കേരളത്തിൽ സ്റ്റാർട്ടപ് വിപ്ലവം
കേരളത്തിൽ സ്റ്റാർട്ടപ് വിപ്ലവം
Wednesday, October 5, 2016 4:56 AM IST
പഠനകാലത്തെ സംരംഭകരാകാൻ ഇറങ്ങിത്തിരിച്ച കുറച്ചു യുവാക്കളുണ്ട്. പക്ഷേ, അവരെന്താണ് ചെയ്യുന്നതെന്നു ചോദിച്ചാൽ അറിയില്ല, പലർക്കും. മൾട്ടി നാഷണൽ കമ്പനികളിലെ ജോലി ഇട്ടെറിഞ്ഞ് സംരംഭകരായ ചിലരുണ്ട്. അവരും എന്താണ് ചെയ്യുന്നതെന്നു ചോദിച്ചാൽ പെട്ടന്നാർക്കും ഉത്തരം പറയാൻ പറ്റില്ല.

പക്ഷേ, അങ്ങനെയൊരു കമ്പനി ഇന്ന് വലിയൊരു നേട്ടത്തിന്റെ നെറുകയിലാണെന്ന് മിക്കവർക്കുമറിയാം. പ്രൊഫൗണ്ടിസ് എന്നാണ് കമ്പനിയുടെ പേര്. കേരളത്തിൽ സ്റ്റാർട്ടപ് സംസ്കാരം വളർന്നു വരാൻ തുടങ്ങിയിട്ട് പത്തു കൊല്ലത്തിലധികമായി. പക്ഷേ, മലയാളികളിൽ പലരും ഇതെല്ലാം മനസിലാക്കി വരുന്നതേയുള്ളു.

സ്റ്റാർട്ടപ് എന്താണ്, ഇൻകുബേഷൻ എന്താണ് എന്നൊന്നുമറിയാത്തവർക്കു പോലും ഇന്ന് പ്രൊഫൗണ്ടിസ് എന്ന കമ്പനിയെ അറിയാം. വലിയൊരു നേട്ടം അവരെ തേടിയെത്തിയിരിക്കുന്നു എന്നും അറിയാം. പക്ഷേ, ഇവർ എങ്ങനെ ഇവിടെയെത്തി, എന്താണിവർ ചെയ്യുന്നത് എന്നൊന്നും അത്ര വ്യക്‌തമല്ല. പക്ഷേ, ചെയ്തത് എന്തായാലും നല്ല കാര്യം എന്നെ പറയാനുള്ളു.

കേരളത്തിലും ഇന്ത്യയിലും സ്റ്റാർട്ടപ് സംസ്കാരത്തിനു തുടക്കം കുറിച്ച മോബ്മീയിൽ നിന്നും പ്രൊഫൗണ്ടിസിലേക്കെത്തി നിൽക്കുമ്പോഴുള്ള മാറ്റമിതാണ്. മോബ് മീ എന്നത് ഒരു തുടക്കമായിരുന്നെങ്കിൽ പ്രൊഫൗണ്ടിസിലൂടെ ആ തുടക്കം പുതിയ വിജയവഴികൾ തേടുകയാണ്. കേരളത്തിൽ നിന്ന്, അല്ല, ഇന്ത്യയിൽ നിന്നു തന്നെ ഇത്ര മികച്ചൊരു ഏറ്റെടുക്കൽ ആദ്യമാണെന്നു പറയാം.

2012–ൽ കളമേൾരിയിൽ സ്റ്റാർട്ടപ് വില്ലേജ് എന്ന ഇടം തുറന്നപ്പോഴാണ് സ്റ്റാർട്ടപ്പിനെക്കുറിച്ചു കുറച്ചു പേരെങ്കിലും കേട്ടു തുടങ്ങിയത്.സംരംഭകത്വ ആശയങ്ങളുമായി എത്തുന്നവർക്ക് അവരുടെ ആശയങ്ങളെ പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള സൗകര്യങ്ങളുമൊരുക്കി കാത്തിരുന്ന ഇവിടെ നിരവധി കമ്പനികളെത്തി തങ്ങളുടെ ആശയങ്ങളെ നല്ല രീതിയിൽ പ്രാവർത്തികമാക്കി നല്ല സംരംഭകരായി. പലരേയും വലുതും ചെറുതുമായ നിക്ഷേപകരും തേടിവന്നു. 2015 ഡിസംബറോടുകൂടി സ്റ്റാർട്ടപ് വില്ലേജ് അതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്കു പ്രവേശിച്ചു.

