വിയന്നയില്‍ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ മാര്‍ യൌസേബിയൂസ് ഉദ്ഘാടനം ചെയ്യും
Saturday, January 31, 2015 8:38 AM IST
വിയന്ന: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ ദ്വിതീയ അധ്യക്ഷനും തിരുവനന്തപുരം അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പുമായിരുന്ന ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ വിയന്നയിലെ മാര്‍ ഈവാനിയോസ് മലങ്കര മിഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം നടക്കും. ആഘോഷപരിപാടികള്‍ മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ അധ്യക്ഷനും കാനഡ-യൂറോപ്പ് മേഖലയുടെ അപ്പസ്തോലിക് വിസിറ്റേറ്ററുമായ ഡോ. തോമസ് മാര്‍ യൌസേബിയുസ് മെത്രാപ്പോലിത്ത വിയന്നയിലെ ബ്രൈറ്റന്‍ഫെല്‍ഡ് ദേവാലയത്തില്‍ ഫെബ്രുവരി ഒന്നിന് (ഞായര്‍) ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ എന്ന നിലയിലും മലങ്കര സഭയുടെ ദ്വിതീയ അധ്യക്ഷനെന്ന പദവിയിലും പ്രവര്‍ത്തിച്ച് കേരളസമൂഹത്തിനും സഭയ്ക്കും വേണ്ടി നിസ്തുലമായ സേവനം ചെയ്ത ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ജന്മശതാബ്ദിക്കുവേണ്ടി ഏറെ പ്രാധാന്യത്തോടെയാണു ലോകം മുഴുവനുമുള്ള മലങ്കര മക്കള്‍ ഒരുങ്ങുന്നത്. അദ്ദേഹം സഭയ്ക്കും ദേശത്തിനും നല്‍കിയ സംഭാവനകള്‍ക്കും സഭയെ ധീരമായി നയിച്ചതിനുമുള്ള കൃതജ്ഞതാ പ്രകടനമായിട്ടാണ് ആഘോഷപരിപാടികള്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി ഒന്നിന് അമേരിക്കയിലെ എല്ലാ എക്സാര്‍ക്കേറ്റുകളിലെയും കാനഡയിലെയും യൂറോപ്പിലെയും മലങ്കര സഭയുടെ എല്ലാ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും മാര്‍ ഗ്രിഗോറിയോസ് പിതാവിനുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ധൂപപ്രാര്‍ഥന നടത്തുകയും ചെയ്യും.

അതേസമയം ഫെബ്രുവരി 17നു രാവിലെ 9.30നു പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ പിതാവിന്റെ ഓര്‍മയാചരണവും പൊതുസമ്മേളനവും നടക്കും. ജന്മശതാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ചടങ്ങില്‍ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരെയും സഭയിലെ കൂടുതല്‍ പ്രതിനിധികളെയും ചേര്‍ത്തുകൊണ്ടുള്ള ജന്മശതാബ്ദി മഹാസമ്മേളനം പിന്നീടു നടക്കും.

ഗ്രിഗോറിയോസ് തിരുമേനിയുടെ 'സ്നേഹം മമദീപം' എന്ന സ്ഫുടം ചെയ്തെടുത്ത ജീവിതക്രമവും ദര്‍ശനങ്ങളും ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാണെന്നും തിരുമേനി ബാക്കിവച്ച ഉള്‍കാഴ്ചകളെ അര്‍ഥവത്തായി പ്രസരിപ്പിക്കാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്നും മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ ജന്മശതാബ്ദിക്കുവേണ്ടി തയാറാക്കിയ പ്രത്യേക സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: ജോബി ആന്റണി