കുവൈറ്റ് എയര്‍വെയ്സ് മ്യൂണിക്കില്‍ നിന്നും പുതിയ സര്‍വീസ് തുടങ്ങുന്നു
Friday, April 17, 2015 7:47 AM IST
ഫ്രാങ്ക്ഫര്‍ട്ട്: കുവൈറ്റ് എയര്‍വെയ്സ് ജര്‍മനിയിലെ മ്യൂണിക്ക് ഫ്രാന്‍സ് ജോസഫ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ജൂലൈ 16 മുതല്‍ പുതിയ സര്‍വീസ് തുടങ്ങുന്നു.

തുടക്കത്തില്‍ ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളില്‍ ആഴ്ച്ചയില്‍ മൂന്നു ഫ്ളൈറ്റുകളാണ് തുടങ്ങുന്നത്. ഈ ദിവസങ്ങളില്‍ കെ.യു. 174 ഉച്ചകഴിഞ്ഞ് 14.25 ന് മ്യൂണിക്കില്‍ നിന്നും പുറപ്പെട്ട് വൈകുന്നേരം 20.55 ന് കുവൈറ്റില്‍ എത്തുന്ന ഫ്ളൈറ്റിന് കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ മിക്ക എയര്‍പോര്‍ട്ടുകളിലേക്കും കുവൈറ്റ് എയര്‍വെയ്സ് കണക്ഷന്‍ ലഭിക്കും. കുവൈറ്റ്-മ്യൂണിക് കെ.യു.173 ഫ്ളൈറ്റ് രാവിലെ 07.45 ന് പുറപ്പെട്ട് ഉച്ചക്ക് 12.55 ന് മ്യൂണിക്കിലെത്തും. കുവൈറ്റ്-മ്യൂണിക്-കുവൈറ്റ് സര്‍വീസ് പുതിയ എയര്‍ബസ് 340 ഉപയോഗിച്ചാണ് നടത്തുന്നത്.

ഇതുവരെ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്നു മാത്രം ഫ്ളൈറ്റ് നടത്തുന്ന കുവൈറ്റ് എയര്‍വെയ്സിന്റെ രണ്ടാമത്തെ ഫ്ളൈറ്റ് സര്‍വീസാണ് മ്യൂണിക്കില്‍ നിന്നും തുടങ്ങുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഞായര്‍, ബുധന്‍, ശനി ദിവസങ്ങളില്‍ ആഴ്ച്ചയില്‍ മൂന്നു ഫ്ളൈറ്റുകളാണ് കുവൈറ്റ് എയര്‍വെയ്സ് ഇപ്പോള്‍ നടത്തുന്നത്. കുവൈറ്റ് എയര്‍വെയ്സിന്റെ ഈ പുതിയ ഫ്ളൈറ്റ് ജര്‍മനിയിലെ ബവേറിയ, ബാഡന്‍വിട്ടന്‍ബെര്‍ഗ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൌകര്യപ്രദമാകും. അതുപോലെ തെരക്കുള്ള വെക്കേഷന്‍ സമയങ്ങളില്‍ ജര്‍മ്മനിയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികള്‍ക്കും ടൂറിസ്റുകള്‍ക്കും റെയില്‍ യാത്രയോടെ പ്രയോജനപ്പെടും. കുവൈറ്റ് എയര്‍വെയ്സിന്റെ മ്യൂണിക്കില്‍ നിന്നും തുടങ്ങുന്ന പുതിയ ഫ്ളൈറ്റ് ടിക്കറ്റുകള്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ഇപ്പോള്‍ മുതല്‍ ബുക്ക് ചെയ്ത് വാങ്ങാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