ചില്ല ഡിഡിഎ ഫ്ളാറ്റ്സില്‍ റിപ്പബ്ളിക് ദിനാഘോഷവും സാംസ്കാരിക സന്ധ്യയും അരങ്ങേറി
Thursday, January 29, 2015 8:26 AM IST
ന്യൂഡല്‍ഹി: ചില്ലാ ഡിഡിഎ ഫളാറ്റ്സിലെ പൂജാ പാര്‍ക്കില്‍ ദേശ ഭാഷകള്‍ക്കതീതമായി റിപ്പബ്ളിക് ദിനാഘോഷവും സാംസ്കാരിക സന്ധ്യ 2015ഉം ആഘോഷിച്ചു.

കുട്ടികളിലെ സര്‍ഗവാസനകള്‍ ഉണര്‍ത്താനും അവരുടെ കഴിവുകള്‍ സഹൃദയ സമക്ഷം അവതരിപ്പിക്കാനും ഉതകുന്ന വേദി ഒരുക്കിക്കൊടുക്കുകയാണ് ഇതുപോലെയുള്ള ആഘോഷപരിപാടികളിലൂടെ സാധ്യമാകുന്നതെന്നു പരിപാടികളുടെ മുഖ്യ മേല്‍നോട്ടം വഹിച്ച സുനിത സത്യനാരായണനും ചന്ദ്രബാബുവും പറഞ്ഞു.

ആനുകാലിക പ്രസക്തമായ പല വിഷയങ്ങളും തന്മയത്വത്തോടെ കുട്ടികള്‍ അവതരിപ്പിച്ചു. എവിടെയും സ്ത്രീകള്‍ സുരക്ഷിതരല്ല. അവര്‍ പിഞ്ചു കുട്ടികളാവട്ടെ മുതിര്‍ന്നവരാവട്ടെ, സമൂഹത്തില്‍ പെണ്‍മക്കള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ വിവിധ മുഖങ്ങള്‍ സഹൃദയ സമക്ഷം അവതരിപ്പിക്കുകയായിരുന്നു രമ്യയുടെ നേതൃത്വത്തില്‍ അണിനിരന്ന കുട്ടികള്‍. സ്വന്തം വീട്ടിലായാലും ഭര്‍ത്താവിന്റെ വീട്ടിലായാലും അതല്ല, സമൂഹത്തില്‍ എവിടെയായാലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനം സഹിച്ചു കഴിയുകയാണ് ഇന്നും സ്ത്രീയെന്ന വര്‍ഗം. ദുര്‍ഗയുടെ അനുഗ്രഹാശിസുകളോടെ പീഡനത്തിനിരയായവര്‍ തങ്ങളെ പീഡിപ്പിച്ചവര്‍ക്കെതിരേ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോള്‍ പ്രേക്ഷകര്‍ ഹര്‍ഷാരവം അതു സ്വീകരിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുവാന്‍ ഉതകുന്ന ഭരണ സംവിധാനത്തിന്റെ ആവശ്യകത അനിവാര്യമാണെന്നും കുട്ടികളുടെ സ്കിറ്റ് ആഹ്വാനം ചെയ്തു.

വളരെ വിപുലമായ രീതികളിലാണ് ഇത്തവണ ഒരുക്കിയത്. മലയാളികളും തമിഴരും കന്നടക്കാരും ആന്ധ്രക്കാരും ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനക്കാരും വടക്കേ ഇന്ത്യക്കാരും തുല്യതയോടെ വസിക്കുന്ന ചെറിയ കോളനിയായ ചില്ലാ ഡിഡിഎ ഫ്ളാറ്റ്സില്‍ ഏവരും ഒരുമയോടെയാണു പരിപാടികള്‍ക്കു മേല്‍നോട്ടം വഹിച്ചത്. ഉച്ചകഴിഞ്ഞു മൂന്നിനു പ്രാര്‍ഥനാ ഗീതാലാപനത്തോടെ ആരംഭിച്ച പരിപാടികള്‍ രാത്രിവരെ നീണ്ടു. കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ട്രോഫികള്‍ വിതരണം ചെയ്തു. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി