞ്ജയ് കുമാർ സാഹ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ മയക്കുമരുന്ന് സംഘം മണിപ്പൂരിൽ നിന്ന് വാങ്ങിയതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പൗഡിയേലും റാമും അർജുനും കഴിഞ്ഞ മൂന്ന് വർഷമായി അനധികൃത മയക്കുമരുന്ന് കടത്ത് നടത്തി വരികയായിരുന്നു. മണിപ്പുർ, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും അന്തർസംസ്ഥാന മയക്കുമരുന്ന് കാർട്ടൽ സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരികയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) അമിത് കൗശിക് പറഞ്ഞു.
അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോളി ആഘോഷത്തിനിടെ ഡൽഹിയിൽ ആറ് പേർക്ക് ഷോക്കേറ്റു
ന്യൂഡൽഹി: ഹോളി ആഘോഷങ്ങൾക്കിടെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ആറ് പേര്ക്ക് പരിക്ക്. ഈസ്റ്റ് ഡൽഹിയിലെ ഗണേഷ് നഗറിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഒരു വീടിന്റെ മേൽക്കൂരയിൽ നടന്ന ആഘോഷമാണ് വലിയ അപകടത്തിൽ കലാശിച്ചത്. വീടിന്റെ പരിസരത്തു കൂടി കടന്നുപോകുന്ന ഹൈ ടെൻഷൻ ലൈനിൽനിന്നാണു ഷോക്കേറ്റത്. ഇത് എങ്ങനെ സംഭവിച്ചുവെന്നു വ്യക്തമല്ല.
പരിക്കേറ്റവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഇവരുടെ നില ഗുരുതരമാണെന്നാണു പോലീസ് നൽകുന്ന വിവരം.
ഡൽഹി മലയാളി അസോസിയേഷൻ ബദർപുർ ഏരിയ വാർഷിക പൊതുയോഗം ഏപ്രിൽ ഏഴിന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ബദർപുർ ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഏപ്രിൽ ഏഴിന് ഉച്ചകഴിഞ്ഞു മൂന്നിന് ബദർപുർ പോസ്റ്റ് ഓഫീസിനടുത്തുള്ള ഡിഡിഎ കമ്യൂ ണിറ്റി ഹാളിൽ നടക്കും.
റിട്ടേണിംഗ് ഓഫീസറായി സജി പൂക്കുഞ്ഞിനെ നിയമിച്ചു. 2024 - 2026 വർഷക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി (രണ്ട്), ട്രെഷറർ, ജോയിന്റ് ട്രെഷറർ, ഇന്റേണൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ(അഞ്ച്), ജനറൽ കൗൺസിൽ അംഗങ്ങൾ (ഏഴ്), വനിതാ വിഭാഗം കൺവീനർ, ജോയിന്റ് കൺവീനർ (രണ്ട്) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ഈ മാസം 27, 28, 29 തീയതികളിൽ വൈകുന്നേരം ഏഴ് മുതൽ 8.30 വരെ വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ബദർപുർ ഡിഡിഎ ജനതാ ഫ്ലാറ്റ്സിലെ 557, ഫസ്റ്റ് ഫ്ലോറിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കാനും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കാവുന്നതുമാണ്.
പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഈ മാസം 29 രാത്രി 8.30 വരെയാണ്. 30നു രാത്രി 8.30ന് സൂക്ഷ്മ പരിശോധന കഴിഞ്ഞുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 31ന് വൈകുന്നേരം ഏഴ് മുതൽ രാത്രി 8.30 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്.
ഏപ്രിൽ ഒന്ന് രാത്രി 8.30ന് ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ ഏപ്രിൽ ഏഴിന് ഉച്ചകഴിഞ്ഞു 3.30 മുതൽ വൈകുന്നേരം 5.30 വരെയാണ് സമയം.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ബദർപുർ ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ, ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: റിട്ടേണിംഗ് ഓഫീസർ - സജി പൂക്കുഞ്ഞ് (ഏരിയാ ചെയർമാൻ) 95829 69463, 99103 77690.
ഓശാന പെരുന്നാൾ ശുശ്രൂഷകൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഓശാന പെരുന്നാൾ ശുശ്രൂഷകൾ സംഘടിപ്പിച്ചു. വികാരി റവ. ഫാ. ജോൺ കെ ജേക്കബ് മുഖ്യ കാർമികത്വം വഹിച്ചു.
ഡിഎംഎ മയൂർ വിഹാർ ഫേസ്-ടു ഏരിയയ്ക്ക് പുതിയ ഭാരവാഹികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-ടു ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മയൂർ വിഹാർ ഫേസ്-ടു, പോക്കറ്റ് എഫ്, എംസിഡി ലൈബ്രറി ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.
മിനി മനോജ്, പിആർ മനോജ് എന്നിവർ ആലപിച്ച പ്രാർഥനാഗീതാലാപനത്തോടെയാണ് യോഗം ആരംഭിച്ചത്. ഏരിയ ചെയർമാൻ വി.ഡി. ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്രക്കമ്മിറ്റി അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പി.എൻ. ഷാജി, നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ സെക്രട്ടറി സി.പി. സനിൽ, ട്രഷറർ ടിബി ആനന്ദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ടോമി ജോസഫ് റിട്ടേണിംഗ് ഓഫീസറും പ്രദീപ് സദാനന്ദൻ അവതാരകനും ആയിരുന്നു. പുതിയ ഭാരവാഹികളായി ചെയർമാൻ എം.എൽ. ഭോജൻ, വൈസ് ചെയർമാൻ വി.കെ. ചന്ദ്രൻ, സെക്രട്ടറി പ്രസാദ് കെ. നായർ, ജോയിന്റ് സെക്രട്ടറിമാർ അഡ്വ. മനോജ് എച്ച്. നായർ, എം.എൽ. സിബിച്ചൻ, ട്രഷറർ സി.പി. മോഹനൻ, ജോയിന്റ് ട്രഷറർ ജോണി തോമസ്, ഇന്റേണൽ ഓഡിറ്റർ സി.പി. സനിൽ, വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണിക്കൃഷ്ണൻ, ജോയിന്റ് കൺവീനർമാർ ബീനാ പ്രസാദ്, ഡോളി ആന്റണി എന്നിവരെ തെരെഞ്ഞെടുത്തു.
കൂടാതെ നിർവാഹക സമിതി ജനറൽ കൗൺസിൽ അംഗങ്ങളായി കെ.വി.പി. നായർ, കെ.ജി. കുട്ടി, ആർവി ഉണ്ണിക്കൃഷ്ണൻ, വി. ഹരിദാസൻ നായർ, ടി.ബി. ആനന്ദ് കുമാർ, കെ.വി. മുരളീധരൻ, ജേക്കബ് സേവ്യർ, എസ്.കെ. കുട്ടി, ഗീതാ രമേശ്, രമേശ് കോയിക്കൽ, ടി.വി. രാജേഷ്, കെ.എം. ദിനേശൻ, കെജെ മാരീജൻ, മനോജ് ജോർജ്, സന്തോഷ് കുമാർ, സി.എ. നായർ, കെജി ഹരികുമാർ, കെ.കെ. ഭദ്രൻ, യു.ആർ. സിരിസ് കുമാർ, ഗിരിജ, എം.ആർ. ഷാജി, ഡോ. രാജലക്ഷ്മി മുരളീധരൻ എന്നിവരെയും
ജനറൽ കൗൺസിൽ അംഗങ്ങളായി എ. ബാബു, തങ്കം ഹരിദാസ്, ബിന്ദു മുരളീധരൻ, സുജാതാ ജയകുമാർ, ഇന്ദിര അച്യുതൻ, വി.വി. ഷീജാ, പ്രദീപ് സദാനന്ദൻ, രമ ദേവി, മിനി ഉണ്ണിക്കൃഷ്ണൻ, പ്രസീനാ ഭദ്രൻ, ഗീതാ പിള്ള എന്നിവരെയും തെരഞ്ഞെടുത്തു.
ഡിഎംഎ വിദ്യാഭ്യാസ സഹായനിധി വിതരണം ചെയ്തു
ന്യൂഡൽഹി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രക്കമ്മിറ്റി എല്ലാവർഷവും നൽകുന്ന വിദ്യാഭ്യാസ സഹായ നിധിയുടെ ഒരുവിഹിതം കെെമാറി.
മയൂർ വിഹാർ ഫേസ് 3-ഗാസിപ്പുർ, മയൂർ വിഹാർ ഫേസ്-1 മേഖലകൾക്കു ലഭിച്ച തുകയുടെ ചെക്ക് മയൂർ വിഹാർ ഫേസ് 3-ഗാസിപ്പുർ ഏരിയ ചെയർമാൻ ടി.എൽ. മാത്യുകുട്ടി, സെക്രട്ടറി പി.കെ. ലക്ഷ്മണൻ എന്നിവർ ചേർന്ന് മയൂർ വിഹാർ കേരള സ്കൂൾ പ്രിൻസിപ്പൽ ലത നന്ദകുമാറിന് ആണ് കൈമാറിയത്.
കേരള സ്കൂൾ ചെയർമാൻ കെ.എം. ബാലകൃഷ്ണൻ, വൈസ് ചെയർമാൻ രമേശൻ നായർ, ജോയിന്റ് സെക്രട്ടറി എം.കെ. മോഹൻദാസ്, പിടിഎ സെക്രട്ടറി കെ.ഐ. അമിറുദ്ദീൻ, ഡിഎംഎ മയൂർ വിഹാർ ഫേസ് 3-ഗാസിപ്പുർ ഏരിയ വൈസ് ചെയർമാൻ സഞ്ജയ് കുമാർ, ട്രെഷറർ ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി ബിന്ദു ലാൽജി തുടങ്ങിയവർ പങ്കെടുത്തു.
ആർ.കെ. പുരം പള്ളിയിൽ സംയുക്ത ഓശാന ആഘോഷം
ന്യൂഡൽഹി: ആർ.കെ പുരം സെന്റ് തോമസ് ദേവാലയത്തിൽ സെന്റ് തോമസ് ലാറ്റിൻ ഇടവകയും സെന്റ് പീറ്റേഴ്സ് സീറോമലബാർ ഇടവകയും സംയുക്ത ഓശാന ആഘോഷം ഞായറാഴ്ച രാവിലെ 7.15ന് സെന്റ് തോമസ് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു.
