വേർപിരിയൽ വാർത്തകൾക്കിടെ പരസ്പരം പ്രണയദിനാശംസകൾ നേർന്ന് ഒബാമയും മിഷേലും
Saturday, February 15, 2025 12:45 PM IST
ന്യൂയോര്‍ക്ക്: വേർപിരിയുന്നുവെന്ന വാർത്തകൾക്കും പ്രചാരണങ്ങൾക്കും അവസാനം കുറിച്ച് പരസ്പരം പ്രണയദിനാശംസകൾ നേർന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും ഭാര്യ മിഷേലും.
"മുപ്പത്തിരണ്ട് വർഷം ഒരുമിച്ച് കഴിഞ്ഞിട്ടും ഇപ്പോഴും നിങ്ങളെന്റെ ശ്വാസം നിലയ്ക്കാൻ കാരണമാകുന്നു, ഹാപ്പി വാലന്റൈൻസ് ഡേ' എന്നായിരുന്നു മിഷേലിനെ ടാഗ് ചെയ്ത് എക്സിലൂടെയുള്ള ഒബാമയുടെ സന്ദേശം.
"എനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരാളുണ്ടെങ്കിൽ, അത് നിങ്ങളാണ്, നിങ്ങളാണെന്റെ താങ്ങും തണലും, എപ്പോഴും കൂടെ ഉണ്ടായിട്ടുണ്ട്, എപ്പോഴും ഉണ്ടാവുകയും ചെയ്യും, ഹാപ്പി വാലന്റൈൻസ് ഡേ' എന്നായിരുന്നു മിഷേലിന്റെ കുറിപ്പ്.
ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്നും മിഷേലുമായി ഒബാമ വേർപിരിയലിന്റെ വക്കിലാണെന്നുമുള്ള വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു.
പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും ഒബാമയ്ക്കൊപ്പം മിഷേല്‍ പങ്കെടുക്കാതിരുന്നത് പ്രചാരണത്തിന് ശക്തിപകർന്നു. ഇതിനെയൊക്കെ തള്ളിയായിരുന്നു ഇരുവരുടെയും പ്രണയാശംസകൾ.