Tuesday, March 19, 2024 1:06 AM IST
ബിനു വെളിയനാടൻ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 2024 ജൂണിൽ ആരംഭിക്കുന്ന പുതിയ അധ്യയനവർഷത്തിൽ 1, 3, 5, 7, 9 ക്ലാസുകളിലെ 173 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുക. 2, 4, 6, 8, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 2025-26 അധ്യയനവർഷത്തിൽ പുതിയതാകും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്സിഇആർടി) നേതൃത്വത്തിലാണ് പരിഷ്കരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 900 അധ്യാപകരെയാണ് സംസ്ഥാനത്തൊട്ടാകെ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
എന്തൊക്കെ സവിശേഷതകൾ?
2007നുശേഷം ആദ്യമായാണ് സമഗ്രപരിഷ്കരണത്തോടെ പാഠപുസ്തകങ്ങൾ പുറത്തിറങ്ങുന്നത്. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുമായും സ്കൂൾ കുട്ടികളുമായും ചർച്ചനടത്തി അഭിപ്രായങ്ങൾ ശേഖരിച്ചാണ് പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കിയത്. പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പും പ്രസിദ്ധീകരിക്കും. അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ തൊഴിൽ വിദ്യാഭ്യാസം ഉൾപ്പെടുത്തും. കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ രക്ഷിതാവിന്റെ സമീപനം എങ്ങനെയാകണമെന്നു വ്യക്തമാക്കുന്ന രക്ഷാകർതൃ കൈപ്പുസ്തകവും പ്രസിദ്ധീകരിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം സമീപനം. പാഠപുസ്തകങ്ങളിൽ കുട്ടികൾ വരച്ച ചിത്രങ്ങളും ഉൾക്കൊള്ളിക്കും. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്. എല്ലാ പാഠപുസ്തകങ്ങളിലും അക്ഷരമാലയുമുണ്ടാകും.
ഉള്ളടക്കത്തിൽ അടങ്ങിയിരിക്കുന്നത്
2007ൽ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചതിനു ശേഷം അറിവിന്റെ തലത്തിൽ വന്ന വളർച്ച, ശാസ്ത്ര-സാങ്കേതിക രംഗത്തുണ്ടായ കുതിപ്പ്, വിവരവിനിമയ രംഗത്തെ മാറ്റങ്ങൾ, 2020ലെ ദേശീയ വിദ്യാഭ്യാസനയം എന്നിവയെല്ലാം പുതിയ പാഠ്യപദ്ധതിയിൽ പ്രതിഫലിക്കും. കായികരംഗം, മാലിന്യപ്രശ്നം, ശുചിത്വം, പൗരബോധം, തുല്യനീതി മുൻനിർത്തിയുള്ള ലിംഗാവബോധം, ശാസ്ത്രബോധം, പോക്സോ നിയമങ്ങൾ, ജനാധിപത്യമൂല്യങ്ങൾ, മതനിരപേക്ഷത എന്നിവയും ചെറുപ്പം മുതലേ കുട്ടികളിൽ തൊഴിൽ മനോഭാവം വളർത്തുന്നതിനായി ടൂറിസം, കൃഷി, ഐടി, ടെക്സ്റ്റൈൽ, നൈപുണ്യവികസനം തുടങ്ങിയ തൊഴിൽവിദ്യാഭ്യാസവും പാഠപുസ്തകങ്ങളുടെ ഭാഗമാകും.
പാഠ്യപദ്ധതി പരിഷ്കരണ ഘട്ടങ്ങൾ
ആദ്യഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിലെ വിവിധ മേഖലകൾ സംബന്ധിച്ചുള്ള നിലപാടുരേഖകൾ തയാറാക്കുന്നതിനായി വിദ്യാഭ്യാസ വിദഗ്ധർ, സർവകലാശാലാ പ്രഫസർമാർ, സ്കൂൾ അധ്യാപകർ എന്നിവരുൾപ്പെട്ട 26 ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ചു.
‘കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ - സമൂഹ ചർച്ചയ്ക്കായുള്ള കുറിപ്പുകൾ’ എന്ന കൈപ്പുസ്തകം പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചു. കൂടാതെ, കുട്ടികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുന്നതിന് ചർച്ചകൾ നടത്തി ക്രോഡീകരിച്ച് ‘ഞങ്ങൾക്കും പറയാനുണ്ട്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചു.
പ്രീ സ്കൂൾ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, തുടർവിദ്യാഭ്യാസവും മുതിർന്നവരുടെ വിദ്യാഭ്യാസവും എന്നീ നാലു പാഠ്യപദ്ധതി ചട്ടക്കൂടുകളാണ് തയാറാക്കിയിരിക്കുന്നത്.
തുടർപ്രവർത്തനങ്ങൾ
പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതുകൊണ്ടു മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിക്കില്ല. അതിന് അനുബന്ധമായുള്ള പ്രവർത്തനങ്ങൾ ക്ലാസ് മുറികൾക്കകത്തും പുറത്തും നടക്കണം. അധ്യാപകർ മാത്രമല്ല, രക്ഷിതാക്കളും അതിൽ പങ്കാളികളാകണം. അതിനാവശ്യമായ സൂചനാനിർദേശങ്ങൾ അധ്യാപക-രക്ഷാകർതൃ കൈപ്പുസ്തകങ്ങളിൽനിന്നു ലഭ്യമാകും. കുട്ടികളുടെ സമഗ്ര വ്യക്തിത്വരൂപീകരണം ലക്ഷ്യമാക്കി തയാറാക്കുന്ന പാഠപുസ്തകങ്ങൾ ജീവസുറ്റതാക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ആത്മാർഥതയുള്ള ചിറകുകൾ ചേർത്തുവയ്ക്കാം.
(സംസ്ഥാന പാഠപുസ്തക സമിതി അംഗമാണ് ലേഖകൻ)