കുരുത്തോല വെഞ്ചരിപ്പ്, ചർച്ച് റോഡ് ചുറ്റി പ്രദക്ഷിണവും തുടർന്ന് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ ലാറ്റിൻ കുർബാനയും പള്ളിയിൽ സീറോമലബാർ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
ഡൽഹിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം
ന്യൂഡൽഹി: ഡൽഹിയിലെ വെൽകം ഏരിയയിൽ കെട്ടിടം തകർന്നു രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.16 ഓടെയാണു കെട്ടിടം തകർന്നത്.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നു പേരെ പുറത്തെടുത്തപ്പോഴേക്കും രണ്ടു പേരുടെ ജീവൻ നഷ്ടമായിരുന്നു. അർഷാദ് (30), തൗഹീദ് (20) എന്നിവരാണു മരിച്ചത്. റെഹാൻ എന്നയാൾക്കു സാരമായി പരിക്കേറ്റു.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന മഹോത്സവം തിങ്കളാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം തിങ്കളാഴ്ച വിശേഷാൽ പൂജകളോടു കൂടി അരങ്ങേറും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം, ആറിന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, തുടർന്ന് കെടാവിളക്ക് സമർപ്പണം.
ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി ശ്രീകോവിലിനു മുന്നിൽ പുതുതായി സ്ഥാപിക്കുന്ന കെടാവിളക്കിലേക്ക് പകരും.
ഉഷ പൂജ, പന്തിരടി പൂജ, എതിർത്തു പൂജ, കലശ പൂജ, കളഭാഭിഷേകം, ഉച്ച പൂജ, ദേവീ ഭാഗവത പാരായണം എന്നിവയാണ് മറ്റു പ്രധാന ചടങ്ങുകൾ.
അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, കെടാവിളക്ക് സമർപ്പണം, കളഭാഭിഷേകം, ദേവിക്ക് ബ്രഹ്മകലശം, ഉപദേവതമാർക്ക് ബ്രഹ്മകലശം (ഏഴ് എണ്ണം), പരികലശം എന്നിവയാണ് പ്രതിഷ്ഠാ ദിനത്തിലെ പ്രധാന വഴിപാടുകൾ.
വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും: 92898 86490, 98689 90552.
പ്രവാസി മലയാളി വേൾഡ് ഫെഡറേഷൻ ഇന്ത്യ ഘടകത്തിന് പുതിയ ഭാരവാഹികൾ
ന്യൂഡൽഹി: ആഗോള പ്രവാസി മലയാളി വേൾഡ് ഫെഡറേഷൻ ഇന്ത്യ ഘടകത്തിന്റെ പുതിയ ദേശീയ കൗണ്സിൽ പ്രവർത്തകസമിതി നിലവിൽ വന്നു. 2024-2025 കാലയളവിലേക്കുള്ള സമിതിയാണു നിലവിൽ വന്നത്.
ഡൽഹിയിൽനിന്നുള്ള ബാബു പണിക്കരെ പേട്രനായി നിയമിച്ചു. ദേശീയ കോ-ഓർഡിനേറ്ററായി ബംഗളൂരുവിൽനിന്നുള്ള ഫ്രാൻസ് മുണ്ടാടനെയും ദേശീയ പ്രസിഡന്റായി ഡൽഹിയിൽനിന്നുള്ള ജോബി ജോർജിനെയും തെരഞ്ഞെടുത്തു.
ദേശീയ സെക്രട്ടറിയായി റോയ്ജോയ് (ബംഗളൂരു), ദേശീയ ട്രഷറർ കെ. സദാനന്ദൻ (കോയന്പത്തൂർ) എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ:
വൈസ് പ്രസിഡന്റ് - ജസ്റ്റിൻ കെ. ജോസഫ്(ഭോപ്പാൽ), വൈസ് പ്രസിഡന്റ് - റിനി സുരജ്(കേരള), ജോയിന്റ് സെക്രട്ടറി - ബദറൂദിൻ(കേരള), ജോയിന്റ് സെക്രട്ടറി - ദീപ സജു (ഡൽഹി), ചാരിറ്റി ഫോറം കൺവീനർ - അനിൽ കളത്തിൽ (വേലച്ചേരി , ഗോവ),
ബിസിനസ് ഫോറം കൺവീനർ - ബിബിൻ സണ്ണി(കേരള), പ്രവാസി വെൽഫയർ ഫോറം കൺവീനർ - ഫൗസിയ ആസാദ്(കേരള), ഹെൽപ് ഡസ്ക് ഫോറം കൺവീനർ - റിസാനത്ത് സലിം (കേരള), വുമൺസ് ഫോറം കൺവീനർ - ആനി സമുവൽ(കേരള),
ആർട്ട് & കൾച്ചറൽ കൺവീനർ - അനിൽ രോഹിത് (ബംഗളൂരു), സ്പോർട്സ് ഫോറം കോഓർഡിനേറ്റർ - എസ്.പി. മുരളീധരൻ (ഡൽഹി), എൻവിയോൺമെന്റ് & അഗ്രിക്കൾച്ചർ കൺവീനർ - അനു ലിബ(കേരള),
ടൂറിസം ഫോറം കൺവീനർ - അഷ്റഫ് ആലങ്ങാട് (കേരള), വിദ്യാഭ്യാസം & വിദ്യാർഥി ഫോറം കൺവീനർ - ബാബു ആന്റണി (ഭോപ്പാൽ), മെമ്പർഷിപ് ഫോറം കൺവീനർ - ഷിബു ജോസഫ് (ചെന്നൈ), ഹെൽത്ത് ഫോറം കൺവീനർ - ഡോ. സാഖി ജോൺ (ഡൽഹി),
ലിറ്ററേച്ചർ ഫോറം & മലയാളം ഫോറം കൺവീനർ - രമ പ്രസന്ന പിഷാരടി (ബംഗളൂരു), യൂത്ത് & സ്റ്റുഡന്റ്സ് കൺവീനർ - ഉണ്ണികൃഷ്ണൻ പുറമേരി (ചെന്നൈ), മീഡിയ ഫോറം കോഓർഡിനേറ്റർ - ശ്രീകേഷ് വെള്ളാനിക്കര (കേരള).
ആർകെ പുരം പള്ളിയിൽ സംയുക്ത ഓശാന ആഘോഷം 24ന്
ന്യൂഡൽഹി: ആർകെ പുരം സെന്റ് തോമസ് ദേവാലയത്തിൽ സെന്റ് തോമസ് ലാറ്റിൻ ഇടവകയും സെന്റ് പീറ്റേഴ്സ് സീറോമലബാർ ഇടവകയും സംയുക്ത ഓശാന ആഘോഷം 24ന് രാവിലെ 7.15ന് സെന്റ് തോമസ് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു.
കുരുത്തോല വെഞ്ചരിപ്പ്, ചർച്ച് റോഡ് ചുറ്റി പ്രദക്ഷിണവും തുടർന്ന് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ ലാറ്റിൻ കുർബാനയും പള്ളിയിൽ സീറോമലബാർ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
വിശുദ്ധ ഔസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
ന്യൂഡൽഹി സൗത്ത് എക്സ്റ്റൻഷനിലെ സെന്റ് മദർ തെരേസാ ഇടവകയിൽ വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാൾ മാർച്ച് 17 ഞായറാഴ്ച സമുന്നതമായി ആഘോഷിച്ചു. ഫാ. ആഗ്നൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30 മുതൽ നടന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഫരീദാബാദ്ഡൽഹി രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ കാർമികത്വം വഹിച്ചു.
ഔസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ജോസഫ് നാമധാരികളായ ഇടവകാംഗങ്ങൾക്കൊപ്പം ബിഷപ്പ് ജോസ് കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. രൂപതയ്ക്കുള്ള സെമിനാരിയൻ ഫണ്ട് കൈമാറിയ 15 ഇടവകാംഗങ്ങളെയും ബിഷപ്പ് ജോസഫ് ആശീർവദിച്ചു.
മതബോധന അധ്യാപകരായ സിഎംസി സിസ്റ്റർമാരായ സിസ്റ്റർ തുഷാര, സിസ്റ്റർ തേജസ് എന്നിവർ കഴിഞ്ഞ രണ്ടു വർഷമായി ഇടവകയ്ക്ക് നൽകിയ സ്തുത്യർഹമായ സേവനങ്ങളെ അഭിനന്ദിക്കുകയും അനുമോദിക്കുകയും ചെയ്തു. വികാരി ഫാ.അരുൺ മടത്തുംപടി, ട്രസ്റ്റിമാരായ കെ.യു.ജോൺസൺ, ജോഷി , പിതൃവേദി പ്രസിഡൻ്റ് പ്രിൻസ് മാത്യു എന്നിവർ തിരുനാളിന് നേതൃത്വം നൽകി. വിശുദ്ധ ഔസേപ്പിതാവിൻ്റെ തിരുനാൾ ആഘോഷങ്ങൾ ഊട്ടുനേർച്ചയോടെ സമാപിച്ചു.
കാതോലിക്കാ ദിനം ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫന്സ് ഓർത്തഡോക്സ് ഇടവകയിൽ കാതോലിക്കാ ദിനം ആഘോഷിച്ചു. ഞായറാഴ്ച വി. കുർബാനയെ തുടർന്ന് വികാരി റവ. ഫാ. ജോൺ കെ. ജേക്കബ് കാതോലിക്കാ ദിന പതാക ഉയർത്തുകയും കാതോലിക്കാ ദിന സന്ദേശം നൽകുകയും ചെയ്തു.
തുടർന്ന് ഇടവക സെക്രട്ടറി ശ്രീ കോശി പ്രസാദ് കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗായക സംഘത്തിന്റെ നേതൃത്വത്തിൽ വിശ്വാസികൾ ഏവരും ചേർന്ന് കാതോലിക്കാ മംഗള ഗാനം ആലപിച്ചു.
റവ.ഫാ. കെ. ജെ ജേക്കബ് പങ്കെടുത്തു. കാതോലിക്കാ ദിനത്തോടനുബന്ധിച്ച് മധുരം വിതരണം ചെയ്തു.
ഗോകുലം ഗോപാലന് സ്വീകരണം നൽകി
ന്യൂഡൽഹി: ഡൽഹിയിലെത്തിയ വ്യവസായിയും ഡിഎംഎ രക്ഷാധികാരിയുമായ ഗോകുലം ഗോപാലന് നവീകരിച്ച ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് കെ. രഘുനാഥും ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും പൂക്കൾ നൽകിയും ഷാൾ അണിയിച്ചും അദ്ദേഹത്തെ സ്വീകരിച്ചു.
