മു​സി​രി​സ് ക​നാ​ല്‍ പൈ​തൃ​ക പ​ദ്ധ​തി: സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ഓ​ഗ​സ്റ്റിൽ പൂർത്തിയാകും
Friday, June 14, 2024 11:39 PM IST
ആ​ല​പ്പു​ഴ: മു​സി​രി​സ് ക​നാ​ല്‍ പൈ​തൃ​ക പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ലെ ക​നാ​ലു​ക​ളു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ഓ​ഗ​സ്റ്റോ​ടെ പൂ​ര്‍​ത്തി​യാ​കും. ഓ​ഗ​സ്റ്റ് 10ന് ​ന​ട​ക്കു​ന്ന നെ​ഹ്റു​ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​നു മു​ന്നോടിയാ​യി സൗ​ന്ദ​ര്യ​വ​ത്ക​ര​ണം പ​ര​മാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ക​നാ​ല്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ല്‍​എ​മാ​രാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍, എ​ച്ച്. സ​ലാം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്സ് വ​ര്‍​ഗീ​സ് വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ന​ഗ​ര​സ​ഭാധ്യ​ക്ഷ കെ.​കെ. ജ​യ​മ്മ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, കെടിഐഎ​ല്‍ മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ര്‍ മ​നോ​ജ്കു​മാ​ര്‍ കി​നി, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ള്‍, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

ന​ഗ​ര​ത്തി​ലെ വാ​ട​ക്ക​നാ​ലി​ന്‍റെയും കൊ​മേ​ഷ്യ​ല്‍ ക​നാ​ലി​ന്‍റെയും ഓ​ര​ങ്ങ​ളാ​ണ് സൗ​ന്ദ​ര്യ​വ​ത്ക​രി​ച്ച് വി​ക​സി​പ്പി​ക്കു​ന്ന​ത്. ചു​ങ്കം പ​ഗോ​ഡ റി​സോ​ര്‍​ട്സ് മു​ത​ല്‍ വൈ​എം​സി​എ ജം​ഗ്ഷ​ന്‍ വ​രെ സി ​ആ​കൃ​തി​യി​ല്‍ എ​ട്ടു കി​ലോ​മീ​റ്റ​ര്‍ ക​നാ​ലോ​ര​മാ​ണ് ഇ​തി​ല്‍​പ്പെ​ടു​ക. പ​ങ്കാ​ളി​ത്ത വി​നോ​ദ​സ​ഞ്ചാ​ര മാ​തൃ​കയി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​നാ​ല്‍ ഓ​ര​ങ്ങ​ളി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഇ​തി​നാ​യി ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍നി​ന്നാ​യി 15 സ്ഥാ​പ​ന​ങ്ങ​ളും റോ​ട്ട​റി ക്ല​ബും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യും മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ലം വി​ക​സി​പ്പി​ച്ച് അ​ഞ്ചുവ​ര്‍​ഷ​ത്തേ​ക്കു പ​രി​പാ​ലി​ക്കാ​നു​ള്ള ക​രാ​റി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക.

സിഎ​സ്ആ​ര്‍ ഫ​ണ്ടാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖ്യ​മാ​യും ഇ​തി​നാ​യി ചെ​ല​വി​ടു​ന്ന​ത്. ക​നാ​ല്‍ പ​രി​സ​ര​ത്തെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തും പാ​ഴ്മ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റു​ന്ന​തു​മു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ള്‍ ന​ഗ​ര​സ​ഭ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ട​ന​ടി ആ​രം​ഭി​ക്കും. ക​നാ​ലോ​ര വി​ക​സനപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങു​മ്പോ​ള്‍ സ്ഥാ​പ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍​ ച​ര്‍​ച്ച​ ചെ​യ്തു.