വിജയനിരക്ക്

വളരെ ഉയർന്നതോതിലുള്ള വിജയ നിരക്കാണ് സ്റ്റാർട്ടപ്പിലുള്ളത്. വെൻച്വർ കാപ്പിറ്റൽ മാത്രം കണക്കിലെടുത്താൽ ഈ നിരക്ക് കുറവവായിരിക്കാം. എന്നാൽ ചെറിയതോതിലുള്ള നിക്ഷേപങ്ങൾ നടത്തുന്ന നിരവധി പേരുണ്ട്. മൂലധനം ഇഷ്‌ടം പോലെ ലഭ്യമാണ്. പ്രൈവറ്റ് മേഖലയിൽ നിന്നുമാണ് നിക്ഷേപം നടത്തുന്നവരിലധികവും. നിക്ഷേപം നടത്താൻ തയാറായി നിരവധി പേരുണ്ട്.



റിസ്ക്

സംരംഭത്തിലെ റിസ്ക് പുനർനിർവ്വചിക്കേണ്ട സമയമായിരിക്കുന്നു. കാരണം, ഒരു സംരംഭം ആരംഭിക്കുമ്പോഴെ പറയുന്ന കാര്യമുണ്ട്, അത് വളരെ റിസ്കാണെന്ന്. ഒരു വിദ്യാർത്ഥി അവന്റെ വിദ്യാഭ്യാസ കാലത്ത് ഒരു സംരംഭം ആരംഭിച്ചു. അതു നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു. ഒരു നിക്ഷേപകനെ കണ്ടെത്തുന്നു.

ഇതിനിടയിൽ ബിസിനസ് പ്രതീക്ഷിച്ചത്രയും വിജയിക്കുന്നില്ല, നേട്ടമാകുന്നില്ല എന്നു കണ്ട് ഉടമയും നിക്ഷേപകനും പരസ്പരധാരണയോടെ ബിസിനസ് അവസാനിപ്പിക്കുന്നു. ഇവിടെ എവിടെയാണ് റിസ്ക്. അതിനാൽ റിസ്ക് എന്ന ഘടകത്തിന് ഇന്നത്തെ കാലഘട്ടത്തിൽ ഒരു സംരംഭത്തിൽ എത്രമാത്രം പ്രാധാന്യമുണ്ട് എന്നുള്ളത് പുനർചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് സിജോയുടെ അഭിപ്രായം.

കമ്പനി രജിസ്റ്റർ ചെയ്യാം

സംരംഭം ആരംഭിച്ച്, വളർച്ചയുടെ ഘട്ടത്തിലാണ് കമ്പനിയായി രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യമേ തന്നെ ഉത്പന്നം വികസിപ്പെച്ചടുക്കുക. നല്ല മാർക്കറ്റ് ഉണ്ടാക്കിയെടുക്കുക. അതിനു ശേഷം മാത്രം മതി കമ്പനി രജിസ്ട്രേഷനും മറ്റും. നൈയാമിക ചട്ടക്കൂട് ഇല്ലെങ്കിൽ, ഒരു ഘട്ടത്തിൽ എല്ലാം ഉപേക്ഷിക്കണമെന്നു തോന്നിയാൽ ഒരുപാട് നൂലാമാലകളില്ലാതെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാം.