കേന്ദ്രക്കമ്മിറ്റി അംഗം എസ്. അജികുമാർ, മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വെസ്റ്റേൺ കൺട്രോൾ ഓട്ടോമേഷൻ മാനേജിംഗ് ഡയറക്ടർ കെ.ആർ. മനോജ്, ദിൽഷാദ് കോളനി ഏരിയ ചെയർമാൻ അജികുമാർ മേടയിൽ, മയൂർ വിഹാർ ഫേസ്-വൺ ഏരിയ സെക്രട്ടറി രവീന്ദ്രൻ പിരിയാട്ട്, ദ്വാരക ഏരിയ സെക്രട്ടറി സി. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഡൽഹിയിൽ ആഴ്ചച്ചന്തയിലേക്ക് കാറിടിച്ചു കയറി; സ്ത്രീ മരിച്ചു
ന്യൂഡൽഹി: ആഴ്ചച്ചന്ത നടക്കുന്ന സ്ഥലത്തേക്കു കാറിടിച്ചു കയറി ഒരു സ്ത്രീ മരിച്ചു. സീതാദേവി(22) ആണ് മരിച്ചത്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരിക്കേറ്റു.
പോളിടെക്നിക് വിദ്യാർഥിയായ 17 വയസുകാരനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നതെന്നും ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന കാറാണ് യുവാക്കൾ ഓടിച്ചത്.
കാർ ഡ്രൈവറെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ ഒട്ടേറെ മലയാളികൾ സ്ഥലത്തുണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഒൻപതു പേർ ലാൽ ബഹാദുർ ശാസ്ത്രി ആശുപത്രിയിൽ ചികിത്സയിലാണ്.
ആളുകളെ ഇടിച്ചുവീഴ്ത്തി പാഞ്ഞ കാറിനെ ഉന്തുവണ്ടികൾ വിലങ്ങനെയിട്ടു നാട്ടുകാർ തടഞ്ഞു. കാറിലുണ്ടായിരുന്ന യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. യുവാക്കളെ മർദിച്ച നാട്ടുകാർ, കാർ തല്ലിത്തകർത്ത ശേഷം മറിച്ചിടുകയും ചെയ്തിരുന്നു.
വനിതാ ദിനാഘോഷം സംഘടിപ്പിച്ച് ഡിഎംഎ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വനിതാ ദിനാഘോഷം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി ശാലോം ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ മാനേജിംഗ് ഡയറക്ടർ ഡോ. ലില്ലി ജോർജ് പങ്കെടുത്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, അഡീഷനൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രഷറർ മാത്യൂ ജോസ്, ജോയിന്റ് ട്രഷറർ പി.എൻ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.
ജോയിന്റ് ഇന്റേണൽ ഓഡിറ്ററും വനിതാ ദിനാഘോഷ കമ്മിറ്റി കൺവീനറുമായ ലീന രമണൻ കൃതജ്ഞത പറഞ്ഞു. മേഘാ സോമനാഥനായിരുന്നു അവതാരക.
ചടങ്ങിൽ 2023ലെ നാഷണൽ ഗെയിംസ് കളരിപ്പയറ്റിൽ സിൽവർ മെഡൽ നേടിയ ജ്യോതിക മാട്ടുമ്മൽ, ന്യൂഡൽഹിയിലെ സിഎസ്ഐആർ - നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ നിന്ന് അറ്റ്മോസ്ഫെറിക് സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അഞ്ജലി എസ്. നായർ, ബോഡി ബിൽഡർ മമൊതാ ദേവി യുമ്നം എന്നിവരെ ആദരിച്ചു.
ഡോ. സുമേഷ് ഗുരുക്കളുടെ ശിക്ഷണത്തിൽ സത്വം കളരി സംഘത്തിലെ പെൺകുട്ടികൾ അവതരിപ്പിച്ച കളരിപ്പയറ്റ്, അംബേദ്കർ നഗർ-പുഷ്പ വിഹാർ ഏരിയ വനിതാ വിഭാഗം അവതരിപ്പിച്ച നൃത്ത വിസ്മയവും സിദ്ധാർഥ് ജയശങ്കർ, സൗപർണിക സന്തോഷ്, ദേവികാ മേനോൻ എന്നിവർ ആലപിച്ച സംഗീത സായാഹ്നവും വനിതാ ദിനാഘോഷ ചടങ്ങുകൾക്ക് ചാരുതയേകി. അത്താഴ വിരുന്നോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.
നജഫ്ഗഡ് ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വെള്ളിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും. രാവിലെ 5.30ന് നിർമാല്യ ദർശനവും തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകളും ആരംഭിക്കും.
ക്ഷേത്ര മേൽശാന്തി അനിഷ് മേപ്പാടന്റെ കാർമികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാല ആരംഭിക്കും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ക്ഷേത്ര മാനേജർ - 92898 86490, 98689 90552.
ഡിഎംഎയുടെ നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി
ന്യൂഡൽഹി: ആർകെ പുരം സെക്ടർ 4ലെ ഡൽഹി മലയാളി അസോസിയേഷന്റെ നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി. മുഖ്യാതിഥി ഡോ. ലില്ലി ജോർജ് നാട മുറിച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സെൽവരാജ്, ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, ജയകുമാർ ആർ നായർ, ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥ്, വൈസ് പ്രസിഡൻ്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെവി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷനൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രഷറർ മാത്യൂ ജോസ്, ജോയിന്റ് ട്രഷറർ പിഎൻ ഷാജി, ജോയിന്റ് ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയ ചെയർമാനും ഡിഎംഎ ബിൽഡിംഗ് റെനോവേഷൻ കമ്മിറ്റി കൺവീനറുമായ ഡോ ടിഎം ചെറിയാൻ, കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
സ്വാമിജി മുക്താനന്ദ യതി ഗുരുദേവ പ്രഭാഷണം നടത്തി
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഫ് വൺ വേൾഡ് വേദാന്ത ഡയറക്ടർ സ്വാമിജി മുക്താനന്ദ യതി ഗുരുദേവ പ്രഭാഷണം നടത്തി. കേന്ദ്രയുടെ ദ്വാരകയിലുള്ള ആത്മീയ സമുച്ചയത്തിലെ ഡോ. എംആർ ബാബുറാം മെമ്മോറിയൽ ഹാളിലായിരുന്നു വേദി ഒരുക്കിയത്.
ഗുരുദേവ പ്രഭാഷണത്തിനു ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രീനാരായണ കേന്ദ്ര പ്രസിഡന്റ് ബീന ബാബുറാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികാസ്പുരി കേരള സ്കൂളിലെ വരുൺ വിജയ് കുമാർ, ശിവന്യ നിജു, നിരഞ്ജന രാജൻ എന്നീ വിദ്യാർഥികൾക്ക് പഠന സഹായവും നൽകി.
വൈസ് പ്രസിഡന്റ് ഡോ. കെ സുന്ദരേശൻ, ജനറൽ സെക്രട്ടറി ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രഷറർ സുരേന്ദ്രൻ ഗോപി, മുൻ ജനറൽ സെക്രട്ടറി എസ്കെ കുട്ടി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ദിവാകരൻ, സുരേഷ് വിഎസ്, ജയപ്രകാശ്, വികെ ബാലൻ, വനിതാ വിഭാഗം കൺവീനർ കുശല ബാലൻ, ജോയിന്റ് കൺവീനർ സജിനി രവി,
അംഗങ്ങളായ അംബിക വിനുദാസ്, വാസന്തി ശശിധരൻ, വസന്ത ദിവാകരൻ കൂടാതെ എസ്എൻഡിപി യോഗം ഡൽഹി യൂണിയന്റെ മുൻ ഭാരവാഹികളായ ടിപി മണിയപ്പൻ, കല്ലറ മനോജ് തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
ഡിഎംഎ ജനക് പുരി ഏരിയ വാർഷിക പൊതുയോഗം 24ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ മാസം 24ന് രാവിലെ 11ന് ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടക്കും.
റിട്ടേണിംഗ് ഓഫീസറായി ജെ. സോമനാഥനെയും തെരെഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളുടെ കോഓർഡിനേറ്ററായി ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായരെയും നിയമിച്ചു. 2024-2026 വർഷക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി(രണ്ട്), ട്രെഷറർ, ജോയിന്റ് ട്രെഷറർ, ഇന്റേണൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ(21), ജനറൽ കൗൺസിൽ അംഗങ്ങൾ(32), വനിതാ വിഭാഗം കൺവീനർ, ജോയിന്റ് കൺവീനർ(രണ്ട്) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ചൊവ്വാഴ്ച (മാർച്ച് 12) വൈകുന്നേരം ഏഴ് മുതൽ 8.30 വരെ വരെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലെ റിട്ടേണിംഗ് ഓഫിസറുടെ കാര്യാലയത്തിൽ നിന്നും നാമനിർദേശ പത്രിക സ്വീകരിക്കാവുന്നതാണ്.
12, 13 തീയതികളിൽ വൈകുന്നേരം ഏഴ് മുതൽ 8.30 വരെ മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 14നു രാത്രി 8.30ന് സൂക്ഷ്മ പരിശോധന കഴിഞ്ഞുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 15ന് വൈകുന്നേരം ഏഴ് മുതൽ രാത്രി 8.30 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്.
15ന് രാത്രി ഒന്പതിന് ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമായി വന്നാൽ 24ന് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം അഞ്ച് തെരഞ്ഞെടുപ്പ് നടക്കും.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജനക് പുരി ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതണം.
കൂടുതൽ വിവരങ്ങൾക്ക്: റിട്ടേണിംഗ് ഓഫീസർ ജെ. സോമനാഥനെയോ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായരെയോ 97179 99482, 981875 0868എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറില് വീണയാള് മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കുഴൽക്കിണറില് വീണ യുവാവ് മരിച്ചു. കേശോപുര് മാണ്ഡിക്ക് സമീപമുള്ള ഡൽഹി ജല ബോര്ഡിന്റെ സ്ഥലത്തെ കുഴല് കിണറിൽ വീണ യുവാവാണ് മരിച്ചത്.
14 മണിക്കൂര് നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തതെന്നും ജീവന് രക്ഷിക്കാനായില്ലെന്നും മന്ത്രി അതിഷി മര്ലെന പറഞ്ഞു. യുവാവ് എങ്ങനെയാണ് കിണറില് വീണതെന്ന് അന്വേഷിക്കുമെന്നും ദൂരൂഹത സംബന്ധിച്ച് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തുറന്നു കിടക്കുന്ന കുഴൽക്കിണറുകൾ 48 മണിക്കൂറിനുള്ളിൽ സീല് ചെയ്യാൻ അടിയന്തര നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. യുവാവിനെ ആരെങ്കിലും കുഴല് കിണറിനുള്ളില് തള്ളിയിട്ടതാണോയെന്ന് സംശയമുണ്ട്.
