ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു : ജില്ലാപഞ്ചായത്തംഗം ഹോട്ടലിൽ അതിക്രമിച്ചുകയറി മർദിച്ചെന്ന് പരാതി
1454979
Saturday, September 21, 2024 6:32 AM IST
നെടുമങ്ങാട്: ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി ഹോട്ടലിൽ അതിക്രമിച്ചു കയറി യുവാവിനെയും ഭാര്യയെയും കുട്ടിയെയും മർദിച്ചെന്നു പരാതി. യുവതിയുടെ മാതാവിനും മർദനമേറ്റു.
വെള്ളനാട് കുളക്കോട് വില്ലേജ് ഓഫീസിനു മുൻപിലെ ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വെള്ളനാട് പഞ്ചായത്തിലെ ജീവനക്കാരനായ നെടുമാനൂർ അയണിത്തലക്കൽ സ്വദേശി അരുൺ ജി റോജ് നടത്തുന്ന ഹോട്ടലിലാണ് അക്രമം ഉണ്ടായത്. ഹോട്ടലിനു മുന്നിലെ ഭക്ഷണ സാധങ്ങളുടെ പട്ടിക തയാറാക്കിയ ബോർഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു നടന്ന തർക്കത്തിനൊടുവിലായിരുന്നു അക്രമം.
അരുൺ ജി റോജിന്റെ എട്ടു വയസുള്ള മകൻ സംഭവം മൊബൈലിൽ പകർത്തിയിരുന്നു. ഇതിൽ പ്രകോപിതനായ വെള്ളനാട് ശശി ഫോൺ തട്ടിതെറിപ്പിച്ചശേഷം കുട്ടിയെ പിടിച്ചു തള്ളി. ഇതുചോദ്യം ചെയ്ത അരുണിന്റെ ഭാര്യ സുകന്യ രാജുമായും മാതാവ് ഗീതയുമായും ശശി തർക്കത്തിലായി.
തുടർന്ന് തിരിഞ്ഞു നടന്ന ശശി മടങ്ങിപ്പോകാനായി സ്കൂട്ടറിന്റെ അടുത്തെത്തിയപ്പോൾ, സുകന്യ ശശിയുടെ വാഹനത്തിൽനിന്ന് താക്കോൽ എടുത്തുമാറ്റി. ഇതോടെ പ്രകോപി തനായ ശശിയും താക്കോൽ തിരികെ വാങ്ങാനായി കടയിൽ കയറി. തുടർന്ന് ശശിയെ സുകന്യയും സംഘവും ഹോട്ടലിൽ നിന്നും തള്ളി പുറത്താക്കുകയും ചെയ്തു.
എന്നാൽ ശശി കുട്ടിയെ ആക്രമിച്ചിട്ടില്ലെന്നും ഫോൺ തട്ടി താഴെ ഇടുക ആണ് ഉണ്ടായതെന്നും ഒരു വിഭാഗം പറഞ്ഞു. 10,000 രൂപ ശശി പിരിവു ചോദിച്ചെന്നും 2000 രൂപ തരാമെന്നു പറഞ്ഞതിലുള്ള വിരോധമാണ് അക്രമത്തിനു പിന്നിലെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കട ഉടമയെ ആക്രമിച്ച ശശിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കടയുടെ മുന്നിൽ ബഹളം നടത്തി.
ഉചിതമായി നടപടി സ്വീകരിക്കുമെന്ന് ആര്യനാട് ഇൻസ്പെക്ടർ വി.എസ്. അജീഷ് ഉറപ്പ് നൽകി. തുടർന്ന് പോലീസ് ശശി എത്തിയ സ്കൂട്ടർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗീതയും വലതു കൈയിൽ പരുക്കേറ്റ കുട്ടിയും വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഹോട്ടലിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതിനു ജില്ലാപഞ്ചായത്തംഗം വെള്ളനാട് ശശി ക്കെതിരെ ജാമ്യമില്ല വകുപ്പുപ്രകാരം ആര്യനാട് പോലീസ് കേസെടുത്തു.