നമുക്ക് ഏറ്റവും അനുയോജ്യമായ സംരംഭത്തെയാകും നാം എപ്പോഴും ആശ്രയിക്കുക. പലപ്പോഴും കയ്യിൽ കിട്ടുന്ന ഉപകരണങ്ങൾക്കനുസരിച്ചായിരിക്കും നമ്മുടെ ഉത്പന്നം പുറത്തുവരിക. നമുക്കിവിടെ ആൻഡ്രോയിഡ് ഫോണുകളും മറ്റും വലിയതോതിൽ ലഭ്യമായതിനാൽ ആൻഡ്രോയിഡ് ഡെവലപ്പർമാർ കൂടുതലാണ്.

എന്നാൽ ഐഓഎസ് മുതലായവ വികസിപ്പിച്ചെടുക്കുക എന്നത് ചെലവേറിയ കാര്യമാണ് കാരണം ഒരു ഐ ഫോൺ വാങ്ങണമെങ്കിൽ നൽകണം 30000 രൂപക്കു മുകളിൽ. ഇനി അതോടൊപ്പം ഒരു മാക് ലാപ്ടോപ്പു കൂടിയുണ്ടെങ്കിലെ കാര്യങ്ങൾ നടക്കൂ. അതിനും നൽകണം 70000 രൂപക്കു മുകളിൽ. ഇതൊന്നും തുടക്കകാരായ സംരംഭകർക്കു കൈയ്യിലൊതുങ്ങുന്ന കാര്യമല്ല. അതിനാൽ ലഭ്യമാകുന്ന ടൂളുകൾക്കനുസരിച്ചാണ് ഓരോരുത്തരും ഉത്പന്നങ്ങൾ സൃഷ്‌ടിക്കുന്നത്. സേവന സംബന്ധമായ സംരംഭങ്ങൾക്കും നല്ല ഡിമാൻഡുണ്ട്.

ഉയർത്തികൊണ്ടു വരാനുള്ള ബുദ്ധിമുട്ടുകൾ

പലപ്പോഴും അറിവിലുള്ള കുറവാണ് സംരംഭകരെ സ്കെയിൽ അപ് ചെയ്യാനുള്ള പ്രതിബന്ധമായി നിൽക്കുന്നതെന്നാണ് സിജോ പറയുന്നത്. ഉത്പന്നം ഉണ്ടാക്കാനുള്ള അറിവ് പ്രധാനമാണ്. പക്ഷേ, അതിനോടൊപ്പമോ അതിനെക്കാളധികമോ അതുമായി ബന്ധപ്പെട്ട അറിവുകളും കൂടിയെ തീരൂ. സംരംഭം ആരംഭിക്കുന്നിടത്തു തന്നെ നിന്നു പോകുന്നതു കൊണ്ട് എന്തെങ്കിലും നേട്ടം ആരംഭിച്ചവർക്കോ അതിനെ ആശ്രയിക്കുന്നവർക്കോ ഇല്ല എന്നോർക്കണം. എന്തും പുതിയ നാഴികകല്ലുകൾ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കണം. അതിന് എല്ലാ കാര്യത്തെക്കുറിച്ചും നല്ല അറിവുണ്ടായേ തീരു. ഇൻവെസ്റ്റമെന്റ് എക്സിറ്റ് നേടാൻ സാധിക്കണം. എങ്കിലെ നേട്ടമുള്ളു. മികച്ച നിക്ഷേപകരെ കണ്ടെത്തി ഉയർന്നു പോകണം. ഒരു സംരംഭത്തെക്കുറിച്ചു പറയുമ്പോഴേ എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് പുതമയുള്ള നവീനമായ ആശയം വേണമെന്ന്. നവീനമായ ആശയത്തെക്കാളുപരിയായി ലഭ്യമാകുന്ന അവസരങ്ങളെക്കുറിച്ചും വിപണി സാധ്യതകളെക്കുറിച്ചുമാണ് അറിവു വേണ്ടത്. വിപണിയിൽ തന്റെ ഉത്പന്നത്തിനോ സേവനത്തിനോ ഇടമുണ്ടോ എന്ന് സംരംഭത്തിനിറങ്ങുന്നയാൾ ആദ്യം പരിശോധിച്ചറിയണം. സാമ്പത്തികമായി നേട്ടമുണ്ടാക്കാനാകണം. അവിടെയാണ് സംരംഭകനും സംരംഭവും പൂർണമായും വിജയിക്കുന്നത്.