പോസ്റ്റ്മോര്ട്ടത്തിനുശേഷമെ മരണകാരണം ഉള്പ്പെടെ വ്യക്തമാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു. മരിച്ചയാളുടെ വിവരങ്ങളൊന്നും അധികൃതർക്ക് ലഭിച്ചിട്ടില്ല.
ശിവരാത്രി ആഘോഷവും വനിതാ ദിനാചരണവും നടത്തി
ന്യൂഡൽഹി: എസ്എൻഡിപി വനിതാ സംഘം യൂണിറ്റ് 4270 മയൂർ വിഹാർ ഫേസ് ത്രീയുടെ ശിവരാത്രി, അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങൾ ഗുരു മന്ദിരത്തിൽ വിവിധ പരിപാടികളോടെ നടത്തി.
ഗുരുദേവന്റെ 136-ാമത് അരുവിപ്പുറം പ്രതിഷ്ഠയുടെ മാഹാത്മ്യവും ശിവരാത്രി ആഘോഷങ്ങളുടെ പ്രാധാന്യവും ഗുരുവിന്റെ കൃതികളിൽ ഉടനീളം സ്ത്രീ ശാക്തീകരണത്തിന് നൽകിയ ഊന്നൽ എന്നിവയെ കുറിച്ച് സുഷമ വിദ്യാധരൻ പ്രഭാഷണം നടത്തി.
വനിതാ സംഘത്തിന്റെ ജീവ കാരുണ്യ പ്രവർത്തിയുടെ ഭാഗമായി ജീവൻ ധാര, ഗാസിയാബാദിലെ ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്ക് വനിതാ ദിന സമ്മാനമായി അവർക്കുള്ള ഭക്ഷണ സാമഗ്രികൾ എത്തിച്ചു കൊടുത്തു.
ശാഖ പ്രസിഡന്റ് ജഗദീഷ്, വൈസ് പ്രസിഡന്റ് ദേവരാജൻ, വനിതാ സംഘം പ്രസിഡന്റ് ബിന്ദു അജിത്ത്, സെക്രട്ടറി ബിന്ദു ഗോപി എന്നിവർ വനിതാദിന ആശംസകൾ നേർന്നു.
വ്യാജമരുന്നു നിർമാണം: ഡൽഹിയിൽ 10 പേർ പിടിയിൽ
ന്യൂഡൽഹി: വ്യാജമരുന്നു നിർമാണത്തിലും വിതരണത്തിലുമേർപ്പെട്ടിരുന്ന പത്തുപേർ ഡൽഹിയിൽ പിടിയിൽ. വ്യാജമരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിനു നേരത്തെ ലഭിച്ചിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ടു നടന്ന വാഹനപരിശോധനയിൽ വലിയ അളവിൽ വ്യാജമരുന്നുകളുമായി ആദ്യം രണ്ടു പ്രതികൾ പിടിയിലായി. ഇവരിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്ന് ഡൽഹിയിലെ വിവിധയിടങ്ങളിൽനിന്ന് എട്ടുപേരെ ക്രൈംബ്രാഞ്ച് പോലീസ് പിടികൂടുകയായിരുന്നു.
കോടികളുടെ വ്യാജമരുന്നാണ് സംഘത്തിൽനിന്നു പിടിച്ചെടുത്ത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജപ്പതിപ്പാണു സംഘം നിർമിച്ചു വിതരണം ചെയ്തിരുന്നത്. ജീവൻരക്ഷാമരുന്നുകൾ, വിവിധതരം ആന്റിബയോട്ടിക്കുകൾ, വേദനാസംഹാരികൾ, പ്രമേഹത്തിനും മൈഗ്രെയ്നുമുള്ള ഗുളികകൾ തുടങ്ങിയവയാണു പിടിച്ചെടുത്തത്.
ഇവരുടെ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ മരുന്നുനിർമാണത്തിനുപയോഗിച്ചിരുന്ന അസംസ്കൃതവസ്തുക്കളും മെഷിനുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മെഡിക്കൽ സ്റ്റോറുകൾ വഴിയാണു വ്യാപകമായി വ്യാജമരുന്നുകൾ വിതരണം ചെയ്തിരുന്നത്.
ഡിഎംഎ വനിതാ ദിനാഘോഷവും സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനവും ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വനിതാ ദിനാഘോഷവും നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനവും ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി ശാലോം ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ മാനേജിംഗ് ഡയറക്ടർ ഡോ. ലില്ലി ജോർജ്, പവിലിയൻസ് & ഇന്റീരിയഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബീനാ ബാബുറാം, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ജോയിന്റ് ഇന്റേണൽ ഓഡിറ്ററും പ്രോഗ്രാം കൺവീനറുമായ ലീന രമണൻ തുടങ്ങിയവർ പങ്കെടുക്കും. മേഘാ സോമനാഥനാണ് അവതാരക.
2023ൽ നടന്ന നാഷണൽ ഗെയിംസിൽ കളരിപ്പയറ്റിൽ സിൽവർ മെഡൽ നേടിയ ജ്യോതിക മാട്ടുമ്മൽ, ന്യൂ ഡൽഹിയിലെ സിഎസ്ഐആർ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ നിന്ന് അറ്റ്മോസ്ഫെറിക് സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അഞ്ജലി എസ് നായർ, ബോഡി ബിൽഡർ മമൊതാ ദേവി യുമ്നം എന്നിവരെ ചടങ്ങിൽ ആദരിക്കും.
അംബേദ്കർ നഗർപുഷ്പ വിഹാർ ഏരിയ അവതരിപ്പിക്കുന്ന കലാപരിപാടിയും ഡോ. സുമേഷ് ഗുരുക്കളുടെ ശിക്ഷണത്തിൽ സത്വം കളരി സംഘത്തിലെ പെൺകുട്ടികൾ അവതരിപ്പിക്കുന്ന കളരിപ്പയറ്റ് എന്നിവയും അരങ്ങേറും.
തുടർന്ന് സിദ്ധാർഥ് ജയശങ്കർ, സൗപർണിക സന്തോഷ്, ദേവികാ മേനോൻ തുടങ്ങിയവർ അണിയിച്ചൊരുക്കുന്ന സംഗീത സായാഹ്നം വനിതാ ദിനാഘോഷ ചടങ്ങുകൾക്ക് മിഴിവേകും.
കൂടുതൽ വിവരങ്ങൾക്ക്: 01135 561333, 98107 91770.
ശ്രീനാരായണ കേന്ദ്രയിൽ ഗുരുദേവ പ്രഭാഷണം ഞായറാഴ്ച
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 10.30ന് ഗുരുദേവ പ്രഭാഷണം നടത്തുന്നു.
കേന്ദ്രയുടെ ദ്വാരകയിലുള്ള ആത്മീയ സമുച്ചയത്തിലെ ഡോ. എം.ആർ. ബാബുറാം മെമ്മോറിയൽ ഹാളിൽ സ്കൂൾ ഓഫ് വൺ വേൾഡ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദ യതിയാണ് പ്രഭാഷണം നടത്തുന്നത്.
തുടർന്ന് പ്രസാദ വിതരണവും ഉണ്ടാവും. ഗുരുദേവ ഭക്തരായ എല്ലാവർക്കും പ്രഭാഷണത്തിൽ പങ്കെടുക്കുവാൻ സൗകര്യം ഒരുക്കിയതായി അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 98106 99696.
ജോൺ മാത്യു അന്തരിച്ചു
ന്യൂഡൽഹി: പത്തനംതിട്ട മേക്കൊഴുർ കൊച്ചുമണ്ണിൽ ജോൺ മാത്യു (റോയി 60) നോയിഡയിൽ അന്തരിച്ചു.
സംസ്കാരം ഇന്ന്11 .30ന് നോയിഡ സെന്റ് മേരീസ് ദേവാലയത്തിലെ ശുശ്രുഷകൾക്കു ശേഷം നോയിഡ സെക്ടർ 126ലെ ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ ലാലി പുളിയൻകുന്നേൽ കുടുംബാംഗം. മക്കൾ: ഐറിൻ, ആൻഡ്രിയ. മരുമകൻ: ജോസഫ് കെ. ആന്റണി കാട്ടുപറമ്പിൽ.
അനുവാദമില്ലാതെ കയറിയിട്ടും പങ്കജ് ഉദാസ്...! കുറിപ്പ് വെെറൽ
മുംബെെ: മുംബൈ ഫോർട്ടിനു സമീപമുള്ള സെന്റ് സേവിയേഴ്സ് കോളജിൽ പൂർവവിദ്യാർഥി സംഗമത്തിനു ഗസൽ ഗായകൻ എത്തിച്ചേരുമെന്ന പരസ്യം കണ്ടാണ് അവിടം ഓടിക്കേറിയത്. അസാമാന്യമായ ജനത്തിരക്ക്.
പങ്കജ് ഉദാസിനു പ്രത്യേക സ്വീകരണം. ശേഷം ഒരു ഗസൽ അവതരണം. ഇതാണ് ആരാധകർ ഇടിച്ചുകയറാൻ കാരണം. സെലിബ്രിറ്റിയെ ഇവിടെ വച്ചു കണ്ടുമുട്ടുക അത്ര എളുപ്പമല്ലെന്നു മനസിലായി. എന്തു ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി.
ആളുകൾ തിക്കിത്തിരക്കുന്നു. ഇപ്പോൾ മേക്കപ്പ്മാൻ പർദ്ദ നീക്കി അകത്തു പ്രവേശിക്കുന്നു. തന്ത്രപൂർവം സൂത്രത്തിൽ അതിനൊപ്പം അകത്തുകയറി. അനുവാദമില്ലാതെ അകത്തു കയറിയതിനു ശകാരമാണ് പ്രതീക്ഷിച്ചത്.
സാരമില്ല. ലോക പ്രശസ്ത ഗസൽ സമ്രാട്ടിനെ മുഖാമുഖം കണ്ടിട്ടുതന്നെ കാര്യം. പ്രകാശം നിറഞ്ഞ മുഖം അടുത്തൊന്നു കണ്ടു. ആഗതനോടു കൂടെയുള്ളത് ആരെന്ന കണ്ണാംഗ്യത്തോടെ അദ്ദേഹത്തിന്റെ കുശലാന്വേഷണം.
