പ്രഫ. എൻ. കൃഷ്ണപിള്ള മലയാള നാടകത്തെ ആധുനീകവത്കരിച്ചു: എം. വിജയകുമാർ
1454995
Saturday, September 21, 2024 6:46 AM IST
തിരുവനന്തപുരം: പ്രഫ. എൻ. കൃഷ്ണപിള്ളയുടെ സാഹിത്യരംഗത്തെ സംഭാവനകൾക്കൊപ്പം തന്നെ ജ്വലിച്ചു നില്ക്കുന്നതാണ് അദ്ദേഹത്തിന്റെ മനുഷ്യസ്നേഹം എന്ന് മുൻ സ്പീക്കർ എം. വിജയകുമാർ. എൻ. കൃഷ്ണപിള്ള കലോത്സവം 2024 ന്റെ രണ്ടാം ദിവസം പ്രഫ. എൻ. കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല - പഠനഗവേഷണ കേന്ദ്രത്തിന്റെ 18-ാം വാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ, ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്നതാണ് കലോത്സവം. നന്ദാവനം പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് പരിപാടി.
മലയാള നാടകരംഗത്തെ നവീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നാടകാചാര്യൻ ആണ് പ്രഫ. എൻ. കൃഷ്ണപിള്ള എന്ന് എം. വിജയകുമാർ പറഞ്ഞു. സർഗാത്മക രംഗത്ത് മഹത്തരങ്ങളായ സംഭാവനകൾ നല്കിയ പ്രഫ. എൻ. കൃഷ്ണപിള്ള അടിസ്ഥാനപരമായി അധ്യാപകനായിരുന്നു.
തിരുവനന്തപുരം മുതൽ തലശേരി വരെ പ്രഗല്ഭരായ ശിഷ്യ·ാർ ഉള്ള കൃഷ്ണപിള്ള സാറിനെ കേരളത്തിന്റെ തന്നെ അധ്യാപകനായി വിശേഷിപ്പിക്കാം എന്നും എം. വിജയകുമാർ വ്യക്തമാക്കി.സാഹിതീസഖ്യത്തിന്റെ 14-ാം വാർഷിക ഉദ്ഘാടനവും പുസ്തക പ്രകാശനവും ചലച്ചിത്ര ഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം നിർവഹിച്ചു.
സാഹിത്യ കലാരംഗം തന്നെ കലുഷിതമായി കൊണ്ടിരിക്കുന്ന കാലമാണിത് എന്ന് ടി.പി. ശാസ്തമംഗലം അഭിപ്രായപ്പെട്ടു. വയലാറും പി. ഭാസ്കരനും ഒഎൻവിയും ഉൾപ്പെടെയുള്ള പ്രതിഭാധനരായ കവികൾ രചിച്ച അർഥ സന്പന്നമായ ഗാനങ്ങളുടെ സ്ഥാനത്ത് ഇന്നു വികലമായ ഗാനങ്ങൾ നിറയുകയാണ് എന്നും ടി.പി. ശാസ്തമംഗലം പറഞ്ഞു. ചടങ്ങിൽ വച്ച് കവിയും ഫൗണ്ടേഷൻ ലൈബ്രറേയനുമായ തിരുമല ശിവൻകുട്ടി, പി. സുദർശനൻ, കടയ്ക്കാവൂർ പ്രേമചന്ദ്രൻ, കരുമം എം. നീലകണ്ഠൻ, ദിനകവി, സലീന സലാഹുദീൻ, എം.കെ. രാജേന്ദ്രൻ എന്നിവരുടെ പുസ്തകങ്ങൾ ടി.പി. ശാസ്തമംഗലം പ്രകാശനം ചെയ്തു.
ഡോ. എം.എൻ. രാജൻ പുസ്തകങ്ങൾ സ്വീകരിച്ചു. ചടങ്ങിൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജ വർമ ആമുഖ പ്രഭാഷണം നടത്തി.
ഫൗണ്ടേഷൻ അംഗം ആർ. വിനോദ് കുമാർ ആശംസ നേർന്ന് പ്രസംഗിച്ചു. സാഹിതീസഖ്യം അംഗം അനിൽ കരുംകുളത്തിന്റെ സ്മരണാഞ്ജലിയോടെ നടന്ന ചടങ്ങിനു ഫൗണ്ടേഷൻ വൈസ് ചെയർമാൻ രാധാകൃഷ്ണൻ ശ്രീമന്ദിരം സ്വാഗതം ആശംസിച്ചു. ഫൗണ്ടേഷൻ ലൈബ്രറേറിയൻ തിരുമല ശിവൻകുട്ടി കൃതജ്ഞത പറഞ്ഞു.
തുടർന്ന് സാഹിതീസഖ്യം അംഗങ്ങളുടെ കവിയരങ്ങ്, കലാപരിപാടികൾ, വൃന്ദവാദ്യം, കഥാപ്രസംഗം, ഏകപാത്ര നാടകം എന്നിവ നടന്നു. പിന്നണി ഗായകൻ മണക്കാട് ഗോപൻ നേതൃത്വം നല്കിയ ഗാനാമൃതത്തിൽ ഇന്നലെയുടെ മനോഹര ഗാനങ്ങൾ നിറഞ്ഞു.