മോബ് മീ മുതൽ പ്രൊഫൗണ്ടിസ് വരെ

മോബ് മീ തുടക്കമായിരുന്നെങ്കിൽ പ്രൊഫൗണ്ടിസ് നാഴികക്കല്ലാണ്. 2005 മുതൽ 2016 വരെ നീണ്ട ഒരു കാലയളവ് ഇതിനുവേണ്ടി വന്നു. നിരവധി മാറ്റങ്ങൾ ഈ കാലഘട്ടത്തിൽ വന്നുവെന്ന് സ്റ്റാർട്ടപ് വില്ലേജിന്റെ സ്‌ഥാപക സിഇഒയും സ്റ്റാർട്ടപ് മിഷൻ കൺസൾട്ടന്റുമായ സിജോ കുരുവിള ചൂണ്ടിക്കാട്ടുന്നു.

1. മാതൃകകൾ ഉണ്ടായി

ആദ്യമായി വന്ന മാറ്റം മാതൃകകളുണ്ടായി എന്നതാണ്. അതായത് പുറകെ വന്നവർക്കെല്ലാം കണ്ടും കേട്ടും പഠിക്കാൻ നിരവധി വിജയ കഥകളുണ്ടായി. മെന്ററിംഗ് സപ്പോർട്ടു നൽകാൻ മെന്റർമാരുമുണ്ടായി. എന്നാൽ പത്തുവർഷം മുമ്പ് ഇതായിരുന്നില്ല സ്‌ഥിതി. ഒരു സംരംഭം തുടങ്ങി എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്നതിനെക്കുറിച്ച് ഒരു വിധത്തിലുള്ള മാതൃകകളും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സംരംഭകർക്കു മുന്നിൽ നിരവധി മാതൃകകളുണ്ട്.

സമപ്രായക്കാരായ സഹപ്രവർത്തകരുടെ കയ്യിൽ നിന്നും പഠിക്കാൻ ഒരുപാട് ഉണ്ടാകും. അതാണ് ഏറ്റവും വലിയ പഠനവും. വിജയിച്ചവരുടെ കഥകളിലൂടയാണ് പുതിയ പുതിയ വിജയങ്ങൾ നേടാനുള്ള പ്രചോദനവും മറ്റും ലഭിക്കുക.

2. മാധ്യമങ്ങളും സാമൂഹികമായി ലഭിക്കുന്ന സ്വീകാര്യതയും

അന്ന് മാധ്യമങ്ങൾ ഇത്രമാത്രം പ്രാധാന്യം സംരംഭങ്ങൾക്കു നൽകിയിരുന്നില്ല. പക്ഷേ, ഇന്ന് മാധ്യമങ്ങൾ കാര്യങ്ങൾ എന്താണെന്നു മനസിലാക്കിയിരിക്കുന്നു. പെട്ടന്നു തന്നെ വാർത്തയാകുന്നു. ഇത്തരം വാർത്തകൾക്കായി സ്‌ഥലം നീക്കി വെക്കുകയും ചെയ്യുന്നു. ഇത് സാമൂഹികമായ സ്വീകാര്യത വർധിക്കുന്നതിനു വലിയൊരു കാരണമായി തീർന്നിട്ടുണ്ട്.

3.ടെക്നോളജി ബേസ് കൂടി

പത്തുവർഷത്തിനുള്ളിൽ ടെക്നോളജി ബേസ് ആളുകളുടെ ഇടയിൽ വളരെയധികം വർധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സംരംഭം തുടങ്ങുന്നതിനു മുൻകാലങ്ങളിലുണ്ടായിരുന്ന പേടിയൊക്കെ വളരെയധികം കുറഞ്ഞിരിക്കുന്നു. മാത്രവുമല്ല മികച്ച ആശയങ്ങൾ കൊണ്ടുവരുവാനും വികസിപ്പിക്കുവാനുമുള്ള സാഹചര്യവും വളരെയധികം മുന്നോട്ടു പോയിരിക്കുന്നു. ഇവ മൂന്നുമാണ് കഴിഞ്ഞ പത്തുവർഷത്തിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ.