അദ്ദേഹം നിസംശയം തട്ടിവിട്ടു. പത്രക്കാരനാണ് ഉസ്താദ്. ഓഹോ. ഉടൻ ഏതു ഭാഷയെന്നു ചോദ്യം. മലയാളമെന്നു കേട്ടതും കട്ട മീശ പൂവാകൃതി വിരിഞ്ഞു. കുങ്കുമ കുസൃതി ചുണ്ടുകൾ നറുതേൻ ചിതറും നാവിനു ഈണമിടാൻ ഇതളടർന്നു.
തത്ക്ഷണം ശബ്ദ മാധുരി പൂന്പൊടി ശലഭമായി കേണുപാടി. "എന്നുമീ സ്വരം’ വീണ കന്പിയിടറി മൂളി. മലയാളം ആൽബത്തിൽ അനൂപ് ജലോട്ടക്കൊപ്പം പാടിയ അതേ താളലയം ആസ്വദിച്ചു. ഈറൻ മനസിനു വീഞ്ഞിന്റെ വീര്യം പകർന്നു. ഒരു ജന്മം മറക്കാത്ത ആലാപന ശൈലി. അതും എനിക്കു വേണ്ടി മാത്രം!
പരമാനന്ദം കൊള്ളവേ അദ്ദേഹം മൂളൽ നിർത്തി. കവിതയുടെ സ്ഥായി സന്ദേശ ദൂതറിയിച്ചു. ഗാനഗന്ധർവൻ യേശുദാസിനോടെന്റെ സ്നേഹം പറയാൻ മറക്കരുത്. ഓ യെസ് പറയാൻ ഒട്ടും താമസിച്ചില്ല.
ചിറ്റ് ചോർ എന്ന ഹിന്ദി ചിത്രത്തിൽ രവീന്ദ്ര ജയിൻ ഈണം പകർന്ന ഗാനം റെഡിമണിയായി അല്ലി അധരങ്ങളിൽ രാഗം തല്ലി. പങ്കജ് ഉദാസിനെ ഉറുദു ഗസലിന്റെ ഉസ്താദാക്കിയ ജാലവിദ്യ മീട്ടി. പ്രണയവും വിരഹവും ഇഴചേർന്ന അസുലഭ ശ്രുതി.
ഗിത്താർ കന്പി മുഴങ്ങിയ സംഗീത നിർവൃതി ലഹരി പകർന്നു. ചങ്കിനോ ചുണ്ടിനോ നാവിനോ അതിമധുരമെന്നു നിർവചിക്കാനാവാത്ത മാസ്മര വീചികൾ. പദങ്ങൾ പാട്ടായും ഗസലായും സംഗീത സ്വർഗീയ സ്വരമാധുരിയിൽ ലയിച്ചു. ചോദ്യോത്തര വേദി തുറന്നു.
താങ്കൾക്ക് ഏറ്റം ആനന്ദം പകർന്ന വേള?
അതിനു മുന്പ് തീരാ പരാജയം നേരിട്ട അനുഭവം പറയാം. വാക്ക് ചാതുരിയിൽ ഉഷാറു പ്രകടിപ്പിക്കാൻ കൈത്തലം നാലഞ്ചാവർത്തി തിരുമ്മി കാട്ടി. സംഗീത തലമുറയിലെ പകൽ നിലാവെന്നു സ്വയം വിശേഷിപ്പിക്കാം.
കാരണം തബലിസ്റ്റായ ഞാൻ ഗായകനും ഗസൽ വാദിയുമായതു പ്രേഷക ജാലവിദ്യയാണ്. സന്ദർഭവും സംഗീതജ്ഞരുമങ്ങിനെ കാലഗതിയിൽ വാർത്തെടുത്തു. ദീർഘിപ്പിക്കാതെ പഴങ്കാല കണ്ണീർ കഥയിലെ താരാട്ടു പാടി.
സിനിമയിൽ ആദ്യ അരങ്ങേറ്റം കുറിക്കുക ആർക്കും സുഖതര സ്മരണയാണ്. 1970കളിൽ ഹിന്ദി ചിത്രം "കാംമ്ന’യ്ക്കു വേണ്ടി പിന്നണി പാടി. സംഗീത സംവിധാനം ഉഷാഖന്ന. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബോളീവുഡ് ചിത്രം റിലീസായില്ല.
പരാജയ പാരവശ്യം ഒരു പതീറ്റാണ്ട് എന്നെ വായിലാപ്പു കേറ്റി നിശബ്ദനാക്കി. എന്നാൽ, വിധി സിഗ്നൽ പറയുന്ന പരമേശ്വരൻ പരമദയാലുവായി. എന്നെ മൗനമ്ലാനതയിൽനിന്നു തട്ടിയുണർത്തി. പരിശീലനം പാടി വളർത്തി.
1986ൽ ഇറങ്ങിയ ബോളീവുഡ് ചിത്രമായ "നാം’ വിശ്വപ്രശസ്തനാക്കി ഉയർത്തി. ഗാനരചന ആനന്ദ് ബക്ഷി. സംഗീത ജോഡി ലക്ഷ്മീകാന്ത് പ്യാരീലാൽ. ഗസൽ ആവാഹന ഈരടിയിൽ "ചിട്ടി ആയീഹേ വതൻ ’ നീട്ടിയാലപിച്ചഭിനയിച്ചു. പിന്നങ്ങോട്ട് ശ്രോതാക്കളുടെ കണ്ണും കരളും കവർന്ന മുന്നേറ്റം കുറിച്ചു.
ചാന്ദിനി ജൈസാ രംഗ് ഹേ തേരാ. ഔർ ആഹിസ് ത് കീ ജീ ബതേം ഹേം, സൂപ്പർ ഹിറ്റുകളായി ന്യൂജൻ പ്രേമികളിൽ സ്വര ലയമോടെ തത്തിക്കളിച്ചു. സിനിമാ ഗാനശേഖരത്തിന് ഗസലിന്റെ നൂതന ശൈലി തുറന്നു.
ആദ്യ സംഗീത ആൽബം ആഹട്. ജീയേ തോ ജീയേ കൈസേ (സാജൻ), ചുപാന ഭീ നഹീ ആതാ (ബാസിഗർ), നാ കജരേ കീ ദാർ (മെഹ്റ), ഹോത്താ പെ തേരാ നാം ( മേ ഖിലാഡി തു അനാരി) അങ്ങിനെയങ്ങിനെ നിരവധി സിനിമ ഗസൽ ട്യൂണുകൾ സംഗീത പ്രേമികളെ ഇടവേളയിടാതെ ആകർഷിച്ചു പോന്നു.
മികച്ച പിന്നണി ഗായകനുള്ള ഫിലം ഫെയർ അവാർഡ് അംഗീകാരം ആരാധകരെ പതിന്മടങ്ങുമാക്കി. ചുപ്കേ ചുപ്കേ, യുൻ മേര ഖത്ക, തുജ രാഹ ഹൈ തോ, ചൂ ഗയീ, മുജ്സേ ദോസ് തീ കരേഗെ, ആൻപീനേ വാലേ സുനോ, ആൻസു തുടങ്ങിയ കണ്ണീരിൽ കുതിർന്ന ഗസലുകൾ വൈകാരിക പ്രഭാവം നേർന്നു.
മനുഷ്യരിലെ മൃദു വികാരമായ പ്രണയ വിരഹ കലോത്ഭവ മത്സര ശ്രേണിചടുന്നനേ കീഴടക്കി. എനിക്ക് സംഗീത പ്രേമികൾ നിരവധി ബഹുമതികൾ തന്നിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു.
2006ൽ രാജ്യം പദ്മശ്രീ നൽകി. വിദേശ നാടുകൾ സന്ദർശിച്ചു. ഏഷ്യയിലും യൂറോപ്പിലും ധാരാളം സംഗീത ഗസൽ പ്രോഗ്രാമുകൾ ചെയ്തു. കരഘോഷങ്ങളിൽ മതിമറന്നു. ഇനി ചോദിക്കൂ കാലമേകിയ എന്റെ വിജയ ആശംസകളേതെന്ന്?
പങ്കജ് ഉദാസ് മിന്നായം മറഞ്ഞ ഉല്ലാസവാനായി. ജീവിതത്തിലേക്കു ഭാര്യ ഫരീദയുടെ പരിമള ആഗമനം. മക്കൾ നയാബ്, രേവ എന്നിവരുടെ പിറവി. സംഗീതപ്രേമിയായ ഒരാൾ കുടുംബ സ്വാർഥനാകുന്നതിൽ തെല്ലും ആശ്ചര്യമില്ലെന്നും വേഗം കൂട്ടിച്ചേർത്തു.
സ്വയ സംതൃപ്തി കൈവരിച്ചു. ജീവിതം നിർമലമെങ്കിലേ തൊണ്ട ശുദ്ധിക്ക് ആളും അർഥവും അലങ്കാരവും വരൂന്ന് സർഗ അഭിമതം! ഇപ്പോൾ സംഘാടകരും കോളജ് അധികൃതരും ഇടയിൽ കയറി അലോസരപ്പെടുത്തി.
അഭിമുഖ സംഭാഷണ വേള കാര്യ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. ഗസൽ താന്ത്രികനെ അരങ്ങിലോട്ടു ക്ഷണിച്ചു. അമളി പറ്റി ഇടം മാറി നിന്ന ഇന്റർവ്യൂകാരന്റെ തോൾ തട്ടി ഉപസംഹരിച്ചു.
പപ്പും തൂവ്വലും വച്ച് എഴുതാൻ മറക്കരുത്. ഗസലിന്റെ ജീവനാഡിയിലെ രക്തതിളപ്പ് ഭാഷയാണ്. ഉന്നത്തിൽ കൊള്ളുന്ന ലിപികൾ. ഗദ്യ പദ്യ സമ്മിശ്രമാണ് സാക്ഷാൽ കലർപ്പില്ലാത്ത ഉശിര് സാഹിത്യം! അതിന്റെ നിർവീര്യമാകാത്ത ഒഴുക്കാണ് കവിയരങ്ങിലെ വാവ്വ്!
പ്രശംസ ശ്രുതി. ഗസൽ പ്രഭാവി ഷാൾ ശരിപ്പെടുത്തി. സമീപത്തെ മേക്കപ്പ് മാൻ ഒടുവിലെ മിനുക്കു പണി നടത്തി. ഗസൽ രാജാവ് വിജയഛിന്നം നേർന്നു. പങ്കജ് ഉദാസെന്ന ഉസ് താദിന് ആന്ദാശ്രു അർപ്പിക്കാനെ ഇനി നിർവാഹമുള്ളൂ.
