വീണ്ടും ചങ്ങലയ്ക്കിട്ട ക്രൂരത!
Monday, February 17, 2025 10:46 AM IST
ന്യൂഡൽഹി: അമേരിക്കയിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാം സംഘത്തെയും നാട്ടിലെത്തിച്ചത് കാലിൽ ചങ്ങലയും കൈയിൽ വിലങ്ങും അണിയിച്ച്.
യുഎസ് സൈനികവിമാനത്തിൽ ശനിയാഴച രാത്രി അമൃത്സറിൽ വന്നിറങ്ങിയ പഞ്ചാബ് ഹോഷിയാർപുർ സ്വദേശിയായ ദൽജിത് സിംഗാണ് താൻ അനുഭവിച്ച ദുരിതങ്ങൾ മാധ്യമപ്രവർത്തകരോടു വിവരിച്ചത് ഇപ്രകാരം.
""യാത്രയിലുടനീളം കാലുകളിൽ ചങ്ങലയും കൈകളിൽ വിലങ്ങുകളുമുണ്ടായിരുന്നു. അമൃത്സറിൽ വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുന്പാണ് ഇവ അഴിച്ചുമാറ്റിയത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളെയും മൂന്നു കുട്ടികളെയും വിലങ്ങണിയിച്ചിരുന്നില്ല’’-ദൽജിത് പറഞ്ഞു.
""ഡോങ്കി റൂട്ട് എന്നറിയപ്പെടുന്ന കുപ്രസിദ്ധവും അപകടംനിറഞ്ഞതുമായ പാതയിലൂടെയാണ് എന്നെ യുഎസിൽ എത്തിച്ചത്. കുടിയേറ്റക്കാർ യുഎസിലേക്ക് നുഴഞ്ഞുകയറാൻ ഉപയോഗിക്കുന്ന പാതയാണിത്.
വ്യാജ ട്രാവൽ ഏജന്റുമാർ നിരവധി പേരെയാണ് ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത്. നിയമവിധേയമായ മാർഗത്തിലൂടെ യുഎസിൽ എത്തിക്കാമെന്നു വാഗ്ദാനം ചെയ്ത ഒരു ട്രാവൽ ഏജന്റിന് 65 ലക്ഷം രൂപ നൽകിയാണ് ഞാനും കുരുക്കിൽപ്പെട്ടത്''- ദൽജിത് പറയുന്നു.
കൃഷിയിൽനിന്നു ലഭിക്കുന്ന വരുമാനംകൊണ്ട് കുടുംബം പുലർത്താൻ സാധിക്കാതെ വന്നതോടെയാണ് യുഎസ് മോഹങ്ങൾ മനസിൽ കയറിക്കൂടിയത്. ബ്രസീലിൽ എത്തിക്കപ്പെട്ട ദൽജീത് അവിടെനിന്ന് കാടും മേടും കാൽനടയായി കടന്നാണ് പാനമ മുറിച്ചുകടന്നത്.
യാത്രയുടെ ചില ഭാഗങ്ങൾ കപ്പലിലായിരുന്നു. ഒടുവിൽ മെക്സിക്കോയിലെത്തിയെങ്കിലും ആഹാരം പരിമിതമായിരുന്നു. മെക്സിക്കോയിൽ ഒരു മാസം താമസിച്ചു.
നൂറു പേരടങ്ങുന്ന സംഘവും ഒപ്പമുണ്ടായിരുന്നു. ഈ സമയത്താണ് ട്രാവൽ ഏജന്റിന്റെയും തന്റെ സ്വന്തം ഗ്രാമത്തിൽനിന്നുള്ള മറ്റൊരാളുടെയും സമ്മർദത്തിനു വഴങ്ങി നാട്ടിലെ നാലേക്കർ ഭൂമിയുടെ ഉടമസ്ഥാവകാശവും അവർക്കു കൈമാറേണ്ടി വന്നത്.
ഒടുവിൽ ഇക്കഴിഞ്ഞ ജനുവരിയിൽ അനധികൃതമായി യുഎസ് അതിർത്തി കടന്നെത്തിയെങ്കിലും ദൽജീത് യുഎസ് ബോർഡർ പട്രോൾ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. പിന്നീട് ഡീറ്റെൻഷൻ സെന്ററിലെ പട്ടിണിയും പീഡനങ്ങളും അനുഭവിച്ചു.
തിരിച്ചെത്തിയശേഷം, തന്റെ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ സഹായിക്കണമെന്നും അനധികൃത ഏജന്റുമാർക്കെതിരേ നടപടിയെടുക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
കൂടാതെ ഇത്തരം കെണികളിൽ ആരും വീഴരുതെന്ന താക്കീതും ദൽജീത് നൽകുന്നു. അമേരിക്കയിൽനിന്നെത്തിയ രണ്ടാമത്തെ വിമാനത്തിലെ 119 പേരിൽ 65 പേർ പഞ്ചാബുകാരും 33 പേർ ഹരിയാനക്കാരുമാണ്.