റിസാല സ്റഡി സര്‍ക്കിള്‍ യുവ വികസനസഭ സമാപിച്ചു
Tuesday, April 28, 2015 6:50 AM IST
മനാമ: ബഹറിനില്‍ പ്രവാസിസമൂഹത്തിന്റെ വിദ്യാഭ്യാസ തൊഴില്‍ ഭാവി സുരക്ഷിതമാക്കുന്നതിനായി കമ്യുണിറ്റി സ്കൂള്‍ സംവിധാനം ശക്തിപ്പെടുത്തുകയും വിദൂര വിദ്യാഭ്യാസ സംവിധാനത്തിനു സൌകര്യമേര്‍പ്പെടുത്തണമെന്നും റിസാല സ്റഡി സര്‍ക്കിള്‍ യുവവികസന സഭ ആവശ്യപ്പെട്ടു.

പ്രവാസികളുടെ ഇത്തരം വിഷയങ്ങള്‍ സര്‍ക്കാരിന്റെയും നിയമസഭയുടെയും മുന്നില്‍ കൊണ്ടു വരുമെന്നു മുഖ്യപ്രഭാഷണം നടത്തിയ പി.ടി.എ. റഹീം എംഎല്‍എ പറഞ്ഞു.

എല്ലാ കാലത്തും ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളായ സമൂഹമാണു പ്രവാസികളെന്നും യുവ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി വരുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ ഈ സാഹചര്യങ്ങള്‍ക്കു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിനിധിസഭ, പ്രഫഷനല്‍ മീറ്റ്, വിദ്യാര്‍ഥിസഭ, വിചാരസഭ, യൂത്ത് പാര്‍ലമെന്റ് തുടങ്ങി ആറു സെഷനുകളിലായി നടന്ന വികസനസഭ യുവാക്കളുടെ ഭാവിയും പ്രവാസവും സംബന്ധിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വിധേയമാക്കി. ഗള്‍ഫില്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ള സാംസ്കാരിക പ്രവര്‍ത്തനമേഖലയില്‍ ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ന്യൂജനറേഷന്‍ തിരുത്തെഴുതുന്ന യൌവനം എന്ന സന്ദേശത്തില്‍ നടത്തിയ യുവ വികസന വര്‍ഷത്തിന്റെ സമാനമായാണ് യുവ വികസനസഭ സംഘടിപ്പിച്ചത്.

രാവിലെ നടന്ന പ്രതിനിധിസഭ കെ.പി. സുബൈര്‍ ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞു നടന്ന പ്രഫഷണല്‍ മീറ്റ്, ഐസിഎഫ് ജനറല്‍ സെക്രട്ടറി എം.സി. അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. അഡ്വ. ജലീല്‍, ആര്‍.പി. ഹുസൈന്‍ ക്ളാസെടുത്തു. വിചാരസഭ മുഹമ്മദ് സീതി ഉദ്ഘാടനം ചെയ്തു. സത്യദേവ്, ടി.എ. അലി അക്ബര്‍ സംവദിച്ചു. വിദ്യാര്‍ഥി സഭ അബ്ദുസലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജോണ്‍ പനക്കല്‍ ക്ളാസെടുത്തു. പി.ടി.എ. റഹീം എംഎല്‍എ കുട്ടികളുമായി സംവദിച്ചു. തുടര്‍ന്നു നടന്ന യൂത്ത് പാര്‍ലമെന്റ് പ്രവാസികളുടെ ജീവല്‍ പ്രശ്നങ്ങള്‍ സജീവ ചര്‍ച്ചയ്ക്കു വിധേയമാക്കി. എംഎല്‍എക്കൊപ്പം ബഹറിനിലെ സാമൂഹിക പ്രതിനിധികളായ സിയാദ് ഏഴംകുളം, എം.സി. അബ്ദുള്‍ കരീം, വീരമണി, ഇ.പി. അനില്‍, ചെമ്പന്‍ ജലാല്‍, ജമാല്‍ മൊയ്തീന്‍, അജയ് കൃഷ്ണന്‍, സൈതാലി, ഫിറോസ് തിരുവത്ര, ബഷീര്‍ ചെറുവണ്ണൂര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. ഇ.പി. രാജീവ് ചര്‍ച്ച നിയന്ത്രിച്ചു.

വൈകുന്നേരം നടന്ന സമാപന സമ്മേളനം ഇന്ത്യന്‍ സ്കൂള്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. റഹീം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. എം.സി. അബ്ദുള്‍ കരീം, സൈനുദ്ദീന്‍ സഖാഫി, ടി.എ. അലി അക്ബര്‍, ഇസ്മായില്‍ മിസ്ബാഹി, അന്‍വര്‍ സലിം സൌദി, ജാഫര്‍ കിനാലൂര്‍, ജലീല്‍ എടക്കുളം, വി.പി.കെ. മുഹമമ്മദ് എന്നിവര്‍ സംസാരിച്ചു.