ആ പരിപാവന ലാളന സ്വരം അവസാന അവകാശികളായ സ്വർഗദൂതരേറ്റ് വാങ്ങി. ഓർമയുടെ പ്രണാമം കൈകൂപ്പി അർപ്പിക്കട്ടെ!.
സി.ജെ. ജെസ്വിൻ
ഫോൺ: 87793 88631
നഴ്സുമാരുടെയും ആശുപത്രി ജീവനക്കാരുടെയും തൊഴിൽ സുരക്ഷ: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി ഡിഎംഎ
ന്യൂഡൽഹി: നഴ്സുമാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിന്റെയും തൊഴിൽ സുരക്ഷ ഉറപ്പാക്കുവാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹി മലയാളി അസോസിയേഷൻ ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജിന് നിവേദനം നൽകി.
അടുത്തിടെ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനമനുസരിച്ച് ഇരുപത് വർഷത്തിലേറെയായി ജോലി ചെയ്യുന്നവരും പരീക്ഷയെഴുതി യോഗ്യത നേടണമെന്ന നിർബന്ധന അപൂർവവും ന്യായീകരിക്കാനാകാത്തതുമാണെന്നും നഴ്സുമാരും പാരാ മെഡിക്കൽ സ്റ്റാഫുകളും ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലാണെന്നത് വിസ്മരിക്കരുതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ആരോഗ്യ മേഖലയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ നമ്മുടെ നഴ്സുമാരുടെയും ആശുപത്രി ജീവനക്കാരും സുരക്ഷയോ സ്ഥിരതയോ ഇല്ലാതെ പിരിച്ചുവിടൽ പോലെയുള്ള സംഭവങ്ങളെ അഭിമുഖീകരിക്കുവാൻ ഇടവന്നാൽ അത് അവരുടെ മനോവീര്യവും ക്ഷേമവും നശിപ്പിക്കുവാൻ മാത്രമേ ഉപകരിക്കുവെന്നും അത് വളരെ നിരാശാജനകമാണെന്നും നിവേദനത്തിൽ പറയുന്നു.
അചഞ്ചലമായ അർപ്പണബോധവും സേവനവും അംഗീകരിക്കുകയും ഡൽഹിയിലെ നഴ്സ്മാരുടെയും ആശുപത്രി ജീവനക്കാരുടെയും തൊഴിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കണമെന്നും മാനുഷിക പരിഗണനയോടെ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥും ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും ഒപ്പിട്ട നിവേദനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഡൽഹിയിൽ ബിസിനസ് പങ്കാളിയെ കൊന്ന് യുവാവ് ജീവനൊടുക്കി
ന്യൂഡൽഹി: ബിസിനസ് പങ്കാളിയായ യുവതിയെ കൊലപ്പെടുത്തിയശേഷം ഡൽഹിയിൽ യുവാവ് ജീവനൊടുക്കി. ഈ മാസം 23 മുതൽ കാണാതായ 32കാരിയാണു കൊല്ലപ്പെട്ടത്.
സംഭവത്തിനു ശേഷം പ്രതി ഹരിയാനയിലെ സോനിപത്തിൽ ജീവനൊടുക്കിയെന്ന് പോലീസ് കണ്ടെത്തി. ബിസിനസ് പങ്കാളിയായ യുവാവിനൊപ്പം ആരംഭിക്കാനിരുന്ന പ്ലേസ്കൂളിൽ ബുധനാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇരുചക്രവാഹനത്തിൽ വീട്ടിൽനിന്ന് പോയ മകൾ തിരിച്ചെത്തിയില്ലെന്ന് 24ന് യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. വിവാഹമോചിതയായ യുവതി പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്.
ഡിഎംഎ വിനയ് നഗർകിദ്വായ് നഗർ ഏരിയക്ക് പുതു സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിദ്വായ് നഗർ ഏരിയക്ക് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ മുഖ്യാതിഥിയായിരുന്നു. കൂടാതെ കേന്ദ്രകമ്മിറ്റി അഡിഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ജോയിന്റ് ട്രഷറർ പിഎൻ ഷാജി, ജോയിന്റ് ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, വരണാധികാരി എസ്ആർ പിള്ള തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സുനിൽ കുമാർ ഗോപാലകൃഷ്ണൻ (ചെയർമാൻ ), സുകന്യ അമൻ(വൈസ് ചെയർപേഴ്സൺ), നോവൽ ആർ തങ്കപ്പൻ(സെക്രട്ടറി), ശിരീഷ് മുല്ലങ്കണ്ടി, കെപി സുതൻ, ട്രഷറർ അജി ചെല്ലപ്പൻ(ജോയിന്റ് സെക്രട്ടറിമാർ), ഡോ ശ്യാം ഷാജി(ജോയിന്റ് ട്രഷറർ), എംപി ഹരി(ഇന്റേണൽ ഓഡിറ്റർ), ടി. സുതില(വനിതാ വിഭാഗം കൺവീനർ), ഗിരി സുതൻ, എസ് പാർവ്വതി(ജോയിന്റ് കൺവീനർമാർ) എന്നിവരെ തെരെഞ്ഞെടുത്തു.
കൂടാതെ നിർവ്വാഹക സമിതി / ജനറൽ കൗൺസിൽ അംഗങ്ങളായി അനീഷ് ചന്ദ്രൻ, കഐസ് ബിജുകുമാർ, ചെറിയാൻ പി സാം, യു ദീപക് കുമാർ, എം ഗോകുൽദാസ്, ജോജോ തോമസ്, മുരളീധരൻ ഉണ്ണിത്താൻ, പ്രമോദ് വിജയൻ, പ്രവീണാ സജി, സജി സുകുമാരൻ, ശിവകുമാർ, ആർ സുദർശനൻ പിള്ള, എൻപി തങ്കച്ചൻ, കഐച്ച് വിഷ്ണു എന്നിവരെയും ജനറൽ കൗൺസിൽ അംഗങ്ങളായി ബിന്ദു അജി, ദിവ്യാ അനീഷ്, ജി ഹണി,ടെബി അഗസ്റ്റിൻ, ടിവി സന്തോഷ്, സൗമ്യാ ഗോപാലൻ, കെ ഷീനാ എന്നിവരെയും തെരഞ്ഞെടുത്തു.
ഡൽഹി എൽഎൻജെപി ആശുപത്രിയിൽ തീപിടിത്തം
ന്യൂഡൽഹി: ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ (എൽഎൻജെപി) തിങ്കളാഴ്ച രാത്രി തീപിടിത്തമുണ്ടായതു പരിഭ്രാന്തിപരത്തി. അഗ്നിശമനസേനയുടെ കൃത്യസമയത്തെ ഇടപെടൽ വലിയ അപകടമാണ് ഒഴിവാക്കിയത്.
രോഗികൾക്കോ, ജീവനക്കാർക്കോ പരിക്കുകളൊന്നുമില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് മെഡിക്കൽ ഡയറക്ടർ അറിയിച്ചു. ഫയർ ക്ലിയറൻസിനുശേഷം ആശുപത്രി സേവനങ്ങൾ പുനഃരാരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
നജഫ്ഗഡ് ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല നടത്തി
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല നടത്തി. നാട്ടിൽ നടന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ഡൽഹിയിലെ ഭക്ത ജനങ്ങൾക്കു വേണ്ടിയാണ് ക്ഷേത്രാങ്കണത്തിൽ സൗകര്യം ഒരുക്കിയത്.
രാവിലെ മഹാഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. രാവിലെ നിർമ്മാല്യ ദർശനം, പ്രഭാത പൂജകൾ, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവയും ഉണ്ടായിരുന്നു.
ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
മന്നത്ത് പദ്മനാഭൻ സമാധി ദിനം ആചരിച്ചു
ന്യൂഡൽഹി: എൻഎസ്എസ് മയൂർ വിഹാർ ഫേസ് വൺ വസുന്ധരാ എൻക്ലേവ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നവോഥാന നായകനും നായർ സമുദായത്തിന്റെ പരമാചാര്യനുമായ മന്നത്ത് പദ്മനാഭന്റെ 54-ാമത് സമാധി ദിനം ആചരിച്ചു.
വസുന്ധരാ എൻക്ലേവിലെ ഡീലക്സ് അപ്പാർട്ട്മെന്റിൽ ചേർന്ന സമാധി ദിനാചരണത്തിൽ പുഷ്പ മാല്യങ്ങളാൽ അലങ്കരിച്ച മന്നത്തിന്റെ ഛായാചിത്രത്തിനു മുമ്പിൽ നിലവിളക്കു കൊളുത്തി. തുടർന്ന് പ്രാർഥനാ ഗീതാലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
കരയോഗം പ്രസിഡന്റ് മുരളി പിള്ള പ്രഭാഷണം നടത്തി. ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, കരയോഗം കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് സമുദായാംഗവും വ്യവസായിയും സാമുഹ്യ പ്രവർത്തകനുമായ പി.കെ.ഡി. നമ്പ്യാരുടെ നിര്യാണത്തിൽ യോഗം അനുശോചനവും രേഖപെടുത്തി.
ഫരീദാബാദ് രൂപതയുടെ പാസ്റ്ററൽ കൗൺസിൽ യോഗം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ 2024-2026 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പാസ്റ്ററൽ കൗൺസിലിന്റെ യോഗം സംഘടിപ്പിച്ചു. ജസോള ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറോന ദൈവാലയത്തിൽ വച്ചാണ് യോഗം നടന്നത്. രൂപത അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു.
സഭാസംവിധാനങ്ങളിൽ അൽമായരുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രൂപത ചാൻസലർ റവ. ഫാ. മാത്യു ജോൺ ആരംഭത്തിൽ ക്ലാസെടുത്തു. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ വളർച്ചയെ എങ്ങനെ കരുതാം എന്നതിനെ ആസ്പദമാക്കി ഡോ. കെ.സി.ജോർജ് ക്ലാസ് നയിച്ചു.
2020-2023 കാലഘട്ടത്തിലെ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെ യോഗത്തിൽ ആദരിക്കുകയും കോവിഡ് കാലഘട്ടത്തിൽ സഭയ്ക്കും ഫരീദാബാദ് രൂപതയ്ക്കും ഡൽഹിയിലെ ജനതയ്ക്കും നൽകിയ സ്തുത്യർഹ സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.
ഉച്ചയ്ക്ക് ശേഷം നടന്ന പാസ്റ്ററൽ കൗൺസിൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ സെക്രട്ടറിയായി അശോക് വിഹാർ സെന്റ് ജൂഡ് ഇടവകയിലെ ജോജോ മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ സിവിൽ സർവീസ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾക്കിടയിൽ പരിചിതമായ എ.എൽ.എസ് അക്കാദമിയുടെ സ്ഥാപക ഡയറക്ടറാണ് ഇദ്ദേഹം.
