കേന്ദ്ര സർക്കാരിനു ബിജെപിയുടെ അഭിനന്ദനം
കേന്ദ്ര സർക്കാരിനു ബിജെപിയുടെ അഭിനന്ദനം
Thursday, September 29, 2016 2:38 PM IST
ന്യൂഡൽഹി: ഉറിയിലെ ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെ ബിജെപി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയ ബിജെപി, കേന്ദ്ര സർക്കാർ വാക്കിലല്ല പ്രവർത്തിയിലാണ് വിശ്വസിക്കുന്നതെന്നും വ്യക്‌തമാക്കി. പ്രധാനമന്ത്രിയുടെ മികച്ച നേതൃത്വത്തിനും സായുധ സേനയ്ക്കും ബിഗ് സല്യൂട്ട്. പാക്കിസ്‌ഥാൻ പിന്തുണയോടെ ഭീകരർ നടത്തുന്ന അതിർത്തി കൈയേറ്റങ്ങളെ ഫലപ്രദമായി തടയാൻ കഴിഞ്ഞത് അഭിമാനാർഹമാണെന്നും ബിജെപി ദേശീയ സെക്രട്ടറി സിദ്ധാർഥ് നാഥ് സിംഗ് പറഞ്ഞു. ഉത്തരവാദിത്തമുള്ള സർക്കാരെന്ന നിലയിൽ വാക്കിനേക്കാൾ തങ്ങൾ പ്രവൃത്തിയിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

സായുധ സേനയുടെ വീര്യത്തെയും ഇന്നലെ നടത്തിയ തിരിച്ചടിയേയും കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് ട്വിറ്ററിൽ അനുമോദിച്ചു. മോദി ചുട്ട മറുപടി നൽകിയെന്നാണ് ബിജെപി ജനറൽ സെക്രട്ടറ് രാം മാധവ് പ്രതികരിച്ചത്. ഇന്ത്യ നൽകിയ തിരിച്ചടിയെ വില കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് പാക്കിസ്‌ഥാൻ നടത്തുന്നതെന്നും രാം മാധവ് ട്വിറ്ററിൽ കുറിച്ചു. സൈന്യം സ്തുത്യർഹമായ നടപടിയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചടി പ്രതിരോധത്തിന്റെ ഭാഗമാണെന്നാണ് കേന്ദ്ര മന്ത്രിയും മുൻ സൈനിക ഉദ്യോഗസ്‌ഥനുമായ രാജ്യവർധൻ സിംഗ് റാത്തോഡ് പ്രതികരിച്ചത്. പാക് അധിനിവേശ കാഷ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചടിയിലൂടെ ഒരു ലംഘനവും നടത്തിയിട്ടില്ലെന്നുമാണ് മന്ത്രി വ്യക്‌തമാക്കിയത്.

പക്ഷമില്ലാതെ പിന്തുണ

ന്യൂഡൽഹി: സൈനിക നടപടിക്ക് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ അറിയിച്ചു. സൈനിക നടപടി പൂർത്തിയായതിനു പിന്നാലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർക്കു സൈനിക നടപടിയുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

സർവകക്ഷി യോഗത്തിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സൈനിക നടപടി സംബന്ധിച്ച വിവരങ്ങൾ നേതാക്കൾക്കു മുന്നിൽ വിവരിച്ചു. പാക്കിസ്‌ഥാനെതിരായ സൈനിക നടപടിയിൽ രാഷ്ര്‌ടീയ പാർട്ടികളുടെ പിന്തുണ നേടിയ സർക്കാർ വിദേശരാജ്യങ്ങളെയും ഒപ്പം നിർത്താനുള്ള നീക്കത്തിലാണ്.


അതിർത്തി മേഖലയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായുള്ള നടപടികൾ സ്വീകരിച്ചതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് യോഗത്തിൽ അറിയിച്ചു. എല്ലാ കക്ഷി നേതാക്കളും ഭീകരക്യാമ്പുകൾ കടന്നുള്ള ആക്രമണം വിജയകരമായി പൂർത്തിയാക്കിയതിന് സൈന്യത്തിന് അഭിവാദ്യം അർപ്പിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് വിവിധ പാർട്ടി നേതാക്കൾ പിന്തുണയും ഉറപ്പും നൽകി.

സർക്കാർ തീരുമാനത്തിന് പാർട്ടികളെല്ലാം യോജിച്ചുവെന്ന് സർവകക്ഷി യോഗത്തിന് ശേഷം മന്ത്രി വെങ്കയ്യ നായിഡു വ്യക്‌തമാക്കി. ഭീകരർക്കു കൃത്യമായ മുന്നറിയിപ്പ് നൽകിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കുന്നതായി കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

സൈന്യത്തെ അഭിനന്ദിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എല്ലാ വിവരങ്ങളും മനസ്സിലാക്കിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് വ്യക്‌തമാക്കി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്, ജെഡിയു നേതാവ് ശരത് യാദവ്, എൻസിപി നേതാവ് ശരദ് പവാർ, ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര, ആർജെഡി നേതാവ് പ്രേം ചന്ദ് ഗുപ്ത തുടങ്ങിയവരും സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, മനോഹർ പരീക്കർ, വെങ്കയ്യ നായിഡു, രാം വിലാസ് പസ്വാൻ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര തുടങ്ങിയവരും സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.

സർവകക്ഷി യോഗത്തിനു മുൻപായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കാര്യങ്ങൾ അറിയിച്ചു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സോണിയാ ഗാന്ധിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.