വിദ്യാഭ്യാസ കാലഘട്ടത്തിലെ സംരംഭം

‘‘കോളജ് കാലഘട്ടമാണ് സംരംഭം തുടങ്ങാൻ പറ്റിയ നല്ല സമയം.’’സിജോ പറയുന്നു. ‘‘കാരണം സമയം ധാരാളമുണ്ട്. മറ്റു ബാധ്യതകളൊന്നും തന്നെയില്ല. എല്ലാം കൊണ്ടും പറ്റിയ സമയമാണിത്. രണ്ടാം വർഷത്തിലെങ്കിലും സംരംഭം തുടങ്ങാൻ സാധിക്കണം. എങ്കിലേ വിദ്യാഭ്യാസ കാലത്തിന്റെ അവസാനമാകുമ്പോഴേക്കും അതു വിജയത്തിലേക്കെത്തൂ.’’


സംരംഭം വിജയിച്ചില്ലെങ്കിലും അതിന്റെ മറ്റു സാങ്കേതിക വശങ്ങൾ മനസിലാക്കാൻ സാധിച്ചാൽ തന്നെ വിജയിക്കാൻ സാധിക്കും. സംരംഭകത്വത്തിലേക്കുള്ള മികച്ച പഠനക്കളരിയാണിത്. പക്ഷേ, നമ്മുടെ പല കോളേജുകളിലും ആവശ്യത്തിന് വേഗമുള്ള ഇന്റർനെറ്റില്ല, നല്ല ലൈബ്രറികളില്ല, കാമ്പസിനുള്ളിൽ ലാപ്ടോപ്പ് മുതലായവ ഉപയോഗിക്കാൻ സാധിക്കില്ല എന്നുള്ളതെല്ലാം പ്രശ്നമായി തന്നെ നിലനിൽക്കുകയാണ്. ഈ സ്‌ഥിതികളെല്ലാം മാറേണ്ടത് സ്റ്റാർട്ടപ് വിപ്ലവത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

സഹായവും പ്രചോദനവും

കേരളത്തിലെ സ്റ്റാർട്ടപ് രംഗം പുതിയ തലങ്ങളിലേക്കു ഉയർന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സ്റ്റാർട്ടപ് വില്ലേജ് അതിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്കു കടന്നു. അതോടൊപ്പം തന്നെ നിരവധി ഇൻകുബേറ്ററുകളും കമ്പനികളും തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി മുന്നേറുന്നു.
ഇത്തവണ വായനക്കാർക്കു മുന്നിൽ സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്കായി സ്‌ഥലസൗകര്യങ്ങളൊരുക്കി എല്ലാ പിന്തുണയും നൽകുന്ന അഞ്ച് ഇൻകുബേറ്ററുകൾ, മികച്ച വിജയം നേടി പ്രചോദനമാകുന്ന അഞ്ച് സ്റ്റാർട്ടപ് സംരംഭങ്ങൾ എന്നിവയെ അവതരിപ്പിക്കുകയാണ്.

പ്രചോദനം

1. സഹപാഠികൾ ചേർന്നു നേടിയ വിജയം
പ്രൊഫൗണ്ടിസ് ലാബ്സ്
2. കളിച്ചുണ്ടാക്കിയ സംരംഭം ടൂട്ടിഫ്രൂട്ടി
3. ടി ഫോർ ട്രെയിനർ
കണ്ടെത്താം ഉത്തമ പരിശീലകരെ
4. ധൈര്യമായി വീടു പണിയൂ വിരൽതുമ്പിലുണ്ട്
നിർമ്മാണ വസ്തുക്കൾ
5.നല്ല ജോലിക്കാരെ ഹിമസ്സ് ടെക് നൽകും

സഹായിക്കാൻ ഇവർ

1.കേരള സ്റ്റാർട്ടപ് മിഷൻ കൊച്ചി
2.കേരള സ്റ്റാർട്ടപ് മിഷൻ തിരുവനന്തപുരം– ഏണസ്റ്റ് ആൻഡ് യംഗ് ആക്സിലറേറ്റർ
3.സൈബർ പാർക്ക് കാലിക്കറ്റ് ബിഐസി
4.കണ്ണൂർ യൂണിവേഴ്സിറ്റി ബിഐസി
5.രാജഗിരി സെന്റർ ഫോർ ബിസിനസ് –സ്റ്റഡീസ് ഐഇഡിസി.