ജോ. സെക്രട്ടറിയായി കൽക്കാജി സെന്റ് ജോസഫ് ഇടകയിലെ മാഗി മാത്യൂസ് തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹി സെന്റ് കൊളമ്പസ് സ്കൂളിലെ ഗണിത അധ്യാപികയാണ് മാഗി.
2024 ഓഗസ്റ്റ് മാസത്തിൽ പാലായിൽ വച്ച് നടക്കുന്ന സീറോ മലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഒരുക്കമായ മാർഗരേഖയുടെ വിശദമായ ചർച്ചകളും യോഗത്തിൽ നടന്നു.
കാശിനെ ചൊല്ലി തർക്കം; ഡൽഹിയിൽ യുവാവിനെ തല്ലിക്കൊന്നു
ന്യൂഡൽഹി: 2,300 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ തല്ലിക്കൊന്നു. ഡൽഹിയിൽ ബുറാറി മേഖലയിലാണു സംഭവം. ചികിത്സയിലിരിക്കുന്പോഴായിരുന്നു മരണം.
സംഭവത്തിൽ നാലു പ്രതികൾ പിടിയിലായി. ഇതിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ബൈക്കിലെത്തിയ ആറംഗ സംഘമാണ് ഇയാളെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചത്.
ഡൽഹിയിൽ പിറന്നാൾ ആഘോഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഔട്ടർ ഡൽഹിയിലെ പിതാംപുരയിലെ മാളിലെ റസ്റ്ററന്റിൽ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെ 23കാരനായ യുവാവ് കുത്തേറ്റു മരിച്ചു. ബുദ്ധ വിഹാർ പ്രദേശവാസിയായ ജതിനാണ് കൊല്ലപ്പെട്ടത്.
സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ജതിൻ. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തുക്കളായ വരദ്, പ്രശാൻ എന്നിവർക്കു പരിക്കേറ്റു. റസ്റ്ററന്റ് ജീവനക്കാരുമായുള്ള തര്ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിനു ലഭിച്ച വിവരം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും റസ്റ്ററന്റ് ഉടമയടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. എന്താണ് വഴക്കിനു പിന്നിലെ കാരണമെന്നു വ്യക്തമല്ല.
വലിയ പൊങ്കാല മഹോത്സവം സമാപിച്ചു
ന്യൂഡൽഹി: ഭക്തമനസുകളിൽ വ്രതശുദ്ധിയുടെ പുണ്യം പകർന്ന് നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 25-ാമത് വലിയ പൊങ്കാല മഹോത്സവം സമാപിച്ചു. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ മുഖ്യ കാർമികത്വത്തിലാണ് ഇത്തവണ വലിയ പൊങ്കാല അരങ്ങേറിയത്.
നിർമാല്യ ദർശനത്തിനു ശേഷം അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പൊങ്കാലയോട് അനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടായിരുന്നു.
താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് എഴുന്നെള്ളിച്ചപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവകളാൽ ശ്രീചോറ്റാനിക്കരയമ്മയ്ക്ക് സ്വാഗതമാരുളി.
തുടർന്ന് ഭക്തജനങ്ങൾ സ്വയം തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലയ്ക്ക് ആരംഭമായി. പൊങ്കാല അടുപ്പുകളിൽ നിന്നുയർന്ന ധൂമപടലങ്ങളും "അമ്മേ നാരായണാ ദേവീ നാരായണാ' എന്ന ദേവീമന്ത്ര സ്തുതിയും ക്ഷേത്രാങ്കണവും പരിസര പ്രദേശങ്ങളും ഭക്തി സാന്ദ്രമാക്കി.
വികാസ്പുരി നന്ദനം ഭജന സമിതിയിലെ കലാകാരന്മാർ ആലപിച്ച ഭജന, ഗാനാമൃതങ്ങളെന്നപോലെ ഭക്തജനങ്ങൾ ഏറ്റുപാടി. തിളച്ചു തൂവി പാകമായ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർഥം തളിച്ചതോടെ നിവേദ്യമായി മാറിയ പായസം ദേവിക്കു സമർപ്പിച്ചു ഭക്തർ സായൂജ്യമടഞ്ഞു.
തുടർന്ന് വർഷം നീണ്ടുനിന്ന വ്രതശുദ്ധിയുടെ പുണ്യവുമായി ഭക്തർ തിരുനടയിലെത്തി ദർശനവും നടത്തി കാണിക്യയുമർപ്പിച്ചു. തുടർന്ന് അന്നദാനത്തിലും പങ്കെടുത്ത് ഭക്തസഹസ്രങ്ങളുടെ മടക്കയാത്ര ആരംഭിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ജി. രാഘുനാഥൻ നായർ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഭാരവാഹികളായ കെ.ജി. സുനിൽ, വി.കെ.എസ് നായർ, സി. കൃഷ്ണകുമാർ, അനിൽ കുമാർ, മധുസൂധനൻ, സാബു മുതുകുളം, ഇ.ഡി. അശോകൻ, ശോഭാ പ്രകാശ്, ലത മുരുകേശൻ, ശ്യാമള കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഡൽഹിയിൽ 11 പേരുടെ മരണത്തിനിടയായ ഫാക്ടറി പ്രവർത്തിച്ചിരുന്നത് അനധികൃതമായി
ന്യൂഡൽഹി: ഡൽഹിയിൽ തീപിടിത്തമുണ്ടായ പെയിന്റ് ഫാക്ടറി പ്രവർത്തിച്ചിരുന്നത് അനധികൃതമായി എന്ന് അധികൃതർ. ആലിപ്പൂരിൽ ജനസാന്ദ്രതയേറിയ പ്രദേശത്താണ് വ്യാഴാഴ്ച തീപിടിത്തമുണ്ടായത്. 11 പേരാണ് തീപിത്തത്തിൽ മരിച്ചത്.
താമസത്തിനായി ഉപയോഗിച്ചിരുന്ന വീട് അനധികൃതമായി പെയിന്റ് നിർമാണത്തിന് ഉപയോഗിക്കുകയായിരുന്നു. അടുത്തിടെയാണ് വീട്ടിൽ പെയിന്റ് വ്യവസായം ആരംഭിച്ചതെന്ന് അയൽവാസികൾ പറഞ്ഞു.
ഹരിയാന സ്വദേശിയായ അഖിൽ ജെയിനായണ് ഫാക്ടറി നടത്തിയിരുന്നത്. സംഭവത്തിൽ ഗുരുതര വകുപ്പുകൾ ചുമത്തി കമ്പനിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.
ഡൽഹിയിൽ പെയിന്റ് ഫാക്ടറിയിൽ തീപിടിത്തം; 11 മരണം
ന്യൂഡൽഹി: പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. ഡൽഹി ആലിപ്പുറിൽ വ്യാഴാഴ്ച വൈകുന്നേരം സംഭവം.
മൂന്ന് മൃതദേഹങ്ങൾ ഫാക്ടറിക്ക് സമീപത്തുനിന്ന് കണ്ടത്തി. വൈകുന്നേരം 5.30 ഓടെ ഫാക്ടറിയിൽ തീപിടിച്ച വിവരം വിളിച്ചറിയിച്ചതായി അഗ്നിശമന സേന പറഞ്ഞു.
ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമു ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുർ സന്ദർശിച്ചു
ഗാന്ധിനഗർ: ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുറിന്റെ തെക്കൻ ഗുജറാത്തിലെ ആത്മീയ ആസ്ഥാനം രാഷ്ട്രപതി ദ്രൗപതി മുർമു സന്ദർശിച്ചു. ഗുരുദേവശ്രീ രാകേഷ്ജിയുടെ ക്ഷണപ്രകാരമാണ് രാഷ്ട്രപതി എത്തിയത്. ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുർ ട്രസ്റ്റികൾ രാഷ്ട്രപതിയെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ആശ്രമത്തിൽ നടന്ന ചടങ്ങിൽ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മന്ത്രിമാരായ ഡോ. കുബേർ ദിൻഡോർ, ജഗദീഷ് പഞ്ചാൽ, ട്രൈബൽ ഡെവലപ്മെന്റ് ഏജൻസിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ.എസ്. മുരളി കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.
രാജ് സഭാഗൃഹത്തിന്റെ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധിപ്പേർ സന്നിഹിതരായിരുന്നു. സമ്മേളനത്തിൽ ഗുരുദേവശ്രീ രാകേഷ്ജി രാഷ്ട്രപതിക്ക് ശ്രീമദ് രാജ്ചന്ദ്രജിയുടെ വിഗ്രഹവും രാജ് സഭാഗൃഹത്തിന്റെ പകർപ്പും സമ്മാനിച്ചു.
രാഷ്ട്രപതിക്കായി ഡാംഗി നൃത്തവും ഒരുക്കി. പ്രകൃതിയോടുള്ള ആദരസൂചകമായി നടത്തുന്ന നൃത്തമാണ് ഡാംഗി. ശ്രീമദ് രാജ്ചന്ദ്ര ആശ്രമത്തിലെ മഹത്തായ ആത്മീയ പാരന്പര്യത്തോട് ഹൃദയംഗമമായ ആദരവ് പ്രകടിപ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.
ശ്രീമദ് രാജ്ചന്ദ്രജിയുടെ കാൽച്ചുവടുകൾ അടയാളപ്പെടുത്തിയ പാതയിലൂടെ നടന്ന്, ആദരണീയനായ ഗുരുദേവശ്രീ രാകേഷ്ജി ആത്മീയ മേഖലയിൽ അഭൂതപൂർവമായ പ്രവർത്തനമാണ് നടത്തിയത്.
മനുഷ്യരാശിയെ സമാധാനത്തിലേക്കും സൗഹാർദത്തിലേക്കും നയിക്കാൻ തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനം മനുഷ്യരാശിയുടെ ക്ഷേമത്തിനുള്ള മഹത്തായ സംഭാവനയാണെന്നും രാഷ്ട്രപതി പറഞ്ഞു.
പരിപാടിയിൽ ഗുരുദേവശ്രീ രാകേഷ്ജിയുടെ "താഭി ഈശ്വർ പ്രസൻ ഹോംഗേ'എന്ന ഹിന്ദി പ്രഭാഷണ പരന്പരയും "ക്ഷമ' എന്ന ധ്യാന പരന്പരയും ഗവർണർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീമദ് രാജ്ചന്ദ്ര മിഷന്റെ വൈസ് പ്രസിഡന്റ് ആത്മർപിത് നേമിജി കൃതജ്ഞത രേഖപ്പെടുത്തി.
