ഡ്രൈവു ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അപകടസാധ്യത വര്‍ധിപ്പിക്കുന്നു
Friday, November 27, 2015 8:47 AM IST
വിയന്ന: ഓസ്ട്രിയയില്‍ റോഡപകടങ്ങളുടെ നിരക്ക് ക്രമാതീതമായി ഉയരുന്നതിന്റെ പ്രധാന കാരണം മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തു പിടിച്ച് സംസാരിച്ചുകൊണ്ട് വാഹനങ്ങള്‍ ഓടിക്കുന്നതു മൂലമാണെന്നു മോട്ടോര്‍ വാഹന ഗതാഗത വകുപ്പിന്റെ വക്താവ് വ്യക്തമാക്കി. ഇത് മദ്യപിച്ചു വാഹനമോടിക്കുന്നതിനു തുല്യമാണ്.

മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തുപിടിച്ചു ഡ്രൈവ് ചെയ്യുന്നത് അപകട സാധ്യതയെ ഗണ്യമായി വര്‍ധിപ്പിക്കുന്നു. റോഡ് സുരക്ഷാ അഥോറിറ്റിയുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് ദിനംപ്രതി ഓസ്ട്രിയയില്‍ ഒമ്പതു ലക്ഷം പേര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു വാഹനമോടിക്കുന്നു. എന്നാല്‍, ഇതില്‍ 25,000 പേര്‍ മാത്രമാണു പിടിക്കപ്പെടുന്നത്.

പോലീസിന്റെ കണക്കനുസരിച്ച് 2013 നെ അപേക്ഷിച്ച് ഇത്തരക്കാരുടെ എണ്ണം 2014 ല്‍ 6,933 ആയി വര്‍ധിച്ചു. 2014ല്‍ വിയന്നയില്‍ മാത്രം മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചതിന് ശിക്ഷ കിട്ടിയവരുടെ എണ്ണം 26,753 ഉം സ്റയര്‍മാര്‍ക്കില്‍ 25,875 ഉം നീഥര്‍ ഓസ്ട്രിയയില്‍ 23,956 ഉം, ഓബര്‍ ഓസ്ട്രിയയില്‍ 15518 ഉം കേരന്റനില്‍ 12292 ഉം ടിറോളില്‍ 11101 ഉം സാള്‍സ് ബുര്‍ഗില്‍ 7547 ഉം ഫൊറാറല്‍ ബര്‍ഗില്‍ 4914 ഉം ബുര്‍ഗന്‍ ലാന്റില്‍ 2665 ഉം പേര്‍ക്കാണ്.

എന്നാല്‍ ഓസ്ട്രിയയിലെ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് വാഹനമോടിക്കുമ്പോള്‍ ഹാന്‍ഡ് ഫ്രീയായി സംസാരിക്കുന്നത് (ബ്ളൂടൂത്ത്, ജിപിഎസ്, നാവിഗേറ്റര്‍) ശിക്ഷാര്‍ഹമല്ല.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