സഹപാഠികൾ ചേർന്നു നേടിയ വിജയം– പ്രൊഫൗണ്ടിസ് ലാബ്സ്

കൊച്ചിയിലെ സ്റ്റാർട്ടപ് വില്ലേജിൽ നാല് യുവ എൻജിനീയർമാർകൂടി 2012ൽ രൂപം കൊടുത്ത ഡേറ്റ അനലിറ്റിക്സ് കമ്പനിയാണ് പ്രൊഫൗണ്ടിസ് ലാബ്സ് എന്ന സംരംഭം. സംരംഭത്തിന്റെ സിഇഒ അർജുൻ ആർ പിള്ള, സിഒഒ ജോഫിൻ ജോസഫ്, സിടിഒ അനൂപ് തോമസ് മാത്യു, ചീഫ് ഓഫ് ഡേറ്റ റിസേർച്ച് നിതിൻ സാം ഉമ്മൻ എന്നിവർ ചെങ്ങന്നൂർ കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്നും പഠനം പൂർത്തിയാക്കി. എല്ലാ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെയും സ്വപ്നം പോലെ മൾട്ടി നാഷണൽ കമ്പനികളിൽ തന്നെ ജോലി നേടി.

പക്ഷേ, രണ്ടു വർഷം ജോലി ചെയ്തപ്പോഴേക്കും ഇവർക്കു മനസിലായി ഇതല്ല തങ്ങളുടെ വഴിയെന്ന്. മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യുന്നതിനെക്കാൾ തങ്ങൾക്കു വഴങ്ങുന്നത് സ്വന്തമായൊരു സരംഭം, മറ്റുള്ളവർക്കു ജോലി നൽകൽ എന്നിവയെല്ലാമാണെന്ന്. ആ തിരിച്ചറിവിൽ ജോലി ഉപേക്ഷിച്ചു. പിന്നെ സ്വന്തമായൊരു സംരംഭം എന്ന ലക്ഷ്യം മാത്രമായി നാലു പേർക്കും. തുടക്കത്തിൽ നിരവധി പരാജയങ്ങൾ നേരിടേണ്ടി വന്നെങ്കിലും പ്രൊഫൗണ്ടിസ് എന്ന ലക്ഷ്യത്തിൽ തന്നെ എത്തിച്ചേർന്നു.

വളർച്ചയുടെ വഴി

സാധാരണ ഒരു ബൂട്ട്സ്ട്രാപ് കമ്പനിയായിട്ടായിരുന്നു പ്രൊഫൗണ്ടിസിന്റെയും തുടക്കം. സേവനം, ഉത്പന്നം എന്നിങ്ങനെ രണ്ടു മേഖലകൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു ഇവരുടെ പ്രവർത്തനങ്ങളും. കമ്പനി തങ്ങളുടെ വളർച്ചയുടെ ഭാഗമായി യുഎസ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ, തുർക്കി എന്നീ രാജ്യങ്ങളെയെല്ലാം തങ്ങളുടെ ഉപഭോക്‌താക്കളുടെ നിരയിലേക്ക് ഇവർ കണ്ടെത്തി.
പ്രൊഫൗണ്ടിസിന്റെ വളർച്ചക്ക് പ്രധാനമായും ആക്കം കൂട്ടിയത് ഇവരുടെ വൈബ് എന്ന ഉത്പന്നത്തിന്റെ വികസനമാണ്. 2014 ഫെബ്രുവരിയിലായിരുന്നു വൈബ് പുറത്തിറക്കിയത്. സെയിൽസിലും മാർക്കറ്റിംഗിലുമുള്ള ബിടുബികൾക്കുള്ള ഡേറ്റ ഇന്റലിജൻസ് ടൂളാണിത്. നൂറ്റമ്പതു രാജ്യങ്ങളിലായി 450 കമ്പനികളിൽ ഒരു ലക്ഷത്തിലധികം ആളുകൾ വൈബിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്്.

