ജര്‍മനിയിലെ മുത്തശി 112-ാം വയസില്‍ നിര്യാതയായി
Wednesday, April 23, 2014 5:02 AM IST
ബര്‍ലിന്‍:ജര്‍മനിയിലെ ഏറ്റവും പ്രായം കൂടിയ വനിത ഗെര്‍ട്രൂഡ് ഹെന്‍സെ നൂറ്റിപ്പന്ത്രണ്ടാമത്തെ വയസില്‍ നിര്യാതയായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ലോവര്‍ സാക്സനിലെ ഗോട്ടിംഗന്‍ നഗരത്തിലെ ഒരു കെയര്‍ ഹോമില്‍ ആയിരുന്നു അന്ത്യം. രാത്രിയുറങ്ങാന്‍ കിടന്ന ഇവര്‍ പിറ്റേന്നു ഉണര്‍ന്നതേയില്ല. ഇാരതിയില്‍ എപ്പോഴോ ഉറക്കത്തില്‍ മരണം സംഭവിച്ചുവെന്നാണ് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. 2013 ഡിസംബര്‍ എട്ടിനാണ് 112 ാമത്തെ ബര്‍ത്ത്ഡേ ആഘോഷിച്ചത്.

ബാള്‍ട്ടിക് ദ്വീപായ റ്യൂഗനില്‍ 1901 ഡിസംബര്‍ എട്ടിന് ജനിച്ച ഗെര്‍ട്രൂഡ് ഇക്കാലമത്രയും അവിവാഹിതായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് നഴ്സിംഗ് പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ കുറെക്കാലം ആരോഗ്യമേഖലയില്‍ ജോലിചെയ്തിരുന്നു. തുടര്‍ന്ന് മദ്ധ്യജര്‍മനിയിലെ ഹാര്‍സ് പര്‍വത നിരകള്‍ക്കടുത്തുള്ള ഗോസ്ലാര്‍ എത്ത സ്ഥലത്ത് താമസമാക്കുകയും അവടെ ലൈബ്രേറിയനായി ജോലി ചെയ്ത് വിശ്രമജീവിതത്തിലേയ്ക്കു കടക്കുകയായിരുന്നു. വായനയായിരുന്ന ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ഹോബി. മരിയ്ക്കുന്നതിന് തൊട്ടു മുമ്പുവരെ വായന തുടര്‍ന്നിരുന്നതായി കെയര്‍ ഹോം അധികാരികള്‍ പറഞ്ഞു. കൂടാതെ പുകവലിയും വൈന്‍ കുടിയും ഇഷ്ടപ്പെട്ടിരുന്നു. മൊബൈല്‍ ഫോണായിരുന്നു ഗെര്‍ട്രൂഡിന്റെ സന്തതസഹചാരി. ഇവരുടെ ഭൌതി ശരീരം സയന്റിഫിക് റിസേര്‍ച്ചിനായി സംഭാവന നല്‍കണമെന്നായിരുന്നു വില്‍പ്പത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