അശ്ലീല പരാമർശം; യുട്യൂബർക്കെതിരേ പാർലമെന്ററി സമിതി നോട്ടീസ് അയയ്ക്കും
Wednesday, February 12, 2025 2:42 AM IST
ന്യൂഡൽഹി: യുട്യൂബ് വിനോദപരിപാടിയായ "ഇന്ത്യാസ് ഗോട്ട് ലാറ്റെന്റിൽ’അശ്ലീല പരാമർശം നടത്തിയതിന് പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ "ബീർ ബൈസപ്സ്’ എന്ന രണ്‍വീർ അല്ലബാഡിയയ്ക്കു വാർത്താവിനിമയ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി നോട്ടീസ് അയയ്ക്കും. അശ്ലീല പരാമർശത്തിൽ വിശദീകരണം തേടിയാണ് സമിതി രണ്‍വീറിനെ വിളിച്ചുവരുത്തുന്നത്.
യുട്യൂബ് എപ്പിസോഡിൽ മാതാപിതാക്കളുടെ ലൈംഗികവേഴ്ചയുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയതിന് രണ്വീറിനെതിരേയും ഇന്ത്യാസ് ഗോട്ട് ലാറ്റെന്റ് പരിപാടി സംപ്രേഷണം ചെയ്യുന്ന യുട്യൂബ് ചാനൽ ഉടമസ്ഥനായ സമയ് റെയ്നയ്ക്കെതിരേയും ആസാം പോലീസ് കേസെടുത്തതിനു പിന്നാലെയാണ് പാർലമെന്ററി സമിതിയും നോട്ടീസ് അയയ്ക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.
തമാശരൂപേണയുള്ള ഉള്ളടക്കത്തിന്റെ പേരിൽ വിദ്വേഷ പരാമർശം നടത്തുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞദിവസം പാർലമെന്ററി സമിതി അംഗമായ പ്രിയങ്ക ചതുർവേദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചിരുന്നു.
രണ്‍വീറിന് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുണ്ട്. പ്രധാനമന്ത്രി അദ്ദേഹത്തിന് അവാർഡ് നൽകിയിട്ടുമുണ്ട്. എന്നാൽ ഒരു വേദി ലഭിക്കുകയാണെങ്കിൽ എന്തും വിളിച്ചുപറയാമെന്നു കരുതരുത്.
വാർത്താവിനിമയ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി അംഗമെന്ന നിലയിൽ പ്രശ്നത്തിനെതിരേ പ്രതികരിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. വിഷയത്തിൽ നടപടിയെടുക്കുമെന്ന് സമിതി അംഗമായ സസ്മിത് പത്രയും പ്രതികരിച്ചിട്ടുണ്ട്.