സൌദി ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 1372
Thursday, March 17, 2016 7:00 AM IST
റിയാദ്: സൌദി അറേബ്യയിലെ ജയിലുകളില്‍ 2016 ഫെബ്രവരിയിലെ കണക്കു പ്രകാരം 1372 ഇന്ത്യക്കാരുള്ളതായി റിയാദ് ഇന്ത്യന്‍ എംബസിയില്‍നിന്നു ലഭിച്ച കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

സിപിഐയുടെ ലോക്സഭാംഗം സി.എന്‍. ജയദേവന്റെ ചോദ്യത്തിനു മറുപടിയായാണു സുഷമ സ്വരാജ് ഈ വിവരങ്ങള്‍ നല്‍കിയത്.

2010 ല്‍ ഇന്ത്യയും സൌദിയും ഒപ്പിട്ട കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ പ്രകാരം ഇതുവരെ ഒരാളെപ്പോലും കൈമാറിയിട്ടില്ലെന്നും മന്ത്രി വെളിപ്പെടുത്തി.

2014 നവംബറില്‍ റിയാദിലെ ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി ആവശ്യപ്പെട്ടതനുസരിച്ച് മുന്‍ എംപി എം.പി. അച്യുതന്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി സുഷമ സ്വരാജ് നല്‍കിയ മറുപടിയും ഈ വര്‍ഷം ജനുവരിയില്‍ ബംഗളൂര്‍ സ്വദേശി മഹേഷ് വിജയന്‍ വിവരാവകശായ നിയമപ്രകാരം ഇന്ത്യന്‍ എംബസിയില്‍ നല്‍കിയ പരാതിയില്‍ ലഭിച്ച മറുപടിയും തമ്മിലുള്ള പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് സി.എന്‍. ജയദേവന്‍ എംപി ഇക്കാര്യം ലോക്സഭയില്‍ കൊണ്ടുവന്നത്. അന്നത്തെ മറുപടിയില്‍ സുഷമ സ്വരാജ് റിയാദ് എംബസിയുടെ പരിധിയില്‍ 922 ഉം ജിദ്ദ കോണ്‍സുലേറ്റിന്റെ പരിധിയില്‍ 594 ഉം അടക്കം 1516 ഇന്ത്യക്കാര്‍ ജയിലിലുണ്െടന്നായിരുന്നു അറിയിച്ചത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരമുള്ള പരാതിയില്‍ ഇന്ത്യന്‍ എംബസി നല്‍കിയ മറുപടിയില്‍ 940 എന്ന കണക്കായിരുന്നു. ഇത് സ്വാഭാവികമാണെന്നും അതിനിടെ ആളുകള്‍ ശിക്ഷാകലാവധി കഴിഞ്ഞ് പുറത്തിറങ്ങുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്തിട്ടുണ്െടന്നും കൃത്യമായ കണക്കുകള്‍ ലഭിക്കുക സൌദി അറേബ്യയില്‍ പ്രയാസമാണെന്നുമാണു സുഷമാ സ്വരാജ് മറുപടി നല്‍കിയത്. ഒരാള്‍ ജയിലിലായാല്‍ ഉടനെ എംബസിയെ അറിയിക്കുന്ന പതിവ് സൌദി അറേബ്യയിലില്ലെന്നും ജയിലുകള്‍ സന്ദര്‍ശിക്കുന്ന എംബസി ഉദ്യോഗസ്ഥരാണു ജയിലിലുള്ള ഇന്ത്യക്കാരുടെ കണക്കുകള്‍ ശേഖരിക്കുന്നതെന്നും സുഷമാ സ്വരാജ് എംപിയെ അറിയിച്ചു.

കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം 29 ഇന്ത്യന്‍ കുറ്റവാളികളെ ആയിരുന്നു കൈമാറ്റം ചെയ്യാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ 26 പേര്‍ ഇതിനകം തങ്ങളുടെ ശിക്ഷാകാലാവധി കഴിഞ്ഞും പൊതുമാപ്പില്‍ ഉള്‍പ്പെട്ടും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള മൂന്നു പേരില്‍ ഒരാളുടെ ശിക്ഷാകലാവധി കൂടി കഴിഞ്ഞിരിക്കുകയാണെന്നും ശേഷിക്കുന്ന രണ്ടുപേരെ ഇന്ത്യയിലെ ജയിലിലേക്കു മാറ്റാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും സുഷമ സ്വരാജ് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