നിലവിൽ കമ്പനി നാല് അംഗങ്ങളിൽ നിന്നും 72 അംഗങ്ങളിലേക്ക് വളർന്നു. മൈക്രോ സോഫ്റ്റ് ആക്സിലറേറ്റർ പ്രോഗ്രാമിൽ അംഗത്വം നേടിയ കേരളത്തിൽ നിന്നുമുള്ള ആദ്യ കമ്പനിയാണ് പ്രൊഫൗണ്ടിസ്. ചിലി സർക്കാർ 2013 ൽ സംഘടിപ്പിച്ച സ്റ്റാർട്ടപ് ചിലി എന്ന പരിപാടിയിലേക്കും കമ്പനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഏറ്റവും മികച്ച നേട്ടം

പ്രൊഫൗണ്ടിസ് ഇന്ന് മറ്റൊരു നേട്ടത്തിന്റെ നെറുകയിലാണ്. യൂഎസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഫുൾ കോണ്ടാക്ട് എന്ന ഡേറ്റാ അനലിസ്റ്റ് കമ്പനി പ്രൊഫൗണ്ടിസിനെ ഏറ്റെടുത്തു. സംസ്‌ഥാനത്തെ സ്റ്റാർട്ടപ് സംരംഭങ്ങളിൽ നിന്നും യുഎസിലെ ഒരു കമ്പനി ഏറ്റെടുക്കൽ നടത്തുന്നത് ആദ്യമായാണ്. സ്റ്റാർട്ടപ് മേഖലയിൽ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കൽ എന്നു തന്നെ വിശേഷിപ്പിക്കാം. കമ്പനിയിലെ നിലവിലെ ജോലിക്കാരെല്ലാം ഇതോടെ ഫുൾ കോണ്ടാക്ടിന്റെ കീഴിലാകും.

ബിസിനസുകൾക്കും വ്യക്‌തികൾക്കും വിഷയ പ്രസക്‌തമായ ഡേറ്റ നൽകി അവരെ സഹായിക്കുന്ന ദൗത്യത്തിലാണ് പ്രൊഫൗണ്ടിസ് ഏർപ്പെട്ടിരുന്നത്. ആ ദൗത്യം ആഗോളടിസ്‌ഥാനത്തിൽ ശക്‌തമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് ഫുൾ കോണ്ടാക്റ്റിന്റെ ഭാഗമാകുന്നതിലൂടെ സാധിക്കുമെന്നും പ്രൊഫൗണ്ടിസിന്റെ സിഇഒയും ഫുൾ കോണ്ടാക്ടിന്റെ നിർദിഷ്‌ട ഹെഡ് ഓഫ് ഡേറ്റ സ്ട്രാറ്റജിസ്റ്റുമായ അർജുൻ ആർ പിള്ള പറയുന്നു. ഏറ്റെടുക്കലിലൂടെ പുതിയ വഴികൾ തങ്ങൾക്കു മുന്നിൽ തുറന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് സഹപാഠികൾ. ഒപ്പം നിരവധി പേർക്ക് തൊഴിൽ നൽകാമെന്ന പ്രതീക്ഷയിലും.

സ്റ്റാർട്ടപ്പ് വില്ലേജിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായി പ്രൊഫൗണ്ടിസ് സ്‌ഥാപകർ

പ്രൊഫൗണ്ടിസ് ലാബിന്റെ സഹസ്‌ഥാപകരായ അർജ്‌ജുൻ ആർ. പിള്ള, ജോഫിൻ ജോസഫ് എന്നിവർ സ്റ്റാർട്ടപ്പ് വില്ലേജിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായി അധ്യാപനത്തിനെത്തുന്നു. സിലിക്കൺ വാലിയിലെ സ്‌ഥാപകനേതാക്കളുടെ പാത പിന്തുടർന്നാണ് അറിവു പങ്കിടുന്നതിനും പരസ്പര സഹകരണത്തിനുമായി പുതുസംരഭകരെ സഹായിക്കാൻ ഇവരെത്തുന്നത്.

