ഉത്തരേന്ത്യയിലെ മുസ്ലിം സംഘടനകള്‍ ഒരുമിച്ചുനിന്നു പ്രവര്‍ത്തിക്കണം: കാന്തപുരം
Saturday, January 31, 2015 8:39 AM IST
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ മുസ്ലിം സുന്നി സംഘടനകള്‍ ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍.

അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ദേശീയ പണ്ഡിത സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാമൂഹിക ഇടപെടലുകളിലൂടെയുള്ള സാമുദായിക ശാക്തീകരണം ഒത്തൊരുമയോടെയുള്ള സംഘപ്രവര്‍ത്തനത്തിലൂടെ കരുത്താര്‍ജിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ നാനാത്വത്തില്‍ ഏകത്വമെന്ന നയം നിലനിര്‍ത്തണം. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്യ്രം ഹനിക്കപ്പെടാന്‍ അനുവദിക്കരുത്. ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതില്‍ മുസ്ലിം സമുദായം എന്നും മുന്‍പന്തിയിലുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ മതസൌഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഫലപ്രദമായി പ്രതിരോധിക്കണമെന്നും കാന്തപുരം പറഞ്ഞു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പണ്ഡിതന്മാരും സൂഫികളും ഉദ്യോഗസ്ഥരും ദേശീയ പണ്ഡിത സമ്മേളനത്തില്‍ പങ്കെടുത്തു. സുന്നി ഉമലാ ഫെഡറേഷന്‍, ഓള്‍ ഇന്ത്യ തഹ്രീകേ ഹിമായതുല്‍ ഇസ്ലാം, ഇത്തിഹാദെ മില്ലത്ത് കൌണ്‍സില്‍, ഇസ്ലാമിക് എഡ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ പ്രസംഗിച്ചു.

ഡല്‍ഹിയിലെ ഷാഹി മസ്ജിദ് ഫത്തേപുരി ഇമാം മൌലാനാ മുഅസം അലി ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ മുസ്ലിങ്ങളുടെ സമഗ്ര വികസനത്തിനുവേണ്ടി സുന്നി സംഘടനകള്‍ ഒരുമിച്ചുനില്‍ക്കാനുള്ള ആഹ്വാനം സ്വാഗതാര്‍ഹമാണെന്നും ഇതു ദേശീയതലത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മൌലാനാ മുഅസം അലി പറഞ്ഞു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിനു കീഴില്‍ നവജാഗരണത്തിനു തയാറാവുന്നതില്‍ സന്തോഷമാണുള്ളതെന്ന് ഇത്തിഹാദെ മില്ലത്ത് കൌണ്‍സില്‍ അധ്യക്ഷന്‍ മൌലാനാ തൌഖീര്‍ റസാഖാന്‍ ബറേല്‍വി പറഞ്ഞു. ഇന്ത്യയിലെ മുഴുവന്‍ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് നടപ്പാക്കാനുള്ള വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു മൌലാനാ ഗുലാം അബ്ദുള്‍ ഖാദിര്‍ ഹബീബി പറഞ്ഞു.

മര്‍ക്കസ് ഡയറക്ടര്‍ ഡോ. എം.എ.എച്ച്. അസ്ഹരി, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, നാഷണല്‍ കമ്മീഷന്‍ ഫോര്‍ ബാക്വേഡ് കമ്യൂണിറ്റീസ് അധ്യക്ഷന്‍ അബ്ദുള്‍ അലി അസീസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സദസ് ശ്രദ്ധേയമായി.

അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ദേശീയ നേതൃത്വത്തിലേക്കു കൂടുതല്‍ അംഗങ്ങളെ നിയമിച്ചു. നിലവിലുള്ള ദേശീയ സമിതിയിലേക്ക് മൌലാനാ തൌഖീര്‍ റസാഖാന്‍ ബറേല്‍വി, മൌലാനാ മഖ്ബുള്‍ അഹ്മദ് സ്വാദിഖ് മിസ്ബാഹി, മൌലാനാ മുഅസം അഹമ്മദ് ഫത്തേപുരി, മൌലാന ഷര്‍ഫറാസ് അഹമ്മദ്, ഡോ. മുംതാസ് അഅലാ റസ്വി, സയിദ് ജാവേദ് അഹ്മദ് എന്നിവരെ അംഗങ്ങളായി തെരഞ്ഞെടുത്തു.

സംഘടനയുടെ പത്തിന കര്‍മപദ്ധതി ദേശീയ പണ്ഡിത സമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളം നടക്കുന്ന ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക, രാഷ്ട്രീയ മുന്നേറ്റത്തേക്കാള്‍ സാമൂഹിക ഇടപെടലുകളിലൂടെ സാമുദായികശാക്തീകരണം ശക്തമാക്കുക, ഇന്ത്യയുടെ അഖണ്ഡതയും മതസ്വാതന്ത്യ്രവും സംരക്ഷിക്കുക, വിവിധ ജനവിഭാഗങ്ങള്‍ തമ്മലുള്ള സംഘര്‍ഷങ്ങള്‍ തടയുക, ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നു മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുക, മുസ്ലിങ്ങളുടെ ചരിത്രപരമായ അസ്തിത്വം സംരക്ഷിക്കുക, ഇന്ത്യയുടെ ചരിത്രം തിരുത്താനുള്ള ശ്രമങ്ങള്‍ ഫലപ്രദമായി ചെറുക്കുക, തീവ്രവാദത്തിനെതിരെ ജനകീയ മുന്നേറ്റം ശക്തമാക്കുക, ന്യൂനപക്ഷ വകുപ്പ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി, കേന്ദ്ര വഖ്ഫ് ബോര്‍ഡ്, മൌലാനാ ആസാദ് ഫൌണ്േടഷന്‍ എന്നിവയില്‍ സുന്നി മതപണ്ഡിതന്മാരെ നിയമിക്കുക തുടങ്ങിയവയാണ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ നയരേഖയിലുള്ളത്.