സാന്തോം ബൈബിൾ കൺവൻഷൻ സമാപിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിര ഗാന്ധി സ്റ്റേഡിയം കോംപ്ലക്സ്കിൽ രണ്ടു ദിവസമായി നടത്തപ്പെട്ട കൃപാഭിഷേകം 2024 സാന്തോം ബൈബിൾ കൺവൻഷൻ ഞായറാഴ്ച സമാപിച്ചു.
വൈകീട്ട് മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യം പ്രദക്ഷിണം നടത്തപ്പെട്ടു.
കൺവൻഷന്റെ സമാപന ദിവസത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെയും രൂപതയിലെ നവവൈദീകരുടെയും രൂപതയിൽ സേവനം ചെയ്യുന്ന മറ്റു വൈദീകരുടെയും കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള ആറായിരത്തിൽ പരം വിശ്വാസികൾ കൺവൻഷനിൽ പങ്കെടുത്തു.
സാന്തോം ബൈബിൾ കൺവൻഷൻ സമാപിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിര ഗാന്ധി സ്റ്റേഡിയം കോംപ്ലെക്സ്കിൽ രണ്ട് ദിവസമായി നടത്തപ്പെട്ട കൃപാഭിഷേകം 2024 സാന്തോം ബൈബിൾ കൺവൻഷൻ ഞായറാഴ്ച സമാപിച്ചു.
വൈകുന്നേരം മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യം പ്രദക്ഷിണം നടത്തപ്പെട്ടു. കൺവൻഷന്റെ സമാപനത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെയും രൂപതയിലെ നവവൈദീകരുടെയും രൂപതയിൽ സേവനം ചെയ്യുന്ന മറ്റ് വൈദീകരുടെയും കാർമികത്വത്തിൽ കുർബാന അർപ്പിക്കപ്പെട്ടു.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള 6000ത്തിലധികം വിശ്വാസികൾ കൺവൻഷനിൽ പങ്കെടുത്തു.
സാന്തോം ബൈബിൾ കൺവൻഷൻ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിര ഗാന്ധി സ്റ്റേഡിയം കോംപ്ലെക്സ്കിൽ വചന പ്രാഘോഷകൻ റവ.ഫാ. ഡോമിനിക് വാളൻമനാൽ നയിക്കുന്ന സാന്തോം ബൈബിൾ കൺവൻഷൻ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ശനിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു.
മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി രാജ്യതലസ്ഥാനത്തെ ഫരീദാബാദ് രൂപതയിൽ സന്ദർശനം നടത്തുന്ന പിതാവിനെ കൺവൻഷൻ സ്റ്റേഡിയത്തിൽ വിശ്വാസികൾ, രൂപത അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, സഹായ മെത്രാൻ മാർ ജോസ് പുത്തെൻവീട്ടിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന കുർബാനയ്ക്ക് ശേഷം ദീപം തെളിയിച്ച് കൺവൻഷൻ പിതാവ് ഉദ്ഘാടനം ചെയ്തു. നമ്മുടെ ജീവിതത്തിന്റെ ആത്മീയത സ്വന്തം അകത്തളങ്ങളിലേക്ക് തന്നെയുള്ള തിരിഞ്ഞുനോട്ടം ആയിരിക്കണമെന്ന് വി. കുർബാന മധ്യേ വചന സന്ദേശത്തിൽ തട്ടിൽ പിതാവ് പറഞ്ഞു.
ഡൽഹിയിൽ പോലീസുമായി വെടിവയ്പ്പ്; കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളായ കലാ ജാഥേഡി, പ്രിയവർത്ത് സംഘത്തിലെ ഒരാളെ പിടികൂടി. ഡൽഹിയിലെ രോഹിണി മേഖലയിലെ ഖേര ഖുർദ് ഗ്രാമത്തിൽ നടന്ന വെടിവയ്പ്പിൽ അജയ് ജൂൺ (33) എന്നയാളാണ് പിടിയിലായത്.
ഡൽഹിയിലും ഹരിയാനയിലുമായി കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 15 ലധികം കേസുകൾ ഇയാൾക്കെതിരെയുണ്ട്. ജൂൺ ഖേര, ഖുർദ് ഗ്രാമത്തിലെത്തുമെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു.
അതിനാൽ ഒരു കെണി നടപ്പിലാക്കി. ഞങ്ങൾ ഒരു മോട്ടോർ സൈക്കിളിൽ ജൂണിനെ കണ്ടു. വാഹനം നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും അയാൾ രക്ഷപെടാൻ ശ്രമിച്ചു. കൂടാതെ, പോലീസിനു നേരെ വെടിയുമുതിർത്തുവെന്ന് അഡീഷണൽ കമ്മീഷണർ സഞ്ജയ് ഭാട്ടിയ പറഞ്ഞു.
ഡൽഹിയിൽ സലൂണിനുള്ളിൽ വെടിവയ്പ്; രണ്ട് പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ നജഫ്ഗഡിൽ സലൂണിനുള്ളിൽ കടന്ന് അജ്ഞാതർ രണ്ടുപേരെ വെടിവച്ച് കൊലപ്പെടുത്തി. സോനു, ആശിഷ് എന്നിവരാണ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നജഫ്ഗഡിലെ ഇന്ദ്ര പാർക്ക് ഏരിയയിൽ സ്ഥിതി ചെയ്യുന്ന സലൂണിനുള്ളിലാണു സംഭവം നടന്നത്.
സലൂണിനുള്ളിൽ ഒരാൾ വെടിയേറ്റ് മരിച്ചെന്ന വിവരം ലഭിച്ചതിനു പിന്നാലെ സലൂണിൽ എത്തിയ പോലീസ് രണ്ടു പേരെ വെടിയേറ്റനിലയിൽ കാണുകയായിരുന്നു.
ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെടിവയ്പിനു പിന്നലെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
മാർ റാഫേൽ തട്ടിലിന് ഡൽഹിയിൽ സ്വീകരണം
ന്യൂഡൽഹി: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന് ഡൽഹിയിൽ സ്വീകരണം നൽകി. ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ നാളെമുതൽ നടക്കുന്ന സാന്തോം ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനും രൂപത സന്ദർശിക്കുവാനുമാണ് മേജർ ആർച്ച്ബിഷപ് എത്തിയത്.
ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിലും കൂരിയ അംഗങ്ങളും ചേർന്ന് ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചു.
തുടർന്ന് കരോൾബാഗിലുള്ള രൂപത കാര്യാലയത്തിലെത്തിയ മാർ റാഫേൽ തട്ടിൽ ഡൽഹിയിൽ സേവനം ചെയ്യുന്ന വൈദികരെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ഇന്നു വൈകുന്നേരം ജസോള ഫാത്തിമമാതാ ഫൊറോന ദേവാലയത്തിൽ രൂപതയിലെ സന്ന്യസ്തരുമായും രാത്രി ഏഴിന് ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ രൂപതയിലെ അൽമായ പ്രതിനിധികളുമായും മാർ തട്ടിൽ കൂടിക്കാഴ്ച നടത്തും.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല 18ന്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 25-ാമത് വലിയ പൊങ്കാല മഹോത്സവം ഈ മാസം 18ന് രാവിലെ 5.30ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ആരംഭം കുറിക്കും.
രാവിലെ 4.30ന് നിർമാല്യ ദർശനം, ഏഴ് മുതൽ ഉഷഃപൂജയും വിശേഷാൽ പൂജകളും ഒന്പതിന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും പണ്ടാര അടുപ്പിലേക്ക് ദിവ്യാഗ്നി പകരും.
9.30 മുതൽ വികാസ്പുരി നന്ദനം ഭജന സമിതി അവതരിപ്പിക്കുന്ന ഭജന, 11.30ന് ഉച്ചപൂജ, 12.00ന് അന്നദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. എല്ലാ വര്ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ക്ഷേത്രത്തില് വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക.
ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല നടത്തുന്നതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല, വലിയ പൊങ്കാലയായി അറിയപ്പെടുന്നത്. പൊങ്കാല സമര്പ്പണത്തിനുള്ള മണ്കലം, അരി, ശര്ക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറില് ലഭ്യമാണ്.
ഡല്ഹിയുടെയും പ്രാന്തപ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര് നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര് ഗാര്ഡന് എന്നീ സ്ഥലങ്ങളില് നിന്നെല്ലാം വലിയ പൊങ്കലയിൽ പങ്കെടുക്കുവാൻ ഭക്തജനങ്ങൾ എത്തിച്ചേരും.
പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടുകളും ബുക്ക് ചെയ്യുവാനുള്ള രസീതുകൾ ഏരിയ കോഓർഡിനേറ്റർമാരിലും കൂടാതെ അന്നേ ദിവസം ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജമാക്കുന്ന കൗണ്ടറുകളിലും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 92898 86490, 98689 90552, 88005 52070.
ഡൽഹിയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ്; ട്രെയിൻ-വിമാന സർവീസ് തടസപ്പെട്ടു
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടർന്ന് ഡൽഹി-എൻസിആർമേഖലകളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടു. ട്രെയിൻ, വിമാന സർവീസുകളെ മൂടൽ മഞ്ഞ് ബാധിച്ചു. സർവീസുകൾ പലതും വൈകി.
ഡൽഹിയിലെ ഐജിഐ എയർപോർട്ടിൽ ഇന്നു രാവിലെ ആറിനു കാഴ്ചാപരിധി പൂജ്യമാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഡൽഹിയിൽ കുറഞ്ഞ താപനില 12.3 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 18.6 ഡിഗ്രി സെൽഷ്യസുമായിരുന്നു.
ഹരിയാന, രാജസ്ഥാൻ, ഝാർഖണ്ഡ് എന്നിവിടങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടു. അഞ്ചാം തിയതിക്കുശേഷം മൂടൽമഞ്ഞിന്റെ സാന്ദ്രത കുറയുമെന്നും കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ ദൃശ്യമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഫെബ്രുവരിയിൽ മഴയുടെ വർധന പ്രതീക്ഷിക്കുന്നുണ്ട്. കനത്ത മൂടൽമഞ്ഞിനെത്തുടർന്നു കഴിഞ്ഞ മാസം ഡൽഹിയിൽ ദിവസങ്ങളോളം ജനജീവിതം തടസപ്പെട്ടിരുന്നു.