സംരംഭകസമൂഹം അറിവ് പരസ്പരം പങ്കുവയ്ക്കാറുണ്ട്. ഇത് കൂടുതൽ വിജയങ്ങൾക്ക് തുടക്കം കുറിക്കുകയും വിജയിച്ചവർ വീണ്ടും അറിവു പങ്കുവയ്ക്കുന്നതിലൂടെ വിജയകരമായ സംരംഭങ്ങളുടെ ഒരു തുടർച്ചയ്ക്ക് വഴിതെളിക്കുകയും ചെയ്യുന്നു. സ്റ്റാർട്ടപ് അനുകൂല അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.

കോളേജിലിരിക്കെത്തന്നെ ഒരു ആഗോളവ്യവസായം നിർമിക്കുന്നതിനായി ലഭ്യമായ അവസരങ്ങൾ ഉപയോഗിക്കാൻ ഇന്ത്യയിലെ വിദ്യാർഥിസമൂഹത്തിന് നൽകുന്ന പ്രചോദനമാണ് പ്രൊഫൗണ്ടിസിന്റെ വിജയമെന്ന് സ്റ്റാർട്ടപ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു. ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ച് ഇന്ത്യയിൽ എവിടെയുള്ളവരെയും എങ്ങനെ ഒരു സംരംഭം തുടങ്ങാമെന്ന് പഠിപ്പിക്കാനാവും. പുതിയ സംരംഭകർക്ക് പ്രചോദനത്തിനായി മാതൃകകൾ ആവശ്യമാണ്.

ഉത്പന്ന സംരംഭക അനുഭവപരിചയമുള്ള മെന്റർമാർ രാജ്യത്ത് വളരെ കുറവാണെന്ന് സ്റ്റാർട്ടപ് വില്ലേജ് ചീഫ് മെന്റർ ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഡിജിറ്റൽ പതിപ്പായ എസ്വി.കോ വഴി ഈ അറിവുകൾ ഇന്ത്യയിലുടനീളമുള്ള വിദ്യാർഥികളുമായി പങ്കുവയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഫീസ് അവേഴ്സ് എന്നത് എസ്വി.കോയുടെ *ടമേൃകേിഇീഹഹലഴല പദ്ധതിയുടെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഗൂഗിൾ ഹാംഗൗട്ടിലൂടെ 20 മിനിറ്റ് ദൈർഘ്യമുള്ള ഓൺലൈൻ സെഷനുകളിലൂടെ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് വ്യവസായത്തിലെ അധ്യാപകരിൽ നിന്ന് പഠിക്കാനും സംശയങ്ങൾ മാറ്റാനും സഹായിക്കുന്നതാണ് ഓഫീസ് അവേഴ്സ്.

നിക്ഷേപസമാഹരണവും ലോകത്തുടനീളമുള്ള സംരംഭക അവസരങ്ങൾ ഇന്ത്യയിലിരുന്നു കണ്ടെത്തുന്നതും സംബന്ധിച്ച് പ്രൊഫൗണ്ടിസ് സിഇഒ അർജ്‌ജുൻ ആർ. പിള്ള തന്റെ ആഗോളതല അനുഭങ്ങൾ പങ്കുവയ്ക്കും. സ്റ്റാർട്ടപ് ടീമുകൾ സൃഷ്‌ടിക്കുന്നതും സ്റ്റാർട്ടപ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും പ്രൊഫൗണ്ടിസ് സഹസ്‌ഥാപകൻ ജോഫിൻ ജോസഫ് പഠിപ്പിക്കും.

നൊമിനിറ്റ ജോസ്